എംജിയുടെ ചലിക്കുന്ന കൊട്ടാരം എം9 ഇലക്ട്രിക് ലിമോസീന്റെ ഇന്ത്യയിലെ ബുക്കിങ് ആരംഭിച്ചു. പ്രീമിയം ചാനലായ എംജി സെലക്ട് വെബ് സൈറ്റ് വഴിയാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ എം9 ലിമോസീന്റെ ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. ആധുനിക ആഡംബര സൗകര്യങ്ങള്‍ നിരവധിയുള്ള രാഷ്ട്രതലവന്മാരേയും സെലിബ്രിറ്റികളേയും ലക്ഷ്യം വെച്ചുള്ള ഈ വാഹനം 51,000 രൂപ നല്കി ഓണ്‍ലൈന്‍ വഴി ബുക്കു ചെയ്യാനാവും. ‘പ്രസിഡന്‍ഷ്യല്‍ ലിമോസീന്’ എന്നാണ് എംജി എം9ന്റെ വിളിപ്പേര്. ഈ വാഹനത്തിലെ ആഡംബര സൗകര്യങ്ങളാണ് ഇങ്ങനെയൊരു വിളിപ്പേരിനു പിന്നില്‍. 16 രീതിയില്‍ മാറ്റം വരുത്താവുന്ന, 8 മസാജ് മോഡുകളും വെന്റിലേഷന്, ഹീറ്റിങ് സൗകര്യമുള്ള പ്രസിഡന്‍ഷ്യല്‍ സീറ്റുകള്‍ യാത്രികര്‍ക്ക് രാജകീയ യാത്രയുടെ അനുഭവം സമ്മാനിക്കും. എംജി എം9ല്‍ 90കിലോവാട്ട്അവര്‍ ലിത്തിയം ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. ഫ്രണ്ട് വീല്‍ ഡ്രൈവ് മോട്ടോര്‍ 245എച്ച്പി കരുത്തും പരമാവധി 350എന്‍എം ടോര്‍ക്കും പുറത്തെടുക്കും. ഫാസ്റ്റ് ചാര്‍ജിങ് ഉപയോഗിച്ചാല്‍ അര മണിക്കൂറില്‍ ബാറ്ററിയുടെ ചാര്‍ജ് 30 ശതമാനത്തില്‍ നിന്നും 80 ശതമാനത്തിലേക്കെത്തും. പ്രതീക്ഷിക്കുന്ന വില 65-70 ലക്ഷം രൂപ(എക്സ് ഷോറൂം).
ഇലക്ട്രിക് ലിമോസീന്റെ ബുക്കിങ് ആരംഭിച്ചു
