നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ക്ക് നമ്മുടെ മാനസികനിലയെ സ്വാധീനിക്കാന്‍ കഴിയുമെന്നതു പോലെ തന്നെ ഉറക്കത്തെയും സ്വാധീനിക്കാന്‍ കഴിയും. ഉദരവും തലച്ചോറും തമ്മില്‍ ബന്ധമുള്ളതിനാലാണിത്. നമ്മുടെ ഉദരത്തില്‍ കോടിക്കണക്കിന് ഗട്ട് മൈക്രോബയാറ്റയുണ്ട്. ഇവയാണ് മെച്ചപ്പെട്ട ഉറക്കം ലഭിക്കാന്‍ കാരണമായ സെറോടോണിന്‍ എന്ന ന്യൂറോട്രാന്‍സ്മിറ്ററിന്റെ ഉല്‍പാദനത്തിന് പിന്നില്‍. ചില വിറ്റമിനുകളുടെയും ധാതുക്കളുടെയും അഭാവം കാരണവും ഉറക്കം മോശമാകാം. അതിനാല്‍ നല്ല ഭക്ഷണം കഴിക്കുക എന്നത് വളരെ പ്രധാനമാണ്. ഉറക്കം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഏറ്റവും മികച്ച ഒന്നാണ് വാഴപ്പഴം. മഗ്‌നീഷ്യം, പൊട്ടാസ്യം, ട്രിപ്റ്റോ ഫാന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ വാഴപ്പഴം കഴിക്കുന്നത് മെലാടോണിന്റെ ഉല്‍പാദത്തിന് സഹായിക്കും. കൂടാതെ പേശികളെ വിശ്രാന്തിയിലാക്കുകയും ചെയ്യും. ധാരാളം ആന്റിഓക്സിഡന്റുകള്‍, സെറോടോണിന്‍, വൈറ്റമിന്‍ സി, വൈറ്റമിന്‍ ഇ എന്നിവയും ധാരാളമുള്ളതിനാല്‍ ഉറക്കം മെച്ചപ്പെടുത്താന്‍ കിവി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ബദാമില്‍ മഗ്‌നീഷ്യവും ആരോഗ്യകരമായ കൊഴുപ്പും ധാരാളം അടങ്ങിയിട്ടുണ്ട്. ബദാം കഴിക്കുന്നത് മസിലുകളെ റിലാക്സ് ചെയ്യിക്കുകയും ഉറക്കം മെച്ചപ്പെടുത്തുകയും ചെയ്യും. ഡയറ്റില്‍ പതിവായി യോഗര്‍ട്ട് ഉള്‍പ്പെടുത്തുന്നത് ഉദരത്തിലെ ആരോഗ്യകരമായ സൂക്ഷ്മാണുക്കള്‍ക്കും ദഹനത്തിനും നല്ലതാണ്. ഉറക്കം തടസ്സപ്പെടുത്തുന്ന അസ്വസ്ഥതകളെ തടയാന്‍ യോഗാര്‍ട്ട് സഹായിക്കും.