cover 31

രാമക്ഷേത്രം
അയോധ്യയില്‍ രാമക്ഷേത്രം പ്രാണ പ്രതിഷ്ഠയ്ക്കായി ഒരുങ്ങി. രാമക്ഷേത്രത്തിന്റെ രാക്കാഴ്ചകളുടെ മനോഹാരിത വിളിച്ചോതുന്ന വീഡിയോ ക്ഷേത്രം ട്രസ്റ്റ് പുറത്തുവിട്ടു. അതിഗംഭീരവും പ്രൗഡോജ്വലവുമായ കൊത്തുപണികളോടെയാണ് ഓരോ ഇഞ്ചും അണിയിച്ചൊരുക്കിയിരിക്കുന്നത്. കൊത്തിയൊരുക്കിയ കൂറ്റന്‍ റെഡ് ഗ്രാനൈറ്റ് കല്ലുകള്‍ അടുക്കിവച്ചാണ് ക്ഷേത്ര നിര്‍മിതി. ക്ഷേത്ര പരിസരം ഫോട്ടോഗ്രഫിയും കാമറയും മൊബൈല്‍ ഫോണും നിരോധിച്ചിട്ടുണ്ടെങ്കിലും ക്ഷേത്ര നിര്‍മാണത്തിന്റെ പുരോഗതി വെളിപെടുത്തുന്ന വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പണി പൂര്‍ത്തിയായിട്ടില്ലെങ്കിലും ക്ഷേത്രത്തിന്റെ വിഗ്രഹ പ്രതിഷ്ഠ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.20 നു നടക്കും. പ്രതിഷ്ഠാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യയജമാനനാകുമെന്ന് ചടങ്ങുകളുടെ മുഖ്യപുരോഹിതനും വാരാണസിയിലെ വേദപണ്ഡിതനുമായ ലക്ഷ്മികാന്ത് ദീക്ഷിത് പറഞ്ഞു.

ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തില്‍ 2020 മാര്‍ച്ചു മാസത്തിലാണ് ക്ഷേത്ര നിര്‍മാണം ആരംഭിച്ചത്. ക്ഷേത്രത്തിന് 57,400 ചതുരശ്രയടി വിസ്തീര്‍ണം. 360 അടി നീളവും 235 അടി വീതിയും 161 അടി ഉയരവുമുള്ള മന്ദിരത്തിന്റെ ആദ്യഘട്ട പണികളാണു പൂര്‍ത്തിയാകുന്നത്. എട്ടു പ്രവേശന കവാടങ്ങളുണ്ട്. പുണ്യനദിയായ സരയൂ നദീതീരത്താണ് രാമക്ഷേത്രം.
അയോധ്യ നഗരത്തില്‍ കനത്ത സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. എങ്ങും സായുധ പോലീസും തോക്കേന്തിയ പട്ടാളവുമാണ്. 10,000 സിസിടിവി കാമറകള്‍ സ്ഥാപിച്ചു.

ക്ഷേത്രത്തിലേക്കുള്ള ഇടുങ്ങിയ രാംപഥ് റോഡ് ഇരുവശത്തുമുള്ള കെട്ടിടങ്ങളുടെ മുന്‍ഭാഗം പൊളിപ്പിച്ച് വീതികൂട്ടി. ഇരുവശത്തുമുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് എല്ലാ കെട്ടിടങ്ങള്‍ക്കും മഞ്ഞ പെയിന്റാണ്. അയോധ്യയിലെ ഹോട്ടലുകളില്‍ മുറി കിട്ടാനില്ലാത്ത അവസ്ഥയാണ്. 500 രൂപ ദിവസ വാടകയുണ്ടായിരുന്ന മുറികള്‍ക്ക് ഇപ്പോള്‍ 25,000 രൂപയാണു വാടക. ദിവസേനെ ഇവിടെ എത്തിയിരുന്നത് രണ്ടായിരത്തോളം പേരാണെങ്കില്‍ ഇനി ദിവസേനെ ലക്ഷത്തോളം പേര്‍ എത്തുമെന്നാണു പ്രതീക്ഷ. ഇപ്പോള്‍തന്നെ ദിവസനെ മുപ്പതിനായിരത്തിലേറെ പേര്‍ എത്തുന്നുണ്ട്.

അത്യാധുനിക സംവിധാനങ്ങളോടെ ഈയിടെ ഉദ്ഘാടനം ചെയ്ത വിമാനത്താവളത്തിന് രാമായണം രചിച്ച മഹര്‍ഷി വാത്മീകിയുടെ പേരാണു നല്‍കിയിരിക്കുന്നത്. നവീകരിച്ച അയോധ്യ ധാം റെയില്‍വേ സ്റ്റേഷനും വിമാനത്താവളവും ഈയിടെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഇന്ത്യയിലെ ഏറ്റവും വലിയ തീര്‍ത്ഥാടന, വിനോദ സഞ്ചാര കേന്ദ്രമാകാനിരിക്കുകയാണ് അയോധ്യ രാമക്ഷേത്രം. അധികാരത്തിനായുള്ള രാഷ്ട്രീയ നാടകങ്ങളുടെ വേദികൂടിയാണ് അയോധ്യയിലെ രാമക്ഷേത്രം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *