ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ആയിഷ സുല്‍ത്താന ആദ്യമായി സംവിധാനം ചെയ്ത ‘ഫ്‌ലഷ്’ തിയറ്ററുകളിലേക്ക്. ജൂണ്‍ 16ന് ചിത്രം റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് ബീനാ കാസിം വ്യക്തമാക്കി. നിര്‍മാതാവ് സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കുന്നില്ല എന്ന ആരോപണവുമായി ആയിഷ രംഗത്തെത്തിയത് വലിയ വാര്‍ത്തയായിരുന്നു. യൂട്യൂബിലൂടെ ചിത്രം പുറത്തെടുക്കുമെന്നും പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് റിലീസ് പ്രഖ്യാപിച്ചത്. കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും എതിരെയുള്ള പരാമര്‍ശങ്ങള്‍ ഉള്ളത് കൊണ്ട് ബിജെപി ലക്ഷദ്വീപ് ഘടകം ജനറല്‍ സെക്രട്ടറിയുടെ ഭാര്യ കൂടിയായ നിര്‍മ്മാതാവ് തന്റെ സിനിമ തടഞ്ഞു വെക്കുന്നുവെന്നാണ് ആയിഷ ആരോപിച്ചത്. അതിനുള്ള മറുപടിയും ബീനാ കാസിം വാര്‍ത്താ സമ്മേളനത്തില്‍ നല്‍കി. ലക്ഷദ്വീപില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി ആദ്യമായി സംവിധാന രംഗത്തേക്ക് കടന്നു വരുന്നതിനെ പ്രോത്സാഹിപ്പിക്കാനാണ് സിനിമ ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ നല്ല ഉദ്ദേശത്തോടെ പണം മുടക്കിയ തന്റെ സിനിമയില്‍ ആവശ്യമില്ലാത്ത രാഷ്ട്രീയ ശത്രുതക്കളെ തനിക്ക് ഉണ്ടാക്കി കൊണ്ട് മനപൂര്‍വ്വം ഉപദ്രിവിക്കാന്‍ അയിഷ ശ്രമിച്ചിരിക്കുന്നു. ആയിഷയുമായി പ്രശ്‌നമുണ്ടാകുന്നത് അതിന്റെ പേരിലാണെന്നും ബീനാ കൂട്ടിച്ചേര്‍ത്തു. അയിഷ ഇത്രയും വിവാദം ഉണ്ടാക്കിയ തരത്തില്‍ എന്തെങ്കിലുമുണ്ടോ എന്ന് ഈ സിനിമ കണ്ട് ജനം തീരുമാനിക്കട്ടെ.- ബീനാ കാസിം പറഞ്ഞു.