റോള്‍സ് റോയ്സ് സ്വന്തമാക്കി സംവിധായകന്‍ ആറ്റ്‌ലി. തൊട്ടതെല്ലാം പൊന്നാക്കിയ പാന്‍ ഇന്ത്യന്‍ സംവിധായകന്റെ ഇനിയുള്ള യാത്രകളില്‍ കൂട്ടാകുന്നത് റോള്‍സ് റോയ്‌സിന്റെ ഏക ഇലക്ട്രിക് വാഹനമായ സ്പെക്ടറാണ്. ഏകദേശം 7.50 കോടി രൂപ വില വരുന്ന സ്പെക്ടറിന്റെ സ്റ്റാന്‍ഡേര്‍ഡ് മോഡലാണ് ആറ്റ്‌ലി സ്വന്തമാക്കിയിരിക്കുന്നത്. രണ്ടു വേരിയന്റുകളില്‍ ലഭ്യമാകുന്ന ഈ ഇ വിയുടെ ബ്ലാക്ക് ബാഡ്ജിനു ഏകദേശം 9.96 കോടിയാണ് വില. ഡയമണ്ട് ബ്ലാക്ക് നിറമാണ് പുതുവാഹനത്തിനായി ആറ്റ്‌ലി തിരഞ്ഞെടുത്തിരിക്കുന്നത്. ആഡംബര സൗകര്യങ്ങളില്‍ മറ്റൊരു വാഹനത്തോടും താരതമ്യം പോലും അസാധ്യമായ സ്‌പെക്ടറില്‍ 102 കിലോവാട്ട്അവര്‍ ബാറ്ററിയാണ് ഉപയോഗിക്കുന്നത്. റോള്‍സ് റോയ്‌സ് നിരയിലെ 530 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന കാറില്‍ 585 എച്ച്പി കരുത്തും 900 എന്‍എം ടോര്‍ക്കുമുള്ള ഇലക്ട്രിക് മോട്ടറാണ് ഉപയോഗിക്കുന്നത്. രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് സ്പെക്ടറില്‍. 2890 കിലോഗ്രാം ഭാരമുള്ള ഈ കാറിന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 4.5 സെക്കന്‍ഡ് മതി. 195 കിലോവാട്ട് ഡിസി ചാര്‍ജര്‍ ഉപയോഗിച്ചാല്‍ വെറും 34 മിനിറ്റില്‍ 10 ല്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും.
