ആഗോളതലത്തില്‍ വിമാന ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍, ആഭ്യന്തര-അന്താരാഷ്ട്ര വിമാന യാത്രക്കാര്‍ക്കുള്ള ഫ്യുവല്‍ സര്‍ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ എയര്‍ ഇന്ത്യ. പരിഷ്‌കരിച്ച നിരക്കുകള്‍ ഏപ്രില്‍ 8 മുതല്‍ പ്രാബല്യത്തില്‍ വരും. ആഭ്യന്തര റൂട്ടുകളില്‍ 500 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് 299 രൂപയും, 501 മുതല്‍ 1,000 കിലോമീറ്റര്‍ വരെ 399 രൂപയും ഫ്യുവല്‍ സര്‍ചാര്‍ജ് നല്‍കണം. 2,000 കിലോമീറ്ററിന് മുകളിലുള്ള റൂട്ടുകളില്‍ 899 രൂപ വരെയാണ് അധികമായി നല്‍കേണ്ടി വരിക. അന്താരാഷ്ട്ര റൂട്ടുകളില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് 50 ഡോളറും, സിംഗപ്പൂരിലേക്ക് 60 ഡോളറും സര്‍ചാര്‍ജ് നല്‍കണം. നോര്‍ത്ത് അമേരിക്ക, ഓസ്ട്രേലിയ റൂട്ടുകളില്‍ 280 ഡോളര്‍ ഈടാക്കും. യൂറോപ്പ്, യുകെ റൂട്ടുകളിലേക്ക് 205 ഡോളറാണ് അധിക നിരക്ക്. ഏപ്രില്‍ 8 ന് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്തവരെ ഈ വര്‍ദ്ധന ബാധിക്കില്ല, എന്നാല്‍ യാത്രയുടെ തീയതിയോ റൂട്ടോ മാറ്റുകയാണെങ്കില്‍ പുതിയ നിരക്ക് ബാധകമാകും.
