‘ദ കശ്മിര്‍ ഫയല്‍സ്’ എന്ന ചിത്രത്തിലൂടെ രാജ്യമൊട്ടാകെ ശ്രദ്ധ നേടിയ സംവിധായകനാണ് വിവേക് അഗ്‌നിഹോത്രി. ‘ദ കശ്മിര്‍ ഫയല്‍സി’ന്റെ പ്രവര്‍ത്തകര്‍ മറ്റൊരു സിനിമയ്ക്ക് വേണ്ടി വീണ്ടും ഒന്നിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ‘ദ വാക്‌സിന്‍ വാര്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. അവിശ്വസനീയമായ യഥാര്‍ത്ഥ കഥയാണ് ചിത്രം പറയുകയെന്ന് വിവേക് അഗ്‌നിഹോത്രി വ്യക്തമാക്കുന്നു. 2023 സ്വാതന്ത്ര്യദിനത്തില്‍ റിലീസ് ചെയ്യുന്ന ചിത്രം 11 ഭാഷകളിലാണ് എത്തുക. കൊവിഡ് 19നെ കുറിച്ചും രാജ്യത്തെ വാക്‌സിനേഷന്‍ പ്രക്രിയയെ കുറിച്ചുമായിരിക്കും ചിത്രമെന്നാണ് റിപ്പോര്‍ട്ട്. അഭിനേതാക്കള്‍ ആരൊക്കെ ആയിരിക്കും എന്ന് വെളിപ്പെടുത്തിയിട്ടില്ല.