രണ്ടു സംസ്ഥാനങ്ങളിലായി നിലകൊള്ളുന്ന വീട് മൂന്നാഴ്ച മുമ്പു നാം കണ്ടതാണ്. ഇപ്പോഴിതാ, രണ്ടു രാജ്യങ്ങളിലായി ഒരു ഹോട്ടല്‍. ‘ദ അര്‍ബെസ് ഹോട്ടല്‍’ ആണു രണ്ടു രാജ്യങ്ങളിലായി നിലകൊള്ളുന്നത്. ഫ്രാന്‍സിലും സ്വിറ്റ്സര്‍ലന്‍ഡിലുമായാണ് ഈ ഹോട്ടലുള്ളത്. 1862 ലാണ് മൂന്നുനിലകളുള്ള കെട്ടിടം പണിതത്. വ്യവസായി മോനിസ്വേര്‍ പോന്തൂസ് ഹോട്ടല്‍ പണിയുമ്പോള്തന്നെ പില്ക്കാലത്ത് അതു രണ്ടു രാജ്യങ്ങളിലായിത്തീരുമെന്നു മുന്‍കൂട്ടി കണ്ടിരുന്നെന്നാണ് പറയുന്നത്. കെട്ടിടത്തിന്റെ ബാര്‍ ഫ്രാന്‍സിലാണ്. കെട്ടിടത്തിലെ കടയും ഏതാനും മുറികളും സ്വിസ് ഭാഗത്തും. രണ്ടാം ലോകമഹായുദ്ധ കാലത്ത് ഹോട്ടലിന്റെ രണ്ടാം നില മുഴുവനായി അഭയാര്‍ത്ഥികള്‍ക്ക് വിട്ടുകൊടുത്തിയിരുന്നു. ഇരുരാജ്യങ്ങളുടെയും അതിര്‍ത്തി നിര്‍ണയം വന്നപ്പോള്‍ നിയമക്കുരുക്കുകളില്‍നിന്ന് ഹോട്ടല്‍ വിദഗ്ധമായി രക്ഷപ്പെട്ടു. അങ്ങനെ ഹോട്ടല്‍ ഇരുരാജ്യങ്ങളിലായി. പിന്നീട് പോന്തൂസിന്റെ മകന് ഈ കെട്ടിടം ഏറ്റെടുത്തശേഷമാണു കടമുറികള്‍ മാറ്റി ഹോട്ടലാക്കിയത്. താമസിക്കാനുള്ള മുറികളും ഒരുക്കി. ചില മുറികളില്‍ കിടന്നാല്‍ തല ഫ്രാന്‍സിലും കാല് സ്വിറ്റ്സര്‍ലന്‍ഡിലായിരിക്കും. ഹണിമൂണ്‍ മുറികളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ചില മുറികള്‍ ഫ്രാന്‍സിലാണെങ്കിലും ബാത്ത്റൂം സ്വിറ്റ്സര്‍ലന്‍ഡിലാണ്. ഈയൊരു കൗതുകത്തില്‍ ആകൃഷ്ടരായി അനേകം വിനോദസഞ്ചാരികളാണ് ഈ ഹോട്ടലില്‍ മുറിയെടുത്തു താമസിക്കാനെത്തുന്നത്. ഒരേസമയം രണ്ടു രാജ്യങ്ങളിലായി കിടന്നുറങ്ങുന്നതാണ് ചിലര്‍ക്ക് ആനന്ദം.
രണ്ടു രാജ്യങ്ങളിലായി ഒരു ഹോട്ടല്‍
