പുരി ജഗന്നാഥിന്റെ വരാനിരിക്കുന്ന റാം പോതിനെനി നായകനായ ‘ഡബിള്‍ ഐസ്മാര്ട്ടി’ലെ മാര്‍ മുന്ത ചോഡ് ചിന്ത എന്ന പുതിയ ഗാനം പുറത്തിറങ്ങിയുടന്‍ വിവാദത്തിലേക്ക്. തെലങ്കാന മുന്‍ മുഖ്യമന്ത്രിയും ബിആര്‍എസ് പ്രസിഡന്റുമായ കെ ചന്ദ്രശേഖര്‍ റാവുവിന്റെ ഒരു വാചകം പാട്ടില്‍ ഉപയോഗിച്ചതിന് സംവിധായകനും സംഘത്തിനും എതിരെ മുതിര്‍ന്ന ബിആര്‍എസ് (ഭാരതീയ രാഷ്ട്ര സമിതി) നേതാവ് രജിത റെഡ്ഡി പരാതി നല്കി. സിനിമയിലെ ഐറ്റം സോംഗില്‍ ‘അശ്ലീല’ പ്രയോഗമെന്ന രീതിയില്‍ മുന്‍ മുഖ്യമന്ത്രി പറഞ്ഞ വാചകം ഉപയോഗിച്ചുവെന്നാണ് പോലീസില്‍ നല്കിയ പരാതി പറയുന്നത്. പരാതി നല്കിയ രഞ്ജിത ഒരു വാചകം ഉപയോഗിച്ചതിന് സംവിധായകനും സിനിമയ്ക്കുമെതിരെ നടപടിയെടുക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. മുന്‍ മുഖ്യമന്ത്രിയോടുള്ള ‘അനാദരവാണ്’ ഗാനം എന്നും പരാതിയില്‍ പറയുന്നുണ്ട്. സ്റ്റെപ്പ മാറിന് ശേഷമുള്ള ചിത്രത്തിലെ രണ്ടാമത്തെ ഗാനമാണിത്. കാസര്‍ള ശ്യാമിന്റെ വരികള്‍ക്ക് മണി ശര്‍മ്മ സംഗീതം പകര്‍ന്നപ്പോള്‍ രാഹുല്‍ സിപ്ലിഗഞ്ച്, ധനുഞ്ജന്‍ സീപാന, കീര്‍ത്തന ശര്‍മ്മ എന്നിവര്‍ ആലപിച്ചു. ബോളിവുഡ് നടി കാവ്യ ഥപ്പറാണ് റാം പോതിനെനിക്കൊപ്പം ഈ ഗാനത്തില്‍ ഡാന്‍സ് ചെയ്യുന്നത്. ഗാനം ഇതിനകം ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിട്ടുണ്ട്. അവരുടെ പുരി കണക്ട്സിന്റെ ബാനറില്‍ പുരി ജഗന്നാഥും ചാര്‍മി കൗറും ചേര്‍ന്നാണ് ഡബിള്‍ ഐസ്മാര്‍ട്ട് നിര്‍മ്മിക്കുന്നത്. സഞ്ജയ് ദത്തും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.