തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ജുവലറി ശൃംഖലയായ കല്യാണ്‍ ജുവലേഴ്സ് ഇ-കൊമേഴ്സ് ബ്രാന്‍ഡായ കാന്‍ഡിയറിന്റെ 15 ശതമാനം ഓഹരികള്‍ കൂടി ഏറ്റെടുക്കുന്നു. ഇതോടെ കല്യാണിന്റെ പൂര്‍ണ ഉപകമ്പനിയായി കാന്‍ഡിയര്‍ മാറി. കാന്‍ഡിയര്‍ സ്ഥാപകന്‍ രൂപേഷ് ജെയിനില്‍ നിന്നാണ് 42 കോടി രൂപയ്ക്ക് ഓഹരി സ്വന്തമാക്കുന്നത്. 57,320 ഓഹരികളാണ് പുതുതായി ഏറ്റെടുത്തത്. ഇ-കൊമേഴ്സ് മേഖലയിലേക്ക് കടക്കാനായി 2017ലാണ് കല്യാണ്‍ ജുവലേഴ്സ് ഓണ്‍ലൈന്‍ ജുവലറി ബ്രാന്‍ഡായ കാന്‍ഡിയറിന്റെ ഭൂരിഭാഗം ഓഹരികള്‍ സ്വന്തമാക്കിയത്. പിന്നീട് പല ഘട്ടങ്ങളിലായി ഓഹരി ഉയര്‍ത്തി 85 ശതമാനം ആക്കുകയായിരുന്നു. 280 കോടി രൂപ മൂല്യം കണക്കാക്കിയായിരുന്നു കാന്‍ഡിയറിന്റെ ഏറ്റെടുക്കല്‍. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ കാന്‍ഡിയറിന്റെ വരുമാനം 130.3 കോടി രൂപയാണ്. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷവുമായി നോക്കുമ്പോള്‍ ഇത് കുറവാണ്. കഴിഞ്ഞ വര്‍ഷം 11 ഷോറൂമുകള്‍ കാന്‍ഡിയറിനു കീഴില്‍ തുറന്നിരുന്നു. ഈ വര്‍ഷം 50 കാന്‍ഡിയര്‍ ഷോറൂമുകള്‍ തുറക്കാനാണ് കല്യാണ്‍ ജുവലേഴ്സ് ലക്ഷ്യമിടുന്നത്. കല്യാണ്‍ ജുവലേഴ്സ് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 596 കോടിരൂപയാണ് ലാഭം രേഖപ്പെടുത്തിയത്. വിറ്റുവരവ് 18,548 കോടി രൂപയുമായി. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ നിക്ഷേപകര്‍ക്ക് 233 ശതമാനം നേട്ടം നല്‍കിയിട്ടുള്ള ഓഹരിയാണ് കല്യാണ്‍ ജുവലേഴ്സ്.