ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട എഡ്ടെക് സ്ഥാപനമായ ബൈജൂസ് രാജ്യമെമ്പാടുമുള്ള ഓഫീസുകള്‍ ഒഴിഞ്ഞു. ബംഗളൂരുവിലെ നോളജ് പാര്‍ക്കിലുള്ള ആസ്ഥാനം മാത്രമാകും നിലനിര്‍ത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍. എല്ലാ ജീവനക്കാരോടും വീട്ടിലിരുന്നു ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടതായാണ് അറിയുന്നത്. 300ഓളം ബൈജൂസ് ട്യൂഷന് സെന്ററുകളാണ് രാജ്യത്തുണ്ടായിരുന്നത്. സമീപഭാവിയിലെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് പണം ഉറപ്പാക്കാനാണ് അടിയന്തരമായ തീരുമാനം. കഴിഞ്ഞ മാസം നിലവിലെ നിക്ഷേപകരില്‍ നിന്ന് അവകാശ ഓഹരി വില്‍പ്പന വഴി 20 കോടി ഡോളര്‍ ബൈജൂസ് സമാഹരിച്ചിരുന്നെങ്കിലും നിക്ഷേപകര്‍ എന്‍.സി.എല്‍.ടിയെ സമീപിച്ച് ആ തുക വിനിയോഗിക്കുന്നതില്‍ നിന്ന് ബൈജൂസിനെ വിലക്കിയിരുന്നു. ഇതോടെ ദൈനംദിന ചെലവുകള്‍ക്കും ശമ്പളം നല്‍കാനും പോലുമാകാത്ത അവസ്ഥയിലേക്ക് സ്ഥാപനം എത്തി. ബൈജൂസിന്റെ ഇന്ത്യയിലെ സി.ഇ.ഒ ആയ അര്ജുന് മോഹന്‍ നടപ്പാക്കി വരുന്ന പുനഃസംഘടനാ പദ്ധതിയുടെ ഭാഗമാണ് ഓഫീസുകള്‍ ഒഴിയല്‍. കഴിഞ്ഞ ആറുമാസമായി ലീസ് കഴിയുന്ന മുറയ്ക്ക് ഓഫീസുകള്‍ ഓരോന്നായി ഒഴിഞ്ഞു വരികയായിരുന്നു. നിലവില്‍ ബൈജൂസിന് ഇന്ത്യയില്‍ 14,000 ജീവനക്കാരാണുള്ളത്. ഇവര്‍ക്ക് ഫെബ്രുവരിയിലെ ശമ്പളം കൊടുക്കാന്‍ മറ്റ് മാര്‍ഗങ്ങളില്‍ നിന്നാണ് പണം സമാഹരിച്ചത്. ഇനിയും പലര്‍ക്കും ശമ്പളം മുഴുവനായും നല്‍കിയിട്ടില്ല. ബൈജൂസ് അവകാശ ഓഹരി വഴി സമാഹരിച്ച പണം കേസ് തീര്‍പ്പാകുന്നതു വരെ പ്രത്യേക അക്കൗണ്ടിലേക്ക് നീക്കാനാണ് എന്‍.സി.എല്‍.ടിയുടെ ഉത്തരവ്. നാളെയാണ് (മാര്‍ച്ച് 13) വീണ്ടും കോടതി ഇതില്‍ വാദം കേള്‍ക്കുക.