night news hd 13

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കുപിതനായ സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കാത്തിരുന്ന് കാണാതിരുന്നാൽ ആർക്കും അസ്വസ്ഥത ഉണ്ടാകുo, ജ്യേഷ്ഠാനുജ ബന്ധമാണ് കെ സുധാകരും താനും തമ്മിലുള്ളതെന്ന് പറഞ്ഞ സതീശന്‍, ഇപ്പോഴത്തെ സംഭവം വലിയ വാർത്തയാക്കാനുള്ള ഒന്നും ഉണ്ടായില്ലെന്നും കൂട്ടിച്ചേര്‍ത്തു.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി പരിശോധിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തു നില്‍ക്കെയുണ്ടായ തിരിച്ചടിയില്‍ പാർട്ടി നേതൃത്വം ആശങ്കയിലാണ്. തെര‍ഞ്ഞെടുപ്പ് ഫലം എല്ലാവരും കണ്ടല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ചില കേന്ദ്രങ്ങളെ മാത്രം ലക്ഷ്യമാക്കിയാണ് സി.പി.എമ്മിന്റെ പ്രചാരണ രീതിയെന്നും, കേരളത്തില്‍ എല്‍.ഡി.എഫ് വര്‍ഗീയ ധ്രുവീകരണം നടത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ മുഖാമുഖം സ്റ്റേജ് മാനേജ്‌മെന്റ് ഷോയാണെന്നും, ചോദ്യകര്‍ത്താക്കളെ മുന്‍കൂട്ടി നിശ്ചയിച്ച് മുന്‍കൂര്‍ ചോദ്യങ്ങള്‍ നല്‍കി, സര്‍ക്കാരിനെതിരെ ഒരു ചോദ്യവും ഇല്ലെന്ന് ഉറപ്പുവരുത്തിയാണ് മുഖാമുഖം നടത്തുന്നതെന്നും വി.ഡി. സതീശൻ ആരോപിച്ചു.

കര്‍ണാടകയിലെ ഹോസ്പേട്ട് റെയില്‍വെ സ്‌റ്റേഷനില്‍ എത്തിയ ട്രെയിന്‍ കത്തിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തിയവരിൽ ഒരാൾ അറസ്റ്റില്‍. യുവാക്കളായ നാലു പേരാണ് ട്രെയിന്‍ കത്തിക്കുമെന്ന് പറഞ്ഞത്. യാത്രക്കാരുടെ പരാതിയില്‍ കേസെടുത്ത പൊലീസ് യുവാക്കളില്‍ ഒരാളെ പിടികൂടി. ഓടി രക്ഷപ്പെട്ട മറ്റു മൂന്നു പേര്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

പ്രതിപക്ഷ നേതാവ് വിഡി സതീശൻ വാര്‍ത്താ സമ്മേളനത്തിന് എത്താൻ വൈകിയതിന്റെ പേരിൽ കെപിസിസി പ്രസിഡന്റ് കുപിതനായ സംഭവത്തിലുള്ള പ്രതിഷേധം വിഡി സതീശൻ എഐസിസി നേതൃത്വത്തെ അറിയിച്ചു. ഇതേതുടർന്ന് കെസി വേണുഗോപാൽ പ്രശ്ന പരിഹാരത്തിനായി ഇരു നേതാക്കളോടും സംസാരിച്ചു. ഇരു നേതാക്കളോടും സംയുക്ത വാര്‍ത്താ സമ്മേളനം വിളിക്കാനും എഐസിസി നേതൃത്വം നിര്‍ദ്ദേശിച്ചു.

ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ കേരളത്തിലെ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടിക തയ്യാറാക്കി ബിജെപി സംസ്ഥാന നേതൃത്വം. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും കുമ്മനം രാജശേഖരനും, പത്തനംതിട്ടയിൽ പിസി ജോർജ്ജും മകൻ ഷോൺ ജോർജ്ജും, എറണാകുളത്ത് അനിൽ ആൻറണിക്കൊപ്പം കിറ്റെക്സ് എംഡി സാബു ജേക്കബിനെയും പരിഗണിക്കുന്നു.

വിവരാവകാശ കമ്മിഷണർമാരുടെ നിയമനത്തിനായി സർക്കാർ നൽകിയ പട്ടിക ഗവർണർ തിരിച്ചയച്ചു. പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി എന്ന് ഗവർണർ പറഞ്ഞു. പട്ടികയിലെ ചില ആളുകൾക്കെതിരെ സേവ് യൂണിവേഴ്സിറ്റി ഫോറം പരാതി നൽകിയിട്ടുണ്ട്. അതിൽ വിശദീകരണം വേണമെന്നാണ് ആവശ്യം.പരാതികളില്‍ ചിലത് ശരിയാണെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ വിശദീകരണം തേടി പട്ടിക ഗവര്‍ണര്‍ തിരിച്ചയച്ചത്.

ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലറായ മുബാറക് പാഷാ രാജിക്കത്ത് നൽകി. മുബാറക് പാഷാ അടക്കം നാല് വി സിമാരിൽ നിന്ന് ഗവർണർ ഇന്ന് ഹിയറിങ്ങ് നടത്താൻ തീരുമാനിച്ചിരുന്നു. ഹിയറിങ്ങിന് മുൻപ് ഗവർണർക്ക് രാജിക്കത്ത് നൽകി, എന്നാൽ രാജിക്കത്തിൽ ഗവർണർ തീരുമാനം എടുത്തില്ല. വിസിമാരുടെ നിയമം തുടരണോ എന്നതിൽ ഗവർണ്ണറുടെ നിലപാട് നിർണ്ണായകമാണ്.

ഉത്തർപ്രദേശിൽ ചോദ്യപ്പേപ്പർ ചോർച്ച. UP പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട് മെന്റ് പരീക്ഷ ചോദ്യപ്പേപ്പർ ചോർന്നതിനെത്തുടർന്ന് പരീക്ഷ റദ്ദാക്കി. 6 മാസത്തിനകം വീണ്ടും പരീക്ഷ നടത്തും. ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാല്ലെന്നും ചോദ്യപേപ്പര്‍ ചോര്‍ത്തിയവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

ഭക്ഷണത്തിന് നൽകിയ കറിയിൽ ഗ്രേവി കുറഞ്ഞതിൻ്റെ പേരിൽ തട്ടുകട ഉടമയ്ക്കും ഭാര്യക്കും മർദനം . പിറവം ഫാത്തിമ മാതാ സ്‌കൂളിന് സമീപം തട്ടുകട നടത്തുന്ന മോഹനനും ഭാര്യക്കുമാണ് മർദനം ഏറ്റത്.ഇടുക്കി സ്വദേശികളായ 8 പേരാണ്കറിയിൽ ഗ്രേവി കുറഞ്ഞു എന്ന് ആരോപിച്ച് അസഭ്യം പറയുകയും, മർദ്ദിക്കുകയും ചെയ്തത്. പിറവം പൊലീസ് കേസ്എടുത്തിട്ടുണ്ട്.

അഭിഭാഷകൻ ബി.ആളൂരിനെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.എറണാകുളം സെൻട്രൽ പോലീസ് ഇന്നലെയാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ശരീരത്തിൽ അനുമതിയില്ലാതെ കടന്നു പിടിച്ചു, എന്ന പരാതിയെ തുടർന്ന് കുട്ടിയുടെ മൊഴി ചൈൽഡ് വെൽഫെയർ കമ്മിറ്റി രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കേരളത്തിൽ നിന്നുള്ള പലസ്തീൻ, ഇസ്രയേൽ നാടുകളിലേക്കുള്ള തീർത്ഥാടന യാത്ര പുനരാരംഭിച്ചു. യുദ്ധത്തെ തുടർന്നായിരുന്നു യാത്രകൾ നിർത്തിവച്ചത്. ആറുമാസത്തെ ഇടവേളക്കുശേഷമാണ് വിശുദ്ധനാടുകളിലേക്ക് വീണ്ടും മലയാളികൾ എത്തുന്നത്. ടൂർ ഓപ്പറേറ്റർമാർ നേരിട്ട് ഇസ്രായേൽ പാലസ്തീൻ എന്നിവിടുത്തെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് പാക്കേജുകൾ ആരംഭിച്ചത്.

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിപുലമായ ആരോഗ്യ സേവനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികള്‍, പ്രായമായവര്‍ തുടങ്ങി പതിനായിരക്കണക്കിന് സ്ത്രീകള്‍ പൊങ്കാലയ്‌ക്കെത്തുന്നതിനാല്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാര്‍ അടങ്ങിയ 10 മെഡിക്കല്‍ ടീമുകളെ ആംബുലന്‍സ് ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നിയോഗിച്ചിട്ടുണ്ട്.

ഇന്നത്തെ കോൺഗ്രസുകാരൻ നാളെ കോൺഗ്രസിൽ ഉണ്ടാകുമോ എന്ന് കോൺഗ്രസിന് പോലും ഉറപ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയതയെ എതിർക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നും, അയോദ്ധ്യയിൽ മോദി പ്രതിഷ്ഠക്ക് പോയ ദിവസം രാഹുൽ രാമക്ഷേത്രത്തിൽ ധ്യാനം നടത്താൻ സമരം ചെയ്യുന്നു. അതിന്റെ സന്ദേശം എന്താണെന്നും പിണറായി ചോദിച്ചു. സംഘപരിവാറിലേതു പോലെയുള്ള നേതൃനിര കോൺഗ്രസിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ പി സി സി പ്രസിഡന്റ്‌ കെ.സുധാകരനും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും നേതൃത്വം നല്‍കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭയാത്ര 27ന്‌ തിരുവനന്തപുരത്ത് പ്രവേശിക്കുമെന്ന്‌ ഡി സി സി പ്രസിഡന്റ്‌ പാലോട്‌ രവി. 29ന്‌ വൈകുന്നേരം 4.30ന്‌ ആരംഭിക്കുന്ന സമാപന സമ്മേളനം തെലുങ്കാന മുഖ്യമന്ത്രി രേവന്ത്‌ റെഡ്ഡി ഉദ്‌ഘാടനം ചെയ്യും. എ ഐ സി സി ജനറല്‍ സെക്രട്ടറി സച്ചിന്‍ പൈലറ്റ്‌ മുഖ്യാതിഥിയാകും.

അന്തർ സംസ്ഥാന ഏകീകരണ സമിതി യോഗത്തിൽ ബേലൂർ മഖ്‌നയെന്ന ആനയെ ഉൾവനത്തിലേക്ക് തുരത്തുമെന്നും, കേരളത്തിലേക്ക് ആന വരുന്നത് തടയുമെന്നും കർണാടക ഉറപ്പ്‌ നൽകി. വയനാട്ടിൽ ജനവാസമേഖലയിലിറങ്ങി ഒരാളെ കൊന്ന ബേലൂർ മഖ്‌ന ഇപ്പോൾ കേരളത്തിൽ നിന്ന് 3 കിലോ മീറ്റർ അകലെ കർണാടക വനത്തിലാണുള്ളത്.

ലോക്സഭ തെരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിലെ സീറ്റ് വിഭജനം ആരംഭിച്ചു. മുസ്ലിം ലീഗിന് ഒരു സീറ്റ് നൽകാൻ‌ ധാരണയായി. കൊങ്കുനാട് മക്കൾ ദേശീയ കക്ഷിയും ഒരു സീറ്റിൽ മത്സരിക്കും.ഇന്ന് ഡിഎംകെയുടെ പ്രത്യേക സമിതിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. നിലവിലെ മണ്ഡലമായ രാമനാഥപുരത്താണ് മുസ്ലിം ലീഗ് മത്സരിയ്ക്കുക.

2015 ല്‍ എന്‍എസ്എസ് ആസ്ഥാനത്ത് നിന്ന് സുരേഷ് ഗോപിയെ  ഇറക്കി വിട്ടതിനെ ന്യായീകരിച്ച് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ബജറ്റ് അവതരണം നടക്കുന്ന ഹാളിലേക്ക് സുരേഷ് ഗോപി വന്നത് ശരിയായില്ല. അരുവിക്കര ഉപതെരഞ്ഞെടുപ്പ് ദിവസത്തെ സന്ദര്‍ശനം ചില ലക്ഷ്യങ്ങളോടെയായിരുന്നു എന്നാണ്  സുകുമാരന്‍ നായര്‍ പറയുന്നത്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *