ഉപ്പുകൊട്ടാരം | സ്വീറ്റ് ബോക്സ്
ഒറ്റനോട്ടത്തില്‍ തൂവെള്ള നിറമുള്ള മഞ്ഞുകൊട്ടാരം. പക്ഷേ മഞ്ഞല്ല, ഉപ്പുകൊട്ടാരമാണിത്. ബൊളീവിയയിലെ ലാ പാസ് നഗരത്തിലാണ് 12,000 അടി ഉയരത്തിലാണിത്. പതിനായിരത്തിലേറെ ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഉപ്പു മരുഭൂമിയായ സലര് ഡി യുയുനിയിലാണ് ഹോട്ടല്‍ പാലാസിയോ ഡി സാല് എന്ന ഈ ഹോട്ടല്‍ സമുച്ചയമുള്ളത്. കെട്ടിടത്തിന്റെ അടിത്തറ മുതല്‍ മേല്‍ക്കൂര വരെ എല്ലാം ഉപ്പുകല്ലുകള്കൊണ്ടു നിര്‍മിച്ചതാണ്. ഫര്‍ണിച്ചറുകളും ശില്പങ്ങളും ഉപ്പില്‍നിന്നു രൂപപ്പെടുത്തിയതാണ്. ഈ പ്രദേശത്തു രാത്രി നല്ല തണുപ്പും പകല്‍ ചൂടു കൂടുതലുമാണ്. ചൂടും തണുപ്പുമൊന്നും ഉപ്പിനെ ബാധിക്കുന്നില്ലെന്നതാണു സവിശേഷത. 1998 ല്‍ ഹോട്ടലുടമയായ ജുവാന്‍ ക്വസാഡ വാല്‍ഡയാണ് പൂര്‍ണമായും ഉപ്പില്‍ നിര്‍മ്മിച്ച ഹോട്ടല്‍ എന്ന ആശയം വിഭാവനം ചെയ്തത്. ജുവാന്‍ ക്വസാഡയുടെ മകള്‍ ലൂസിയ ക്യുസാഡയാണ് ഈ ഉപ്പ് ഹോട്ടലിന്റെ ഇപ്പോഴത്തെ നടത്തിപ്പുകാരി. ഏറ്റവും ആഡംബരപൂര്‍ണമായ താമസസൗകര്യങ്ങളാണ് പാലാസിയോ ഡി സാലിലുള്ളത്. ഒരു ദിവസത്തെ മുറി വാടക 17,000 രൂപ മുതല്‍ 26,000 രൂപവരെയാണ്. ഉപ്പു മരുഭൂമിയിലുള്ള ഹോട്ടല്‍ മുറികള്‍ വെബ് സൈറ്റിലൂടെ ബുക്കു ചെയ്യാനുള്ള സൗകര്യവുമുണ്ട്.