ഹൃദയം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘വര്‍ഷങ്ങള്‍ക്ക് ശേഷ’ത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. മോഹന്‍ലാല്‍ ആണ് ടീസര്‍ റിലീസ് ചെയ്തത്. രണ്ട് കാലഘട്ടത്തെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. സിനിമയാണ് പ്രധാന പ്രമേയം എന്നും വ്യക്തമാണ്. ഒപ്പം ചിത്രത്തിന്റെ റിലീസ് തിയതിയും പുറത്തുവിട്ടിട്ടുണ്ട്. ഏപ്രില്‍ 11ന് ആകും സിനിമ തിയറ്ററില്‍ എത്തുക. ടീസറിന് പിന്നാലെ പ്രണവിന്റെയും മോഹന്‍ലാലിന്റെയും ചില സാമ്യങ്ങള്‍ ആരാധകര്‍ എടുത്തു കാട്ടുന്നുണ്ട്. തൊണ്ണൂറുകളിലെ ലാലേട്ടനെ ഓര്‍മിപ്പിക്കുന്ന രൂപ ഭാവങ്ങളുമായി പ്രണവ് എത്തുന്നു, ചില സീനുകളില്‍ പഴയ മോഹന്‍ലാലിനെ കണ്ടു എന്നൊക്കെയാണ് ഇവര്‍ പറയുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്റെ സംവിധാനത്തിനൊപ്പം തിരക്കഥ ഒരുക്കിയിരിക്കുന്നതും വിനീത് ശ്രീനിവാസന്‍ ആണ്. പ്രണവ് മോഹന്‍ലാലിന് പുറമെ ധ്യാന്‍ ശ്രീനിവാസന്‍, കല്യാണി പ്രിയദര്‍ശന്‍, നിവിന്‍ പോളി, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നീരജ് മാധവ്, വൈ ഗീ മഹേന്ദ്ര, ഷാന്‍ റഹ്മാന്‍, നീത പിള്ള തുടങ്ങി ഒട്ടനവധി താരനിയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മേരിലാന്റ് സിനിമാസിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യം ആണ് വര്‍ഷങ്ങള്‍ക്കു ശേഷം നിര്‍മ്മിക്കുന്നത്. ബോംബൈ ജയശ്രീയുടെ മകന്‍ അമൃത് രാംനാഥ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
‘വര്‍ഷങ്ങള്‍ക്ക് ശേഷം’ ടീസര്‍ എത്തി
