s11A yt cover 1

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ രേഖകളില്‍ കൃത്രിമം കാണിച്ചെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ കണ്ടെത്തല്‍. 2022 ല്‍ എക്സാലോജിക് കമ്പനി മരവിപ്പിക്കാന്‍ നല്‍കിയ അപേക്ഷയിലും സത്യവാങ്മൂലത്തിലും തെറ്റായ വിവരങ്ങളുണ്ടെന്നാണ് കണ്ടെത്തല്‍. വീണ വിജയനെ പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് ബെംഗളൂരു രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ റിപ്പോര്‍ട്ടിലുള്ളത്. മരവിപ്പിക്കാനുള്ള അപേക്ഷ നല്‍കാന്‍ രണ്ടു വര്‍ഷത്തിനിടെ ഒരു ഇടപാടും ഉണ്ടാകാന്‍ പാടില്ല. എന്നാല്‍ ഇടപാടുകള്‍ നടന്നിട്ടും മരവിപ്പിക്കലിനു ശ്രമിച്ചത് ചിലതെല്ലാം ഒളിപ്പിക്കാനാണെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഈ മാസം 25 ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വായിക്കേണ്ട നയപ്രഖ്യാപനത്തിന്റെ കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. കരടില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനമുണ്ടെന്നാണ് വിവരം.

തൃശൂര്‍, തിരുവനന്തപുരം ലോക്സഭാ മണ്ഡലങ്ങളില്‍ ബിജെപി എല്‍ഡിഎഫുമായി ഒത്തുകളിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എക്സാലോജിക്ക്, കരുവന്നൂര്‍ കേസുകളില്‍ സെറ്റില്‍മെന്റ് നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന് സംശയമുണ്ട്. എന്തെല്ലാം ചെയ്താലും ഈ സീറ്റുകളിലും യുഡിഎഫ് ജയിക്കുമെന്നും സതീശന്‍ പറഞ്ഞു.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ : KSFE ഡയമണ്ട് ചിട്ടികള്‍ 2.0*

ചിട്ടിയില്‍ ചേരുന്ന 30 പേരില്‍ ഒരാള്‍ക്ക് സമ്മാനം ഉറപ്പ്. ഒരു കോടി രൂപയുടെ വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെ 4 കോടി രൂപയുടെ സമ്മാനങ്ങള്‍. ശാഖാതലത്തിലും മേഖലാതലത്തിലും സംസ്ഥാന തലത്തിലും ഡയമണ്ട് ആഭരണങ്ങള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ഉറപ്പ്. ഈ പദ്ധതി 2024 ജനുവരി 31 വരെ മാത്രം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 ,

ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455, *www.ksfe.com*

മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്ന സമരവുമായി മുന്നോട്ടു പോകുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. സമരത്തിന് അറസ്റ്റും ജയിലുമെല്ലാം സ്വാഭാവികമാണ്. എന്നാല്‍ തന്നെ അറസ്റ്റ് ചെയ്തതു കൊടും കുറ്റവാളയേപോലെയാണ്. പൊലീസ് വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തനിക്കു രക്തസമ്മര്‍ദ്ദം 160 ഉണ്ടായിട്ടും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഫിറ്റ് എന്നാണ് രേഖപ്പെടുത്തിയത്. മെഡിക്കല്‍ രേഖ വ്യാജമെന്ന് ആരോപിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അതു തെളിയിക്കണമെന്നു വെല്ലുവിളിക്കുകയാണ്. രാഹുല്‍ പറഞ്ഞു.

സിപിഎം നേതാക്കള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനും എതിരെയുമുളള അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് എന്‍ഫോഴ്സ്മെന്റും സിബിഐയും അന്വേഷണത്തിന് വരുന്നത്. ഗോവിന്ദന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുമെന്ന് ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കര്‍. എക്സാലോജിക് കമ്പനിക്കെതിരായ അന്വേഷണം സുതാര്യമാണ്. വീണ ചെയ്തത് എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിനു വരവേല്‍ക്കാനും യാത്രയാക്കാനും വിമാനത്താവളത്തിലേക്കു പോയ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭയഭക്തി ബഹുമാനങ്ങള്‍ മകള്‍ വീണയുടെ എക്സാലോജിക്കിനെ ലാവ്ലിന്‍ കേസുപോലെയാക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ബിജെപി- സിപിഎം ബന്ധത്തിന്റെ ആഴം മനസിലാക്കിത്തരുന്ന സംഭവമാണ് കണ്ടതെന്നും സുധാകരന്‍ പറഞ്ഞു.

*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും*

മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ന്യൂ ഇയര്‍

കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ പ്രിന്‍സിപ്പല്‍ ദീപക് കുമാര്‍ സാഹു ഹൈക്കോടതിയെ സമീപിച്ചു. ഇതേ ആവശ്യം ഉന്നയിച്ച് കെഎസ് യുവിന്റെ ഹര്‍ജിയില്‍ നിലവിലുള്ള പോലീസ് അന്വേഷണം തുടരുന്നതല്ലെ നല്ലതെന്ന് ഹൈക്കോടതി ചോദിച്ചു. പോലീസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച പ്രതികളെ അറസ്റ്റ് ചെയ്തോയെന്നും കോടതി ആരാഞ്ഞു. ടെക് ഫെസ്റ്റിന് പോലീസ് സുരക്ഷ ആവശ്യപ്പെട്ട് റജിസ്ട്രാര്‍ക്കു നല്‍കിയ കത്ത് പോലീസിനു കൈമാറാത്ത റജിസ്ട്രാറെ സംരക്ഷിക്കാനാണ് ശ്രമമെന്നും മുന്‍ പ്രിന്‍സിപ്പല്‍ ആരോപിച്ചു.

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ തിരച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചെന്ന ആരോപണം വിജയനും ശശിയും നേരിട്ട് അന്വേഷിക്കട്ടെയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. വിജയന് ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്യട്ടെ. അദ്ദേഹം പറഞ്ഞു.

മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാന്‍ കടലില്‍ കൃത്രിമ പാരുകള്‍ നിക്ഷേപിക്കുന്ന പദ്ധതിയ്ക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി പര്‍ഷോത്തം രുപാല വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. വിഴിഞ്ഞം ഹാര്‍ബറിലെ നോര്‍ത്ത് വാര്‍ഫില്‍ നടന്ന ചടങ്ങില്‍ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ കൃത്രിമ പാരുകള്‍ നിക്ഷേപിക്കുന്ന പ്രവര്‍ത്തികള്‍ ഫ്ളാഗ് ഓഫ് ചെയ്തു.

എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹമാന് കുത്തേറ്റു. കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. കുത്തിയത് 14 പേരടങ്ങുന്ന കെഎസ് യു- ഫ്രട്ടേണിറ്റി പ്രവര്‍ത്തകരാണെന്ന് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ തമീം റഹ്‌മാന്‍ ആരോപിച്ചു. 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മൂന്നാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ത്ഥി അബ്ദുള്‍ മാലികാണ് ഒന്നാം പ്രതി. അധ്യാപകനെ കുത്തിയ ഫ്രട്ടേണിറ്റി പ്രവര്‍ത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് എഫ്ഐആറിലുളളത്.

അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠയോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് ഓണവില്ല് സമര്‍പ്പിക്കും. ഇന്ന് വൈകുന്നേരം 5.30 ന് ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ നടക്കുന്ന ചടങ്ങില്‍ ക്ഷേത്രം തന്ത്രിയും ഭരണസമിതി അംഗങ്ങളും ചേര്‍ന്ന് രാമതീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് പ്രതിനിധികള്‍ക്ക് ഓണവില്ല് കൈമാറും.

നഗരപ്രദക്ഷിണത്തിന് ശേഷം എറണാകുളത്തെ പാവക്കുളം ക്ഷേത്രത്തിലേക്കാണ് ഓണവില്ല് കൊണ്ടുപോവുക. ഞായറാഴ്ച കൊച്ചിയില്‍നിന്ന് വിമാന മാര്‍ഗം ഓണവില്ല് അയോധ്യയിലെത്തിക്കും.

സിപിഎം തിരുവല്ലയില്‍ സംഘടിപ്പിക്കുന്ന മൈഗ്രേഷന്‍ കോണ്‍ക്ലേവിന് ഇന്ന് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സിപിഎം – സിപിഐ സംസ്ഥാന സെക്രട്ടറിമാരും, ഇടതുമുന്നണി ഘടക കക്ഷി നേതാക്കളും പങ്കെടുക്കും. പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുള്ള മുന്‍ മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ എകെജി പഠന ഗവേഷണ കേന്ദ്രമാണ് മൂന്നു ദിവസം നീളുന്ന ആഗോള പ്രവാസി സംഗമം നടത്തുന്നത്.

പൊന്നാനി ആസ്ഥാനമായി ഷെയ്ഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ നാമധേയത്തില്‍ അറബി ഭാഷ സാംസ്‌കാരിക പഠന കേന്ദ്രം ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ആര്‍ ബിന്ദു. കേരള സര്‍വ്വകലാശാല അറബി വിഭാഗം സംഘടിപ്പിച്ച രാജ്യാന്തര കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

മരിച്ച ബൈക്ക് യാത്രക്കാരന് ലേണേഴ്‌സ് ലൈസന്‍സ് മാത്രമേയുള്ളൂവെന്നു ചൂണ്ടിക്കാട്ടി ഇന്‍ഷുറന്‍സ് ആനുകൂല്യം നിഷേധിച്ച ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്റെ ഉത്തരവ്. ഏനാത്ത് കൈതപ്പറമ്പ് ഷിജു ഭവനില്‍ കെ ഷേര്‍ളി നല്‍കിയ ഹര്‍ജിയില്‍ 15.20 ലക്ഷം രൂപ നല്‍കാനാണ് വിധി. 2021 ല്‍ ഷേര്‍ളിയുടെ ഭര്‍ത്താവ് ഗീവര്‍ഗീസ് ബൈക്കപകടത്തില്‍ മരിച്ചിരുന്നു.

കോട്ടയം കിടങ്ങൂരില്‍ വൈദ്യുതി ലൈനിന്റെ ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ജീവിയ്ക്കാന്‍ മന്ത്രിയുടെ ഉറപ്പ് വേണമെന്നാണ് ഈരാറ്റുപേട്ട അമ്പാറനിരപ്പ് സ്വദേശിയായ പ്രദീപ് ആവശ്യപ്പെട്ടത്. ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ മോഷണം പോയെന്നും മക്കള്‍ ചൈല്‍ഡ് ലൈനില്‍ ആണെന്നും ജീവിക്കാന്‍ മന്ത്രിയുടെ ഉറപ്പു വേണമെന്നുമാണ് ആവശ്യം.

ബാറില്‍ മദ്യപിക്കാന്‍ വന്ന വയോധികനോട് മോശമായി പെരുമാറിയതു ചോദ്യം ചെയ്ത യുവാക്കളെ മര്‍ദിച്ച കേസില്‍ എറണാകുളം ഉദയംപേരൂര്‍ ഏകചക്ര ബാറിലെ ജീവനക്കാരായിരുന്ന പ്രതികള്‍ക്കു മൂന്നു വര്‍ഷം കഠിന തടവ്. തിരൂര്‍ സ്വദേശി ഉദിത് മോഹന്‍, മുവാറ്റുപുഴ സ്വദേശി സിറില്‍ ജോര്‍ജ്, തൃശൂര്‍ സ്വദേശി സുനീഷ്, ഉദയംപേരൂര്‍ സ്വദേശി സുരേഷ് എന്നിവരെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് ശിക്ഷിച്ചത്.

പാറശ്ശാലയില്‍ കടയ്ക്കു മുന്നില്‍ കാര്‍ പാര്‍ക്കു ചെയ്യുന്നതു തടയുന്നതിനിടെ വഴക്കും കൂട്ടത്തല്ലും. മര്‍ദ്ദനമേറ്റ സൈനികനും സഹോദരനും ആശുപത്രിയിലായി. കോട്ടവിള സ്വദേശിയായ സിനു, സിജു എന്നിവര്‍ക്കാണു പരിക്ക്. സിജുവിന്റെ വാരിയെല്ല് പൊട്ടി. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. കടയുടമ അയൂബ് ഖാന്‍, മകനും ഡോക്ടറുമായ അലി ഖാന്‍, സുഹൃത്ത് സജീലാല്‍ എന്നീ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘര്‍ഷംമൂലം ദേശീയപാതയില്‍ അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.

മുട്ടിലിനടുത്ത എടപ്പെട്ടിയില്‍ ആക്രി സംഭരണ കേന്ദ്രം കത്തിച്ചയാളെ അറസ്റ്റു ചെയ്തു. കല്‍പ്പറ്റ എമിലി ചീനിക്കോട് വീട്ടില്‍ സുജിത്ത് ലാല്‍ (37) ആണ് അറസ്റ്റിലായത്. സ്ഥാപനത്തിലെ ചില ജീവനക്കാരുമായുള്ള വ്യക്തി വൈരാഗ്യം മൂലമാണ് ആക്രി സംഭരണ കേന്ദ്രം കത്തിച്ചതെന്നാണ് വിവരം.

വൈദികര്‍ക്ക് തോന്നുന്നതുപോലെ കുര്‍ബാന ചൊല്ലാന്‍ പറ്റില്ലെന്ന് സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. കുര്‍ബാന സഭയും ആരാധനക്രമവും അനുശാസിക്കുന്ന രീതിയിലാകണം. വൈദികരുടെ സൗകര്യമനുസരിച്ചല്ല, വിശ്വാസികളുടെ സൗകര്യത്തിന് അനുസരിച്ചാണു സമയം ക്രമീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി കുദാശ കര്‍മ്മത്തിനിടെയാണ് മാര്‍ റാഫേല്‍ തട്ടില്‍ ഇങ്ങനെ പറഞ്ഞത്.

തൃശ്ശൂരില്‍ ആന ഇടഞ്ഞോടിയതിനെ തുടര്‍ന്ന് വാദ്യക്കാരനുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്. കൈപ്പറമ്പ് പുത്തൂര്‍ തിരുവാണിക്കാവ് അമ്പലത്തില്‍ ഇന്ന് പുലര്‍ച്ച ആയിരുന്നു സംഭവം. കച്ചവടക്കാരുടെ സ്റ്റാളുകള്‍ ആന തകര്‍ത്തു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. ക്ഷേത്രത്തിലെ എഴുന്നെള്ളിപ്പിനെത്തിച്ച ശബരിനാഥ് എന്ന ആനയാണ് ഇടഞ്ഞോടിയത്.

സുന്ദരിയമ്മ കൊലക്കേസില്‍ കോടതി വെറുതേവിട്ട പ്രതി ജയേഷിനെ പോക്സോ കേസിലും വെറുതെ വിട്ടു. സ്‌കൂളില്‍ കയറി വിദ്യര്‍ഥിയെ ഉപദ്രവിച്ചു എന്ന കേസിലാണ് പയ്യനാക്കല്‍ സ്വദേശി ജയേഷിനെ കോഴിക്കോട് പോക്സോ ഫാസ്റ്റ് ട്രാക്ക് കോടതി വെറുതെ വിട്ടത്. സുന്ദരിയമ്മ കേസില്‍ കേസന്വേഷിച്ച ഉദ്യോഗസ്ഥന്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നു വിധിച്ചിരുന്നു.

ആലപ്പുഴ ബൈപാസില്‍ കുതിരപ്പന്തിയ്ക്കു സമീപം കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ ടാങ്കര്‍ ലോറിയില്‍ നിന്ന് വാതകം ചോര്‍ന്നു. അഗ്നിശമന സേന ഫോം പമ്പ് ചെയ്ത് നിയന്ത്രണ വിധേയമാക്കി. തിരുവനന്തപുരം ഭാഗത്തേക്കു പോകുകയായിരുന്ന ടാങ്കര്‍ ലോറിയും എറണാകുളം ഭാഗത്തേക്കു പോയ കാറും കൂട്ടിയിടിച്ചണ് ടാങ്കര്‍ ലോറിയ്ക്കു ചോര്‍ച്ചയുണ്ടായത്.

കാസര്‍കോട് വെസ്റ്റ് എളേരിയിലെ പുങ്ങന്‍ചാലില്‍ നടന്ന തെയ്യത്തോടനുബന്ധിച്ച് ഭക്ഷണം കഴിച്ച നൂറോളം പേര്‍ക്ക് ഭക്ഷ്യ വിഷബാധ. ഭക്ഷ്യവിഷബാധയേറ്റ 96 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല.

ദാമ്പത്യ തര്‍ക്കങ്ങളില്‍ വാശി വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. മൂന്നാര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തിയ വനിതാ കമ്മിഷന്റെ ജില്ലാതല അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു സതീദേവി. ബന്ധം ശിഥിലമായാല്‍ പരസ്പരം ഉപദ്രവിക്കാനാണു ശ്രമം. സതീദേവി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം റെയില്‍വേയില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്ത 6.27 ലക്ഷം കേസുകള്‍ പിടികൂടിയതായി സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ. 2023 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുളള കണക്കാണിത്. പിഴയിനത്തില്‍ 46 കോടി രൂപ ലഭിച്ചു.

തമിഴ്നാട്ടിലെ കാഞ്ചീപുരത്തെ വരദരാജ പെരുമാള്‍ ക്ഷേത്രത്തില്‍ ശ്ലോകം ചൊല്ലുന്നതിന്റെ പേരില്‍ തമ്മിലടി. ആരാധനരീതിയെ ചൊല്ലിയാണ് വൈഷ്ണവ വിഭാഗത്തിലെ ഇരുവിഭാഗങ്ങളിലെ ആളുകള്‍ തമ്മില്‍ കൂട്ടത്തല്ലു നടത്തിയത്. വരദരാജ പെരുമാള്‍ ക്ഷേത്രത്തില്‍ നേരത്തെയും തെക്ക് വിഭാഗവും വടക്ക് വിഭാഗവും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.

പുരി ജഗന്നാഥ ക്ഷേത്രത്തിലെ നവീകരിച്ച പ്രദക്ഷിണ വഴിയും, പദ്ധതികളും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് ഉദ്ഘാടനം ചെയ്തു. 800 കോടി രൂപ മുതല്‍ മുടക്കിലാണ് പദ്ധതി നടപ്പിലാക്കിയത്.

തമിഴ്നാട്ടില്‍നിന്ന് ഉത്തര്‍പ്രദേശിലെ അയോധ്യയിലേക്ക് വെടിമരുന്നുമായി പോയ ട്രക്ക് കത്തി നശിച്ചു. ഉന്നാവിലെ പൂര്‍വ കോട്വാലിയിലെ ഖര്‍ഗി ഖേദ ഗ്രാമത്തിലാണ് ട്രക്കിനു തീ പിടിച്ചത്.

ആറു ഫ്ളാറ്റുകള്‍ 125 തവണ രജിസ്റ്റര്‍ ചെയ്ത് അത്രയും തവണ ബാങ്കുകളില്‍നിന്നു വായ്പയെടുത്തു കോടികള്‍ തട്ടിയ സംഭവത്തില്‍ എട്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴു ബാങ്കുകളില്‍നിന്നായി 24 കോടി രൂപയെങ്കിലും തട്ടിയെടുത്തെന്നാണു റിപ്പോര്‍ട്ട്. ഒരു കെട്ടിടത്തിന്റെ ഉടമ അടക്കമുള്ളവരാണു തട്ടിപ്പ് സംഘത്തിലുള്ളത്.

ഇറാനെതിരേ പാക്കിസ്ഥാന്റെ പ്രത്യാക്രമണം. ഇറാനിലെ ഏഴിടത്താണ് പാക്കിസ്ഥാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. പാക്കിസ്ഥാനിലെ ബലുചിസ്ഥാനിലുള്ള ഭീകരതാവളങ്ങളില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്കാണ് പാക്കിസ്ഥാന്‍ പ്രത്യാക്രമണം നടത്തിയത്. ഇറാന്റെ നയതന്ത്ര പ്രതിനിധിയെ പാക്കിസ്ഥാന്‍ പുറത്താക്കിയിട്ടുണ്ട്.

ഇന്ത്യക്കാര്‍ക്ക് ഇനി വിദേശത്തും ഗൂഗിള്‍ പേ ഉപയോഗിക്കാം. വിദേശയാത്ര നടത്തുമ്പോള്‍ കൈയില്‍ കറന്‍സി നോട്ടുകള്‍ കരുതുന്നത് ഇതുവഴി ഒഴിവാക്കാനാകും. ഇന്ത്യക്ക് പുറത്തും പേയ്‌മെന്റുകള്‍ സാധ്യമാക്കാന്‍ ഗൂഗിള്‍ ഇന്ത്യ ഡിജിറ്റല്‍ സര്‍വീസസും നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഇന്റര്‍നാഷണല്‍ പേയ്മെന്റും തമ്മില്‍ ധാരണായായി. ഇതോടെ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഗൂഗിള്‍ പേ വഴി മറ്റ് രാജ്യങ്ങളില്‍ പണമിടപാടുകള്‍ നടത്താനാകും. ഇത് യാത്രക്കാര്‍ക്ക് കൈയില്‍ കറന്‍സി നോട്ടുകള്‍ കരുതുമ്പോളുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നു. വിദേശത്ത് നിന്ന് ഇന്ത്യയിലേക്കും തിരിച്ചും പണമയക്കുന്നത് സുഗമമാക്കാനും ധാരണാപത്രം ലക്ഷ്യമിടുന്നു. വിദേശത്ത് വച്ച് യു.പി.ഐ ഇടപാടുകള്‍ നടത്താന്‍ വേണ്ട എല്ലാ സഹായങ്ങള്‍ നല്‍കാനും കരാറില്‍ പറയുന്നു. വിദേശ കറന്‍സി, ക്രെഡിറ്റ് കാര്‍ഡ്, ഫോറിന്‍ എക്സ്ചേഞ്ച് കാര്‍ഡുകള്‍ എന്നിവ ഉപയോഗിക്കാതെ തന്നെ ഉപഭോക്താക്കള്‍ക്ക് വിദേശത്ത് വച്ച് ഡിജിറ്റല്‍ പണമിടപാട് നടത്താന്‍ കഴിയും.

ആഗോളതലത്തില്‍ സംസംഗിന്റെ ആധിപത്യം അവസാനിപ്പിച്ചുകൊണ്ട് ഒന്നാം നമ്പര്‍ സ്മാര്‍ട്ഫോണ്‍ ബ്രാന്‍ഡായി ആപ്പിള്‍. 2010ന് ശേഷം ആദ്യമായാണ് ആപ്പിള്‍ ആഗോള വിപണിയില്‍ സാംസംഗിനെ മറികടക്കുന്നത്. ഇന്റര്‍നാഷണല്‍ ഡാറ്റാ കോര്‍പറേഷന്റെ കണക്കുകള്‍ പ്രകാരം 2023ല്‍ 23.46 കോടി സ്മാര്‍ട്ട്ഫോണുകളാണ് ആപ്പിള്‍ വിറ്റഴിച്ചത്. 2022ല്‍ ഇത് 22.63 കോടി സ്മാര്‍ട്ഫോണുകളായിരുന്നു. അതായത് 83 ലക്ഷം ഫോണുകളുടെ വര്‍ധനയും 3.7 ശതമാനം വളര്‍ച്ചയും.മികച്ച വളര്‍ച്ച രേഖപ്പെടുത്തിയതോടെ ആപ്പിളിന്റെ വിപണി വിഹിതം 2022ലെ 18.8 ശതമാനത്തില്‍ നിന്ന് 2023ല്‍ 20.1 ശതമാനമായി ഉയര്‍ന്നു. സാംസംഗിന്റെ കയറ്റുമതി 2022ലെ 26.22 കോടിയില്‍ നിന്ന് 2023ല്‍ 13.6 ശതമാനം ഇടിവോടെ 22.66 കോടിയായി കുറഞ്ഞു. ഇതോടെ കമ്പനിയുടെ വിപണി വിഹിതം 2022ലെ 21.7 ശതമാനത്തില്‍ നിന്ന് 2023ല്‍ 19.4 ശതമാനമായും കുറഞ്ഞു. ആപ്പിളിനും സംസംഗിനും പിന്നാലെ ഷാവോമി, ഓപ്പോ, ട്രാന്‍ഷന്‍ പോലുള്ള സ്മാര്‍ട്ഫോണ്‍ ബ്രാന്‍ഡുകളും പിന്നാലെയുണ്ട്. നിലവില്‍ മൂന്നും നാലും സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ചൈനീസ് സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയും ഓപ്പോയും 2023ല്‍ വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തി. ആഗോളതലത്തില്‍ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയില്‍ ഇടിവുണ്ടായതായി ഐ.ഡി.സി റിപ്പോര്‍ട്ട് പറയുന്നു. 2023ല്‍ 3.2 ശതമാനം ഇടിവോടെ ആകെ 117 കോടി സ്മാര്‍ട്ഫോണുകളാണ് ആഗോളതലത്തില്‍ വിറ്റഴിച്ചത്.

മോഹന്‍ലാല്‍ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബന്‍’ രണ്ട് ഭാഗങ്ങില്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഒരു സിനിമയില്‍ അവസാനിക്കുന്ന ചിത്രമല്ല വാലിബനെന്നും അതിന്റെ കഥ രണ്ടു ഭാഗങ്ങളായാകും പ്രേക്ഷകരിലേക്കെത്തുന്നതെന്നുമാണ് സൂചനകള്‍. വാലിബന്റെ കഥ പ്രേക്ഷകരിലേക്ക് പൂര്‍ണമായി എത്താന്‍ രണ്ടു ഭാഗങ്ങള്‍ വേണ്ടിവരുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടാകും. നേരത്തെ ‘റംബാന്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനു ശേഷം മോഹന്‍ലാല്‍ വീണ്ടും ലിജോയുമായി കൈ കോര്‍ക്കുന്നുവെന്ന് വാര്‍ത്ത വന്നിരുന്നു. വാലിബന്റെ രണ്ടാം ഭാഗത്തിനായാകും ഇരുവരും വീണ്ടും കൈകോര്‍ക്കുക. ഫാന്റസി ത്രില്ലര്‍ ആണ് മലൈക്കോട്ട വാലിബന്‍. നായകന്‍, ആമേന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ലിജോയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള പി.എസ്. റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ കഥ ഒരുക്കിയിരിക്കുന്നത്. ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബന്‍ തിയറ്ററുകളില്‍ എത്തുക.

ബോളിവുഡിലെ പ്രമുഖ സംവിധായകന്‍ ശ്രീറാം രാഘവ് ഹിന്ദിയിലും തമിഴിലും ഒരേസമയം സംവിധാനം ചെയ്ത ചിത്രമാണ് ‘മെറി ക്രിസ്മസ്’. കത്രീന കൈഫ് വിജയ് സേതുപതി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രം റിലീസ് ദിവസം 2.55 കോടി രൂപയാണ് നേടിയത്. അതായത് ബോളിവുഡ് പതിപ്പില്‍ നിന്ന് 2.3 കോടി രൂപയും തമിഴ് പതിപ്പില്‍ നിന്ന് 22 ലക്ഷം രൂപയും നേടി. ജനുവരി 12നാണ് ചിത്രം റിലീസായത്. ഈ ചിത്രം ഹിന്ദി പതിപ്പില്‍ സഞ്ജയ് കപൂറും വിനയ് പഥക്ക് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. തമിഴ് പതിപ്പില്‍ പ്രധാന കഥാപാത്രങ്ങള്‍ മാറുന്നില്ലെങ്കിലും മറ്റ് കഥാപാത്രങ്ങള്‍ മാറ്റമുണ്ട്. തമിഴ് പതിപ്പില്‍ രാധിക ശരത്കുമാറും ഷണ്‍മുഖരാജും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇന്ത്യന്‍ ബോക്സോഫീസ് ട്രാക്കറായ സാക്നില്‍ക്.കോം റിപ്പോര്‍ട്ട് പ്രകാരം ചൊവ്വാഴ്ച മെറി ക്രിസ്മസ് 1.3 കോടിയാണ് കളക്ട് ചെയ്തത്. ഇതോടെ ചിത്രത്തിന്റെ മൊത്തം ആഭ്യന്തര കളക്ഷന്‍ 12.68 കോടിയായി. അതേ സമയം ആഗോള ബോക്സോഫീസില്‍ ചിത്രം 16 കോടി നേടിയെന്നാണ് വിവരം. ചിത്രത്തിന് 50 കോടിയില്‍ ഏറെ മുതല്‍മുടക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. മെറി ക്രിസ്മസിന്റെ ഹിന്ദിക്കും തമിഴിനുമുള്ള സ്ട്രീമിംഗ് അവകാശം റിലീസിന് മുമ്പ് തന്നെ നെറ്റ്ഫ്ലിക്സിന് 60 കോടി രൂപയ്ക്ക് വാങ്ങിയിരുന്നു. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശവും 60 കോടിയിലധികം വരുമാനം പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇത് വച്ച് നോക്കിയാല്‍ ചിത്രം വലിയ നഷ്ടം ഉണ്ടാക്കില്ലെന്നാണ് വിവരം.

വോള്‍വോ കാര്‍ ഇന്ത്യ കേരളത്തില്‍ മാത്രം വിറ്റത് 100 ഇലക്ട്രിക് കാറുകള്‍. എക്സ്സി 40 റീചാര്‍ജ്, സി 40 റീചാര്‍ജ് എന്നീ ഇലക്ട്രിക് കാറുകളാണ് വോള്‍വോ ഇന്ത്യയുടെ ലൈനപ്പിലുള്ളത്. അതില്‍ എക്സ്സി 40 റീചാര്‍ജിന്റെ 82 യൂണിറ്റുകളും സി 40 റീചാര്‍ജിന്റെ 18 യൂണിറ്റുകളും കഴിഞ്ഞ വര്‍ഷം വിറ്റു. 39 യൂണിറ്റ് വില്‍പനയുമായി എറണാകുളമാണ് കേരളത്തില്‍ ഒന്നാമത്. കേരളത്തെ കൂടാതെ തമിഴ്നാടും വോള്‍വോ ഇലക്ട്രിക് കാര്‍ വില്‍പനയില്‍ സെഞ്ചറി അടിച്ചു. കഴിഞ്ഞ വര്‍ഷം 2423 യൂണിറ്റ് കാറുകള്‍ വോള്‍വോ ഇന്ത്യയില്‍ വിറ്റു. വില്‍പനയില്‍ 2022നെ അപേക്ഷിച്ച് 31 ശതമാനം വളര്‍ച്ചയും നേടി. വൈദ്യുത മോഡലായ എക്സ്സി 40 റീചാര്‍ജിന്റെ കഴിഞ്ഞ വര്‍ഷത്തെ വില്‍പന 510 യൂണിറ്റും സി40 റീചാര്‍ജിന്റെ വില്‍പന 180 യൂണിറ്റുമായിരുന്നു. സി40 റീചാര്‍ജ് ഡെലിവറി 2023 സെപ്റ്റംബര്‍ പകുതിയോടെയാണ് തുടങ്ങിയത്. വോള്‍വോ കാര്‍ ഇന്ത്യയുടെ പ്രധാനപ്പെട്ട വിപണിയാണ് കേരളം. നൂതന സാങ്കേതിക വിദ്യകള്‍ സ്വീകരിക്കാന്‍ തയാറായ കേരളത്തിലെ ഉപഭോക്താക്കളാണ് ഞങ്ങളുടെ ഉല്‍പന്നങ്ങളെ ഇത്രയേറെ സ്വീകാര്യമാക്കിയത്. വോള്‍വോ കാര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ ജ്യോതി മല്‍ഹോത്ര പറഞ്ഞു.

മലയാള സിനിമയുടെ വൈവിദ്ധ്യമാര്‍ന്ന ഉള്ളടക്കത്തെ അക്കാദമികമായി വിലയിരുത്തുന്ന ഒന്‍പതു ലേഖനങ്ങളുടെ സമാഹാരം. വ്യത്യസ്തമായ കാഴ്ചയും ദീപ്തമായ ചിന്തയുംകൊണ്ട് സിനിമയ്ക്കുള്ളിലെ അപരലോകത്തിലൂടെയുള്ള വിസ്മയസഞ്ചാരമാകുന്ന രചനകള്‍. മലയാള സിനിമയുടെ ഭാഷാപരിസരം, ഓര്‍മ്മകളുടെ രാഷ്ട്രീയം, തൊഴിലാളി രാഷ്ട്രീയത്തെ മറന്നുപോകുന്ന മലയാള സിനിമ, നെറ്റ്ഫ്‌ളിക്‌സ് കാലത്തെ കാഴ്ചാശീലങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ ഭാഷാശാസ്ത്രം, പോസ്റ്റ് കൊളോണിയല്‍ സിദ്ധാന്തങ്ങള്‍, മാര്‍ക്‌സിയന്‍ പഠനം തുടങ്ങിയ രീതിശാസ്ത്രങ്ങളുടെ അടിസ്ഥാനത്തില്‍ അപഗ്രഥിക്കുന്നു. ഒപ്പം, വിനായകന്‍, പാര്‍വതി തിരുവോത്ത്, ദിലീപ്, ഫഹദ് ഫാസില്‍ തുടങ്ങിയ താരങ്ങളുടെ ജനപ്രിയതയുടെ രാഷ്ട്രീയവും പഠനവിധേയമാക്കുന്നു. ചലച്ചിത്ര ഗവേഷകര്‍ക്കും ആസ്വാദകര്‍ക്കും ചലച്ചിത്രവിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ ആസ്വാദ്യകരമാകുന്ന സമാഹാരം. ‘താരം അധികാരം ഉന്മാദം’. ഷിബു ബി. മാതൃഭൂമി. വില 272 രൂപ.

ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയ പാല്‍ കുടിക്കുന്നത് ശരീര വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ഏറെ ഗുണകരമാണ്. കുട്ടികളുടെ വളര്‍ച്ചയ്ക്ക് പാല്‍ വളരെ പ്രധാനമാണ്. പ്രോട്ടീന്‍, കാല്‍ത്സ്യം, വൈറ്റമിന്‍ ഡി എന്നവയുടെ കലവറയായ പാല്‍ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. കൂടാതെ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പാല്‍ ദിവസവും കുടിക്കുന്നത് ശീലമാക്കാം. പാലില്‍ അന്നജം, പ്രോട്ടീന്‍, കൊഴുപ്പ് ഇവ ശരിയായ അനുപാതത്തില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഏറെ നേരം വയര്‍ നിറഞ്ഞിരിക്കുന്നതായി തോന്നിക്കും. ബ്രാഞ്ച്ഡ് ചെയ്ന്‍ അമിനോ ആസിഡ് അടങ്ങിയതിനാല്‍ മസില്‍ മാസ് ഉണ്ടാകാനും നിലനിര്‍ത്താനും പാല്‍ സഹായിക്കും. പാലിലെ കേസിന്‍, വേയ് പ്രോട്ടീനുകളും പേശികളുടെ നിര്‍മാണത്തിനു സഹായിക്കും. ദിവസവും പാല്‍ കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കും. മധുരപാനീയങ്ങള്‍ക്കു പകരം പാല്‍ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാതെ നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും. കൂടാതെ പക്ഷാഘാതം, ഹൃദയസംബന്ധമായ രോഗങ്ങള്‍, രക്താതിമര്‍ദം എന്നിവയ്ക്കുള്ള സാധ്യതയും കുറയ്ക്കുന്നു.കാത്സ്യത്തിന് കീമോ പ്രൊട്ടക്ടീവ് ഗുണങ്ങള്‍ ഉള്ളതിനാല്‍ പാല്‍ കുടിക്കുന്നത് മലാശയ അര്‍ബുദം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ അധികമായാല്‍ അമൃതവും വിഷമെന്ന പോലെ തന്നെയാണ് പാലിന്റെ കാര്യവും. ദിവസവും രണ്ടില്‍ കൂടുതല്‍ ഗ്ലാസ് പാല്‍ കുടിച്ചാല്‍ സ്ത്രീകളില്‍ അസ്ഥി ഒടിവിന് കാരണമായേക്കും. കൂടാതെ കൊഴുപ്പു കുറഞ്ഞ പാല്‍ കുടിക്കുന്നത് കൗമാരക്കാരില്‍ മുഖക്കുരു ഉണ്ടാക്കുമെന്ന് 2016ല്‍ നടത്തിയ പഠനത്തില്‍ പറയുന്നു. അഞ്ച് ശതമാനം വരെ കുട്ടികളില്‍ പാല്‍ അലര്‍ജിയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇത് ചര്‍മ്മം ഡ്രൈയാവാനും ഉദരരോഗങ്ങള്‍ കാരണമാകും. കാത്സ്യം കൂടുതല്‍ അടങ്ങിയതിനാല്‍ കൂടിയ അളവില്‍ പാല്‍ പതിവായി ഉപയോഗിക്കുന്നത് പ്രോസ്റ്റേറ്റ് കാന്‍സര്‍ വരാനുള്ള സാധ്യത കൂട്ടും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.16, പൗണ്ട് – 105.55, യൂറോ – 90.49, സ്വിസ് ഫ്രാങ്ക് – 96.15, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.50, ബഹറിന്‍ ദിനാര്‍ – 220.26, കുവൈത്ത് ദിനാര്‍ -270.31, ഒമാനി റിയാല്‍ – 216.07, സൗദി റിയാല്‍ – 22.18, യു.എ.ഇ ദിര്‍ഹം – 22.65, ഖത്തര്‍ റിയാല്‍ – 22.84, കനേഡിയന്‍ ഡോളര്‍ – 61.60.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *