ഉണരുമ്പോള്‍ തന്നെ ഫോണില്‍ നോക്കുന്നത് നിങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് പഠനം. ഉറക്കമുണര്‍ന്ന് ഫോണിലേക്ക് നോക്കുമ്പോള്‍ തന്നെ വിവിധ തരത്തിലുള്ള അറിയിപ്പുകള്‍ കാണാം. അതില്‍ പല തരത്തിലുള്ള വിവരങ്ങള്‍ അടങ്ങിയിരിക്കാം. ഉറക്കമുണര്‍ന്നയുടനെ പല തരത്തിലുള്ള വിവരങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് നിങ്ങളില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കും. ഉറങ്ങുന്നതിന് മുമ്പും ഉണര്‍ന്നയുടനെയും ഫോണില്‍ നോക്കുന്നത് നിങ്ങളുടെ ഉറക്കചക്രത്തെ വളരെയധികം ബാധിക്കും. സ്‌ക്രീനുകളില്‍ നിന്ന് പുറത്തുവരുന്ന നീല വെളിച്ചം മെലറ്റോണിന്റെ ഉല്‍പാദനത്തെ തടസ്സപ്പെടുത്തുന്നു. ഇത് നിങ്ങള്‍ക്ക് ഉറങ്ങാന്‍ ബുദ്ധിമുട്ടുണ്ടാക്കുകയും വിശ്രമമില്ലാത്ത രാത്രികളിലേക്ക് നയിക്കുകയും ചെയ്‌തേക്കാം. ഉറക്കമുണര്‍ന്ന ഉടന്‍ തന്നെ നിങ്ങളുടെ ഫോണ്‍ പരിശോധിക്കുന്നത് നിങ്ങളുടെ വൈജ്ഞാനിക പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തും. ദിവസം സ്വാഭാവികമായി ആരംഭിക്കാന്‍ അനുവദിക്കുന്നതിനുപകരം നിങ്ങളുടെ തലച്ചോറിനെ വാര്‍ത്തകള്‍ ഉപയോഗിച്ച് സമ്മര്‍ദ്ദത്തിലാഴ്ത്തുന്നത് വളരെ ഗുരുതരമായ പ്രശ്‌നമാണ്. തെളിച്ചമുള്ള സ്‌ക്രീനില്‍ ദീര്‍ഘനേരം നോക്കുന്നത്, പ്രത്യേകിച്ച് രാവിലെ അത് കണ്ണുകള്‍ക്ക് കൂടുതല്‍ സ്‌ട്രെസ്സ് നല്‍കുന്നു. ഇത് തലവേദനയ്ക്കും കണ്ണുകളില്‍ വരള്‍ച്ചയ്ക്കും കാരണമാകും, ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കും. ഉറക്കമുണര്‍ന്ന ഉടന്‍ തന്നെ ഫോണ്‍ തുടര്‍ച്ചയായി എടുക്കുന്ന ശീലം ഒരുതരം അഡിക്ഷന്‍ പോലെയാണ്. അറിയിപ്പുകള്‍ പരിശോധിക്കാനോ ഓണ്‍ലൈനില്‍ സജീവമാകാനോ നിങ്ങളുടെ ഡോപാമൈന്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഈ ശീലത്തില്‍ നിന്ന് മുക്തമാകുന്നത് നിങ്ങള്‍ക്ക് ബുദ്ധിമുട്ടായി മാറുകയും അത് നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് കുറയ്ക്കും.