വയറും കുടലുമടങ്ങുന്ന ദഹനനാളി വായു മൂലം നിറയുന്ന അവസ്ഥയെയാണ് ബ്ലോട്ടിങ് എന്ന് വിളിക്കുന്നത്. വയറില്‍ അകാരണമായ സമ്മര്‍ദ്ദം, വേദന, അമിതമായ ഗ്യാസ്, ഏമ്പക്കം, വയറ്റില്‍ ഇരമ്പം എന്നിവയെല്ലാം ബ്ലോട്ടിങ്ങിന്റെ ലക്ഷണങ്ങളാണ്. ഇതുണ്ടാക്കുന്ന അസ്വസ്ഥത ചില്ലറയല്ല. അമിതമായ ഭക്ഷണം, അമിതമായി കൊഴുപ്പ് ചേര്‍ന്ന ഭക്ഷണം, വേഗത്തിലുള്ള ഭക്ഷണം കഴിപ്പ് എന്നിവയെല്ലാം ബ്ലോട്ടിങ്ങിന് കാരണമാകാം. ബ്ലോട്ടിങ് ഒഴിവാക്കാനുള്ള ചില മാര്‍ഗ്ഗങ്ങള്‍ നോക്കാം. വെള്ളം ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പും ഒരു മണിക്കൂര്‍ ശേഷവും ദഹനപ്രക്രിയയില്‍ പ്രമുഖ സ്ഥാനമാണ് വെള്ളത്തിനുള്ളത്. ഇത് ഭക്ഷണത്തെ വിഘടിപ്പിക്കാന്‍ സഹായിക്കും. എന്നാല്‍ കൃത്യ സമയത്ത് വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. ഭക്ഷണത്തിനൊപ്പം അമിതമായി വെള്ളം കുടിക്കുന്നത് ദഹനരസങ്ങളെ നേര്‍പ്പിച്ച് കളയും. ഇത് ഭക്ഷണത്തെ വിഘടിപ്പിക്കുന്ന പ്രക്രിയയെ ബാധിക്കും. ഇതിനാല്‍ കഴിക്കുന്നതിന് അര മണിക്കൂര്‍ മുന്‍പും കഴിച്ചതിന് ഒരു മണിക്കൂര്‍ കഴിഞ്ഞും മാത്രമേ വെള്ളം കുടിക്കാവൂ. ഭക്ഷണം വലിച്ചു വാരി തിന്നാതെ നന്നായി ചവച്ചരച്ചു കഴിക്കാനും ശ്രദ്ധിക്കണം. പതിയെ ചവച്ചരച്ച് ഭക്ഷണം കഴിക്കുന്നത് വയര്‍ നിറഞ്ഞ പ്രതീതിയും ഉണ്ടാക്കും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്ന പ്രവണത ഒഴിവാക്കാന്‍ സഹായിക്കും. നന്നായി ചവച്ച് തിന്നാല്‍ ഉമിനീരിലൂടെ അമിലേസ് എന്ന രസം ഭക്ഷണവുമായി കലര്‍ന്ന് വയറിലെത്തും മുന്‍പ് തന്നെ ദഹനപ്രക്രിയ ആരംഭിക്കും. പച്ചക്കറികള്‍ പച്ചയ്ക്ക് തിന്നാല്‍ ദഹിക്കാന്‍ അല്പം ബുദ്ധിമുട്ടായിരിക്കും. ഇതിലെ ഫൈബറും ദഹിക്കാന്‍ ദീര്‍ഘമായ സമയമെടുക്കും. ഇതിനാല്‍ പച്ചക്കറികള്‍ പാകം ചെയ്തു കഴിക്കുന്നത് ബ്ലോട്ടിങ് ഒഴിവാക്കാന്‍ സഹായകമാണ്. ആവി കയറ്റി വേവിച്ച് പച്ചക്കറികള്‍ കഴിക്കാവുന്നതാണ്. വയര്‍ നിറയെ ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാനാണ് പലരും ശ്രമിക്കുക. വയര്‍ നിറഞ്ഞാല്‍ പെട്ടെന്ന് ഉറക്കം വരും താനും. പക്ഷേ, അങ്ങനെ ചെയ്യുന്നത് ദഹനപ്രക്രിയ മന്ദഗതിയിലാക്കും. ഇതിന് പകരം ഒരു അര മണിക്കൂര്‍ നടക്കുന്നത് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും ഭക്ഷണം നന്നായി ദഹിക്കാന്‍ സഹായിക്കുകയും ചെയ്യും. ബ്ലോട്ടിങ്ങും മറ്റ് ദഹനപ്രശ്നങ്ങളും ഒഴിവാക്കാനും ഈ നടപ്പ് നല്ലതാണ്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan