മഹാഭാരതംപോലെയുള്ള ഒരു ഇതിഹാസത്തെ തൊലിപ്പുറമേ വായിക്കരുത്! പഴഞ്ചൊല്ലുകള്‍ക്കും പഴമൊഴികള്‍ക്കുംപോലും ഈയൊരു പ്രത്യേകതയുണ്ട്. കാര്‍മ്മേഘാവൃതമായ ആകാശത്തെ നോക്കി ‘കണ്ണെഴുതി പൊട്ടുംതൊട്ടു നില്ക്കുന്നതു കണ്ടില്ലേ’ എന്നു പറയുന്ന ഒരു വീട്ടുമുത്തശ്ശിയുടെ വാക്കില്‍പ്പോലും ആന്തരികമായ അര്‍ത്ഥത്തിന്റെ അടരുകള്‍ ഉണ്ട്. നിങ്ങള്‍ക്ക് ഗ്രന്ഥകര്‍ത്താവിന്റെ നിഗമനങ്ങളോടു വിയോജിക്കുകയും കലഹിക്കുകയും ആകാം. പക്ഷേ, അതനുവദിക്കുന്ന ഒരു ഇടം ഈ കൃതി പ്രദാനം ചെയ്യുന്നുണ്ട് എന്നതാണ് പ്രധാനം. അതതു കാലത്തിന്റെ ദര്‍ശനങ്ങളും നിലപാടുകളും ഓരോ കാലത്തിന്റെയും അധീശവിശ്വാസങ്ങളും പ്രത്യയശാസ്ത്രങ്ങളും അതതു കാലത്തെ രചനകളില്‍ എങ്ങനെ പ്രതിഫലിതമാകുന്നു എന്നതാണ് പ്രധാനം. ചരിത്രങ്ങളുടെ പാഠപരതയും പാഠങ്ങളുടെ ചരിത്രപരതയും എങ്ങനെ പുതുപാരായണക്രമങ്ങള് ആവശ്യപ്പെടുന്നു എന്നതാണ് എം.എം. സചീന്ദ്രന്റെ മുഖ്യമായ പരിഗണനാവിഷയം. ‘മഹാഭാരത കഥകളിലൂടെ ഒരു യാത്ര’. എം.എം. സചീന്ദ്രന്‍. മാതൃഭൂമി ബുക്സ്. വില 1,235 രൂപ.