രണ്ട് ദിവസത്തിനുള്ളില്‍ 200 കോടി കളക്ഷന്‍ നേടി ‘ലിയോ’ കുതിക്കുന്നു. ലോകേഷ് കനകരാജ്-വിജയ് കോമ്പോ ആഘോഷമാക്കുകയാണ് ആരാധകര്‍. ബോക്സ് ഓഫീസ് ട്രാക്കര്‍മാരാണ് ലിയോ 200 കോടി ക്ലബ്ബിലെത്തിയ വിവരം പങ്കുവച്ചിരിക്കുന്നത്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ പുതുചരിത്രമാണ് ഓപ്പണിംഗ് ഡേ കളക്ഷനില്‍ ലിയോ കുറിച്ചത്. 148.5 കോടി കളക്ഷനാണ് ചിത്രം റിലീസ് ചെയ്ത ആദ്യ ദിനം തന്നെ നേടിയത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് ആണ് ഔദ്യോഗിക കണക്ക് പുറത്തുവിട്ടത്. ഇതോടെ 2023ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ സിനിമകളില്‍ തന്നെ ആദ്യ ദിന കളക്ഷനില്‍ ഒന്നാമത് എത്തിയിരിക്കുകയാണ് ലിയോ. ഇതുവരെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളായിരുന്നത് ഷാരുഖിന്റെ ജവാന്‍, പഠാന്‍ എന്നീ ചിത്രങ്ങളാണ്. പഠാന്‍ 106 കോടിയും ജവാന്‍ 129 കോടിയുമാണ് ആദ്യദിനം നേടിയത്. ഈ റെക്കോര്‍ഡാണ് ഒറ്റ ദിവസം കൊണ്ട് ലിയോ തിരുത്തി കുറിച്ചത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിച്ചത്. ചിത്രത്തിനായി 200 കോടി രൂപ വിജയ് പ്രതിഫലം വാങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.