ഫെസ്റ്റിവല്‍ സീസണ് മുന്നോടിയായി പുതിയ ഐസിഇ എസ്യുവി പുറത്തിറക്കാന്‍ മാരുതി സുസുക്കി. നിലവില്‍ വൈ17 എന്നു വിളിക്കുന്ന ഈ മോഡലിന് എസ്ക്യുഡോ എന്നായിരിക്കും മാരുതി സുസുക്കി പേരു നല്‍കുകയെന്നാണ് സൂചന. ബ്രെസക്ക് മുകളിലും ഗ്രാന്‍ഡ് വിറ്റാരക്ക് താഴെയുമായിട്ടായിരിക്കും പുതിയ എസ്യുവിയുടെ സ്ഥാനം. വിറ്റാരയുടെ 7 സീറ്റര്‍ വാഹനമായിരിക്കും പുതുതായി മാരുതി സുസുക്കി പുറത്തിറക്കുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വിപണി സാധ്യതകള്‍ കണക്കിലെടുത്ത് 5 സീറ്റര്‍ മോഡലിലേക്ക് മാരുതി സുസുക്കി തീരുമാനം മാറ്റിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഗ്രാന്‍ഡ് വിറ്റാരയുടെ അതേ ഗ്ലോബല്‍ സി പ്ലാറ്റ്ഫോമിലായിരിക്കും എസ്ക്യുഡോയും പുറത്തിറങ്ങുക. 104എച്ച്പി, 1.5 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്‍ജിനും 88എച്ച്പി, സിഎന്‍ജിയും 116 എച്ച്പി, 1.5 ലീറ്റര്‍ ഹൈബ്രിഡ് എന്ജിന് ഓപ്ഷനുകളും പ്രതീക്ഷിക്കാം. മാനുവല്‍, ഓട്ടമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളും ഓള്‍വീല്‍ ഡ്രൈവ് സിസ്റ്റവും എസ്ക്യുഡോയിലുണ്ടാവും. വലിപ്പത്തില്‍ അടക്കം ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ മാറ്റങ്ങളോടെയാവും മാരുതി സുസുക്കി എസ്ക്യുഡോയെ അവതരിപ്പിക്കുക.
പുതിയ ഐസിഇ എസ്യുവി പുറത്തിറക്കാന്‍ മാരുതി
