sunset 18

*1985ലെ ഏറ്റവും മികച്ച ജനപ്രിയ സഹനടി ? ഓപ്ഷന്‍സ് കാണാന്‍ : https://youtu.be/MY_Q2PZKMdM | വോട്ട് രേഖപ്പെടുത്താന്‍ : https://dailynewslive.in/polls/*

കേരളത്തില്‍ 11 പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ്. മലപ്പുറം, എറണാകുളം, തൃശൂര്‍, വയനാട് ജില്ലകളിലാണ് പരിശോധന. 250 സിആര്‍പിഎഫ് ജീവനക്കാരുടെയും പൊലീസിന്റെയും സുരക്ഷയോടെയാണ് പരിശോധന പുരോഗമിക്കുന്നത്. ചാവക്കാട് മുനയ്ക്കകടവില്‍ ലത്തീഫ് പോക്കാക്കില്ലത്ത്, കൊച്ചി കുമ്പളത്ത് മുന്‍ ജില്ലാ പ്രസിഡന്റ് ജമാല്‍ മുഹമ്മദ്, മലപ്പുറം അരീക്കോട് എസ്ഡിപിഐ നേതാവ് നൂറുല്‍ അമീന്‍ എന്നിവര്‍ അടക്കമുള്ളവരുടെ വീടുകളിലാണ് റെയ്ഡ്.

മുഖ്യമന്ത്രിയുടെ ഉദ്യോഗസ്ഥ മേഖല യോഗങ്ങള്‍ നാളെ ആരംഭിക്കും. നാളെ തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലാണ് ആദ്യ യോഗം. രാവിലെ ചീഫ് സെക്രട്ടറിയും വകുപ്പ് മേധാവിമാരും ജില്ലാ കളക്ടര്‍മാരും പങ്കെടുക്കുന്ന യോഗം നടക്കും. ഉച്ചക്കു ശേഷം ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ യോഗമാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലയിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. വ്യാഴാഴ്ച തൃശൂര്‍ മേഖല യോഗം തൃശൂര്‍ കിഴക്കേകാട്ട ലൂര്‍ദ് കത്തീഡ്രല്‍ ഹാളിലാണ്. പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ഒക്ടോബര്‍ മൂന്നിന് എറണാകുളത്തും അഞ്ചിന് കോഴിക്കോട്ടും മേഖല യോഗങ്ങള്‍ ചേരും.

വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ എത്താന്‍ വൈകും. കപ്പല്‍ അടുപ്പിക്കാനുള്ള സൗകര്യങ്ങള്‍ ഇനിയും സജ്ജമായില്ല. തുറമുഖത്തിനു വേണ്ട കൂറ്റന്‍ ക്രെയിനുകളുമായി ചൈനയില്‍നിന്നുള്ള കപ്പല്‍ ഗുജറാത്തിലെ മുന്ദ്രാ തുറമുഖത്തേക്കു നീങ്ങുകയാണ്. നാലാം തീയതി കപ്പല്‍ വിഴിഞ്ഞത്ത് എത്തുമെന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനം. പതിനഞ്ചാം തീയതി കപ്പല്‍ എത്തിച്ചു ചടങ്ങ് നടത്താനാണ് ആലോചന.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*

ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ സിപിഎം നേതാവ് എം കെ കണ്ണനെ എന്‍ഫോഴ്സ്മെന്റിന്റെ കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യുന്നു. തൃശൂര്‍ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റും കേരളാ ബാങ്ക് വൈസ് പ്രസിഡന്റുമാണ് കണ്ണന്‍.

കോഴിക്കോട് ആസ്ഥാനമായുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 82 ശതമാനം ഓഹരികളും സംസ്ഥാന സര്‍ക്കാരിന്റേതാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഏതു നിര്‍മാണ പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് അനുമതി നല്‍കുന്ന ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കണ്ണൂരിലെ ഏഴുനില കോടതി സമുച്ചയ നിര്‍മ്മാണം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്കു നല്‍കിയതിനെതിരായ ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്.

സോളാര്‍ പീഡന കേസില്‍ കോണ്‍ഗ്രസ് നേതാവ് ഹൈബി ഈഡന്‍ എംപിയെ കോടതി കുറ്റവിമുക്തനാക്കി. തെളിവില്ലെന്ന സിബിഐ റിപ്പോര്‍ട്ട് തിരുവനന്തപുരം സിജെഎം കോടതി അംഗീകരിച്ചു. അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി നല്‍കിയ ഹര്‍ജി തള്ളി. എംഎല്‍എ ഹോസ്റ്റലില്‍ ഹൈബി പീഡിപ്പിച്ചെന്നായിരുന്നു പരാതി.

മദ്യപിച്ചോ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചോ ജോലിക്കെത്തുന്ന പൊലിസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് എഡിജിപി അജിത്കുമാറിന്റെ ഉത്തരവ്. മദ്യപിച്ചെത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ എസ്എച്ച്ഒ മാര്‍ കര്‍ശന നടപടിയെടുക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

സോളാര്‍ പീഡനക്കേസിലെ ഗൂഢാലോചന സംബന്ധിച്ച് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ നേരിട്ടു കോടതിയില്‍ ഹാജരാകണമെന്നു കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി. അടുത്ത മാസം 18 ന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. ഗണേഷിനൊപ്പം പരാതിക്കാരിക്കും സമന്‍സ് അയച്ചു.

കൊല്ലത്ത് കുരീപ്പുഴ ടോള്‍ പ്ലാസയില്‍ ഡിവൈഎഫ്ഐ ഉപരോധ സമരംമൂലം ടോള്‍ പിരിവ് തത്കാലം നിര്‍ത്തി. ദേശീയപാതാ വികസനം പൂര്‍ത്തിയാകുന്നതുവരെ ടോള്‍ പിരിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഡിവൈഎഫ്ഐ ഉപരോധ സമരം നടത്തിയത്. കരാര്‍ കമ്പനി ടോള്‍ പിരിവു തുടരാന്‍ മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും ഇടപെടല്‍ തേടി.

കണ്ടല സര്‍വീസ് സഹകരണ ബാങ്കിലെ 57 കോടി രൂപയുടെ തട്ടിപ്പ് പ്രസിഡന്റ് അടക്കമുള്ള ഭരണസമിതിയില്‍നിന്ന് ഈടാക്കണമെന്ന് സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ബാങ്ക് പ്രസിഡന്റും സിപിഐ നേതാവുമായ ഭാസുരാംഗനാണ് ക്രമക്കേടിന്റെ സൂത്രധാരനെന്നാണ് സഹകരണ റജിസ്ട്രാറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

സിപിഎം നേതാക്കളിലേക്ക് അന്വേഷണം എത്തിയതോടെ വധ ഭീഷണിയുണ്ടെന്ന് കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പരാതിക്കാരന്‍ സുരേഷ്. സൂക്ഷിക്കണമെന്ന് സ്പെഷ്യല്‍ ബ്രാഞ്ചും ഇന്റലിജന്‍സ് ബ്യൂറോയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഷാരോണ്‍ വധക്കേസിന്റെ വിചാരണ തമിഴ്നാട്ടിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് ഗ്രീഷ്മ അടക്കമുള്ള പ്രതികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയില്‍. അപേക്ഷ കീഴ്ക്കോടതി തള്ളിയിരുന്നു. കുറ്റകൃത്യം നടന്നത് തമിഴ്‌നാട്ടിലെ കോടതിയുടെ അധികാര പരിധിയിലാണെന്നാണ് വാദം.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു നിര്‍മിച്ച വീടുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ 36 വീടുകള്‍ പണിതു നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇരകള്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. 24 ലക്ഷം രൂപ മാത്രമാണ് നല്‍കേണ്ടത്. സമയബന്ധിതമായി ഇരകളെ മാറ്റി പാര്‍പ്പിക്കണമെന്നും ജില്ലാ കളക്ടറോട് കോടതി പറഞ്ഞു.

സൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതിയില്‍ വ്ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഷാക്കിര്‍ വിദേശത്ത് തുടരുകയാണ്. ഷാക്കിര്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നു പേലീസ് നിര്‍ദ്ദേശിച്ചിരുന്നു.

കോട്ടയം കുമാരനെല്ലൂരില്‍ കഞ്ചാവ് കച്ചവടത്തിനു പട്ടികളുടെ സംരക്ഷണം. അര്‍ധരാത്രി റെയ്ഡിനെത്തിയ പോലീസിനെതിരെ പട്ടികളെ അഴിച്ചുവിട്ടു. മുഖ്യപ്രതി റോബിന്‍ എന്നയാള്‍ ഓടിരക്ഷപ്പെട്ടു. സ്ഥലം പരിശോധിച്ച പോലീസ് 17.8 കിലോ കഞ്ചാവ് പിടിച്ചെടുത്തു.

കോഴിക്കോട് വിമാനത്താവളത്തില്‍ മൂന്നു കോടിയോളം രൂപ വില വരുന്ന 5,460 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. അഞ്ചു പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ മുഹമ്മദ് ബഷീര്‍, മുഹമ്മദ് മിഥിലാജ്, ചേലാര്‍ക്കാട് സ്വദേശി അസീസ്, മലപ്പുറം സ്വദേശികളായ സമീര്‍, അബ്ദുല്‍ സക്കീര്‍ എന്നിവരാണ് പിടിയിലായത്.

ആലപ്പുഴ മാരാരിക്കുളത്ത് വീട്ടമ്മ പൊള്ളലേറ്റു മരിച്ചു. മാരാരിക്കുളം വടക്ക് ദേവസ്വം തയ്യില്‍ പ്രസന്നന്റെ ഭാര്യ മഹിളാമണി (55) വീടിനു പുറത്തു മരിച്ചത്.

ചാവക്കാട് ബൈക്ക് യാത്രക്കാരന്‍ ടിപ്പര്‍ ലോറി ഇടിച്ചു മരിച്ചു. പാലക്കാട് പെരിങ്ങോട് ശങ്കര്‍ നിവാസില്‍ 40 വയസുള്ള ബിനുവാണ് മരിച്ചത്.

തമിഴ്നാടിന് കാവേരി വെള്ളം വിട്ടുനല്‍കാനുള്ള ഉത്തരവിനെതിരെ നാളെ ബംഗളൂരുവില്‍ ബന്ത്. ബസ്, ഓട്ടോ, ടാക്സി, ഒല, ഉബര്‍ തുടങ്ങിയ വെബ് ടാക്സികള്‍ നിരത്തിലിറങ്ങില്ല. ഹോട്ടലുകള്‍ തുറക്കില്ല. വിവിധ കര്‍ഷക സംഘടനകള്‍, ട്രേഡ് യൂനിയനുകള്‍, കന്നട അനുകൂല സംഘടനകള്‍ എന്നിവ ഉള്‍പ്പെടെ നൂറിലേറെ സംഘടനകള്‍ ബന്തിന് പിന്തുണ പ്രഖ്യാപിച്ചു.

വനിത സംവരണ ബില്ലിനെ ‘ഇന്ത്യ’ സഖ്യം അര്‍ദ്ധ മനസോടെയാണു പിന്തുണച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിലെ പൊതുസമ്മേള്ളനത്തിലാണ് ഈ ആരോപണം. മധ്യപ്രദേശില്‍ ബിജെപി വികസനം എത്തിച്ചെന്നും കോണ്‍ഗ്രസ് അഴിമതി നടത്തുകയും മധ്യപ്രദേശിനെ ദരിദ്ര സംസ്ഥാനമാക്കുകയും ചെയ്തെന്നും പ്രധാനമന്ത്രി ആരോപിച്ചു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പാടത്തു കര്‍ഷകര്‍ക്കൊപ്പവും റെയില്‍വേ സ്റ്റേഷനില്‍ ചുമട്ടുതൊഴിലാളികള്‍ക്കൊപ്പവും ഫോട്ടോയെടുത്തതിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാവപ്പെട്ടവരുടെ ജീവിതം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അഡ്വഞ്ചര്‍ ടൂറിസവും വീഡിയോ ഷൂട്ടിംഗിനുള്ള സ്ഥലവുമാണെന്ന് മോദി കുറ്റപ്പെടുത്തി. പക്ഷേ തനിക്ക് രാജ്യത്തേക്കാളും ജനങ്ങളെക്കാളും വലുതായി ഒന്നുമില്ലെന്ന് മോദി അവകാശപ്പെട്ടു.

മണിപ്പൂരില്‍ അര്‍ധസൈനിക വിന്യാസം വര്‍ധിപ്പിച്ചു. 400 അധിക കമ്പനി സേനയെ വിന്യസിപ്പിച്ചു. ബിഎസ്എഫ്, സിആര്‍പിഎഫ് സംഘത്തെയാണ് എത്തിച്ചത്. ചുരാചന്ദ്പുരിലെ ബിഎസ്എഫിന്റെ ക്യാമ്പ് താല്‍ക്കാലിക ജയിലാക്കി മാറ്റും. അക്രമി സംഘങ്ങള്‍ പോലീസില്‍നിന്നും പട്ടാളത്തില്‍നിന്നുമായി കവര്‍ന്നെടുത്ത അയ്യായിരത്തിലേറെ ആയുധങ്ങള്‍ തിരിച്ചുതരണമെന്ന് അന്ത്യശാസനം നല്‍കിയിട്ടുമുണ്ട്.

യുഎന്‍ രക്ഷാ സമിതിയില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം നല്‍കണമെന്ന് ഗ്ലോബല്‍ സൗത്ത് വികസ്വര രാഷ്ട്രങ്ങള്‍. ഇന്ത്യയുടെ വികസന കാഴ്ചപ്പാട് ലോകത്തിനു മാതൃകയാണെന്നു വിവിധ രാജ്യങ്ങള്‍ പ്രശംസിച്ചു. വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍ നാളെ യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യും.

ഇന്ത്യയുമായുള്ള ബന്ധം സുപ്രധാനമെന്ന് കനേഡിയന്‍ പ്രതിരോധ മന്ത്രി ബില്‍ ബ്ലെയര്‍. ബന്ധം കൂടുതല്‍ ഊഷ്മളമായി തുടരാനാണ് കാനഡ ആഗ്രഹിക്കുന്നതെന്ന് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. അതേസമയം രാജ്യത്തെ ജനങ്ങളെ ബാഹ്യശക്തികളുടെ ആക്രമണങ്ങളില്‍നിന്നു സംരക്ഷിക്കാനുള്ള ബാധ്യത കാനഡയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോസ് ഏഞ്ചല്‍സിലെ ബെവര്‍ലി ഗ്രോവിലെ ബറകത്ത് ഗാലറിയില്‍നിന്ന് പന്ത്രണ്ടര കോടി രൂപ വിലമതിക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജാപ്പനീസ് വെങ്കല ബുദ്ധ പ്രതിമ മോഷണം പോയി. 114 കിലോഗ്രാം വരുന്ന വെങ്കല ശില്‍പമാണു മോഷണം പോയത്.

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍നേട്ടം നേട്ടം പത്തായി. ഷൂട്ടിങ്ങിലെ സ്വര്‍ണമടക്കം 5 മെഡലുകളാണ് ഇന്ന് ലഭിച്ചത്. ഇതോടെ ഒരു സ്വര്‍ണവും മൂന്ന് വെള്ളിയും ആറ് വെങ്കലവുമാണ് ഇന്ത്യ ഇതുവരെ കരസ്ഥമാക്കിയത്.

ആഭ്യന്തര വ്യോമയാന മേഖലയില്‍ വീണ്ടും റെക്കോര്‍ഡ് മുന്നേറ്റം. കോവിഡ് കാലയളവില്‍ നേരിയ തോതില്‍ നിറം മങ്ങിയെങ്കിലും, ചുരുങ്ങിയ കാലയളവിനുള്ളില്‍ കോവിഡിന് മുന്‍പത്തെ നിലയിലേക്ക് എത്തിച്ചേരാന്‍ ആഭ്യന്തര വ്യോമയാന മേഖലയ്ക്ക് സാധിച്ചിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് വരെ 11.90 കോടി യാത്രക്കാരാണ് ആഭ്യന്തര വിമാന യാത്ര നടത്തിയിട്ടുള്ളത്. മുന്‍ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 38.27 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഓഗസ്റ്റ് മാസത്തില്‍ മാത്രം 1.48 കോടി യാത്രക്കാര്‍ ആഭ്യന്തര യാത്ര നടത്തിയിട്ടുണ്ട്. ഇതോടെ, ഓഗസ്റ്റിലെ പ്രതിമാസ വളര്‍ച്ചാ നിരക്ക് 23.13 ശതമാനമായാണ് ഉയര്‍ന്നത്. അതേസമയം, ഓഗസ്റ്റില്‍ ഷെഡ്യൂള്‍ ചെയ്ത ആഭ്യന്തര എയര്‍ലൈനുകളുടെ മൊത്തത്തിലുള്ള റദ്ദാക്കല്‍ നിരക്ക് വെറും 0.65 ശതമാനമായിരുന്നു. ആഭ്യന്തര യാത്രക്കാരുടെ ഈ ഗണ്യമായ വളര്‍ച്ച കോവിഡ് ഉയര്‍ത്തിയ വെല്ലുവിളികളില്‍ നിന്നുള്ള പ്രതിരോധത്തെയും വീണ്ടെടുപ്പിനെയുമാണ് സൂചിപ്പിക്കുന്നതെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.

ലോകത്ത് ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഉപഭോക്തൃ സൗഹൃദം മെച്ചപ്പെടുത്താന്‍ ഓരോ ദിവസം കഴിയുംതോറും പുതുപുത്തന്‍ ഫീച്ചറുകള്‍ വാട്സ്ആപ്പ് അവതരിപ്പിക്കാറുണ്ട്. എന്നാല്‍, ഇത്തവണ ഉപഭോക്താക്കള്‍ക്ക് നിരാശ നല്‍കുന്ന വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് വാട്സ്ആപ്പ്. പഴയ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ (ഒഎസ്) പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകളില്‍ സേവനം നിര്‍ത്തലാക്കാനാണ് വാട്സ്ആപ്പിന്റെ തീരുമാനം. ഇതോടെ, ഒക്ടോബര്‍ 24 മുതല്‍ പഴയ ഒഎസ് ഉള്ള ഹാന്‍ഡ്സെറ്റുകളില്‍ വാട്സ്ആപ്പ് ലഭിക്കുകയില്ല. പഴയ ഹാന്‍ഡ്സെറ്റുകള്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ചെക്ക് ചെയ്യുന്നത് ഗുണം ചെയ്യും. നിലവില്‍, 4.1-നും അതിനുശേഷം ഉള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകളില്‍ വാട്സ്ആപ്പ് ലഭ്യമാണ്. എന്നാല്‍, ഒക്ടോബര്‍ 24-ന് ശേഷം ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ വാട്സ്ആപ്പ് പ്രവര്‍ത്തിക്കുകയില്ല. ആന്‍ഡ്രോയിഡ് 5.0 വേര്‍ഷന് മുകളിലുള്ള ഹാന്‍ഡ്സെറ്റുകളില്‍ മാത്രമാണ് വാട്സ്ആപ്പ് ലഭിക്കുകയുള്ളൂ. അതിനാല്‍, പഴയ വേര്‍ഷന്‍ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നിങ്ങളുടെതെങ്കില്‍, അവ ഉടന്‍ തന്നെ ആന്‍ഡ്രോയിഡ് 5.0-ലേക്ക് അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

ചിയാന്‍ വിക്രമിനെ നായകനാക്കി ആര്‍.എസ്. വിമല്‍ സംവിധാനം ചെയ്യുന്ന ‘കര്‍ണ’ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. മഹാഭാരത കഥയിലെ കര്‍ണനെ വളരെ വ്യത്യസ്തമായി അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് സൂചന. കര്‍ണനായി വിക്രം അഭിനയിക്കുന്നു. ബ്രഹ്‌മാണ്ഡ സെറ്റപ്പിലുള്ള ഒരു യുദ്ധ രംഗമാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്. കര്‍ണന്‍ ലുക്കില്‍ ചിയാന്‍ വിക്രവും പ്രത്യക്ഷപ്പെടുന്നുണ്ട്. പൃഥ്വിരാജിനെ നായകനാക്കി 2018ല്‍ പ്രഖ്യാപിച്ച ചിത്രമാണ് കര്‍ണന്‍. പിന്നീട് വിക്രത്തെ നായകനാക്കി മലയാളത്തിലും തമിഴിലും ഹിന്ദിയിലും കര്‍ണന്‍ ഒരുക്കുന്നുവെന്ന് വിമലിന്റെ പ്രഖ്യാപനം എത്തി. വിക്രത്തിന്റെ പിറന്നാള്‍ ദിനം പ്രത്യേക ടീസറും പുറത്തിറക്കി. 32 ഭാഷകളില്‍ ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കും. കര്‍ണനിലൂടെ മഹാഭാരത കഥ അവതരിപ്പിക്കുന്നതാണ് സിനിമയുടെ പ്രമേയം. ബോളിവുഡില്‍ നിന്നുളള താരങ്ങളും ഹോളിവുഡ് ടെക്നീഷ്യന്‍സും സിനിമയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്ന് നിന്റെ മോയ്തീന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആര്‍എസ്. വിമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂര്യപുത്ര കര്‍ണ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 300 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന. യുണെറ്റഡ് ഫിലിം കിംഗ്ഡം ആണ് ചിത്രം നിര്‍മിക്കുന്നത്.

മേപ്പടിയാന്‍ എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ്ജേതാവായ വിഷ്ണു മോഹന്റെ പുതിയ ചിത്രം ‘കഥ ഇന്നുവരെ’ എന്ന സിനിമയിലൂടെ പ്രശസ്ത നര്‍ത്തകിയായ മേതില്‍ ദേവിക സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു.ചെറുപ്പം മുതല്‍ സിനിമയിലേക്ക് ഒരുപാട് അവസരങ്ങള്‍ വന്നിരുന്നെങ്കിലും അതൊന്നും മേതില്‍ ദേവിക സ്വീകരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ വിഷ്ണു മോഹന്റെ ചിത്രത്തിലൂടെ ദേവിക മലയാളത്തില്‍ വരികയാണ്. ബിജു മേനോനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. മേതില്‍ ദേവിക, ബിജു മേനോന്‍ എന്നിവരെ കൂടാതെ അനു മോഹന്‍, നിഖില വിമല്‍, ഹക്കീം ഷാജഹാന്‍, അനുശ്രീ, സിദ്ദിഖ്, രഞ്ജി പണിക്കര്‍ തുടങ്ങീ പ്രമുഖരും ‘കഥ ഇന്നുവരെ’ എന്ന ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ജോമോന്‍ ടി ജോണാണ്. ഷമീര്‍ മുഹമ്മദാണ് എഡിറ്റര്‍. അശ്വിന്‍ ആര്യന്‍ ആണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. പ്ലാന്‍ ജെ സ്റ്റുഡിയോസിന്റെ ബാനറില്‍ വിഷ്ണു മോഹന്‍ സ്റ്റോറീസും ഹാരിസ് ദേശവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കൂടുതല്‍ കരുത്തും കൂടുതല്‍ വേഗവും കൂടുതല്‍ വലിപ്പവുമുള്ള പുതിയ ഹിമാലയന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. റോയല്‍ എന്‍ഫീല്‍ഡ് സര്‍ക്കാരിലേക്ക് സമര്‍പ്പിച്ച ചില രേഖകളിലൂടെയാണ് ഹിമാലയന്‍ 450യുടെ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഈ രേഖയില്‍ ഹിമാലയന്‍ 452 എന്നാണ് പുതിയ മോഡലിനെ വിശേഷിപ്പിക്കുന്നത്. പുതിയ ലിക്വിഡ് കൂള്‍ഡ് എന്‍ജിന് 451.65 സിസിയാണെന്നതാണ് ഹിമാലയന്‍ 452 എന്ന പേരിനു പിന്നില്‍. 8,000 ആര്‍പിഎമ്മില്‍ 29.44കിലോവാട്ട് കരുത്ത് പുറത്തെടുക്കാന്‍ എന്‍ജിന് സാധിക്കുമെന്നതാണ് മറ്റൊരു സുപ്രധാന വിവരം. ഇതോടെ പുതിയ ഹിമാലയന്‍ എന്‍ജിന് 40.02എച്പിയാണ് കരുത്തെന്ന് കണക്കുകൂട്ടാം. ഹിമാലയന്‍ 452വിന് 1,510എംഎം ആണ് വീല്‍ ബേസ് എന്ന വിവരവും ചോര്‍ന്നിട്ടുണ്ട്. നീളം 2,190എംഎമ്മില്‍ നിന്നും 2,245എംഎം ആയും വീതി 840എംഎമ്മില്‍ നിന്നും 852എംഎം ആയും കൂടിയിട്ടുണ്ട്. ഹാന്‍ഡ്ഗാര്‍ഡുകള്‍ കൂടി വെച്ചാല്‍ 900എംഎം ആയി വീതി വര്‍ധിക്കും. ഭാരത്തിന്റെ കാര്യത്തില്‍ പുതിയ മോഡലില്‍ എന്തു വ്യത്യാസം വരുമെന്ന് വ്യക്തമല്ല. നവംബറില്‍ പുതിയ ഹിമാലയന്‍ 452 പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്താണ് മുതല്‍? അതിന് അനേക രൂപങ്ങളുണ്ട്. ഒരാള്‍ക്ക് മുതലായിരിക്കുന്നത് മറ്റൊരാള്‍ക്ക് അങ്ങനെയല്ല. ഒരു കാലഘട്ടത്തില്‍ മുതലായിരിക്കുന്നത് മറ്റൊരിക്കല്‍ മുതലായി നിലനില്‍ക്കണമെന്നില്ല. ഒരു ദേശത്ത് മുതലായി കണക്കാക്കപ്പെടുന്നത് മറ്റൊരിടത്ത് ഒന്നുമേയായിരിക്കില്ല. പാറക്കഷണങ്ങളിലും കക്കത്തൊണ്ടിലും തുടങ്ങി ക്രിപ്‌റ്റോ ഭാഷയിലുള്ള ഡാറ്റാബേസിലെത്തി നില്‍ക്കുന്ന പലരൂപിയായ മുതലിന്റെ വിപുലവും വിചിത്രവുമായ ചരിത്രവര്‍ത്തമാനങ്ങള്‍ കഥയെഴുത്തിന്റെ സര്‍വ്വതന്ത്ര സ്വാതന്ത്ര്യത്തോടെ നെയ്‌തെടുത്തിരിക്കുന്ന വിസ്മയകരമായ നോവല്‍. കരിക്കോട്ടക്കരി, പുറ്റ് എന്നീ നോവലുകള്‍ക്കു ശേഷം വിനോയ് തോമസിന്റെ മറ്റൊരു നോവല്‍. ‘മുതല്‍’. ഡിസി ബുക്സ്. വില 427 രൂപ.

ഒരു വ്യക്തിക്ക് പ്രതിദിനം ശരാശരി 50 മുതല്‍ 100 വരെ മുടി കൊഴിയാം. ഇങ്ങനെ മുടി കൊഴിയുമ്പോള്‍ അവയുടെ സ്ഥാനത്ത് പുതിയ മുടി വളരുന്നു. ഇതുമൂലം മുടി കൊഴിച്ചിലിനും വളര്‍ച്ചയ്ക്കും ഇടയില്‍ ഒരു സന്തുലിതാവസ്ഥ നിലനിര്‍ത്തും. മുടി കൊഴിയുന്നതിന് ആനുപാതികമായി മുടി വളരാതിരിക്കുകയോ തലയോട്ടിയിലെ പ്രത്യേക ഭാഗത്ത് മാത്രം കൊഴിയുകയോ ചെയ്താല്‍ വൈദ്യ പരിശോധന നടത്താവുന്നതാണ്. നിങ്ങളുടെ മുടി കൊഴിച്ചില്‍ സാധാരണമല്ല എന്നതിന്റെ ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്. നിങ്ങളുടെ തലയിണയില്‍ വളരെയധികം മുടി വീണു കിടക്കുന്നതായോ തല കഴുകുമ്പോള്‍ വളരെയധികം മുടി കൊഴിയുകയോ ചെയ്താല്‍ അത് അസാധാരണമായി കണക്കാക്കപ്പെടുന്നു. തലയുടെ മുകള്‍ ഭാഗത്ത് മാത്രം തുടര്‍ച്ചയായി മുടി കുറയുന്നതും ശ്രദ്ധിക്കേണ്ട ലക്ഷണമാണ്. മുടിയെ രണ്ട് ഭാഗങ്ങളായി വിഭജിക്കുമ്പോള്‍ ഹെയര്‍ ലൈനില്‍ വലിയ വിടവ് ഉണ്ടെങ്കില്‍ അതും മുടികൊഴിച്ചിലിന്റെ സൂചനയാണ്. തലയോട്ടിയിലെ താരന്‍, മറ്റ് ഫംഗല്‍ ഇന്‍ഫെക്ഷന്‍ എന്നിവ മൂലവും മുടി കൊഴിച്ചില്‍ ഉണ്ടാകാം. മുടി കൊഴിച്ചിലിനൊപ്പം തലയോട്ടിയില്‍ വേദനയും മറ്റ് അസ്വസ്ഥതകളും ഉണ്ടെങ്കില്‍ അതും ഗുരുതരമായ പ്രശ്‌നത്തെയാണ് സൂചിപ്പിക്കുന്നത്. മുടിയുടെ അമിതമായ വരള്‍ച്ചയും, അറ്റം പൊട്ടുന്നതുമൊക്കെ അസാധാരണമായ മുടി കൊഴിച്ചിലിനെ സൂചിപ്പിക്കുന്നു. പലപ്പോഴും മുടി കൊഴിച്ചിലിനും കഷണ്ടിയ്ക്കും പ്രധാന കാരണം കുടുംബ പാരമ്പര്യമാണ്. പിസിഒഎസ്, ഗര്‍ഭാവസ്ഥ, ആര്‍ത്തവവിരാമം എന്നിവയുടെ സമയത്തും അസാധാരണമായ മുടി കൊഴിച്ചില്‍ നേരിടേണ്ടിവരാം. തൈറോയ്ഡ് , സ്വയം രോഗപ്രതിരോധ രോഗങ്ങള്‍, പോഷകാഹാരക്കുറവ് തുടങ്ങിയവ കാരണവും അമിതമായ മുടി കൊഴിച്ചില്‍ പ്രശ്‌നം നേരിടേണ്ടിവരും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കാന്‍സര്‍ ചികിത്സ, വിഷാദരോഗം തുടങ്ങിയവയ്ക്ക് മരുന്നുകള്‍ കഴിക്കുന്നവര്‍ക്കും അസാധാരണമായ മുടികൊഴിച്ചില്‍ ഉണ്ടാകാം. അമിതമായ സമ്മര്‍ദ്ദം മുടി കൊഴിച്ചിലിന് കാരണമാകുന്നു. മുടി മുറുക്കിക്കെട്ടുന്ന ഹെയര്‍ സ്‌റ്റൈലുകള്‍ മുടി കൊഴിച്ചില്‍ പ്രശ്നത്തിലേക്ക് നയിച്ചേക്കാം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.11, പൗണ്ട് – 101.67, യൂറോ – 88.39, സ്വിസ് ഫ്രാങ്ക് – 91.34, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.37, ബഹറിന്‍ ദിനാര്‍ – 220.44, കുവൈത്ത് ദിനാര്‍ -268.88, ഒമാനി റിയാല്‍ – 215.83, സൗദി റിയാല്‍ – 22.16, യു.എ.ഇ ദിര്‍ഹം – 22.63, ഖത്തര്‍ റിയാല്‍ – 22.82, കനേഡിയന്‍ ഡോളര്‍ – 61.66.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *