തൃശൂര്‍ ഐഎസ് കേസില്‍ മുഖ്യ സൂത്രധാരന്‍ സെയിദ് നബീല്‍ അഹമ്മദിനെ എന്‍ഐഎ ചെന്നൈയില്‍ നിന്ന് അറസ്റ്റു ചെയ്തു. നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കവേയാണ് പിടിയിലായത്. കേരളത്തില്‍ ആക്രമണത്തിന് ഭീകര സംഘടനയായ ഐഎസ് പദ്ധതിയിട്ടിരുന്നു. എന്‍ഐഎ നടത്തിയ അന്വേഷണത്തില്‍ ജൂലൈയിലാണ് കേസുമായി ബന്ധപ്പെട്ടു മറ്റുള്ളവരെ അറസ്റ്റ് ചെയ്തത്.
പുതുപ്പള്ളി ഉപതെരഞ്ഞടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് 18,000 വോട്ടിന്റെ ഭൂരിപക്ഷമെന്ന് എക്‌സിറ്റ് പോള്‍ ഫല പ്രവചനം. ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചനത്തിലാണ് ഈ വിവരം. ആകെ പോള്‍ ചെയ്തതിന്റെ 53 ശതമാനം വോട്ട് നേടി ചാണ്ടി ഉമ്മന്‍ ജയിക്കും. യുഡിഎഫിന് 69,443 വോട്ടും എല്‍ഡിഎഫിന് 51,100 വോട്ടും ബിജെപി 6551 വോട്ടും കിട്ടും.
കരിങ്കല്‍ ക്വാറികള്‍ അടച്ചുപൂട്ടാനൊരുങ്ങുന്നു. 1985 മുതലുള്ള പിഴയടക്കണമെന്നാവശ്യപ്പെട്ട് വ്യവസായ വകുപ്പ് ഇറക്കിയ ഉത്തരവ് അശാസ്ത്രീയമാണെന്നു ചൂണ്ടിക്കാട്ടിയാണ് സമരത്തിനിറങ്ങുന്നത്. ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്നും ക്വാറി ഉടമകളുടെ സംഘടന തീരുമാനിച്ചു.
ഇന്ത്യ എന്ന പദത്തോട് എന്തിനാണ് ഇത്ര ഭയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കാനുള്ള ആവര്‍ത്തിച്ചുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഇന്ത്യ എന്ന പേരു മാറ്റാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്ന് പിണറായി വിജയന്‍ വിമര്‍ശിച്ചു. ഭരണഘടനയ്ക്കും രാജ്യത്തിന് തന്നെയും എതിരായ നടപടിയാണത്. മുഖ്യമന്ത്രി പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരായ സൈബര്‍ അധിക്ഷേപത്തില്‍ പ്രതിയായ നന്ദകുമാറിന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലടുത്തു. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തശേഷം വിട്ടയച്ചു.
കാസര്‍കോഡ് കുമ്പളയില്‍ പതിനേഴുകാരന്‍ ഫര്‍ഹാസ് ഓടിച്ച കാര്‍ അപകടത്തില്‍ അകപെട്ടു മരിച്ചതില്‍ പൊലീസിന് വീഴ്ച്ചയില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ഫര്‍ഹാസിന്റെ കുടുംബത്തിന്റെ പരാതിയും കാറിലുണ്ടായിരുന്നവരുടെ മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ട്. പൊലീസുകാരുടെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റമുണ്ടായിട്ടില്ലെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ധനം നിറയ്ക്കാനായി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ ശേഷം സാങ്കേതിക തകരാര്‍മൂലം വിമാനം തുടര്‍യാത്ര റദ്ദാക്കി. ഇന്തോനേഷ്യയില്‍നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്കു പോയ ലയണ്‍ എയര്‍ വിമാനമാണ് യാത്ര റദ്ദാക്കിയത്. തുടര്‍ന്ന് മറ്റൊരു വിമാനം ഇന്തോനേഷ്യയില്‍നിന്ന് എത്തിച്ചാണ് യാത്ര തുടര്‍ന്നത്.
തിരുവനന്തപുരത്ത് ഗാര്‍ഹിക പൈപ്പഡ് നാചുറല്‍ ഗ്യാസിന് യൂണിറ്റിന് അഞ്ചു രൂപ വില കുറച്ചു. വിതരണ കമ്പനിയായ എജി ആന്‍ഡ് പി പ്രഥം ആണു വില കുറച്ചത്.
കണ്ണൂര്‍ തലശേരി ജനറലാശുപത്രിയില്‍ ചികിത്സക്കെത്തിയ 15 വയസുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ആശുപത്രി ജീവനക്കാരന്‍ പിടിയിലായി. പിണറായി കാപ്പുമ്മല്‍ സ്വദേശി സി റമീസാണ് പിടിയിലായത്.
പന്നിപ്പടക്കം പൊട്ടി വായ് തകര്‍ന്നതുമൂലം ഭക്ഷണം കഴിക്കാനാകാതെ പിടിയാന പട്ടിണി കിടന്ന് ചരിഞ്ഞു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം.
ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ വിവാദത്തില്‍ മറുപടി നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. കേന്ദ്ര മന്ത്രിസഭയോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിമാരോട് ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് അദ്ദേഹം വിശദീകരിച്ചു.
ഹിമാചല്‍ , ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ക്ക് വ്യവസായ വികസന പദ്ധതികള്‍ക്കായി 1164 കോടി രൂപയുടെ അധിക തുക നല്‍കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. മെച്ചപ്പെട്ട ഊര്‍ജ്ജ സംരക്ഷണ സംവിധാനം തയ്യാറാക്കുമെന്ന് മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരിച്ച അനുരാഗ് ഠാക്കൂര്‍ അറിയിച്ചു.
ഭാരതമായാലും ഇന്ത്യയായാലും അര്‍ത്ഥം സ്‌നേഹമെന്നാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രക്കിടെ ജനങ്ങളുമായി ഇടപഴകുന്ന ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
മണിപ്പൂര്‍ കലാപം സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ടാക്കി പുറത്തുവിട്ട എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ മണിപ്പൂര്‍ സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അറസ്റ്റു ചെയ്യരുതെന്ന് സുപ്രീം കോടതി. കലാപത്തില്‍ മണിപ്പൂര്‍ സര്‍ക്കാരും പോലീസും മെയ്‌തെയ് വിഭാഗത്തിനൊപ്പം നിന്നുകൊണ്ട് കുക്കി വംശജര്‍ക്കെതിരേ വംശഹത്യ നടത്തിയെന്ന റിപ്പോര്‍ട്ടാണ് എഡിറ്റേഴ്‌സ് ഗില്‍ഡ് പുറത്തുവിട്ടത്.
പ്രതിപക്ഷത്തിന്റെ ഇന്ത്യാ മുന്നണിയെ അടിക്കാന്‍ ഭാരത് എന്ന പേരുമാറ്റത്തിലൂടെ ദേശീയത ഉയര്‍ത്തി വോട്ടു നേടാനുള്ള നീക്കവുമായി മോദി സര്‍ക്കാര്‍. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പുല്‍വാമ സംഭവത്തിലൂടെയാണ് ദേശീയത ആളിക്കത്തിച്ചു വോട്ടാക്കിയത്. പാര്‍ലമെന്റില്‍ ചെങ്കോല്‍ സ്ഥാപിച്ച് ഹിന്ദുത്വ വികാരം ഉണര്‍ത്തിയും ഏകീകൃത സിവില്‍ കോഡ് പ്രഖ്യാപിച്ചും അയോധ്യയില്‍ രാമക്ഷേത്രം അടുത്ത വര്‍ഷാരംഭത്തോടെ ഉദ്ഘാടനം ചെയ്തും ഹിന്ദുവികാരം മുതലാക്കാനാണു ശ്രമം. മണിപ്പൂര്‍ കലാപം, അദാനി വിഷയം, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളുമായി പ്രതിപക്ഷത്തിന്റെ മുന്നേറ്റം തടയനാണ് നീക്കം.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി യൂറോപിലേക്കു യാത്രയായി. യൂറോപ്യന്‍ യൂണിയന്‍ അഭിഭാഷകരുമായി ബ്രസല്‍സില്‍ കൂടിക്കാഴ്ച നടത്തും. ഹേഗിലും കൂടിക്കാഴ്ചയുണ്ട്. വെള്ളിയാഴ്ച പാരീസ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളുമായി സംവദിക്കും. ശനിയാഴ്ച പാരീസിലെ ലേബര്‍ യൂണിയനുമായി ചര്‍ച്ച നടത്തും. പിന്നീട് നോര്‍വെയിലേക്ക് തിരിക്കും. ഞായറാഴ്ച ഓസ്ലോയില്‍ ഇന്ത്യന്‍ പ്രവാസികളുമായി സംവദിക്കും. ജി 20 ഉച്ചകോടി അവസാനിക്കുന്ന തിങ്കളാഴ്ചയാണു രാഹുല്‍ തിരിച്ചെത്തുക.
മണിപ്പൂരിലെ അഞ്ചു ജില്ലകളില്‍ നിരോധനാജ്ഞ. സുരക്ഷാ സേനയെ പിന്‍വലിക്കണമെന്നും സുരക്ഷാ ബാരിക്കേഡുകള്‍ നീക്കണമെന്നും ആവശ്യപ്പെട്ട് മെയ്‌തെയ് വിഭാഗത്തിലെ വനിതാ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയിരിക്കേയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.
ബ്രിട്ടന് ഗുണകരമാണെങ്കില്‍ മാത്രമേ ഇന്ത്യയുമായി വ്യാപാര കരാറില്‍ ഏര്‍പ്പെടൂവെന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനക്. ജി 20 ഉച്ചകോടിക്കായി ഇന്ത്യയിലേക്ക് പുറപ്പെടാനിരിക്കെയാണ് സുനകിന്റെ പ്രസ്താവന.