mid day hd 21

തിരുവനന്തപുരം പേട്ടയിൽ സി.പി. എം ഭീഷണിയെ തുടർന്നുള്ള പൊലീസുകാരുടെ സ്ഥലംമാറ്റം റദ്ദാക്കി.രണ്ട് എസ് ഐ ഉൾപ്പെടെ മൂന്ന് പേരെയും പേട്ട സ്‌റ്റേഷനിൽ തന്നെ നിയമിച്ചു.വകുപ്പ് തല അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് കമ്മീഷണർ സി.എച്ച്. നാഗരാജുവിന്‍റേതാണ് നടപടി.

മധ്യപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ കേവലം 3 മാസം മാത്രം ബാക്കി നിൽക്കേ മന്ത്രിസഭ വികസിപ്പിച്ച് ബിജെപി. ശിവരാജ് സിങ്ങ് ചൗഹാൻ സർക്കാരിൽ പുതുതായി മൂന്ന് പേരെ കൂടി ഉൾപ്പെടുത്തി. ഇതോടെ മന്ത്രിസഭയുടെ അംഗബലം മുപ്പത്തിനാലായി.

ജയ്പൂര്‍ മുംബൈ സെന്‍ട്രെല്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസില്‍ നാല് പേരെ വെടി വച്ച് കൊലപ്പെടുത്തിയ ആര്‍പിഎഫ് ഉദ്യോഗസ്ഥൻ ചേതന്‍ സിംഗിനെ നാര്‍ക്കോ അനാലിസിസിന് നിര്‍ബന്ധിക്കാനാവില്ലെന്ന് കോടതി.ടെസ്റ്റിന് വിധേയനാകുമ്പോള്‍ സംസാരിക്കാതിരിക്കാനുള്ള അവകാശം ഭരണഘടന ഒരാള്‍ക്ക് നല്‍കുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി.

കാസര്‍കോട് കമ്പാര്‍ പെരിയഡുക്കയില്‍ സ്കൂൾ ബസ് തട്ടി നഴ്സറി വിദ്യാര്‍ത്ഥി മരിച്ച അപകടത്തിന് കാരണം ഡ്രൈവറുടേയും ആയയുടേയും അശ്രദ്ധയെന്ന് മോട്ടോര്‍ വെഹിക്കില്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട്.

വ്യാജരേഖ കേസിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയയെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു.ബിഎസ്എൻഎൽ ബിൽ വ്യാജമായി നിർമ്മിച്ചു എന്നാണ് പരാതി.ദില്ലിയിൽ താമസിക്കുന്ന രാധാകൃഷ്ണൻ എന്നയാൾ മുഖ്യമന്ത്രിയ്ക്ക് ഇ മെയിൽ വഴി നൽകിയ പരാതിയിൽ ആണ് നടപടി എടുത്തിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും എതിരായ സിഎംആർഎൽ മാസപ്പടി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. തെളിവുകളുടെ അഭാവത്തിൽ അന്വേഷണം നടത്താൻ ഉത്തരവിടാൻ ആവില്ലെന്ന് കോടതി വ്യക്തമാക്കി.കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ ഹർജിയിലാണ് കോടതി നടപടി.

ഓണക്കിറ്റ് വിതരണം ചെയ്യുന്നതിലേക്കായി മൂന്ന് ലക്ഷത്തോളം കിറ്റുകളുടെ പാക്കിങ് പൂർത്തിയായതായി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. നാളെയും മറ്റന്നാളുമായി കിറ്റ് വിതരണം പൂർത്തിയാക്കും. നാളെയോടെ എല്ലാ കടകളിലും കിറ്റ് എത്തിക്കാനും കർശന നിർദേശം നൽകിയിട്ടുണ്ട്.

വയനാട് കണ്ണോത്ത് മല അപകടത്തിൽ മരിച്ചവർക്കുള്ള നഷ്ടപരിഹാര വിതരണം വേഗത്തിലാക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയതായും അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കിൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി ഉറപ്പു നൽകിയതായും ശശീന്ദ്രൻ അറിയിച്ചു.

ലഡാക്കില്‍ ചൈന ഇന്ത്യയുടെ ഭൂമി കയ്യേറിയെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലഡാക്ക് സന്ദര്‍ശന സമയത്ത് കാര്‍ഗിലില്‍ നടന്ന സമ്മേളനത്തിലാണ് ചൈന ഇന്ത്യന്‍ ഭൂമിയിലേക്ക് കടന്നുകയറിയെന്ന ആരോപണം രാഹുല്‍ ശക്തമാക്കിയത്. തണുപ്പ് കാലത്ത് കനത്ത മഞ്ഞ് വീഴ്ച നിമിത്തം ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ലഡാക്കില്‍ എത്താന്‍ സാധിച്ചിരുന്നില്ല. ഇതിനാലാണ് മോട്ടോര്‍ ബൈക്കില്‍ ലഡാക്കിലെത്തിയതെന്നും രാഹുല്‍ കാര്‍ഗിലിലെ റാലിയില്‍ പറഞ്ഞു.

എറണാകുളം പെരുമ്പാവൂരിൽ ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ വനിതാ ഡോക്ടർ മരിച്ചു. കാഞ്ഞൂർ സ്വദേശി ഡോ. ക്രിസ്റ്റി ജോസ് ആണ് മരിച്ചത്. രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്.കൂടെ ഉണ്ടായിരുന്ന പിതാവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചന്ദ്രയാൻ 3 ദൗത്യത്തിന്റെ വിജയത്തിനായി ഒത്തൊരുമിച്ച് പ്രവർത്തിച്ച ശാസ്ത്രജ്ഞൻമാരെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ചന്ദ്രനിൽ വിക്രം കാൽ കുത്തിയ ഇടം ഇനി ശിവശക്തി എന്ന് അറിയപ്പെടും. എല്ലാ ഓഗസ്റ്റ് 23 ഇനി മുതൽ നാഷണൽ സ്‌പേസ് ഡേ ആയി ആഘോഷിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് പോക്സോ കോടതി. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരിയിലാണ് സംഭവം. അഡീഷണൽ ജില്ലാ ജഡ്ജി രാഹുൽ സിങ്ങാണ് ശിക്ഷ വിധിച്ചത്. പ്രതിക്ക് 46000 രൂപ പിഴയും കോടതി ചുമത്തി.

ദില്ലി മുംബൈ എക്സ്പ്രസ് വേയിൽ യു ടേണ്‍ എടുക്കുകയായിരുന്ന ടാങ്കര്‍ ലോറിയിലേക്ക് റോള്‍സ് റോയ്സ് കാര്‍ പാഞ്ഞ് കയറി ടാങ്കര്‍ ലോറിയിലെ ഡ്രൈവറും സഹായിയും കൊല്ലപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായി തകര്‍ന്ന റോള്‍സ് റോയ്സ് കാറിലെ യാത്രക്കാര്‍ക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്.

തമിഴ്നാട്ടിലെ മധുരയിൽ ട്രെയിൻ കോച്ചിന് തീപിടിച്ച് 9 പേർ വെന്തുമരിച്ചു. ഇരുപതോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. മധുര റെയിൽവേ സ്റ്റേഷന് സമീപമുള്ള യാഡിൽ നിർത്തിയിട്ടിരുന്ന ലഖ്നൗ-രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിലാണ് ഇന്ന് രാവിലെ 5 മണിയോടെ അപകടമുണ്ടായത്. ട്രെയിനിനുള്ളിൽ ഭക്ഷണം പാകം ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം.

സ്വകാര്യ ബസ് അപകടകരമായ രീതിയിൽ ഓടിച്ച ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം കാലടി അങ്കമാലി റൂട്ടിൽ സർവീസ് നടത്തുന്ന എയ്ഞ്ചൽ ബസിലെ ഡ്രൈവർ ജോയലാണ് യാത്രക്കാർക്ക് ഭീഷണിയാകുന്ന വിധത്തിൽ ബസ് ഓടിച്ചത്.

ഉത്തർപ്രദേശിൽ അധ്യാപികയുടെ നിർദ്ദേശപ്രകാരം വിദ്യാർത്ഥിയെ സഹപാഠികൾ മർദ്ദിച്ച സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശിച്ച് ദേശീയ ബാലാവകാശ കമ്മീഷൻ. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്ന് കമ്മീഷൻ അധ്യക്ഷൻ പ്രിയങ്ക് കനൂംഗോ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്‍റെ മികച്ച സ്മാര്‍ട്ട് സിറ്റി പുരസ്കാരം സ്വന്തമാക്കി ഇന്‍ഡോര്‍. സൂറത്തും ആഗ്രയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. മികച്ച സംസ്ഥാനത്തിനുള്ള പുരസ്കാരം മധ്യപ്രദേശിന് ലഭിച്ചു. തമിഴ്നാടാണ് രണ്ടാമത്. രാജസ്ഥാനും ഉത്തര്‍പ്രദേശും മൂന്നാം സ്ഥാനം പങ്കിട്ടു.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക് കരുത്തിൽ സൗദി പ്രോ ലീഗിൽ അൽ നസ്റിന് ആദ്യ ജയം. അൽ നസ്ർ എതിരില്ലാത്ത അഞ്ച് ഗോളിന് അൽ ഫത്തെയെ തോൽപിച്ചു. കളി തീരാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കേയായിരുന്നു സിആ‍ർ7ന്‍റെ ഹാട്രിക്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *