കുട്ടികളെ പൊലീസ് സ്റ്റേഷനലേക്കു വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തരുതെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവ്. സംസ്ഥാന പൊലീസ് മേധാവിക്ക് കമ്മീഷന്‍ അംഗം പി.പി ശ്യാമളാ ദേവി നല്‍കിയ ഉത്തരവിലാണ് ഈ നിര്‍ദ്ദേശം. 15 വയസിനു താഴെയുളള കുട്ടികളെ മൊഴിയെടുക്കാന്‍ പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിക്കരുതെന്നാണ് നിര്‍ദേശം.
സ്‌കൂള്‍ പ്രവര്‍ത്തി ദിനങ്ങള്‍ 210 ല്‍ നിന്ന് 205 ആയി കുറച്ചത് ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി. പ്രവര്‍ത്തി ദിനം കുറച്ചതിനാല്‍ സിലബസ് പൂര്‍ത്തിയാക്കാന്‍ പ്രയാസമാണെന്ന് മൂവാറ്റുപുഴ എബനേസര്‍ ഹയര്‍ സെക്കന്‍ഡി സ്‌കൂള്‍ മാനേജര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. 10 ദിവസത്തിനകം മറുപടി സര്‍ക്കാരിന് കോടതി നോട്ടീസയച്ചു.
ദേവസ്വം വരുമാനത്തെ മിത്ത് മണിയെന്നു പറയുമോയെന്നു പരിഹസിച്ച നടന്‍ സലീംകുമാര്‍ ഭക്തരുടെ സംഭാവനയെയാണു കളിയാക്കുന്നതെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. ഭക്തരുടെ സംഭാവനയും വഴിപാടുമാണ് ദേവസ്വം വരുമാനം. അതില്‍നിന്ന് സര്‍ക്കാര്‍ ഒന്നും എടുക്കുന്നില്ല. ദേവസ്വം ബോര്‍ഡാണ് പണം ചെലവാക്കുന്നത്. എന്നാല്‍ ക്ഷേത്രങ്ങളിലെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ പൊതുഖജനാവില്‍നിന്നു പണം ചെലവാക്കുന്നുണ്ട്. മന്ത്രി പറഞ്ഞു.
സംസ്ഥാന ഭരണത്തെയും സിപിഐഎമ്മിനെയും മന്ത്രി മുഹമ്മദ് റിയാസാണു നിയന്ത്രിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനെ തിരുത്തുന്ന ശക്തനായി റിയാസ് മാറി. ഗോവിന്ദന് പാര്‍ട്ടിയില്‍ ഒരു സ്ഥാനവുമില്ല. ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ലന്ന് ഗോവിന്ദന്‍ തിരുത്തിയപ്പോള്‍ റിയാസ് പറയുന്നു, തിരുത്തിയിട്ടില്ലന്ന്. പാര്‍ട്ടി സെക്രട്ടറിയെ മരുമകന്‍ മന്ത്രി തിരുത്തുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണോ എന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
കൈക്കൂലി കേസില്‍ ഫീല്‍ഡ് അസിസ്റ്റന്‍ഡ് അറസ്റ്റിലായ പാലക്കാട് പാലക്കയം വില്ലേജ് ഓഫീസില്‍ കൂട്ട സ്ഥലംമാറ്റം. വില്ലേജ് ഓഫീസറെ കണ്ണൂരിലേക്കും വില്ലേജ് അസിസ്റ്റന്റിനെ അട്ടപ്പാടി താലൂക്കിലേക്കും ഫീല്‍ഡ് അസിസ്റ്റന്റിനെ പാലക്കാട് താലൂക്കിലേക്കുമാണ് മാറ്റിയത്. റവന്യൂവകുപ്പ് ജോയിന്റ് സെക്രട്ടറി കെ. ബിജുവിന്റെ നേതൃത്വത്തില്‍ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം.
കേരളത്തില്‍നിന്നു ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ആറിരട്ടി വര്‍ധിപ്പിച്ചു. മുംബൈയില്‍നിന്ന് 20,000 രൂപയ്ക്ക് ടിക്കറ്റ് കിട്ടുമ്പോള്‍ കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍നിന്ന് 75,000 രൂപയാണ് ഈടാക്കുന്നത്. അവധി കഴിഞ്ഞ് മടങ്ങുന്നവരുടെ തിരക്കിനിടയിലാണ് ഭീമമായ നിരക്ക് വര്‍ധന.
ഇടുക്കി നെടുങ്കണ്ടത്ത് ആണ്‍കുട്ടിയും പെണ്‍കുട്ടിയും ജലാശയത്തില്‍ മരിച്ച നിലയില്‍. തൂവല്‍ വെള്ളച്ചാട്ടത്തിനു സമീപമുള്ള ജലാശയത്തിലാണ് നെടുങ്കണ്ടം താന്നിമൂട് കുന്നപ്പള്ളിയില്‍ സെബിന്‍ സജി (19), പാമ്പാടുംപാറ ആദിയാര്‍പുരം കുന്നത്തുമല അനില (16) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടത്.
ഒന്നര വര്‍ഷം മുന്‍പ് മരിച്ചയാളുടെ സ്‌കൂട്ടറിനു പിന്നിലിരുന്നയാള്‍ ഹെല്‍മെറ്റ് ധരിക്കാത്തതിനു പിഴയടയ്ക്കണമെന്ന് നോട്ടീസ്. പാലക്കാട് കാവല്‍പ്പാട് സ്വദേശി ചന്ദ്രശേഖരന്‍ 89 ാമത്തെ വയസിലാണു മരിച്ചത്. അതിനു മുമ്പ് ഏഴു മാസം കിടപ്പിലായിരുന്നു. അക്കാലം മുതല്‍ അച്ഛന്റെ സ്‌കൂട്ടര്‍ ആരും ഓടിക്കാറില്ലെന്നു മകന്‍ വിനോദ് പറയുന്നു.
പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞയുന്ന മുറയ്ക്ക് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും. അതേസമയം, രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിക്കാനുള്ള നടപടി വൈകുന്നതിനെതിരെ പ്രതിഷേധിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. പ്രതിഷേധം പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ സ്പീക്കറെ അറിയിക്കും.
ഹരിയാനയിലെ നൂഹില്‍ വര്‍ഗീയ കലാപത്തിന്റെ പേരില്‍ ഒരു വിഭാഗക്കാരുടെ കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തുന്നതു തുടരുന്നു. പ്രമുഖ ഹോട്ടലായ സഹാറയും തകര്‍ത്തു. വിശ്വഹിന്ദു പരിഷത്തിന്റെ മതറാലിയിലേക്ക് ഈ ഹോട്ടലില്‍നിന്ന് കല്ലേറുണ്ടായെന്ന് ആരോപണം ഉയര്‍ന്നതിനു പിറകേയാണ് ഹോട്ടല്‍ പൊളിച്ചത്.
അഴിമതിക്കേസില്‍ ഭര്‍ത്താവ് അറസ്റ്റിലായതിനെത്തുടര്‍ന്ന് ജയ്പൂര്‍ കോര്‍പറേഷന്‍ മേയര്‍ മുനേഷ് ഗുര്‍ജറിനെ അയോഗ്യയാക്കി പിരിച്ചുവിട്ടു. ഭൂമി ഇടപാടിനു രണ്ടു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനാണ് ഭര്‍ത്താവ് സുശീല്‍ ഗുര്‍ജറിനെ അറസ്റ്റു ചെയ്തത്. വീട്ടില്‍നിന്ന് 40 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരാണ് കോണ്‍ഗ്രസുകാരിയായ മേയര്‍ക്കെതിരേ നടപടിയെടുത്തത്.
പാകിസ്ഥാനില്‍ വീണ്ടും തെരഞ്ഞെടുപ്പിനു കളമൊരുങ്ങുന്നു. പാര്‍ലമെന്റ് ഈ മാസം ഒന്‍പതിനു പിരിച്ചുവിമെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പ്രഖ്യാപിച്ചതോടെ നവംബറിനു മുമ്പ് തെരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പായി. ബിലാവല്‍ ഭൂട്ടോയുടെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പാകിസ്ഥാന്‍ മുസ്ലിം ലീഗ് നവാസും സഖ്യമായി തെരഞ്ഞെടുപ്പു നേരിടും. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റു ചെയ്തു ജയിലില്‍ അടച്ചതോടെ പ്രധാന പ്രതിയോഗിയുടെ ശല്യം ഉണ്ടാകില്ലെന്ന ആശ്വാസത്തിലാണ് ഭരണ മുന്നണി.
അധികമായാല്‍ കുടിവെള്ളവും വിഷമാകും. അമിതമായി വെള്ളം കുടിച്ച് യുവതി മരിച്ചു. അമേരിക്കയിലെ ഇന്ത്യാനയില്‍ ആഷ്‌ലി സമ്മേഴ്‌സ് എന്ന 35 കാരിയാണ് മരിച്ചത്. കടുത്ത ദാഹംമൂലം ഒറ്റയടിക്കു രണ്ടു ലിറ്റര്‍ വെള്ളം കുടിച്ചു. അല്‍പ സമയത്തിനകം കുഴഞ്ഞുവീണ് ആഷ്‌ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വാട്ടര്‍ ടോക്‌സിസിറ്റിയാണ് മരണകാരണമെന്നാണു റിപ്പോര്‍ട്ട്.