ഗ്രൂപ്പുകള്‍ സൃഷ്ടിക്കുമ്പോള്‍ തന്നെ പെര്‍മിഷനുകള്‍ സജ്ജീകരിക്കാനുള്ള ഓപ്ഷന്‍ വാട്‌സ്ആപ്പ് പരീക്ഷിക്കുന്നു. വാബീറ്റഇന്‍ഫോയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ആന്‍ഡ്രോയിഡ് (പതിപ്പ് 2.23.16.3), ഐഒഎസ് (പതിപ്പ് 2.23.15.70) ബീറ്റാ അപ്ഡേറ്റുകളുടെ ഭാഗമായി ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രൂപ്പ് പ്രവര്‍ത്തനക്ഷമമാകുന്നതിന് മുമ്പ് തന്നെ ചില നിയന്ത്രണങ്ങള്‍ സജ്ജമാക്കാന്‍ പുതിയ സവിശേഷതകള്‍ നിങ്ങളെ സഹായിക്കും, പ്രത്യേകിച്ചും വലിയ ഗ്രൂപ്പുകള്‍ സൃഷ്ടിക്കുമ്പോള്‍, അഡ്മിന്‍മാര്‍ക്ക് തുടക്കത്തില്‍ തന്നെ നിയന്ത്രണങ്ങള്‍ ചേര്‍ക്കുന്നത് കൂടുതല്‍ ഉപകാരപ്രദമാകും. ഒരു ഗ്രൂപ്പ് ഉണ്ടാക്കുമ്പോള്‍, നിങ്ങള്‍ക്ക് അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ (ഡിസപ്പിയറിങ് മെസ്സേജസ്) ഓഫാക്കാനോ അല്ലെങ്കില്‍ കൂടുതല്‍ അനുമതികള്‍ പ്രവര്‍ത്തനക്ഷമമാക്കാനോ പ്രവര്‍ത്തനരഹിതമാക്കാനോ കഴിയും. വ്യക്തമായ ഐഡിയ ലഭിക്കാനായി സ്‌ക്രീന്‍ഷോട്ടും പങ്കുവച്ചിട്ടുണ്ട്. ഇത് കൂടാതെ ആനിമേറ്റഡ് അവതാറുകള്‍ ഉള്‍പ്പെടുന്ന പുതിയ അവതാര്‍ പാക്കും വാട്ട്സ്ആപ്പ് പരീക്ഷിക്കുന്നുണ്ട്. സംഭാഷണങ്ങള്‍ കൂടുതല്‍ സംവേദനാത്മകവും രസകരവുമാക്കാന്‍ ഇത് സഹായിക്കും. അതുപോലെ, വിവിധ സ്വകാര്യത സവിശേഷതകളെ കുറിച്ച് പുതിയ ഉപയോക്താക്കളെ ബോധവാന്മാരാക്കുന്നതിനുള്ള സുരക്ഷാ ടൂള്‍സ് പേജും പുനര്‍രൂപകല്‍പ്പന ചെയ്ത തിരയല്‍ ബാറും പുതിയ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. സ്‌ക്രീന്‍ഷോട്ടില്‍ പറഞ്ഞിരിക്കുന്ന എല്ലാ ഫീച്ചറുകളും ഏതാനും ബീറ്റ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ തുടങ്ങിയിട്ടുണ്ട്.