ബിഎംഡബ്ല്യുവിന്റെ ആഡംബര കാര്‍ സ്വന്തമാക്കി മലയാളത്തിന്റെ പ്രിയ നടന്‍ സിദ്ദീഖ്. ബിഎംഡബ്ല്യുവിന്റെ 6 സീരീസ് ഗ്രാന്‍ഡ് ടുറിസ്‌മോയുടെ പെട്രോള്‍ പതിപ്പ് 630 ഐ എം സ്‌പോര്‍ട്‌സാണ് സിദ്ദീഖിന്റെ ഗാരിജിലെത്തിയ ഏറ്റവും പുതിയ വാഹനം. കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് സിദ്ദീഖ് പുതിയ കാര്‍ വാങ്ങിയത്. വാഹനത്തിന്റെ താക്കോല്‍ കൈമാറുന്ന വീഡിയോ ഇവിഎം ഓട്ടോക്രാഫ്റ്റ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. ബിഎംഡബ്ല്യുവിന്റെ എക്‌സിക്യൂട്ടീവ് ലക്ഷ്വറി സെഡാനായ 6 സീരീസിന്റെ ഏറ്റവും പുതിയ മോഡല്‍ 2021ലാണ് വിപണിയിലെത്തിയത്. പെട്രോള്‍, ഡീസല്‍ പതിപ്പുകളുണ്ട് ഈ വാഹനത്തിന്. 1998 സിസി പെട്രോള്‍ എന്‍ജിനാണ് 630ഐ എം സ്‌പോര്‍ട്‌സ് പതിപ്പില്‍. 258 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. വേഗം നൂറുകടക്കാന്‍ വേണ്ടത് 6.5 സെക്കന്‍ഡ് മാത്രം. 1995 സിസി എന്‍ജിനാണ് ഡീസല്‍ പതിപ്പായ 620 ഡി എം സ്‌പോര്‍ട്‌സില്‍. 190 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കും. വേഗം മൂന്നക്കം കടക്കാന്‍ വേണ്ടത് 7.9 സെക്കന്‍ഡ് മാത്രം. പെട്രോള്‍ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില 72.50 ലക്ഷം രൂപയും ഡീസല്‍ പതിപ്പിന്റേത് 74.50 ലക്ഷം രൂപയുമാണ്.