◾എല്ലാ വിഷയങ്ങളിലും എ പ്ലസ് കിട്ടിയിട്ടും പ്ലസ് വണ്‍ സീറ്റ് ലഭിച്ചില്ലെന്ന പ്രശ്നം പരിഹരിക്കാന്‍ മറ്റു ജില്ലകളില്‍നിന്നുള്ള 14 ബാച്ചുകള്‍ മലപ്പുറത്തേക്കു മാറ്റും. എയിഡഡ് മാനേജ്മെന്റ് സ്‌കൂളുകളില്‍ അധിക സീറ്റ് അനുവദിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പഞ്ചായത്ത്, താലൂക്ക് അടിസ്ഥാനത്തില്‍ പരിശോധിച്ച ശേഷമാകും കൂടുതല്‍ സീറ്റുകള്‍ അനുവദിക്കുക. സപ്ലിമെന്ററി അലോട്ട്മെന്റിനു ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തും. 16 നു ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
◾ഏക സിവില്‍ കോഡിനെതിരെ 15 നു കോഴിക്കോട്ട് സിപിഎം നടത്തുന്ന സെമിനാറില്‍ പങ്കെടുക്കേണ്ടെന്ന് മുസ്ലീം ലീഗ് തീരുമാനിച്ചു. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയുള്ള സെമിനാറിനു പ്രസക്തിയില്ലെന്ന് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യുഡിഎഫിന്റെ പ്രധാന ഘടകകക്ഷിയെന്ന നിലയില്‍ യുഡിഎഫിന്റെ നയപരിപാടികള്‍ക്കൊപ്പമാണു നിലകൊള്ളുകയെന്നും അദ്ദേഹം പറഞ്ഞു.
◾മുസ്ലിം ലീഗ് യുഡിഎഫിന്റെ ഭാഗമായ രാഷ്ട്രീയ പാര്‍ട്ടിയാണെങ്കിലും ഏക സിവില്‍ കോഡിനെതിരെ മുസ്ലീം സമുദായത്തിന് ഒറ്റമനസാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അത് ഹിന്ദുത്വയ്ക്കെതിരാണ്. ഫാസിസത്തിലേക്കുള്ള യാത്ര തടയാനാണ് തങ്ങളുടെ ശ്രമമെന്നും ഗോവിന്ദന്‍ പറഞ്ഞു.
◾മുസ്ലീം ലീഗിനെ യുഡിഎഫില്‍നിന്ന് അടര്‍ത്തിയെടുക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് കെ മുരളീധരന്‍ എംപി. ഏക സിവില്‍ കോഡിനെതിരേ സിപിഎം സെമിനാര്‍ നടത്തുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ആരും കാണാത്ത ഒരു ബില്ലിന്റെ പേരില്‍ ഇത്ര ആവേശം വേണ്ടെന്നും മുരളീധരന്‍ പറഞ്ഞു.
◾കെ റെയില്‍ പദ്ധതിക്കു മെട്രോമാന്‍ ഇ ശ്രീധരന്റെ പിന്തുണ തേടാന്‍ ശ്രമം. സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധിയും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രഫ. കെ.വി. തോമസ് ഇന്ന് ശ്രീധരനുമായി കൂടിക്കാഴ്ച നടത്തും. പൊന്നാനിയിലെ വീട്ടിലാണു കൂടിക്കാഴ്ച.
◾തൃശൂര്‍ ജില്ലയിലെ വരന്തരപ്പിള്ളി, ആമ്പല്ലൂര്‍ മേഖലയില്‍ ഭൂമിക്കടയില്‍നിന്നു മുഴക്കം. ഒരാഴ്ച്ചക്കിടെ മൂന്നാം തവണയാണ് മുഴക്കമുണ്ടാകുന്നത്. മുഴക്കം രണ്ടു സെക്കന്റ് നീണ്ടു നിന്നു.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്
◾രഹസ്യ വിവരം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ലഹരി ഇടപാടുകാരെ അറസ്റ്റു ചെയ്യുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ്. രഹസ്യ വിവരങ്ങള്‍ വീണ്ടും പരിശോധിച്ച് ഉറപ്പുവരുത്തണം. ചാലക്കുടിയില്‍ നിരപരാധിയായ വീട്ടമ്മ അറസ്റ്റിലായതു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് അദ്ദേഹം നിര്‍ദേശിച്ചു. എല്ലാറെയ്ഞ്ചിലും പരിശോധന കിറ്റുകള്‍ കൂടുതലായി എത്തിക്കാനും തീരുമാനമായി.
◾കോടതി ഉത്തരവുകള്‍ നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി. 317 ഹൈക്കോടതി ഉത്തരവുകളും 5000 ലേറെ ജില്ലാ കോടതി ഉത്തരവുകളും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. കോടതി ഉത്തരവുകള്‍ വ്യാപകമായി പ്രചരിപ്പിച്ച് കൂടുതല്‍ പേരില്‍ നിയമ അവബോധം ഉണ്ടാക്കുന്നതിനാണ് ഹൈക്കോടതിയുടെ നടപടി.
◾
◾ആലപ്പുഴ ആര്യാട് ഷോക്കേറ്റ് യുവാവ് മരിച്ചു. ആര്യാട് കോമച്ചാം വെളി ജോബി തോമസ് (37) ആണ് മരിച്ചത്. വീട്ടിലെ കരണ്ടു പോയപ്പോള്‍ പുറത്തിറങ്ങി നോക്കുന്നതിനിടെയാണ് ഷോക്കേറ്റത്.
◾എറണാകുളം തൈക്കൂടത്ത് സ്വകാര്യ ആയുര്‍വേദ ആശുപത്രിയുടെ ലിഫ്റ്റ് തകര്‍ന്നു വീണ് ആശുപത്രി ജീവനക്കാരി അടക്കം രണ്ടു പേര്‍ക്കു പരിക്ക്. തൈക്കൂടത്തെ സൂര്യസരസ് ആയുര്‍വേദ ആശുപത്രിയിലാണ് അപകടമുണ്ടായത്.
◾ലോക് സഭാ തെരഞ്ഞെടുപ്പിനു സജ്ജമാകാന്‍ 18 ന് എന്‍ഡിഎ മുന്നണി യോഗം പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു. ഡല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ ഏതാനും മാസങ്ങള്‍ക്കു ശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും ചര്‍ച്ചയാകും. എന്‍സിപിയില്‍നിന്നു കൂറുമാറി എത്തിയ അജിത് പവാറും പ്രഫുല്‍ പട്ടേലും ഏക്നാഥ് ഷിന്‍ഡേയുടെ ശിവസേനയ്ക്കെപ്പം യോഗത്തില്‍ പങ്കെടുക്കും.
◾തെക്കോട്ടിറക്കവുമായി മോദി. ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടില്‍ നിന്ന് മത്സരിക്കുമെന്ന് അഭ്യൂഹം. കന്യാകുമാരിയിലോ കോയമ്പത്തൂരോ മോദി മത്സരിക്കുമെന്നാണ് സംസാരം. തെന്നിന്ത്യയില്‍ ബിജെപി തരംഗം സൃഷ്ടിക്കാനാണ് വാരാണസിക്കു പുറമേ തമിഴ്നാട്ടില്‍നിന്നും മല്‍സരിക്കുന്നതു പരിഗണിക്കുന്നത്. കോയമ്പത്തൂരില്‍ കഴിഞ്ഞ തവണ ജയിച്ചത് സിപിഎം ആണ്. ഭൂരിപക്ഷം 1,79,143 വോട്ട്. കന്യാകുമാരിയില്‍ കഴിഞ്ഞ തവണ ജയിച്ചത് കോണ്‍ഗ്രസായിരുന്നു. 1,37,950 വോട്ടായിരുന്നു ഭൂരിപക്ഷം.
◾ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ. രണ്ടു ദിവസത്തിനിടെ 12 പേര്‍ മരിച്ചു. ഡല്‍ഹിയിലും രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും കനത്ത മഴയാണ്.
◾
◾സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതികളെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തതിന് അറസ്റ്റിലായ ആന്ധ്രയിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സ്വര്‍ണലതയ്ക്ക് ഉന്നതരുമായി ബന്ധമുണ്ടെന്നു റിപ്പോര്‍ട്ട്. പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സഹായത്തോടെ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.
◾മുംബൈയിലെ മലാഡിലുള്ള അദാനി ഗ്രൂപ്പിന്റെ ആറായിരം കിലോ തൂക്കമുള്ള ഇരുമ്പു പാലം മോഷ്ടിച്ച നാലു പേരെ അറസ്റ്റു ചെയ്തു. ഓവുചാലിന് കുറുകെ സ്ഥാപിച്ചിരുന്ന 90 അടി നീളമുള്ള പാലമാണ് മോഷ്ടാക്കള്‍ അപഹരിച്ചത്.
◾ഭാര്യയെ കൊന്ന് മുങ്ങിയശേഷം സിദ്ധനായി ആള്‍മാറാട്ടം നടത്തി കഴിയുകയായിരുന്ന കൊലയാളി ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ പിടിയില്‍. ചെന്നൈ സ്വദേശി രമേശാണ് ഒന്നര വര്‍ഷത്തിനു ശേഷം പിടിയിലായത്. 2021 ഡിസംബറിലാണ് ഭാര്യ വാണിയെ കൊന്ന് മൃതദേഹം അലക്കാനുള്ള വസ്ത്രങ്ങള്‍ക്കൊപ്പം മേശയുടെ അടിയില്‍ ഒളിപ്പിച്ച് രമേശ് മുങ്ങിയത്.
◾പബ്ജിയിലൂടെ പരിചയപ്പെട്ട ഇന്ത്യക്കാരനായ കാമുകനൊപ്പം ജീവിക്കാന്‍ പാകിസ്ഥാനില്‍നിന്ന് നാലു കുട്ടികളുമായി എത്തിയ 27 കാരിക്ക് ഇന്ത്യയില്‍ തുടരാം. രേഖകളില്ലാതെ രാജ്യത്ത് പ്രവേശിച്ചതിനും അനധികൃത കുടിയേറ്റക്കാര്‍ക്ക് അഭയം നല്‍കിയതിനും ജയിലിലായ സീമ ഹൈദറും സച്ചിന്‍ മീണയും ജയില്‍ മോചിതരായി. സീമയ്ക്ക് ഇന്ത്യയില്‍ തുടരാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചുവരികയാണ്. ‘എന്റെ ഭര്‍ത്താവ് ഹിന്ദുവാണ്, അതിനാല്‍ ഞാന്‍ ഒരു ഹിന്ദുവാണ്, ഞാന്‍ ഇപ്പോള്‍ ഒരു ഇന്ത്യക്കാരിയാണെ’ന്നും സ്വത്തെല്ലാം വിറ്റ് എത്തിയ സീമ പ്രതികരിച്ചു.
◾ഇടംകൈ ബാറ്ററും വലംകൈ സ്പിന്നറുമായ മലയാളികളുടെ അഭിമാനതാരം വയനാട്ടുകാരി മിന്നു മണി ഇന്ത്യന്‍ ദേശീയ ടീമിനായി ട്വന്റി 20 മത്സരം കളിക്കുന്ന ആദ്യ മലയാളി വനിതാ താരമെന്ന ചരിത്ര നേട്ടം സ്വന്തമാക്കി. ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തിനുള്ള ഇന്ത്യന്‍ വനിതാ ടീമിന്റെ ആദ്യ ഇലവനില്‍ ഇടം നേടിയതോടെയാണ് മിന്നു മണി ഈ നേട്ടം സ്വന്തമാക്കിയത്.
◾ചെറുകിട സംരംഭകര്‍ക്ക് സഹായമേകുന്ന പ്രധാന്‍ മന്ത്രി മുദ്ര യോജന വായ്പകളുടെ വിതരണത്തില്‍ വന്‍ വര്‍ദ്ധന. 2024 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ (ഏപ്രില്‍-ജൂണ്‍) 23 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) ആദ്യ പാദത്തിലെ 62,650 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം 81,597 കോടി രൂപയുടെ മുദ്ര വായ്പകളാണ് വിതരണം ചെയ്തത്. മുദ്ര സ്‌കീം ആരംഭിച്ചതിന് ശേഷം ആദ്യ പാദ വിതരണത്തിലെ എക്കാലത്തെയും ഉയര്‍ന്ന വര്‍ദ്ധനയാണിത്, തരുണ്‍ വിഭാഗത്തിലെ ലോണുകളുടെ എണ്ണമാണ് ഏറ്റവും കൂടിയത്. ആദ്യപാദത്തില്‍ 1.03 കോടി അക്കൗണ്ടുകളിലായി 86,513.86 കോടി രൂപയുടെ മുദ്ര വായ്പകളാണ് അനുവദിച്ചു. ഇതില്‍ 81,597 കോടി രൂപയാണ് വിതരണം ചെയ്തത്. ഇതില്‍ 37,600 കോടി രൂപയും തരുണ്‍ വിഭാഗത്തിലാണ്. മുന്‍വര്‍ഷത്തേക്കാള്‍ 34.7 ശതമാനം വര്‍ദ്ധനയോടെ 4.50 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം വിതരണം ചെയ്തത്. 2021-22ല്‍ വായ്പ 3.31 ലക്ഷം കോടി രൂപയായിരുന്നു. മുദ്ര വായ്പയെടുക്കുന്നവരില്‍ കേരളത്തിലും വന്‍ വര്‍ദ്ധനയുണ്ടായി. ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 2,943.56 കോടി രൂപയുടെ മുദ്ര വായ്പ സംസ്ഥാനത്ത് വിതരണം ചെയ്തു. ഈ കാലയളവില്‍ ആകെ 3.23 ലക്ഷം അക്കൗണ്ടുകളിലായി 3,055.41 കോടി രൂപയുടെ വായ്പകള്‍ അനുവദിച്ചിട്ടുണ്ട്. കേരളത്തില്‍ കൂടുതല്‍ വിതരണം ചെയ്തത് കിഷോര്‍ വിഭാഗത്തിലെ വായ്പകളാണ്. കിഷോര്‍ വിഭാഗത്തില്‍ 1.47 ലക്ഷം സംരംഭകര്‍ക്ക് 1,529.96 കോടി രൂപയാണ് വിതരണം ചെയ്തത്. ശിശു വിഭാഗത്തില്‍ 1.67 ലക്ഷം സംരംഭകര്‍ക്ക് മൊത്തം 613.25 കോടി രൂപ വായ്പ നല്‍കി. തരുണ്‍ വിഭാഗത്തില്‍ 8,445 സംരംഭകര്‍ക്ക് വിതരണം ചെയ്തത് 800.35 കോടി രൂപയാണ്.
◾റിയല്‍മി ഒടുവില്‍ നാര്‍സോ 60 സീരീസിന് കീഴില്‍ രണ്ട് ഫോണുകള്‍ പുറത്തിറക്കി. നാര്‍സോ 60, നാര്‍സോ 60 പ്രോ എന്നിവയാണ് അവതരിപ്പിച്ചത്. റിയല്‍മി നാര്‍സോ 60 സീരീസിനായി വളരെ സ്‌റ്റൈലിഷ് ഡിസൈനാണ് റിയല്‍മി തിരഞ്ഞെടുത്തിരിക്കുന്നത്. അടുത്തിടെ സമാരംഭിച്ച റിയല്‍മി 11 പ്രോ സീരീസിന് സമാനമായി, പിന്നില്‍ വീഗന്‍ ലെതര്‍ ഫിനിഷുള്ള വൃത്താകൃതിയിലുള്ള ക്യാമറയാണ് ഇത് കൊണ്ട് വന്നിരിക്കുന്നത്. നാര്‍സോ 60 സീരീസില്‍ കമ്പനി ചില ഉയര്‍ന്ന ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 100-മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറാണ് മോഡലില്‍ ഉള്ളത്, ഫോണില്‍ 12ജിബി+12ജിബി ഡൈനാമിക് റാമിനൊപ്പം ഡൈമന്‍സിറ്റി 7050 പ്രൊസസറും ഉപയോഗിക്കുന്നു. ഐടിബി ഫ്ലാഗ്ഷിപ്പ് ലെവല്‍ സ്റ്റോറേജ് ലഭിക്കുന്നു എന്നതാണ് ഉപകരണത്തിന്റെ ഹൈലൈറ്റ്.റിയല്‍മി 60 പ്രോ 23,999 രൂപയ്ക്ക് 8 ജിബി റാം, 128 ജിബി സ്റ്റോറേജ് മോഡല്‍ ലഭ്യമാവും. 12 ജിബി, 1 ടിബി സ്റ്റോറേജ് വേരിയന്റിന് 29,999 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഉള്ള നാര്‍സോ 60 17,999 രൂപയാണ് വില. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 19,999 രൂപയാണ് വില. ജൂലൈ 15 ന് ഫോണുകള്‍ വില്‍പ്പനയ്‌ക്കെത്തും.
◾‘പാപ്പന്‍’ എന്ന സുരേഷ് ഗോപി ചിത്രത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് ‘ആന്റണി’. ‘പൊറിഞ്ചു മറിയം ജോസി’ലെ പ്രധാന താരങ്ങളായ ജോജു, നൈല ഉഷ, ചെമ്പന്‍ വിനോദ് എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. കല്യാണി പ്രിയദര്‍ശന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മാസ് ലുക്കിലുള്ള ജോജു ജോര്‍ജിനെ പോസ്റ്ററില്‍ കാണാം. ഒപ്പം ജേഴ്സി അണിഞ്ഞ് നില്‍ക്കുന്ന കല്യാണി പ്രിയദര്‍ശനും ഉണ്ട്. ഒപ്പം മറ്റ് കഥാപാത്രങ്ങളെയും മോഷന്‍ പോസ്റ്ററില്‍ പരിചയപ്പെടുത്തുന്നുണ്ട്. ആശാ ശരത്ത്, വിജയ രാഘവന്‍ എന്നിവരും ആന്റണിയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
◾ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ നിവിന്‍ പോളിയുടെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ എത്തി. ‘രാമചന്ദ്രബോസ് & കോ’ എന്നാണ് ചിത്രത്തിന്റെ പേര്. ‘എ പ്രവാസി ഹൈസ്റ്റ്’ എന്ന ടാഗ് ലൈനോടെയാണ് ടൈറ്റില്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘രാമചന്ദ്രബോസ് & കോ’. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നിവിന്‍ പോളിക്ക് ഒപ്പം ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്.
◾മാരുതി സുസുക്കി ഇന്ത്യ ജൂണ്‍ 7നാണ് ജിംനിയെ രാജ്യത്ത് അവതരിപ്പിച്ചത്. ഒരു മാസം തികയുമ്പോള്‍ ഓഫ്-റോഡറിന്റെ 3,000 യൂണിറ്റുകള്‍ വിറ്റഴിച്ചു. മാരുതി സുസുക്കി ജിംനിയുടെ വില 12.74 ലക്ഷം രൂപയില്‍ തുടങ്ങി 15.05 ലക്ഷം രൂപ വരെയാണ് (എക്‌സ് ഷോറൂം). സീറ്റ, ആല്‍ഫ വേരിയന്റുകളിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. എസ്യുവിയുടെ ഹൃദയഭാഗത്ത് പഴയ കെ15ബി 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ്, അത് പരമാവധി 105ബിഎച്പി പവറും 134എന്‍എം പീക്ക് ടോര്‍ക്കും നല്‍കുന്നു. എഞ്ചിന്‍ 5-സ്പീഡ് എംടി അല്ലെങ്കില്‍ 4-സ്പീഡ് എടി എന്നിവയുമായി ജോഡിയാക്കാം. മാരുതി സുസുക്കി ജിംനി മൈലേജ് 5-സ്പീഡ് എംടിയ്ക്ക് 16.94കെഎംപിഎല്‍ഉം 4-സ്പീഡ് എടിയ്ക്ക് 16.39കെഎംപിഎല്‍ഉം ആണെന്ന് അവകാശപ്പെടുന്നു. ഒരു ലാഡര്‍ ഫ്രെയിം ഷാസിയെ അടിസ്ഥാനമാക്കി, എസ്യുവിക്ക് ALLGRIP PRO 4WD സാങ്കേതികവിദ്യയും കുറഞ്ഞ റേഞ്ച് ട്രാന്‍സ്ഫര്‍ ഗിയറുകളോടുകൂടിയ (4എല്‍ മോഡ്) സ്റ്റാന്‍ഡേര്‍ഡും ഉണ്ട്.
◾വയലാര്‍ കവിത ഒരിക്കലും ഒഴുക്ക് നിലച്ച നീര്‍ച്ചോലയായിരുന്നില്ല. മൂന്നു വ്യക്തമായ ഘട്ടങ്ങളിലൂടെ ആ കവിത ആന്തരികമായ ശാക്തീകരണത്തിലൂടെ കൂടുതല്‍ ആഴങ്ങളിലേക്കും വിതാനങ്ങളിലേക്കും ചെന്നെത്തി. ആ കവിത ഉപാസിച്ച മൂല്യങ്ങള്‍ തമസ്‌കരിക്കപ്പെടുകയും തമസ്‌കരിച്ച സങ്കുചിതാശയങ്ങള്‍ മുളയ്ക്കുകയും ചെയ്യുന്ന തലതിരിഞ്ഞ കാലമാണിത്. വര്‍ഗ്ഗീയതയുടെ പ്രത്യാഗമനം, വളരുന്ന വരേണ്യബോധം, ഇടുങ്ങിയ സ്വത്വബോധം, നിര്‍ലജ്ജമായ ചൂഷണം, കൈയൂക്കുള്ളവന്റെ തേര്‍വാഴ്ച, വര്‍ദ്ധിക്കുന്ന സാമ്പത്തിക അസമത്വം, അധികാരത്തിന്റെ നിരാര്‍ദ്രത ഇവയെല്ലാം നാം നേടിയെടുത്ത നവോത്ഥാന മൂല്യങ്ങളെ നോക്കി കൊഞ്ഞനംകുത്താന്‍ തുടങ്ങുമ്പോള്‍ മാനവികതയുടെ ധീരമധുരസ്വരമായ വയലാര്‍ കവിത പൂര്‍വാധികം പ്രസക്തമാവുകയാണ്. ‘സര്‍ഗ്ഗഗീതം – തെരഞ്ഞെടുത്ത വയലാര്‍ കവിതകള്‍’. സമ്പാദനം, പഠനം- കെ. ജയകുമാര്‍. ഡിസി ബുക്സ്. വില 270 രൂപ.
◾ദിവസം മുഴുവന്‍ ഊര്‍ജസ്വലരായി ഇരിക്കാനാണ് ഏവരും ആഗ്രഹിക്കുന്നത്. എന്നാല്‍ പലപ്പോഴും നമുക്ക് ക്ഷീണം അനുഭവപ്പെടാറുണ്ട്. നമ്മുടെ ശരീരത്തിന് ആവശ്യമായ ഊര്‍ജം ലഭിക്കാതെ വരുന്നതോടെയാണ് ഇത്തരത്തില്‍ ക്ഷീണം അനുഭവപ്പെടുന്നത്. ശരീരത്തില്‍ ഊര്‍ജം നിലനിര്‍ത്താന്‍ ആവശ്യത്തിന് വെളളം കുടിയ്‌ക്കേണ്ടതാണ്. ജലാംശം നിലനിര്‍ത്തിയില്ലെങ്കില്‍ അത് ഡീഹൈട്രേഷനിലേക്ക് നയിക്കും. നാരങ്ങാവെള്ളം, ലസ്സി, തേങ്ങാവെള്ളം, തുടങ്ങി ഏത് പാനീയവും കുടിയ്ക്കാവുന്നതാണ്. ശരീരത്തില്‍ ജലാംശം ഇല്ലെങ്കില്‍ ബലഹീനത, തലവേദന, തലകറക്കം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഫാസ്റ്റ് ഫുഡുകളും മറ്റും ഒഴിവാക്കി പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ കഴിക്കണം. ഇതിനായി പഴങ്ങളും ഡ്രൈഫ്രൂട്ട്‌സുമൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ആപ്പിള്‍, വാഴപ്പഴം, ചിക്കു, മുന്തിരി, പേര തുടങ്ങിയ പഴങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇത് കൂടാതെ പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ഉച്ചഭക്ഷണത്തിനൊപ്പം തൈര് കഴിക്കാവുന്നതാണ്. തൈര് പ്രോ-ബയോട്ടിക് ഭക്ഷണമാണ്. ഇത് ശരീരത്തിന്റെ ശരിയായ ദഹനത്തിന് സഹായിക്കുന്നു. വറുത്ത ഭക്ഷണങ്ങള്‍, സംസ്‌കരിച്ച ലഘുഭക്ഷണങ്ങള്‍, പഞ്ചസാര അല്ലെങ്കില്‍ ഉപ്പ് എന്നിവ കൂടുതലായി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക. ഇവ കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കാം. ആരോഗ്യത്തോടെയും ഉത്സാഹത്തോടെയും ഇരിക്കാന്‍ ഏറ്റവും പ്രധാനമായ ഒന്നാണ് ഉറക്കം. ദിവസവും 6-8 മണിക്കൂര്‍ വരെ ഉറങ്ങുക. പോസിറ്റീവ് ആയി ചിന്തിക്കുകയും വിശ്രമിക്കുകയും ചെയ്യുക. ഇന്നത്തെ തിരക്കേറിയ ജീവിതശൈലിയില്‍ പലരും പ്രഭാതഭക്ഷണം ഒഴിവാക്കുകയും ഉച്ചഭക്ഷണം കൂടുതലായി കഴിക്കുകയും ചെയ്യുന്നു. എപ്പോഴും കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കുന്നതാണ് അഭികാമ്യം. ശരിയായി ഭക്ഷണം കഴിക്കാതിരുന്നാല്‍ ഗ്യാസ്, അസിഡിറ്റി, വയറുവേദന തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാകാം. അതിനാല്‍ കഴിവതും കൃത്യമായ ഇടവേളകളില്‍ തന്നെ ഭക്ഷണം കഴിക്കുക. വ്യായാമം ചെയ്യുന്നത് ശരീരത്തിനും മനസിനും ഒരുപോലെ ഉത്തമമാണ്. അവരവരുടെ പ്രായത്തിനും ആരോഗ്യത്തിനും അനുസൃതമായ വ്യായാമ രീതി വേണം പിന്തുടരാന്‍.