വ്യക്തിഹത്യ ചെയ്യാന്‍ ശ്രമിച്ചവര്‍ക്കു സാമൂഹ്യ മാധ്യമങ്ങളിലൂടെ കഴിഞ്ഞാഴ്ച ശക്തമായ താക്കീതു നല്കിയ എസ്എഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് സിന്ധു ജോയി, വര്‍ഷങ്ങള്‍ക്കു മുമ്പു സിപിഎം വിടാന്‍ കാരണമെന്താണ്? സിപിഎമ്മിലെ ചില ‘അഞ്ചാംപത്തി’കളുടെ ദ്രോഹം ഇന്നു0 തുടരുന്നുണ്ടെന്ന് ഇപ്പോള്‍ അമേരിക്കയിലുള്ള സിന്ധു ജോയി ശാന്തിമോന് പറയുന്നു.
പാര്‍ട്ടില്‍ ഒപ്പം നില്ക്കേണ്ടവര് പാലം വലിക്കുകയും കുതികാല് വെട്ടുകയും ചെയ്തതിന്റെ ഹൃദയ സ്പര്‍ശിയായ അനുഭവങ്ങളാണ് സിന്ധു ജോയി ‘സൂസന്നയും ദാനിയേലും പിന്നെ നികേഷ്കുമാറും …’ എന്ന ശീര്‍ഷകത്തോടെയുള്ള ഫേസ് ബുക്ക് കുറിപ്പില്‍ വിവരിക്കുന്നത്. അന്നു പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനോടു തുറന്നു സംസാരിക്കാതിരുന്നതില്‍ സിന്ധു പരിതപിക്കുകയും ചെയ്യുന്നുണ്ട്.
പാര്‍ട്ടി വിട്ടത് പക്വതയില്ലാത്ത തീരുമാനമായിരുന്നു. കോണ്‍ഗ്രസില്‍ ചേര്‍ന്ന തനിക്ക് ഉന്നത പദവി ലഭിച്ചെങ്കിലും നിരസിച്ചു. 43 ദിവസം മാത്രമാണു കോണ്ഗ്രസുകാരിയായത്.
തത്കാലം രാഷ്ട്രീയ വനവാസം തുടരും. പക്ഷേ, മനസില്‍ ആള്‍ക്കൂട്ടത്തിന്റെ ഇരമ്പലുണ്ടെന്നു കൂടി സിന്ധു ജോയി സാമൂഹ്യ മാധ്യമങ്ങളിലൂടെ കുറിച്ചു.
സിന്ധു ജോയിയുടെ വരികങ്ങള് ഇങ്ങനെ:
സൂസന്നയും ദാനിയേലും പിന്നെ നികേഷ്കുമാറും …
ഞാന്‍ കൊളുത്താതെ എനിക്കുചുറ്റും എരിഞ്ഞ അപവാദത്തിന്റെ അഗ്നി! ഒരുപക്ഷെ, അതില്‍ പൂര്‍ണമായി എരിഞ്ഞമര്‍ന്നേനെ ഞാന്‍. വിഭാഗീയതയുടെ അസുരവിത്തുകള്‍ കരുതിക്കൂട്ടി ഒരുക്കിയ വാരിക്കുഴി ആയിരുന്നു ആ നുണക്കഥ. ചെങ്കൊടിത്തണലില്‍ നിന്ന് കണ്ണുനീരോടെ പടിയിറങ്ങാനും കാരണക്കാരായത് നെറികേടിന്റെ ആ ‘നേരാങ്ങള’മാര്‍!
ബൈബിള്‍ പഴയനിയമത്തില്‍ സൂസന്ന എന്നൊരു യുവതിയുടെ കഥയുണ്ട്. അപവാദത്തിന്റെ അഗ്നിയില്‍ എരിഞ്ഞ അവളുടെ പരിശുദ്ധി തെളിയിച്ചത് ദാനിയേല്‍ എന്ന കൊച്ചു പയ്യനാണ്. ഇന്നലെ റിപ്പോര്‍ട്ടര്‍ ചാനലില്‍ എം വി നികേഷ്കുമാര്‍ നടത്തിയതും സമാനമായൊരു വെളിപ്പെടുത്തല്‍. അക്കാലം ഇന്ത്യാവിഷന് ചാനലിനെ നയിച്ച എം വി നികേഷ്കുമാറിന്റെ സാക്ഷ്യം അങ്ങേയറ്റം സത്യമാണ്. നീണ്ട പതിനാറു വര്‍ഷം നുണയുടെ കല്ലടപ്പുകൊണ്ട് മൂടിവച്ച സത്യത്തെ തുറന്നുകാട്ടുകയായിരുന്നു ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആയ നികേഷ്. എത്ര മൂടിവെച്ചാലും സത്യം ഒരുനാള്‍ ശുഭ്രശോഭയോടെ പുറത്തുവരും. കാലം കാത്തുവച്ച കാവ്യനീതി. നന്ദി നികേഷ്!
എന്തിനു ഞാന്‍ പാര്‍ട്ടി വിട്ടു എന്ന് ഫേസ്ബുക്ക് കമന്റുകളിലും ഇന്ബോക്സിലും ചോദിച്ച പ്രിയ സഖാക്കളുടെ ശാഠ്യപൂര്‍ണമായ ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് ഇന്നത്തെ പോസ്റ്റ്; സിന്ധു ജോയി എന്തിനു പാര്‍ട്ടി വിട്ടു? അന്നുമുതല്‍ ഉയരുന്ന ചോദ്യമാണിത്. ഇന്നുമോര്‍ക്കുന്നു; ആ ദിവസങ്ങളിലൊന്നില്‍ മലപ്പുറത്തെ ഒരു ഗ്രാമത്തില്‍ നിന്ന് ഒരു പയ്യന് എന്നെ വിളിച്ചത് കരഞ്ഞുകൊണ്ടാണ്. സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴാണത്രെ അവന് എന്റെ രാജിവാര്‍ത്ത അറിഞ്ഞത്. കളിക്കളത്തിലിരുന്ന് വിതുമ്പിക്കരഞ്ഞ അവനെ കൂട്ടുകാരാണ് സമാശ്വസിപ്പിച്ചത്. ഓര്‍ക്കുമ്പോള്‍ ഇപ്പോഴുമെനിക്ക് ഉള്ളിലൊരു നൊമ്പരം ബാക്കി; അങ്ങനെ എത്രയെത്ര സ്നേഹസ്പര്‍ശങ്ങള്‍!
വെറും 43 ദിവസം മാത്രമാണ് ഞാന്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചത്. ‘സ്വരം നന്നായിരുന്നപ്പോള്‍ തന്നെ’ ആ പാട്ട് ഞാന്‍ പാടിത്തീര്‍ത്തു! പിന്നീട് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിലും ഞാന്‍ പ്രവര്‍ത്തിച്ചില്ല; സ്വയം തീര്‍ത്ത ഏകാന്തതയുടെ വാല്മീകത്തില് സ്വയം തെരെഞ്ഞെടുത്ത തപസ്യ.
ഒരു സ്നേഹക്കൂടാരത്തില്‍ നിന്ന് സ്വയം ഇറങ്ങിപ്പോയവളുടെ കുറ്റബോധം ഇന്നും ഇല്ലാതില്ല. പക്ഷേ, അതിലേക്ക് നയിച്ച ചതിയുടെ നാള്‍വഴികള്‍ നിങ്ങളറിയണം. തിരുവനന്തപുരത്തെ ഒരു ഓഫീസിനെ ചുറ്റിപ്പറ്റി രൂപപ്പെട്ട ‘അഞ്ചാംപത്തി’കളുടെ ഒരു ചെറുസംഘം. ഇവരില്‍ പലരും ആ നാളുകളില്‍ തന്നെ അച്ചടക്കനടപടി നേരിട്ട് പുറത്തായി. എന്നാല്‍, പാര്‍ട്ടിക്കെതിരെ അവരൊരു സിന്‍ഡിക്കേറ്റ് തന്നെ രൂപീകരിച്ചിരുന്നു. സിന്ധു ജോയി അവര്‍ക്കൊരു ഇരയായിരുന്നു; ദയ അര്‍ഹിക്കാത്ത ഇര! വന്‍സ്രാവുകളെ കുടുക്കാന്‍ അവര്‍ കണ്ടെത്തിയ വെറും ഇര. അവിവാഹിതയും അനാഥയും യുവതിയുമായ ഒരു ഇര. അവര്‍ ഒരുക്കിയ പെരുംനുണയുടെ അരക്കില്ലത്തില്‍ നീണ്ട 16 വര്‍ഷങ്ങള്‍ കൊണ്ട് കത്തിയമര്‍ന്നത് എന്റെ സല്‍പ്പേര്, സ്വസ്ഥത. ഇതെഴുതുമ്പോഴും ഒരു വിങ്ങലുണ്ട് ഹൃദയത്തില്‍!
ആ നുണക്കഥ ചില മാധ്യമ കൂട്ടായ്മകളിലും മറുഭാഗത്തെ ചില നേതാക്കളുടെ വെടിവട്ടങ്ങളിലും മാത്രം ഒതുങ്ങിനിന്നു ആദ്യമൊക്കെ. പക്ഷേ, 2009 ലോക്സഭാ ഇലക്ഷനില്‍ എറണാകുളത്തെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായി സിന്ധു ജോയിയെ പാര്‍ട്ടി പ്രഖ്യാപിച്ചപ്പോള്‍ ആ നുണബോംബ് അതിന്റെ സകല രൗദ്രതകളോടെയും പൊട്ടിച്ചിതറി. തികച്ചും അപ്രതീക്ഷിതമായിരുന്നു എന്റെ സ്ഥാനാര്‍ത്ഥിത്വം; പാര്‍ട്ടി പറഞ്ഞു, ഞാന്‍ അനുസരിച്ചു. തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി ക്യാമ്പസില്‍ നിന്ന് ലോക്സഭാ സ്ഥാനാര്‍ത്ഥിയായി എറണാകുളത്തേക്ക് തീവണ്ടി കയറുമ്പോള്‍ വരാനിരിക്കുന്ന വിപത്തിന്റെ ചെറുസൂചന പോലും എനിക്കുണ്ടായിരുന്നില്ല. ജനിച്ച നഗരമാണെങ്കിലും അജ്ഞാതമായിരുന്നു അവിടുത്തെ രാഷ്ട്രീയ അടിയൊഴുക്കുകള്‍.
ഒരു നാലാംകിട വാരികയുടെ താളുകളില്‍ അവരെന്റെ രാഷ്ട്രീയജാതകം കുറിച്ചു; മസാലയില്‍ പൊരിച്ചെടുത്ത ആ നുണക്കഥ ആ മഞ്ഞത്താളുകളില്‍ അച്ചടിച്ച് എറണാകുളത്തെ വീടുവീടാനന്തരം വിതരണം ചെയ്തു. പാര്‍ട്ടിയിലെ പുറത്താക്കപ്പെട്ട കുലംകുത്തികള്‍ തന്നെയാണ് ആ തിരക്കഥയുടെ സംവിധായകര്‍ എന്ന് ‘പത്രാധിപര്‍’ കഴിഞ്ഞ ദിവസം പരസ്യമായി കുമ്പസാരിച്ചതും കേട്ടു. തെരെഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കാര്‍ക്കിടയില്‍ വിഭാഗീയത ഉണ്ടായിരുന്നുവെന്നത് സത്യം തന്നെ. ഇക്കിളി മാസിക വിതരണം ചെയ്തത് സിപിഎംകാര്‍ തന്നെയെന്ന് അടുത്തകാലംവരെ ഞാനും വിശ്വസിച്ചു. എന്നാല്‍ പാര്‍ട്ടി ഇടപെട്ട് ഇവയുടെ വിതരണം തടഞ്ഞിരുന്നെന്ന സത്യവും അടുത്തകാലത്തു ബോധ്യമായി.
അവിടെയും അവസാനിച്ചില്ല ചതിയുടെ ആ പത്മവ്യൂഹം. പ്രചാരണത്തിന് സഖാവ് വി എസ് എത്തിയപ്പോള്‍ ഏറെ അകലെയുള്ള മറ്റൊരു സ്റ്റേജില്‍ തളച്ചിടപ്പെട്ടുപോയി ഞാന്‍. മറ്റൊരിടത്ത് പ്രചാരണം നടത്തിയിരുന്ന ഞാന്‍ സഖാവ് വിഎസിന്റെ വേദിയില്‍ എത്തുന്നതില്‍ നിന്ന് ചിലരെന്നെ തടഞ്ഞു. അവര്‍ ഇറക്കിയത് കൗടില്യനെ വെല്ലുന്ന തന്ത്രങ്ങള്‍. സഖാവ് അച്യുതാനന്ദന്റെ വേദിയില്‍ സ്ഥാനാര്‍ഥി സിന്ധു ജോയി മനഃപൂര്‍വം എത്തിയില്ല എന്നായിരുന്നു പിറ്റേന്ന് ചില പത്രങ്ങളുടെ തലക്കെട്ട്. ഇത് അദ്ദേഹത്തിന്റെ ചെവിയിലും എത്തിച്ചു ഈ ശകുനികളുടെ കൂട്ടം. അക്കാലംവരെ എന്നെ വാത്സല്യത്തോടെ കണ്ടിരുന്ന അദ്ദേഹത്തിന്റെ കണ്ണുകളില്‍ ഞാന്‍ വെറുക്കപ്പെട്ടവളായി. ഒടുക്കം ചെറിയൊരു മാര്‍ജിനില്‍ എതിര് സ്ഥാനാര്‍ഥി ജയിച്ചു.
സത്യമാണ്; തോല്‍വി എന്നെ തളര്‍ത്തിയില്ല. എന്നാല്‍ പിത്രുശൂന്യരായ ‘അവര്‍’ നിരത്തിയ അപവാദങ്ങളുടെ ശരശയ്യയില്‍ ഞാന്‍ പിടഞ്ഞു; അവരെന്നെ തകര്‍ത്തുകളഞ്ഞു എന്ന് പറയുന്നതാകും കൂടുതല്‍ ശരി.
ആരുമില്ലാത്തവളാണ് ഞാനെന്ന ചിന്ത കൂടുതല്‍ ദുര്‍ബലയാക്കി. പാര്‍ട്ടി എന്ന ഉരുക്കുകോട്ടയ്ക്കുള്ളില്‍ എക്കാലവും സുരക്ഷിതയായിരുന്നു ഞാന്‍. ആ സുരക്ഷിതതത്വമാണ് ഏതാനും ചില വ്യക്തികളുടെ ചതിക്കെണിയില്‍ ഇല്ലാതെയായത്. എന്റെ ആത്മാഭിമാനമാണ് അവര്‍ തുലച്ചത്; ജീവിതമാണവര്‍ താളം തെറ്റിച്ചത്; സ്ത്രീത്വത്തെയാണ് അവര്‍ അപമാനിച്ചത്.
സ്വന്തമായി അപ്പോഴെനിക്കൊരു വീടില്ലായിരുന്നു; എനിക്ക് ജോലിയോ വരുമാനമാര്‍ഗങ്ങളോ ഉണ്ടായിരുന്നില്ല. ചില സ്കോളര്‍ഷിപ്പുകള്‍, വിദേശത്തു ഡോക്ടര്‍ ആയ അമ്മായി അയച്ചുതരുന്ന പഠനസഹായം എന്നിവയായിരുന്നു എന്റെ മൂലധനം. തിരുവനന്തപുരത്തെ പഠനകാലയളവില്‍ തുടര്‍ച്ചയായി യൂനിവേഴ്സിറ്റി ഹോസ്റ്റലില്‍ കഴിയാന്‍ സാധിച്ചത് അനുഗ്രഹമായി; വാടക നിസാരമാണല്ലോ, ഭക്ഷണവും കിട്ടും.
മറ്റെല്ലാ കുട്ടികള്‍ക്കും അവധിക്കാലം ആഹ്ളാദകരമാണ്; പക്ഷേ, പോകാനൊരിടം ഇല്ലാത്തതുകൊണ്ട് അവധിക്കാലങ്ങളെ ഞാന്‍ വെറുത്തു. ഹോസ്റ്റല്‍ മെസ്സും അപ്പോള്‍ ഉണ്ടാവില്ലല്ലോ? വഴിയോരത്തെ ചെറുകടയില്‍ നിന്ന് വാങ്ങുന്ന ബ്രെഡും ഞാലിപ്പൂവന് പഴവും കഴിച്ച് ‘ആഘോഷിച്ച’ തിരുവോണങ്ങള്‍; അത്രപോലും ഭക്ഷണമില്ലാ തിരുന്ന ക്രിസ്മസ് രാത്രികള്‍. നക്ഷത്രവിളക്കുകളും കേക്കും രുചികരമായ ക്രിസ്മസ് വിഭവങ്ങളും സ്വപ്നം കണ്ട് കരഞ്ഞുറങ്ങിയ ആ നാളുകള്‍. അപ്പോഴും പാര്‍ട്ടി ആയിരുന്നു എന്റെ പ്രത്യാശ; സഖാക്കളായിരുന്നു എന്റെ കുടുംബം. ഇപ്പോള്‍ പ്രശസ്ത കോളമിസ്റ്റും എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമൊക്കെയായ പ്രിയപ്പെട്ട കൂട്ടുകാരി സുധാ മേനോന് ഇല്ലായ്മകളുടെ ഈ നിറവറുതിക്ക് സാക്ഷിയായിരുന്നു. അതേക്കുറിച്ച് അവള് എഴുതിയ കുറിപ്പ് ഫേസ്ബുക്കില്‍ വൈറല്‍ ആയിരുന്നു.
ഗവേഷണകാലം കഴിഞ്ഞതോടെ ഹോസ്റ്റല്‍ വിടേണ്ട അവസ്ഥയായി; എസ്എഫ്ഐയില്‍ നിന്ന് പാര്‍ട്ടിയുടെ ജില്ലാകമ്മിറ്റിയിലേക്ക് മാറിയതോടെ സ്ഥിരമായി പ്രവര്‍ത്തിക്കാനുള്ള ഒരിടം നഷ്ടം. പാര്‍ട്ടിയുടെ നേതൃനിരയിലേക്കുള്ള ചുവടുമാറ്റം എനിക്കുണ്ടാക്കിയത് അപരിചിതമായ ഒരിടത്ത് എത്തിച്ചേര്‍ന്ന തോന്നല്‍. ഒരു പഞ്ചായത്ത് മെമ്പര്‍ പോലും ആകാത്ത എനിക്ക് പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കാന്‍ യാത്രക്കുള്ളത്ര പോലും പണം ഉണ്ടായിരുന്നില്ല. വെടിപ്പുള്ള വസ്ത്രം ധരിച്ച് പ്രസന്നതയോടെ നടക്കുന്ന എനിക്ക് ഇത്തരമൊരു ദുര്യോഗമുള്ളതായി പാര്‍ട്ടി നേതൃത്വം മനസിലാക്കിയതുമില്ല. ഗ്രനേഡ് വീണ് കാല്പാദം തകര്‍ന്നതുകൊണ്ട് ബസ് യാത്രകള്‍ ദുഷ്കരവുമായിരുന്നു; ജില്ലാകമ്മിറ്റികളില്‍ പോലും ഞാന്‍ പങ്കെടുക്കാതെയായി.
നിരാശതയുടെ നീരാളിപ്പിടുത്തത്തിലായിരുന്നു ഞാനപ്പോള്‍. വ്യാജവാര്‍ത്തയെത്തുടര്‍ന്ന് പലരും എന്നോട് അകലം പാലിച്ചുതുടങ്ങിയിരുന്നു; മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ അനിഷ്ടത്തോടെ പെരുമാറുന്നതായി എനിക്ക് തോന്നി. സുഹൃത്തുക്കളും സഹപാഠികളും പോലും എന്നെ അവഗണിക്കുന്നതായി അനുഭവപ്പെട്ടു. ഒരുപക്ഷേ, അന്നത്തെ പാര്‍ട്ടി സെക്രട്ടറി സഖാവ് പിണറായി വിജയന് എന്റെ ദുരവസ്ഥകള്‍ അറിഞ്ഞിരുന്നുവെങ്കില്‍ ചിത്രം വ്യത്യസ്തമാകുമായിരുന്നേനെ! ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ ഞാന്‍ നിരന്തരം പങ്കെടുക്കുന്നില്ലെന്ന് അറിഞ്ഞ അദ്ദേഹം എന്നെ എകെജി സെന്ററിലെക്ക് വിളിപ്പിച്ചു. ‘എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ പറയാന്‍ മടിക്കരുത്’ എന്ന് അദ്ദേഹം നിര്‍ദേശിച്ചു. അപ്പോഴേക്കും സമ്പൂര്‍ണ നിരാശതയുടെ കാണാക്കയങ്ങളില്‍ ആഴ്ന്നു തുടങ്ങിയിരുന്നു എന്റെ മനസ്. അന്ന് വിജയേട്ടനോട് എന്റെ അവസ്ഥ തുറന്നു പറയണമായിരുന്നെന്ന് പിന്നീട് പലപ്പോഴും ഞാന്‍ പരിതപിച്ചിട്ടുണ്ട്.
മനസ് കൈവിട്ടുപോയ ഏതോ ഒരു നിമിഷത്തിലെ അപക്വമായൊരു തീരുമാനമായിരുന്നു കോണ്‍ഗ്രസ്സിലേക്കുള്ള കൂടുമാറ്റം. കുറുമ്പിയായ ഒരു കൊച്ചുകുട്ടിയെപ്പോലെ എന്റെ മനസ് പറഞ്ഞു: ‘എന്നെ പരിഗണിക്കാത്ത പാര്‍ട്ടിയെ എനിക്കും വേണ്ട’.
അങ്ങനെ ഒരുവേള ആ തീരുമാനം. കോണ്‍ഗ്രസ് എനിക്കു തികച്ചും അപരിചിതമായ ഇടമായിരുന്നു. ഏതാനും തെരെഞ്ഞെടുപ്പു യോഗങ്ങളില്‍ പ്രസംഗിച്ചതില്‍ ഒതുങ്ങി എന്റെ കോണ്‍ഗ്രസ് ചങ്ങാത്തം. പിന്നെയും എന്റെ ഏകാന്തതയുടെ ഇത്തിരിവട്ടത്തിലേക്ക് ഞാന്‍ ഒതുങ്ങികൂടി. അപ്പോഴാണ് പിറവം ഉപതെരഞ്ഞെടുപ്പ് വരുന്നത്. ആ സമയത്തായിരുന്നു മറ്റൊരു വിവാദം. അതോടെ വീണ്ടും പിറവത്തു പ്രചാരണ യോഗങ്ങളില്‍ ഞാന്‍ പ്രസംഗിച്ചു.
എനിക്കുവേണ്ടി യുഡിഎഫ് പുതിയൊരു തസ്തിക തന്നെ സൃഷ്ടിച്ചു; സംസ്ഥാന യൂത്ത് കമ്മീഷന് അധ്യക്ഷയെന്ന നിലയില്‍ ഈ അര്‍ദ്ധപട്ടിണിക്കാരിക്ക് പ്രതിമാസം നല്ലൊരു ഹോണറേറിയം, സഞ്ചരിക്കാന്‍ കാറും ഡ്രൈവറും, പ്രവര്‍ത്തിക്കാന്‍ ഓഫിസും സ്റ്റാഫും. പാക്കേജ് മോശമല്ല. കാബിനറ്റ് തീരുമാനമുണ്ടായി.
പക്ഷേ, അതൊരു ‘പ്രതിഫലം’ പോലെ എനിക്ക് തോന്നി. അത് സ്വീകരിക്കാന്‍ എന്റെയുള്ളിലെ ‘ദുരഭിമാനി’യായ പഴയ സഖാവ് സമ്മതിച്ചില്ല. സാമൂഹ്യക്ഷേമ വകുപ്പിലെ ഒരുന്നത വനിത ഞാന്‍ താമസിക്കുന്ന ഇടം കണ്ടെത്തി; ഞാന്‍ മുഖം കൊടുത്തില്ല. ഗവര്‍ണറുടെ നിയമന ഉത്തരവും ഒരു കത്തും ലെറ്റര്‍ ബോക്സില്‍ നിക്ഷേപിച്ച് അവര്‍ മടങ്ങി. ഒടുക്കം, ഈ പദവി എനിക്ക് വേണ്ടെന്ന് മുഖ്യമന്ത്രിക്ക് രേഖാമൂലം കത്തുനല്‍കി ഞാന്‍ വീണ്ടും എന്റെ ‘അഹങ്കാരം’ പുറത്തെടുത്തു.
അതായിരുന്നു അവസാനത്തെ കോണ്‍ഗ്രസ് ബാന്ധവം. എന്തൊരു വിഡ്ഢിയാണ്, ദുരഭിമാനിയാണ് ഞാനെന്നു നിങ്ങള്‍ക്ക് തോന്നാം. അത്തരമൊരു പദവി നല്കുന്ന സൗകര്യങ്ങളെക്കാള്‍ ആത്മാഭിമാനമായിരുന്നു സഖാവ് ജോയിയുടെ ഈ മകള്‍ക്ക് മുഖ്യം.
സഖാവ് എകെജിയുടെയും സഖാവ് ഇഎംഎസിന്റെയുമൊക്കെ കഥകള്‍ കേട്ട് വളര്‍ന്നതായിരുന്നു എന്റെ ബാല്യം. ആദരവോടെ എന്റെ പിതാവ് പറഞ്ഞുകേട്ട ആ കഥകളത്രയും വാനില്‍ പറക്കുന്ന ചെങ്കൊടിയെക്കുറിച്ചു മാത്രമായിരുന്നല്ലോ?
പ്രിയപ്പെട്ടവരേ, ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ല ഞാനിപ്പോള്‍. തല്ക്കാലം ഈ രഷ്ട്രീയ വനവാസം തുടരാന്‍തന്നെയാണ് തീരുമാനവും. ഉടനെ നാട്ടിലേക്കുമില്ല; പക്ഷേ, ഉള്ളില്‍ ഇപ്പോഴുമൊരു ആള്‍ക്കൂട്ടത്തിന്റെ ഇരമ്പലുണ്ട്.
കാലമാണല്ലോ ഏറ്റവും മികച്ച വഴികാട്ടി!
