കടലില്‍ ഒരു കയാക്കറിന്റെ കുഞ്ഞുവള്ളത്തെ അട്ടിമറിക്കാതെ കരവരെ പിന്തുടര്‍ന്ന ഒരു കൂറ്റന്‍ തിമിംഗലം. എന്തും സംഭവിക്കാമെന്ന് ആദ്യം തോന്നുന്ന വീഡിയോയില്‍ തിമിംഗലം സൗമ്യമായ കരുതലോടെ നീങ്ങുന്ന കാഴ്ച ശ്വാസമടക്കിപ്പിടിച്ചേ ആര്‍ക്കും കാണാനാകൂ. ഓസ്‌ട്രേലിയയുടെ തീരമായ ബോണ്ടി ബീച്ചിനടുത്താണു സംഭവം. ഡ്രോണ്‍ ഷാര്‍ക്കാപ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ പ്രചരിച്ചത്. ഹമ്പ്ബാക്ക് തിമിംഗലത്തെ കാണുന്നതുതന്നെ വളരെ കൗതുകമാണ്. തിമിംഗലം പിന്തുടരുന്നുണ്ടെന്ന് മനസിലായ കയാക്കര്‍ ഏതു നിമിഷവും അക്രമണത്തിന് ഇരയാകുമെന്ന ശങ്കയോടെത്തെന്നയാണു തീരം ലക്ഷ്യമാക്കി നീങ്ങുന്നത്. കയാക്കറിനെ തമരമയില്‍നിന്ന് പിന്തുടര്‍ന്ന തിമിംഗലം കയാക്കര്‍ തീരത്തേക്കു കയറുന്നതുവരേയും ഒപ്പമുണ്ടായിരുന്നു. തീരത്തിട്ട വലിയ കരിങ്കല്ലുകള്‍ക്ക് സമീപത്ത് തിമിംഗലം എത്തുന്നതും വീഡിയോയില്‍ കാണാം. കടലിലെ ദൃശ്യങ്ങളെ വളരെ വ്യക്തമായി കാണാം. അന്റാര്‍ട്ടിക്കയില്‍നിന്ന് ഗ്രേറ്റ് ബാരിയര്‍ റീഫിലേക്കുള്ള വാര്‍ഷിക കുടിയേറ്റ സമയത്ത് 50,000 തിമിംഗലങ്ങള്‍ ഓസ്‌ട്രേലിയയുടെ കിഴക്കന്‍ തീരത്തു കൂടി കടന്നുപോകാറുണ്ട്. തിമിംഗല വേട്ട നിരോധിച്ചതിനാല്‍ ഈയിടെയായി തിമിംഗലങ്ങള്‍ക്കു വംശവര്‍ദ്ധന ഉണ്ടായെന്നാണു കണക്ക്. നിലവില്‍ 40,000 ഹമ്പ്ബാക്ക് തിമിംഗലങ്ങള്‍ ഉണ്ടെന്നാണു റിപ്പോര്‍ട്ട്.
കയാക്കറിനു പിറകേ തിമിംഗലം
