വിനോദയാത്രയുടെ സാധ്യതകള്‍ ബഹിരാകാശത്തേക്കു പോലും വളര്‍ന്നിരിക്കുന്ന ഇക്കാലത്ത് ഇതാ വിചിത്രമായ ഓഫറുമായി യുകെയിലെ ഒരു ആഡംബര ഹോട്ടല്‍. ഭൂഗര്‍ഭ ഖനിയിലെ ആഡംബര സ്യൂട്ടില്‍ താമസിക്കാനും ഉറങ്ങാനുമുള്ള അപൂര്‍വ അവസരം ഒരുക്കുകയാണ് ഈ ഹോട്ടല്‍. ‘ലോകത്തിലെ ഏറ്റവും ആഴമേറിയ ഹോട്ടല്‍’ എന്നാണ് ഈ ഹോട്ടല്‍ അറിയപ്പെടുക. ഡീപ് സ്ലീപ്പ് ഹോട്ടല്‍ എന്നാണ് ഈ ഹോട്ടലിന്റെ പേര്. സമുദ്രനിരപ്പില്‍നിന്ന് 1,375 അടി താഴെയാണ് ഇവിടെ അതിഥികള്‍ക്കായി മുറികള്‍ ഒരുക്കിയിരിക്കുന്നത്. വെയില്‍സിലെ സ്നോഡോണിയ പര്‍വതനിരകള്‍ക്കു താഴെയാണ് ഈ ഹോട്ടല്‍. അതിഥികള്‍ക്ക് താമസസ്ഥലത്ത് എത്താന്‍ ഉപേക്ഷിക്കപ്പെട്ട ഒരു ഖനിയിലൂടെ താഴേക്കു യാത്ര ചെയ്യണം. 45 മിനിറ്റോളം ട്രക്കിംഗ് നടത്തിയാലെ ലോകത്തിലെ ഏറ്റവും ആഴമേറിയ ഉപേക്ഷിക്കപ്പെട്ട സ്ലേറ്റ് ഖനിയില്‍ എത്തിച്ചേരാനാകൂ. വീണ്ടും ഖനിക്കുള്ളിലൂടെ 60 മിനിറ്റോളം യാത്ര ചെയ്യണം. ഇതിനായി പ്രത്യേക ബൂട്ട്, ഹെല്‍മെറ്റ്, ലൈറ്റ് എന്നിവ ലഭിക്കും. നാല് ട്വിന്‍ ബെഡ് ക്യാബിനുകളും ഡബിള്‍ ബെഡ് ഉള്ള ഒരു റൊമാന്റിക് ഗ്രോട്ടോയും ആണ് ഭൂഗര്‍ഭ ഖനിയില്‍ അതിഥികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഒരു സ്വകാര്യ ക്യാബിനില്‍ രണ്ടുപേര്‍ക്കുള്ള ഒറ്റ രാത്രി താമസത്തിന് ഏകദേശം നാല്പതിനായിരം രൂപയും ഗ്രോട്ടോയില്‍ രണ്ട് പേര്‍ക്ക് അറുപതിനായിരം രൂപയുമാണ് നിരക്ക്. ഇഷ്ടപ്പെട്ട ഭക്ഷണ വിഭവങ്ങളും ലഭിക്കും. പുറത്തുനിന്നു ഭക്ഷണം കൊണ്ടുവരാവുന്നതുമാണ്. 14 വയസിനു താഴെയുള്ള കുട്ടികള്‍ക്കു പ്രവേശനമില്ല.
ഡീപ് സ്ലീപ് ഹോട്ടല്‍
