അഞ്ചുവയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ പോലും ഫോണിലും ഐപാഡിലും വീഡിയോകള്‍ കാണുകയും ഗെയിംസ് കളിക്കുകയും ചെയ്യുന്ന കാലമാണിത്. വിനോദത്തിനും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഒരിക്കലും തെറ്റല്ല. എന്നാല്‍ ഇതിന്റെ അമിതോപയോഗവും അഡിക്ഷനും ഗുണത്തേക്കാളേറെ ദോഷം ചെയ്യും. രണ്ടു വയസ്സില്‍ കൂടുതലുള്ള കുട്ടികള്‍ ദിവസം ഒന്നോ രണ്ടോ മണിക്കൂറിലധികം സ്‌ക്രീന്‍ നോക്കാന്‍ പാടില്ലെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. 18 മാസത്തില്‍ കുറവ് അതായത് ഒന്നരവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സ്‌ക്രീന്‍ ടൈം ഒട്ടും പാടില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. എങ്ങനെ മറ്റ് പ്രവൃത്തികളില്‍ അതായത് കളിക്കുക, പുസ്തകം വായിക്കുക, കരകൗശലപ്രവര്‍ത്തനങ്ങള്‍ ചെയ്യുക തുടങ്ങിയ കാര്യങ്ങളില്‍ ഏര്‍പ്പെടാമെന്ന് രക്ഷിതാക്കള്‍ കാണിച്ചു കൊടുക്കണം. പുറത്തു പോയി കളിക്കുക, ചിത്രം വരയ്ക്കുക, ബോര്‍ഡ് ഗെയിംസ് കളിക്കുക, ബില്‍ഡിങ്ങ് ബ്ലോക്‌സ് കളിക്കുക തുടങ്ങിയ ബദല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കണം. ഈ പ്രവൃത്തികള്‍ സ്‌ക്രീന്‍ ടൈം കുറയ്ക്കുമെന്നു മാത്രമല്ല കുട്ടികളില്‍ വ്യത്യസ്ത താല്‍പര്യങ്ങളും നൈപുണ്യവും ഉണ്ടാകാനും സഹായിക്കും. മൊബൈല്‍ഫോണ്‍, കംപ്യൂട്ടര്‍ തുടങ്ങിയ ഉപകരണങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുമ്പോള്‍ ‘പാരെന്റല്‍ കണ്‍ട്രോള്‍’ ഫീച്ചര്‍ ഉപയോഗിച്ച് ഉള്ളടക്കം നിയന്ത്രിക്കുകയും ഒപ്പം ആപ്പുകളും വെബ്‌സൈറ്റുകളും മറ്റും ഉപയോഗിക്കുന്നതിന് നിശ്ചിത സമയം മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്യണം. സ്‌ക്രീന്‍ടൈം പരിമിതപ്പെടുത്തുകയും കുട്ടികള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കുകയും വേണം. മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. തുടര്‍ച്ചയായി ഫോണ്‍ ഉപയോഗിക്കുന്നത് കഴുത്തു വേദന, തലവേദന, പൊണ്ണത്തടി, കേള്‍വി നഷ്ടം, മറ്റ് പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. കുട്ടികളില്‍ ഉറക്കമില്ലായ്മ, ഇന്റര്‍നെറ്റ് അഡിക്ഷന്‍, ഉത്കണ്ഠ, വിഷാദം, സംസാരവൈകല്യങ്ങള്‍, ഭാഷാ വൈകല്യങ്ങള്‍ തുടങ്ങിയ മാനസികപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ ഫോണിന്റെ അമിതോപയോഗം കാരണമാകും. മാത്രമല്ല ശ്രദ്ധ ചെലുത്താന്‍ കഴിയാതെ വരുക, ക്ഷീണം തുടങ്ങി മറ്റ് പല പ്രശ്‌നങ്ങളിലേക്കും ഇതു നയിക്കുകയും ചെയ്യും.