കുറഞ്ഞത് രണ്ട് വര്‍ഷമായി ഉപയോഗിക്കാത്ത ജിമെയില്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്യുമെന്ന് ഗൂഗിള്‍. ഡിസംബര്‍ മുതല്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്യാനാണ് കമ്പനിയുടെ തീരുമാനം. ഇത്തരം അക്കൗണ്ടുകള്‍ ഇല്ലാതാകുന്നതോടെ ജിമെയില്‍ ആക്‌സസ് മാത്രമല്ല ഗൂഗിള്‍ ഡോക്‌സ്, ഗൂഗിള്‍ വര്‍ക്ക്‌സ്‌പെയ്‌സ്, ഗൂഗിള്‍ ഫോട്ടോസ്, മറ്റ് ഗൂഗിള്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയും നഷ്ടപ്പെടും. കുറച്ചുകാലമായി ഉപയോഗിക്കാത്ത അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഉപയോക്താക്കളെ സംരക്ഷിക്കാനാണ് ഈ നീക്കമെന്ന് പുതിയ നയം പ്രഖ്യാപിച്ചുകൊണ്ട് കമ്പനി അറിയിച്ചു. ഉപേക്ഷിക്കപ്പെട്ട ഇത്തരം അക്കൗണ്ടുകള്‍ക്ക് സജീവമായ അക്കൗണ്ടുകളെ അപേക്ഷിച്ച് ടൂ-ഫാക്ടര്‍ വെരിഫിക്കേഷന്‍ ഉണ്ടാകാറില്ല. ഇത് സുരക്ഷാ പ്രശ്‌നങ്ങളിലേക്ക് നയിക്കാം. ഇത്തരം അക്കൗണ്ട് നീക്കം ചെയ്യുന്നതിന് മുമ്പ് ജിമെയില്‍ വഴിയും നല്‍കിയിട്ടുള്ള ഏതെങ്കിലും ബാക്കപ്പ് ഇമെയില്‍ വഴിയും ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കുമെന്ന് ഗൂഗിള്‍ പറഞ്ഞു. നിഷ്‌ക്രിയമായ വ്യക്തിഗത അക്കൗണ്ടുകള്‍ മാത്രമേ ഇത്തരത്തില്‍ നീക്കം ചെയ്യുകയുള്ളൂ. കുറഞ്ഞത് രണ്ട് വര്‍ഷമായി അക്കൗണ്ട് ഉപയോഗിക്കാത്ത, അക്കൗണ്ട് നീക്കം ചെയ്യാന്‍ ആഗ്രഹിക്കാത്ത ഗൂഗിള്‍ ഉപയോക്താക്കള്‍ക്ക് ജിമെയില്‍, ഗൂഗിള്‍ ഡ്രൈവ്, യൂട്യൂബ്, ഗൂഗിള്‍ സേര്‍ച്ച് പോലുള്ള ഏതെങ്കിലും ഗൂഗിള്‍ സേവനത്തിലേക്ക് സൈന്‍ ഇന്‍ ചെയ്ത് അത് സജീവമായി നിലനിര്‍ത്താന്‍ കഴിയും.