yt cover 33

ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ നിര്‍ദേശിച്ചതനുസരിച്ചാണ് തിരുവന്തപുരത്തു ബാങ്കില്‍ ലോക്കര്‍ തുറന്നതെന്ന് ശിവശങ്കറിന്റെ സുഹൃത്തായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ എന്‍ഫോഴ്സ്മെന്റിനു മൊഴി നല്‍കി. ലൈഫ് മിഷന്‍ മുന്‍ സിഇഒ യു.വി ജോസിനെ മൊഴിയെടുക്കാന്‍ ഇഡി അന്വേഷണ സംഘം വിളിച്ചുവരുത്തി.

യുഎഇയിലെ റെഡ്ക്രസന്റിന്റെ പണം ലൈഫ് മിഷനിലേക്കു കൊണ്ടുവരണമെന്നു എം ശിവശങ്കര്‍ സ്വപ്ന സുരേഷിനു നിര്‍ദേശങ്ങള്‍ നല്‍കിയ ചാറ്റ് പുറത്ത്. 2019 സെപ്റ്റംബറിലെ വാട്‌സ്ആപ് ചാറ്റാണിത്. റെഡ് ക്രസന്റ് സര്‍ക്കാരിനു നല്‍കേണ്ട കത്തിന്റെ രൂപരേഖയും ശിവശങ്കര്‍തന്നെ നല്‍കി. കോണ്‍സുലേറ്റിന്റെ കത്തുകൂടി ചേര്‍ത്ത് മുഖ്യമന്ത്രിക്കു കത്തു നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇരുകത്തുകളും തനിക്കു തരണമെന്നും ശിവശങ്കര്‍ ആവശ്യപ്പെട്ടിരുന്നു.

ശിവശങ്കറുമായി സിപിഎമ്മിന് ബന്ധമില്ലെന്നും ശുഹൈബ് വധകേസില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സിപിഎമ്മിന് ശിവശങ്കറുമായി ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമമുണ്ടെന്നും സ്ത്രീത്വത്തെ അപമാനിച്ച ആകാശിനെ ഉടന്‍ പൊലീസ് പിടികൂടുമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

ശമ്പളം ഗഡുക്കളായി തരാമെന്നു പറഞ്ഞ കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകരന്റെ കോലം കത്തിച്ച് സിഐടിയു പ്രവര്‍ത്തകര്‍. കെഎസ്ആര്‍ടിസിയുടെ കള്ളക്കണക്ക് ധനമന്ത്രി പരിശോധിക്കണമെന്നു സിഐടിയു ആവശ്യപ്പെട്ടു. എല്ലാ ഡിപ്പോകളിലും സിഐടിയു പ്രതിഷേധിച്ചു.

നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യര്‍ അടക്കമുള്ള നാലു സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്നും പ്രോസിക്യൂഷന്റെ തീരുമാനത്തില്‍ ഇടപെടില്ലെന്നും സുപ്രീംകോടതി. മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നതിനെ എതിര്‍ത്ത് ദിലീപ് സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം തള്ളി. വിസ്താരമടക്കമുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നു കോടതി നിര്‍ദ്ദേശിച്ചു. ഒരു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി. ബെംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന ഉമ്മന്‍ചാണ്ടിയെ ഡിസ്ചാര്‍ജ് ചെയ്യും. രണ്ടാഴ്ചയ്ക്ക് ശേഷം ചികിത്സ പൂര്‍ത്തിയാക്കാന്‍ വീണ്ടും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യും.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

കോഴിക്കോട് മെഡിക്കല്‍ കോളേജിനു സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ ഷര്‍ട്ട് കണ്ടെത്തി. തൂങ്ങിമരിച്ച പറമ്പില്‍ നിന്നു കിട്ടിയ ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഏതാനും ചില്ലറ പൈസയും ഒരു കെട്ട് ബീഡിയും ഉണ്ടായിരുന്നു.

വിനോദ സഞ്ചാര മേഖലയില്‍ കഴിഞ്ഞ വര്‍ഷം കേരളത്തിനു ലഭിച്ച വരുമാനം 35,168 കോടി രൂപ. വരുമാനത്തില്‍ മാത്രം 186.25 ശതമാനം വര്‍ധന. വിദേശ സഞ്ചാരികളുടെ എണ്ണം 500 ശതമാനത്തോളവും ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 150 ശതമാനത്തിലേറെയും വര്‍ദ്ധിച്ചു. കേരളത്തിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ചെന്നൈയില്‍ നടന്ന ട്രാവല്‍ മീറ്റില്‍ കേരളത്തില്‍നിന്നും തമിഴ്നാട്ടില്‍ നിന്നുമായി 200-ലേറെ ടൂറിസം സംരഭകര്‍ പങ്കെടുത്തു.

കൊളഗപ്പാറയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ബത്തേരിയില്‍ തട്ടുകട നടത്തുന്ന മുണ്ടക്കുറ്റി താളിപ്പാറ കൊട്ടാരംകുന്ന് വീട്ടില്‍ ജിജോ (35) ആണ് മരിച്ചത്.

എംഡിഎംഎയും മയക്കുഗുളികകളുമായി സ്ത്രീയടക്കം മൂന്നു പേരെ പിടികൂടി. മുട്ടില്‍ കൊട്ടാരം വീട്ടില്‍ മുഹമ്മദ് ഷാഫി (35), മുട്ടില്‍ പരിയാരം എറമ്പന്‍ വീട്ടില്‍ അന്‍ഷാദ് (27), താഴെമുട്ടില്‍ കാവിലപ്പറമ്പ് വീട്ടില്‍ സാജിത (40) എന്നിവരാണ് അറസ്റ്റിലായത്.

പത്തനംതിട്ട മൗണ്ട് സിയോണ്‍ ലോ കോളേജിലെ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. 13 പെണ്‍കുട്ടികള്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

മച്ചാട് മാമാങ്കത്തോടനുബന്ധിച്ചുള്ള വെടിക്കെട്ട് തൃശൂര്‍ ജില്ലാ ഭരണകൂടം നിരോധിച്ചു. ചൊവ്വാഴ്ചയാണു മച്ചാട് മാമാങ്കം.

അദാനി ഓഹരി വിവാദം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ദുര്‍ബലപ്പെടുത്തുമെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ഇന്ത്യയില്‍ ദുര്‍ബലമായ ജനാധിപത്യത്തിന്റെ പുനരുജ്ജീവനം ഉണ്ടാകുമെന്നു വിമര്‍ശിച്ച ഹംഗേറിയന്‍ കോടീശ്വരന്‍ ജോര്‍ജ് സോറസ് ഇന്ത്യയെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും കുറ്റപ്പെടുത്തി. വിദേശ ശക്തികള്‍ ഇന്ത്യയെ ആക്രമിക്കുന്നതു ചെറുക്കാന്‍ എല്ലാ ഇന്ത്യക്കാരും ഒന്നിച്ചു നില്‍ക്കണമെന്നും സ്മൃതി ഇറാനി.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് അവകാശവാദമുന്നയിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടും സച്ചിന്‍ പൈലറ്റും. സമിതിയില്‍ യുവ പ്രാതിനിധ്യം ഉറപ്പ് വേണമെന്ന് സച്ചിനെ പിന്തുണക്കുന്നവര്‍ ആവശ്യപ്പെട്ടു.

പീഡിപ്പിക്കാനുള്ള ശ്രമത്തെ ചെറുക്കുന്നതിനിടെ അക്രമിയുടെ മര്‍ദനമേറ്റ മലയാളിയായ റെയില്‍വേ ഗേറ്റ് കീപ്പറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിയെ തള്ളിമാറ്റി ഓടി രക്ഷപ്പെട്ടാണ് യുവതി ആശുപത്രിയില്‍ അഭയം തേടിയത്. തമിഴ്നാട്ടിലെ തെങ്കാശിയില്‍ പാവൂര്‍ സത്രത്തിലെ റെയില്‍വേ ഗേറ്റിലാണ് അതിക്രമം നടന്നത്.

രാജസ്ഥാനില്‍നിന്ന് കാണാതായ പശുക്കടത്തുകേസിലെ പ്രതിയേയും കൂട്ടുകാരനെയും ഹരിയാനയിലെ ഭിവാനി ജില്ലയില്‍ കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയിലെ പഹാരി തഹസില്‍ ഘട്മീക ഗ്രാമ വാസികളായ നസീര്‍ (25), ജുനൈദ് എന്ന ജുന (35) എന്നിവരെയാണ് കത്തിച്ചു കൊന്നത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഗുജറാത്തിലെ ഗ്രാമങ്ങളില്‍ ആകാശത്തുനിന്ന് പതിച്ചത് അപൂര്‍വമായ ഉല്‍ക്കാശിലകളെന്ന് ഗവേഷകര്‍. ഇവയ്ക്കു ബുധന്‍ ഗ്രഹത്തിന്റെ ഉപരിതലവുമായി സാമ്യമുണ്ട്. ഗ്രഹപരിണാമത്തെക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ക്ക് ഈ ഉല്‍ക്കാശിലകള്‍ സഹായകമാകും. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ 1852 ലാണ് ഇതിനു സമാനമായ ഉല്‍ക്ക ഏറ്റവുമൊടുവില്‍ കണ്ടെത്തിയത്.

കര്‍ണാടകയില്‍ മിച്ച ബജറ്റ്. കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ നിയമസഭയിലേക്ക് എത്തിയത് ചെവിയില്‍ പൂ വച്ചാണ്. നാട്ടിലെ ജനങ്ങളുടെ അവസ്ഥ ഇതാണെന്നും ജനങ്ങളെ ചതിക്കാനുള്ള ബജറ്റാണിതെന്നും സിദ്ധരാമയ്യ പറഞ്ഞു. സിദ്ധരാമയ്യയുടെ പ്രസ്താവനയ്ക്കെതിരെ ഭരണപക്ഷം ബഹളം വച്ചു.

ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തില്‍ ആന വൈദ്യുതി വേലിയില്‍ കുടുങ്ങി. ബര്‍ക്കി വനമേഖലയില്‍ ഇറങ്ങിയ കാട്ടാനയാണ് വൈദ്യുതി വേലിയില്‍ തട്ടി തെറിച്ചുവീണത്.

പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തേക്കുമെന്ന് അഭ്യൂഹം. വാര്‍ത്ത പരന്നതോടെ ലാഹോറിലെ അദ്ദേഹത്തിന്റെ വസതിയ്ക്ക് മുന്നില്‍ നൂറുകണക്കിന് അനുയായികളും പാര്‍ട്ടി പ്രവര്‍ത്തകരും ഒത്തുകൂടി.

ട്വിറ്റര്‍ ഇന്ത്യയിലെ മൂന്ന് ഓഫീസുകളില്‍ രണ്ടെണ്ണം അടച്ചുപൂട്ടി. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെ ഏകദേശം 90 ശതമാനം ജീവനക്കാരെ ട്വിറ്റര്‍ പിരിച്ചുവിട്ടിരുന്നു.

പാക് അധീന ജമ്മു കാഷ്മീരിലും ജില്‍ജിത് ബലിസ്ഥാനിലും ഭക്ഷ്യധാന്യങ്ങള്‍പോലും കിട്ടാനില്ലാതെ ജനം. സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതോടെ തൊഴിലും വരുമാനവുമില്ലാതെ ജനം ദുരിതത്തിലായി. പെട്രോള്‍ അടക്കമുള്ള ഇന്ധനങ്ങളും ലഭ്യമല്ല.

കഴിഞ്ഞ മാസം 71 പേരുടെ മരണത്തിനിടയാക്കിയ നേപ്പാളിലെ യെതി എയര്‍ലൈന്‍സ് അപകടം പൈലറ്റ് ലിവര്‍ മാറ്റി വലിച്ചതുമൂലം സംഭവിച്ചതാണെന്നു റിപ്പോര്‍ട്ട്. ലാന്‍ഡിംഗിനായി കോക്ക്പിറ്റിലെ ഫ്ലാപ്സ് ലിവര്‍ ഉപയോഗിക്കുന്നതിനുപകരം എന്‍ജിന്‍ പ്രവര്‍ത്തനം മന്ദഗതിയിലാക്കുന്ന ലിവര്‍ ഉപയോഗിച്ചു. ഇതോടെ എന്‍ജിനുകളിലേക്ക് വൈദ്യുതി പ്രവാഹം നിലച്ചതാണ് അപകടത്തിനു കാരണമെന്ന് അന്വേഷണ സംഘം.

ഒളിക്യാമറാ ഓപ്പറേഷനില്‍ കുടുങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ രാജിവെച്ചു. ദേശീയ ചാനല്‍ നടത്തിയ ഒളി ക്യാമറാ ഓപ്പറേഷനിലെ വിവാദ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ചേതന്‍ ശര്‍മയുടെ രാജി. ബിസിസിഐ സെക്രട്ടറി ജയ്ഷാ രാജി സ്വീകരിച്ചതായാണ് വിവരം.

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിലെ ഒന്നാമിന്നിംഗ്സില്‍ ഓസ്ട്രേലിയക്ക് ബാറ്റിംഗ് തകര്‍ച്ച. ഓപ്പണര്‍ ഉസ്മാന്‍ ഖവാജ 81 റണ്‍സ് നേടി ചെറുത്തു നിന്നിട്ടും ഓസ്ട്രേലിയക്ക് 199 റണ്‍സ് നേടുന്നതിനിടെ 6 വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. രവിചന്ദ്ര അശ്വിന്‍ ഇതുവരെ മൂന്ന് വിക്കറ്റുകള്‍ നേടി.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13ന് പ്രഖ്യാപിച്ച ഓഹരി തിരികെ വാങ്ങല്‍ പൂര്‍ത്തിയാക്കി വണ്‍91 കമ്മ്യൂണിക്കേഷന്‍സ് (പേടിഎം). 849.83 കോടി രൂപയാണ് പേടിഎം ഇതിനായി ചെലവഴിച്ചത്. ശരാശരി 545.93 രൂപ നിരക്കിലായിരുന്നു ഓഹരികളുടെ തിരികെ വാങ്ങല്‍. വിലയിലുണ്ടായ ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച് 480.25-702.65 രൂപ നിരക്കിലായിരുന്നു ഓഹരി തിരികെ വാങ്ങല്‍. ഇക്കാലയളവില്‍ വാങ്ങിയത് 1,55,66,746 ഓഹരികളാണ്. ഐപിഒയിലൂടെ വിറ്റതിന്റെ ആറര ശതമാനത്തോളം ഓഹരികള്‍ തിരികെ വാങ്ങുകയായിരുന്നു കമ്പനിയുടെ ലക്ഷ്യം. ഏറ്റവും വലിയ ഓഹരി ഉടമ ആന്റ് ബൈബാക്ക് കാലയളവില്‍ ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനി അലിബാബ പേടിഎമ്മിലെ ഓഹരികള്‍ മുഴുവന്‍ വിറ്റിരുന്നു. അലിബാബയുടെ ഗ്രൂപ്പ് കമ്പനി ആന്റ് ഫിനാന്‍ഷ്യല്‍ തന്നെയാണ് ഇപ്പോഴും കമ്പനിയിലെ ഏറ്റവും വലിയ ഓഹരി ഉടമ. 25 ശതമാനം ഓഹരികളാണ് ആന്റിനുള്ളത്. ഗിസല്ലോ മാസ്റ്റര്‍ ഫണ്ട് 49.8 ലക്ഷം ഓഹരികളും മോര്‍ഗന്‍ സ്റ്റാന്‍ലി ഏഷ്യ 54.9 ലക്ഷം ഓഹരികളും ഇക്കാലയളവില്‍ സ്വന്തമാക്കി. ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ പേടിഎം ആദ്യമായി പ്രവര്‍ത്തന ലാഭം നേടിയിരുന്നു. മൂന്നാം പാദത്തില്‍ 392 കോടി രൂപയായിരുന്നു പേടിഎമ്മിന്റെ അറ്റനഷ്ടം.

ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം തുടര്‍ച്ചയായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതിന്റെ തിരക്കിലാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. വിരല്‍ തൊടാതെ തന്നെ വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയുന്ന ഹാന്‍ഡ്‌സ് ഫ്രീ ഫീച്ചര്‍ ഇക്കൂട്ടത്തില്‍ പുതിയതാണ്. ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് ആദ്യമായി അവതരിപ്പിച്ചത്. ഇതിന്റെ പ്രകടനം വിലയിരുത്തിയ ശേഷം ഉടന്‍ തന്നെ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്നവിധം സേവനം വിപുലീകരിക്കാന്‍ വാട്‌സ്ആപ്പ് പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. 2.23.3.74 വേര്‍ഷനിലേക്ക് വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യുന്നവര്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയും. ഫോണില്‍ വിരല്‍ തൊടാതെ തന്നെ വീഡിയോ ഷൂട്ട് ചെയ്യാന്‍ കഴിയുന്നതാണ് ഫീച്ചര്‍. നിലവില്‍ വീഡിയോ ഷൂട്ട് ചെയ്യണമെങ്കില്‍ വീഡിയോ ഓപ്ഷനില്‍ ഹോള്‍ഡ് ചെയ്ത് പിടിക്കണം. എന്നാല്‍ പുതിയ ഫീച്ചര്‍ അനുസരിച്ച് ഇതിന്റെ ആവശ്യമില്ല. ഫ്രണ്ട് ക്യാമറയില്‍ നിന്ന് ബാക്ക് ക്യാമറയിലേക്കും തിരിച്ചും മാറുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കെയാനു റീവ്സ് ടൈറ്റില്‍ വേഷത്തിലെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ജോണ്‍ വിക്ക് നാലാം ഭാഗം പുതിയ ട്രെയിലര്‍ എത്തി. ചാഡ് സ്റ്റാഹെല്‍സ്‌കി സംവിധാനം ചെയ്യുന്ന ചിത്രം 2019ല്‍ റിലീസ് ചെയ്ത ജോണ്‍ വിക്ക് 3: പാരബെല്ലത്തിന്റെ തുടര്‍ച്ചയാണ്. കെയാനു റീവ്സിനും ലോറന്‍സ് ഫിഷബേണിനുമൊപ്പം ഡോണി യെന്‍, സ്‌കോട്ട് ആഡ്കിന്‍സ് തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ നാലാം ഭാഗത്തില്‍ പ്രത്യക്ഷപ്പെടുന്നു. ഏറ്റവും ദൈര്‍ഘ്യമേറിയ ജോണ്‍വിക്ക് ചിത്രം കൂടിയാണിത്. 169 മിനിറ്റാണ് ജോണ്‍വിക്ക് 4ന്റെ ദൈര്‍ഘ്യം. ചിത്രം ഈ വര്‍ഷം മാര്‍ച്ച് 24ന് തിയറ്ററുകളിലെത്തും.

ഭാവന നായികയായെത്തുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിന്റെ റിലീസ് നീട്ടി. 17 ന് തിയറ്ററുകളില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം 24 ന് മാത്രമേ എത്തൂവെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ രാജേഷ് കൃഷ്ണ അറിയിച്ചു. ആറ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമെന്ന നിലയില്‍ പ്രേക്ഷകശ്രദ്ധ നേടിയ സിനിമയാണിത്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഷറഫുദ്ദീന്‍, സാനിയ റാഫി, അശോകന്‍, അനാര്‍ക്കലി നാസര്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബോളിവുഡ് താരം ജോണ്‍ എബ്രഹാം തന്റെ ഗാരേജിലേക്ക് പുതിയ സുസുക്കി ഹയബൂസ ബൈക്ക് എത്തി. ഇപ്പോഴിതാ ജോണ്‍ എബ്രഹാം ഹയബൂസയോടൊപ്പമുള്ള വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്. മെറ്റാലിക് വാള്‍ സില്‍വര്‍ ഷേഡിലുള്ള ഹയബൂസയോടൊപ്പമാണ് ജോണ്‍ എബ്രഹാമിനെ കാണുന്നത്. 2004-ല്‍ പുറത്തിറങ്ങിയ ‘ധൂം’ എന്ന ചിത്രത്തിന് ശേഷം ജോണ്‍ എബ്രഹാമും സുസുക്കി ഹയബൂസയും ജനപ്രീതിയുടെ പുതിയ ഉയരങ്ങളിലേക്ക് എത്തിയിട്ടുണ്ട്. 187 ബിഎച്പി കരുത്തും 150 എന്ഡഎം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1340 സിസി, ഇന്‍ലൈന്‍-ഫോര്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് 2023 സുസുക്കി ഹയാബുസയ്ക്ക് കരുത്തേകുന്നത്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്ന ഈ എഞ്ചിന് 6-ആക്സിസ് ഐഎംയു, ട്രാക്ഷന്‍ കണ്‍ട്രോള്‍, കോര്‍ണറിംഗ് എബിഎസ്, മൂന്ന് പവര്‍ മോഡുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയവ ലഭിക്കുന്നു. കരുത്തുറ്റ സുസുക്കി ഹയബൂസയ്ക്ക് നിലവില്‍ ഇന്ത്യയില്‍ 16.41 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.

മുപ്പത്തൊന്നു വര്‍ഷം നീണ്ട ജയില്‍ ജീവിതത്തെക്കുറിച്ച് പേരറിവാളന്‍ തന്റെ മോചനത്തിനായി ഒരു പതിറ്റാണ്ടോളം ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകയോട് തുറന്നു പറയുന്നു. നിരപരാധിയെ കൊടുംകുറ്റവാളിയാക്കാനുള്ള സംവിധാനങ്ങള്‍ നിയമവ്യവസ്ഥയിലുണ്ടെന്ന് ജീവിതംകൊണ്ട് തെളിയിച്ച പേരറിവാളനുമായുള്ള ഈ സംഭാഷണം രാജീവ്ഗാന്ധി വധക്കേസിന്റെ നാനാവശങ്ങളിലേക്ക് വെളിച്ചം വീശുന്നു. തോല്‍ക്കരുത് എന്ന നിശ്ചയദാര്‍ഢ്യം ഉണ്ടായിരുന്നു. ദൈവവിശ്വാസി അല്ല. ആയിരുന്നെങ്കില്‍ ദൈവത്തോട് പരാതി പറയാമായിരുന്നു. ദൈവത്തിന്റെ തീര്‍പ്പാണിത് എന്ന് സമാധാനിക്കാമായിരുന്നു. ഇവിടെ ഞാന്‍ തന്നെ എന്റെ മാര്‍ഗം തേടി കണ്ടുപിടിക്കേണ്ടിയിരുന്നു. പലതവണ തോറ്റുവീണിട്ടുണ്ട്. എത്ര വീണുപോയാലും സത്യത്തെ മുറുകെപിടിച്ച് പോരാടണം. ജയിക്കുന്നത് വരെ പോരാടണം. മറ്റൊരു നിരപരാധിക്ക് ഇത്രയധികം കഷ്ടപ്പെടേണ്ടിവരരുത്. ‘സത്യം മാത്രമായിരുന്നു ആയുധം’. പേരറിവാളന്‍, അനുശ്രീ. ഡിസി ബുക്സ്. വില 161 രൂപ.

പതിവായി വെയ്റ്റ് ലിഫ്റ്റിംഗ് ചെയ്യുന്നവര്‍ക്ക് ക്യാന്‍സറിനെ പേടിക്കേണ്ട ആവശ്യമില്ലെന്ന് കണ്ടെത്തല്‍. വെയ്റ്റ് ലിഫ്റ്റിംഗ് ചെയ്യുന്നവര്‍ക്ക് രണ്ട് തരത്തിലുള്ള ക്യാന്‍സറിനെ ഇല്ലാതാക്കാന്‍ സാധിക്കും. കുടല്‍ ക്യാന്‍സറും കിഡ്നി ക്യാന്‍സറും. ഇത് മാത്രമല്ല മറ്റ് പല ആരോഗ്യ ഗുണങ്ങളും ഇതിന്റെ ഫലമായി ഉണ്ടാവുന്നുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് ശരീരത്തിലെ പ്രമേഹത്തിന്റെ അളവ് കൃത്യമായി നിലനിര്‍ത്തുക എന്നത്. മറ്റൊന്നാണ് ഇഞ്ചിയും വെളുത്തുള്ളിയും. ഇത് ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നതാണ് എന്ന കാര്യം മറക്കേണ്ടതില്ല. സ്ത്രീകളിലെ സ്തനാര്‍ബുദ സാധ്യതയെ വളരെയധികം കുറക്കുകയും ആരോഗ്യത്തോടെ ഇരിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. 67 ശതമാനം വരെയാണ് ക്യാന്‍സര്‍ സാധ്യതയെ കുറക്കുന്നത്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഈ പ്രതിസന്ധികളെ പൊരുതിത്തോല്‍പ്പിക്കാന്‍ ഇഞ്ചിയും വെളുത്തുള്ളിയും ശീലമാക്കാവുന്നതാണ്. ബ്ലാഡര്‍ ക്യാന്‍സര്‍ സാധ്യതയെ ഇല്ലാതാക്കി ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും മികച്ച് നില്‍ക്കുന്ന ഓപ്ഷനാണ് വെള്ളം കുടി. അതുപോലെ രാത്രി ഭക്ഷണം കൃത്യസമയത്ത് തന്നെ എന്നും കഴിക്കാന്‍ ശ്രദ്ധിക്കുക. ബ്രെസ്റ്റ് ക്യാന്‍സര്‍, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ എന്നീ സാധ്യതകള്‍ നിങ്ങളുടെ അടുത്ത് പോലും വരില്ല. കൃത്യസമയത്തെ ഭക്ഷണം ശീലമാക്കിയാല്‍ ക്യാന്‍സര്‍ മാത്രമല്ല ഒരു രോഗവും നിങ്ങളെ ബാധിക്കുകയില്ല. അതുകൊണ്ട് ഉറങ്ങാന്‍ പോവുന്നതിന് ചുരുങ്ങിയത് രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യകരമായ തൂക്കം നിലനിര്‍ത്തുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ജങ്ക്ഫുഡുകളും മറ്റും കഴിക്കുമ്പോള്‍ അത് നിങ്ങളില്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് എന്നതാണ് സത്യം. അതുകൊണ്ട് നല്ല ആരോഗ്യകരമായ ഭക്ഷണ ശീലം ഉണ്ടാക്കിയെടുക്കുകയും ആരോഗ്യകരമായ തൂക്കം നിലനിര്‍ത്തുകയും വേണം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.81, പൗണ്ട് – 98.74, യൂറോ – 88.12, സ്വിസ് ഫ്രാങ്ക് – 89.09, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.55 ബഹറിന്‍ ദിനാര്‍ – 219.72, കുവൈത്ത് ദിനാര്‍ -270.05, ഒമാനി റിയാല്‍ – 215.14, സൗദി റിയാല്‍ – 22.08, യു.എ.ഇ ദിര്‍ഹം – 22.55, ഖത്തര്‍ റിയാല്‍ – 22.75, കനേഡിയന്‍ ഡോളര്‍ – 61.27.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *