കൊല്ലത്തെ ഫോര്‍ സ്റ്റാർ ഹോട്ടലിലെ താമസത്തിൽ വിശദീകരണവുമായി യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം. അനാരോഗ്യത്തിന്റെ അവശതകളുള്ള അമ്മയുടെ ചികിത്സാ സമയത്താണ് റിസോർട്ടിൽ താമസിച്ചതെന്നും അറ്റാച്ച്ഡ് ബാത്റൂമില്ലാത്ത സ്വന്തം വീട് പുതുക്കി പണിയുന്ന സമയമായിരുന്നുവെന്നുമാണ് ചിന്ത ജെറോമിന്റെ വിശദീകരണം. ഇരുപതിനായിരം രൂപയാണ് വാടകയിനത്തിൽ നൽകിയത്. തന്റെ സാലറിക്കൊപ്പം അമ്മയുടെ പെൻഷൻ തുകയുമുപയോഗിച്ച് വാടക നൽകിയെന്ന് ചിന്ത വിശദീകരിച്ചു.
കൊല്ലം തങ്കശ്ശേരിയിലെ ഫോർ സ്റ്റാർ ഹോട്ടലിൽ മൂന്ന് മുറികളുള്ള അപാർട്മെൻ്റിൽ ചിന്താ ജെറോം ഒന്നേമുക്കാൽ വർഷം താമസിച്ചെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം. പ്രതിദിനം എണ്ണായിരത്തി അഞ്ഞൂറ് രൂപയാണ് ഈ അപാർട്മെന്റിന്റെ വാടകയെന്നും ഇക്കണക്കിൽ 38 ലക്ഷത്തോളം രൂപ ഹോട്ടലിന് ചിന്ത നൽകേണ്ടി വന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇത്രയും പണം യുവജന കമ്മീഷൻ അധ്യക്ഷക്ക് എങ്ങനെ കിട്ടി, ചിന്തയുടെ സാന്പത്തിക ശ്രോതസ് തുടങ്ങിയ കാര്യങ്ങൾ അന്വഷിക്കണമെന്നാണ് ആവശ്യം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, വിജിലൻസിനും എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിലും പരാതി നൽകിയിട്ടുണ്ട്.