yt cover 41

പോലീസിലെ ഗുണ്ടകള്‍ക്കും ക്രിമിനലുകള്‍ക്കും എതിരേ നടപടി ആരംഭിച്ചെങ്കിലും അധോലോക ബന്ധമുള്ള ഐപിഎസുകാര്‍ക്കെതിരേ അന്വേഷണമോ നടപടിയോ ഇല്ല. പോലീസ് സേനയില്‍നിന്നുതന്നെ ഇതിനെതിരേ എതിര്‍പ്പുയര്‍ന്നു. കസ്റ്റഡി മരണം അടക്കമുള്ള കുറ്റകൃത്യങ്ങളില്‍ ബന്ധമുള്ള ഐപിഎസ് ഓഫീസര്‍മാരുണ്ട്. ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്ത എസ്പി റാങ്കുവരെയുള്ളവരെക്കുറിച്ചു വിവരം ശേഖരിക്കണമെന്നാണ് ഡിജിപി പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞിരുന്നത്. ഇതനുസരിച്ചാണു നടപടികള്‍ പുരോഗമിക്കുന്നത്. നടപടികള്‍ താഴെതട്ടില്‍ മാത്രം ഒതുക്കിയെന്നാണ് ആരോപണം.

ജനജീവിതം ദുസഹമാക്കുന്ന വന്യജീവി ശല്യം തടയാന്‍ നിയമ ഭേദഗതി വേണമെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ പറയുന്നതെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. എന്നാല്‍ നിയമം പൊളിച്ചെഴുതേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. പ്രക്ഷോഭം നടത്തുന്ന മലയോര ജനത വസ്തുതകള്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് ധോണിയില്‍ മാസങ്ങളായി വന്‍ നാശമുണ്ടാക്കിയ ഒറ്റയാന്‍ പിടി സെവനെ (ടസ്‌കര്‍ ഏഴാമന്‍) മയക്കുവെടിവച്ചു ധോണിയിലെത്തിച്ച് കൂട്ടിലാക്കി. ചീഫ് വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ധോണിയിലെ കോര്‍മ എന്ന സ്ഥലത്ത് ആനയെ മയക്കുവെടിവെച്ചത്. കണ്ണുകള്‍ കറുത്ത തുണികൊണ്ടു കെട്ടിയശേഷം കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റി ധോണി ഫോറസ്റ്റ് ഓഫീസിനരികില്‍ സജ്ജമാക്കിയ കൂട്ടിലാക്കി.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

ഉരുള്‍പൊട്ടല്‍ അടക്കമുള്ള പ്രകൃതി ദുരന്തങ്ങള്‍ തടയാന്‍ സംസ്ഥാനത്തെ നീര്‍ച്ചാലുകള്‍ പുനരുജ്ജീവിപ്പിക്കുന്നു. ആദ്യഘട്ടത്തില്‍ പശ്ചിമഘട്ടത്തിലുള്ള ഒന്‍പതു ജില്ലകളിലെ നീര്‍ച്ചാലുകള്‍ അടയാളപ്പെടുത്തും. സുരക്ഷിതമാക്കാം പശ്ചിമ ഘട്ടം എന്ന പേരില്‍ ഹരിത കേരളം മിഷനാണ് പദ്ധതി നടപ്പാക്കുന്നതെന്ന് നവകേരളം പദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ടി.എന്‍ സീമ പറഞ്ഞു.

തൊണ്ടയില്‍ മുള്ളു കുടുങ്ങി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയ്ക്ക് എത്തിയ നേഴ്സിംഗ് വിദ്യാര്‍ഥിനിക്കുമേല്‍ എക്സ്റേ മെഷീന്‍ വീണ് നടുവൊടിഞ്ഞു. ചിറയിന്‍കീഴ് കൂന്തള്ളൂര്‍ മണ്ണുവിളവീട്ടില്‍ ലതയുടെ മകള്‍ ആദിത്യ ആണ് നടുവൊടിഞ്ഞ് ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ കിടപ്പിലായത്.

പാറ്റൂര്‍ ഗുണ്ടാ ആക്രണക്കേസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ച. പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയപ്പോള്‍ പൊലീസ് ഇവര്‍ക്കായി തമിഴ്നാട്ടില്‍ തെരിച്ചില്‍ നടത്തുകയായിരുന്നു. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത് അന്വേഷണ സംഘം അറിഞ്ഞില്ല. പ്രതികള്‍ കീഴടങ്ങിപ്പോഴാണ് പൊലീസ് കാര്യമറിഞ്ഞത്.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

പ്രളയത്തില്‍ ഉപയോഗ ശൂന്യമായ വീട്ടുസാധനങ്ങള്‍ ആക്രിക്കാര്‍ക്കു വിറ്റ കൂട്ടത്തില്‍ കൈമോശംവന്ന എടിഎം കാര്‍ഡ് ഉപയോഗിച്ച് ആറേകാല്‍ ലക്ഷം രൂപ തട്ടിയെടുത്തു. ചെങ്ങന്നൂര്‍ പാണ്ടനാട് പ്രയാര്‍ കിഴുവള്ളില്‍ പുത്തന്‍പറമ്പില്‍ ഷാജിയുടെ എസ്ബിഐയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് 61 തവണയായി പണം പിന്‍വലിച്ച തെങ്കാശി സ്വദേശി ബാലമുരുകനെ അറസ്റ്റു ചെയ്തു.

വയനാട്ടിലെ കെന്‍സ വെല്‍നസ് സെന്റര്‍ നിക്ഷേപത്തട്ടിപ്പു കേസില്‍ കെന്‍സ ഹോള്‍ഡിംഗ്‌സ് ചെയര്‍മാന്‍ ഷിഹാബ് ഷായ്ക്കായി ലുക്ക് ഔട്ട് നോട്ടീസ്. പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. വിദേശത്ത് ഒളിവിലുള്ള ഷിഹാബ് ഷായെ കേരളത്തിലെത്തിച്ച് അറസ്റ്റ് ചെയ്യാനാണ് ശ്രമം.

പോപ്പുലര്‍ ഫ്രണ്ട് ജപ്തിയുടെ മറവില്‍ മലപ്പുറത്തു മുസ്ലിം ലീഗ് പഞ്ചായത്ത് മെമ്പറുടെ സ്വത്തും ജപ്തി ചെയ്തെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. സര്‍ക്കാരും പോപ്പുലര്‍ ഫ്രണ്ടും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണിതെന്നും മുസ്ലിം ലീഗ് നേതാക്കള്‍ ആരോപിച്ചു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് നൂറു വര്‍ഷം കഠിന തടവും പിഴയും ശിക്ഷ. പ്രമാടം കൈതക്കര സ്വദേശി ബിനുവിനെയാണ് പത്തനംതിട്ട പോക്സോ കോടതി ശിക്ഷിച്ചത്.

ആലപ്പുഴ ജില്ലയിലെ ചന്തിരൂരില്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനെ അറസ്റ്റു ചെയ്തു. അരൂക്കുറ്റി സ്വദേശിയും മദ്രസ അധ്യാപകനുമായ മുഹമ്മദാണ് (63) പിടിയിലായത്.

ഡല്‍ഹിയിലെ ആഡംബര ഹോട്ടലായ ലീലാ പാലസില്‍ ഇരുപത്തി മൂന്നര ലക്ഷം രൂപയുടെ ബില്‍ അടയ്ക്കാതെ മുങ്ങിയ യുവാവ് പിടിയില്‍. യുഎഇ രാജകുടുംബാംഗമെന്ന വ്യാജേന മുറിയെടുത്ത മുഹമ്മദ് ഷെരീഫിനെയാണ് ഡല്‍ഹി പൊലീസ് കര്‍ണാടകത്തില്‍നിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 1 മുതല്‍ നവംബര്‍ 20 വരെയാണ് ഇയാള്‍ ഹോട്ടലില്‍ താമസിച്ചത്.

മംഗളൂരുവിലെ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് ലഹരിവേട്ട വേട്ട. കഴിഞ്ഞ 20 ന് നടന്ന പരിശോധനയില്‍ മലയാളികള്‍ ഉള്‍പ്പെടെ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും പിടിയിലായി. രണ്ടു ഡോക്ടര്‍മാരടക്കം ഒന്‍പതു പേരെയാണ് അറസ്റ്റു ചെയ്തത്. ആകെ 29 പേരാണ് വിവിധ കേസുകളിലായി പിടിയിലായത്. ഇതില്‍ 22 പേര്‍ മെഡിക്കല്‍ രംഗത്തുള്ളവരാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ വിവാദങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ ഇപ്പോഴും കൊളോണിയല്‍ അടിമത്വത്തില്‍ നിന്ന് മുക്തരാകാത്തവരാണെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു. രാജ്യത്തിന്റെ അഖണ്ഡതയേക്കാളും സുപ്രീം കോടതിയേക്കാളും മുകളിലാണ് ബിബിസിയെന്ന് ചിലര്‍ കരുതുന്നു. ഇത്തരക്കാര്‍ രാജ്യത്തെ ദുര്‍ബലപ്പെടുത്തുകയാണെന്നും മന്ത്രി പറഞ്ഞു.

ഷാറൂഖ് ഖാന്റെ പത്താന്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് ആസാമില്‍ സുരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഷാരൂഖ് ഖാന്‍ ഇന്ന് രാവിലെ ഹിമന്തയെ ഫോണില്‍ വിളിച്ചു സംസാരിച്ചതിനു പിറകേയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഷാറൂഖ് ഖാനെയും പത്താന്‍ സിനിമയെയും അറിയില്ലെന്ന് ഇന്നലെ ഹിമന്ത പറഞ്ഞിരുന്നു.

ആസാമില്‍ മദ്രസകളുടെ എണ്ണം കുറയ്ക്കുമെന്നു മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. മദ്രസകളില്‍ പൊതുവിദ്യാഭ്യാസം ഏര്‍പ്പെടുത്തും. മദ്രസകളില്‍ രജിസ്ട്രേഷന്‍ സംവിധാനം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പശുക്കളെ കടത്തിയ പ്രതിക്കു ജീവപര്യന്തം തടവു ശിക്ഷിച്ച കോടതി ഉത്തരവില്‍ വിചിത്ര നിരീക്ഷണം. പശുക്കളെ കൊല്ലുന്നത് നിര്‍ത്തിയാല്‍ ലോകത്തിലെ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമാകുമെന്നാണ് ഗുജറാത്തിലെ ഒരു സെഷന്‍സ് കോടതി ഉത്തരവില്‍ പറയുന്നത്.

തമിഴ്‌നാട്ടിലെ ധര്‍മപുരിയില്‍ ജല്ലിക്കെട്ട് കാണാനെത്തിയ പതിനാലുകാരന്‍ കാളയുടെ കുത്തേറ്റു മരിച്ചു. തടങ്കം ഗ്രാമത്തിലാണ് ഗോകുല്‍ എന്ന ബാലന്‍ കൊല്ലപ്പെട്ടത്. ബന്ധുക്കളോടൊപ്പമാണ് ഗോകുല്‍ ജെല്ലിക്കെട്ട് കാണാന്‍ പോയത്. മത്സരത്തിനിടെ കാണികള്‍ക്കിടയിലേക്കു കുതിച്ച കാളയുടെ കൊമ്പ് വയറില്‍ തുളച്ചുകയറുകയായിരുന്നു.

ബ്രസീലിലെ ഭരണ സിരാ കേന്ദ്രങ്ങളിലെ ആക്രമണങ്ങളുടെ പേരില്‍ സൈനിക മേധാവി ജനറല്‍ ജൂലിയോ സീസര്‍ ഡ അറൂഡയെ പ്രസിഡന്റ് ലുല ഡ സില്‍വ പിരിച്ചുവിട്ടു. സുപ്രീം കോടതിയിലേക്കും പാര്‍ലമെന്റിലേക്കും അടക്കം മുന്‍ പ്രസിഡന്റ് ബൊല്‍സനാരോയുടെ അനുയായികളുടെ നേതൃത്വത്തില്‍ നടന്ന കലാപത്തിനു പിന്നില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടെന്ന് സില്‍വ ആരോപിച്ചിരുന്നു.

ഹാരി രാജകുമാരന്റെ ആത്മകഥയായ സ്പെയറിലെ ചാവേര്‍ പരിശീലനം സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ യാഥാര്‍ത്ഥ്യമല്ല, ഭാവനമാത്രമാണെന്ന് ഹാരി രാജകുമാരനൊപ്പം സേനാ പരിശീലനത്തിനു ചേര്‍ന്ന് പിന്നീടു സേനാ പരിശീലകനായ സെര്‍ജന്റ് മേജര്‍ മൈക്കല്‍ ബൂലി. മുന്നറിയിപ്പില്ലാതെ ടി 67 വിമാനത്തിന്റെ പ്രൊപ്പല്ലര്‍ നിര്‍ത്തിയെന്ന ഹാരി രാജകുമാരന്റെ വാദം വെറും കഥ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

ദേശീയ ഗുസ്തി ഫെഡറേഷന്റെ എല്ലാ മത്സരങ്ങളും റദ്ദാക്കി. അധ്യക്ഷന്‍ ബ്രിജ് ഭൂഷണെതിരായ പരാതികള്‍ അന്വേഷിക്കുന്ന സമിതി നിലവില്‍ വരുന്നത് വരെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചു. അതേസമയം, ആരോപണ വിധേയനായ ബ്രിജ് ഭൂഷണിനു ബിജെപി സംരക്ഷണം തുടരുകയാണ്.

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഗോവയുമായി ഇന്ന് ഏറ്റുമുട്ടും. ഗോവയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി ആരംഭിക്കുക. 13 മത്സരങ്ങളില്‍ 25 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നാമത്തേയും 14 കളിയില്‍ 20 പോയിന്റുള്ള ഗോവ ആറാമത്തേയും സ്ഥാനങ്ങളിലാണ്.

ഇ-കൊമേഴ്‌സ് ആപ്പുകളില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യക്കാര്‍ ചെലവിട്ടത് 8700 കോടി മണിക്കൂറുകള്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 16 ശതമാനം വര്‍ധന. 2021ല്‍ വെബ്‌സൈറ്റുകളില്‍ ചെലവാക്കിയത് 7500 കോടി മണിക്കൂറുകളായിരുന്നു. ഡാറ്റ.എഐ ആണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. ആഗോളതലത്തില്‍ ഇത്തരം ആപ്പുകളില്‍ ഉപഭോക്താക്കള്‍ 110 ശതകോടി മണിക്കൂറാണ് 2022ല്‍ ചെലവഴിച്ചത്. ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ ഇന്ത്യ ലോകത്ത് രണ്ടാമതാണ്. കഴിഞ്ഞ വര്‍ഷം ആകെ 28 ശതകോടി ഡൗണ്‍ലോഡുകളാണ് ആപ്പുകള്‍ക്കുണ്ടായത്. അതില്‍ 5 ശതമാനം ഡൗണ്‍ലോഡിംഗും ഇന്ത്യയില്‍ നിന്നാണ്. ഇക്കാര്യത്തില്‍ ചൈനയ്ക്കാണ് ഒന്നാംസ്ഥാനം. ആപ്പുകളുടെ ശരാശരി ഉപഭോഗത്തില്‍ ഇന്ത്യയ്ക്ക് എട്ടാംസ്ഥാനമാണ്. ഇന്ത്യക്കാര്‍ ശരാശരി 4.9 മണിക്കൂറാണ് ആപ്പുകളില്‍ ചെലവാക്കുന്നത്. ലോകത്ത് ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഫിനാന്‍ഷ്യല്‍ ആപ്ലിക്കേഷന്‍ ഫോണ്‍പേ ആണ്. രണ്ടും മൂന്നും സ്ഥാനം പേടിഎമ്മിനും ഗൂഗിള്‍പേയ്ക്കും ആണ്. ബജാജ് ഫിന്‍സെര്‍വ് (6), എസ്ബിഐ യോനോ (9) എന്നിവയും ആദ്യ 10ല്‍ ഉണ്ട്. ടിക്ക്‌ടോക് ആണ് ലോകത്ത് ഏറ്റവും അധികം പേര്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്ലിക്കേഷന്‍. 67.2 കോടി. ഇന്‍സ്റ്റഗ്രാം (54.8 കോടി), വാട്‌സാപ്പ് (42.4 കോടി), ക്യാപ്കട്ട് (35.7 കോടി), സ്‌നാപ്ചാറ്റ് (33 കോടി) എന്നിവയാണ് ആദ്യ അഞ്ചിലുള്ള മറ്റ് ആപ്പുകള്‍.

ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ളവയാണ് ഐഫോണുകള്‍. അത്തരത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച മോഡലായ ഐഫോണ്‍ 13 ഓഫര്‍ വിലയില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. ഫ്ലിപ്കാര്‍ട്ട് മുഖാന്തരമാണ് ഐഫോണ്‍ 13 കുറഞ്ഞ വിലയില്‍ സ്വന്തമാക്കാനുള്ള അവസരം ലഭിക്കുന്നത്. ആപ്പിള്‍ സ്റ്റോറില്‍ 69,900 രൂപയ്ക്ക് വില്‍ക്കുന്ന ഐഫോണ്‍ 13 ഫ്ലിപ്കാര്‍ട്ടില്‍ നിന്നും ഓഫര്‍ വിലയില്‍ സ്വന്തമാക്കാം. ആപ്പിള്‍ സ്റ്റോറില്‍ ഉള്ളതിനേക്കാള്‍ 7,901 രൂപ വിലക്കുറവിലാണ് ഐഫോണ്‍ 13 ഫ്ലിപ്കാര്‍ട്ടില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. നിലവില്‍, ഐഫോണ്‍ 13- ന്റെ വില 61,999 രൂപയാണ്. എന്നാല്‍, ആക്സിസ് ബാങ്ക് ഉപയോക്താക്കള്‍ കാര്‍ഡ് ഉപയോഗിച്ച് പണമടയ്ക്കുമ്പോള്‍ 5 ശതമാനം വരെയാണ് ക്യാഷ് ബാക്ക് ലഭിക്കുന്നത്. കൂടാതെ, പഴയ സ്മാര്‍ട്ട്ഫോണ്‍ എക്സ്ചേഞ്ച് ചെയ്യുമ്പോള്‍ പരമാവധി 30,000 രൂപ വരെ എക്സ്ചേഞ്ച് തുകയായും വാഗ്ദാനം ചെയ്യുന്നുണ്ട്. എല്ലാ ബാങ്ക് ഓഫറുകള്‍ സഹിതം 28,900 രൂപയ്ക്കാണ് ഐഫോണ്‍ 13 സ്വന്തമാക്കാന്‍ സാധിക്കുക.

ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്ത ‘അനുരാഗം’ എന്ന ചിത്രത്തിലെ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ‘എദുവോ ഒണ്‍ട്ര്’ എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മോഹന്‍ രാജന്‍ ആണ്. ജോയല്‍ ജോണ്‍സ് ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹനാന്‍ ഷായും ജോയല്‍ ജോണ്‍സും ചേര്‍ന്നാണ്. ഗൗതം മേനോന്റെ കഥാപാത്രം ആലപിക്കുന്ന തരത്തിലാണ് ഈ ഗാനത്തിന്റെ ചിത്രീകരണം. സംഗീത പ്രാധാന്യമുള്ള ചിത്രമാണിത്. ഷീല, ഗൌരി കിഷന്‍, ദേവയാനി, ജോണി ആന്റണി, ഗൌതം മേനോന്‍, അശ്വിന്‍ ജോസ്, ലെന, മൂസി, ദുര്‍ഗ കൃഷ്ണ, സുധീഷ് കോഴിക്കോട്, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങിയവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രത്തിനു ശേഷം ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന അശ്വിന്‍ ജോസ് തന്നെയാണ്.

സന്തോഷ് കീഴാറ്റൂരിനെ നായകനാക്കി ചന്ദ്രന്‍ നരിക്കോട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ശ്രീ മുത്തപ്പന്‍’ കണ്ണൂരില്‍ ചിത്രീകരണം തുടങ്ങി. മലയാള സിനിമയില്‍ ആദ്യമായാണ് ശ്രീ മുത്തപ്പന്‍ ചരിതം സിനിമയാകുന്നത്. പൗരാണിക കാലം മുതലേ ഉത്തര മലബാറില്‍ ജാതീയമായും തൊഴില്‍ പരമായും അടിച്ചമര്‍ത്തപ്പെട്ടിരുന്ന കീഴാള ജനതയുടെ പോരാട്ട നായകനും, കണ്‍കണ്ട ദൈവവുമായ ശ്രീമുത്തപ്പന്റെ പുരാവൃത്തമാണ് ഇപ്പോള്‍ ചലച്ചിത്രമാവുന്നത്. ഓലച്ചേരി വീട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സച്ചു അനീഷ് നിര്‍മ്മിക്കുന്ന’ ശ്രീ മുത്തപ്പന്‍ ‘ സംവിധാനം ചെയ്യുന്നത് ചന്ദ്രന്‍ നരിക്കോടാണ്. മലയാളത്തിലെ ശ്രദ്ധേയനായ എഴുത്തുകാരന്‍ മുയ്യം രാജനും, പ്രശസ്ത നാടകകൃത്തും സംവിധായകനുമായ ബിജു കെ ചുഴലിയും ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ മുഖ്യകഥാപാത്രമായ സന്തോഷ് കീഴാറ്റൂരിനൊപ്പം മലയാളത്തിലെ പ്രമുഖ താര നിരകളും അണിനിരക്കുന്നു. കണ്ണൂരിലും പരിസര പ്രദേശത്തുമാണ് സിനിമയുടെ ചിത്രീകരണം നടക്കുക.

ചൈനീസ് ടെക് ഭീമനായ ഷവോമി 2021 സെപ്റ്റംബറില്‍ പ്രഖ്യാപിച്ച തങ്ങളുടെ ഇലക്ട്രിക് കാര്‍ ‘മൊഡേന പ്രോജക്ട്’ പുറത്തിറങ്ങാന്‍ തയ്യാറായിരിക്കുന്നു. കാറിന്റെ പരീക്ഷണ ഓട്ടം അവസാന ഘട്ടത്തിലെന്നാണ് ഏറ്റവും പുതിയ വിവരം. ഷവോമി കാറിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മൊഡേന സെഡാന്‍ ഷവോമിയുടെ ആദ്യ കാര്‍ ഒരു സെഡാന്‍ ആണെന്നാണ് സൂചന. മൊഡേന എന്നാണ് വാഹനത്തിന്റെ പേര്. മംഗോളിയയിലെ മഞ്ഞ് താഴ്വരകളില്‍ വാഹനത്തിന്റെ വിന്റര്‍ ടെസ്റ്റിങ് നടത്തുന്നതിന്റെ ചിത്രങ്ങളും വിഡിയോയുമാണ് പുറത്തുവന്നിരിക്കുന്നത്. കാറിന്റെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഏറ്റവും പുതിയ ക്വാല്‍കോം 8295 ചിപ്പുകളിലാവും പ്രവര്‍ത്തിക്കുക. ഷവോമി ഇതിനകം 1.5 ബില്യണ്‍ ഡോളര്‍ ഇ.വി കാര്‍ പദ്ധതിയില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2021 ആദ്യമാണ് ഷവോമി വൈദ്യുത വാഹന നിര്‍മാണത്തിനായി പ്രത്യേക വിഭാഗം രൂപീകരിച്ചത്. ബെയ്ജിങ്ങില്‍ പുതിയ നിര്‍മാണശാല പണി പൂര്‍ത്തിയായതായാണ് വിവരം. പ്രതിവര്‍ഷം മൂന്നു ലക്ഷം ഇ.വികള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഫാക്ടറിയാണ് ഷവോമി ലക്ഷ്യമിടുന്നത്.

മികച്ച സംഘാടകനും ഉജ്ജ്വലമായ വ്യക്തിത്വത്തിന്റെ ഉടമയും കറകളഞ്ഞ രാഷ്ട്രീയപ്രവര്‍ത്തകനുമായ തേറമ്പില്‍ രാമകൃഷ്ണന്റെ ജീവിതശൈലിയും സംഘടനാവൈഭവവും എല്ലാവരെയും ആകര്‍ഷിക്കുന്നതാണ്. നിയമസഭാ സാമാജികന്‍ എന്ന നിലയ്ക്കും സ്പീക്കര്‍ എന്ന നിലയ്ക്കും ഉള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരുന്നു. ശാന്തവും ആത്മാര്‍ത്ഥവുമായ സാന്നിദ്ധ്യംകൊണ്ട് ക്ഷണിച്ചവരുടെ മനസ്സില്‍ സ്നേഹത്തിന്റെ പ്രകാശം ചൊരിഞ്ഞ് ഒച്ചപ്പാടില്ലാതെ സൗമ്യനായി യാത്ര പറഞ്ഞ് ഇറങ്ങിപ്പോകുന്ന വ്യക്തി. ‘തേറമ്പില്‍ ആര്‍ഭാടങ്ങളില്ലാതെ ആരവങ്ങളില്ലാതെ’. ഷജില്‍ കുമാര്‍. ഗ്രീന്‍ ബുക്സ്. വില 218 രൂപ.

വളരെ സാധാരണയായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ് വായ്പ്പുണ്ണ്. നിസ്സാര രോഗമാണെങ്കിലും ഭക്ഷണം കഴിക്കുന്നതിനും സംസാരിക്കുന്നതിനുമൊക്കെ വായ്പ്പുണ്ണ് തടസ്സം സൃഷ്ടിക്കാറുണ്ട്. ഭക്ഷണം കഴിക്കുന്ന സമയത്ത് അസഹ്യമായ നീറ്റലും വായ്പ്പുണ്ണുള്ള ഭാഗത്ത് അനുഭവപ്പെടും. ഇരുമ്പിന്റെ കുറവ്, വിറ്റാമിന്‍ ബി, സി എന്നിവയുടെ കുറവ് വായ്പ്പുണ്ണ് വരുന്നതിന് മറ്റ് പല കാരണങ്ങളാണ്. വായ്പ്പുണ്ണ് അകറ്റാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ ഉണ്ട്. തേനിന്റെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ വായ്പ്പുണ്ണിന് മികച്ചൊരു പ്രതിവിധിയാണ്. ഇത് ഈര്‍പ്പം നല്‍കുകയും വായ വരണ്ടതാക്കുന്നത് തടയുകയും ചെയ്യുന്നു. വായ്പ്പുണ്ണിന്റെ മുകളില്‍ അല്‍പ്പം തേന്‍ രണ്ടോ മൂന്നോ ദിവസം പുരട്ടാവുന്നതാണ്. വായ്പ്പുണ്ണ് ഉള്ളവര്‍ നല്ല പുളിയുള്ള മോര് കവിള്‍ കൊള്ളുന്നത് വളരെ നല്ലതാണ്. ഇത് വായ്പ്പുണ്ണ് പെട്ടെന്ന് മാറാന്‍ സഹായിക്കുന്നു. കൂടാതെ മോരില്‍ അല്‍പ്പം നാരങ്ങ നീരും ചേര്‍ക്കാവുന്നതാണ്. ബേക്കിംഗ് സോഡ കൊണ്ട് നമുക്ക് വായ്പ്പുണ്ണിനെ ഇല്ലാതാക്കാന്‍ സാധിക്കും. ബേക്കിംഗ് സോഡ പേസ്റ്റാക്കി വായ്പ്പുണ്ണുള്ള ഭാഗത്ത് പുരട്ടുക. മൗത്ത് വാഷ് ആയി ബേക്കിംഗ് സോഡ ഉപയോഗിക്കുന്നതിലൂടെ വായ്പ്പുണ്ണിനെ ഇല്ലാതാക്കാന്‍ സാധിക്കും. അല്‍പ്പം ബേക്കിംഗ് സോഡ വെള്ളത്തില്‍ നല്ല പോലെ കലര്‍ത്തി ദിവസവും മൂന്ന് നാല് നേരം വീതം വായ കഴുകുക. ഇത് വായ്പ്പുണ്ണ് വേഗത്തില്‍ ഇല്ലാതാക്കാന്‍ സഹായിക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *