പത്തനംതിട്ടയില്‍ ശശി തരൂരിനു സെമിനാര്‍ ഒരുക്കി കോണ്‍ഗ്രസ് നയരൂപീകരണ സമിതി. ഡിസംബര്‍ നാലിന് അടൂരില്‍ ‘ യങ് ഇന്ത്യ എംപവര്‍മെന്റ്’ എന്ന വിഷയത്തിലാണു സെമിനാറെന്ന് കോണ്‍ഗ്രസ് നയരൂപീകരണ സമിതി സംസ്ഥാന അധ്യക്ഷന്‍ ജെ എസ് അടൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും.
ശശി തരൂര്‍ ഇന്ന് തിരുവനന്തപുരത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കും. കത്ത് വിവാദത്തില്‍ കോര്‍പറേഷനു മുന്നില്‍ നടക്കുന്ന യുഡിഎഫ് സമരവേദിയിലും തരൂര്‍ എത്തും. ഇത്രവലിയ സമരപരിപാടികള്‍ നടന്നിട്ടും തിരിഞ്ഞുനോക്കിയില്ലെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശനമുന്നയിച്ചിരുന്നു.
കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് ശശി തരൂരിനെ പങ്കെടുപ്പിച്ചു സെമിനാര്‍ നടത്തുന്നതിനെതിരേ കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റിയുടെ തീരുമാനം തങ്ങളെ അറിയിച്ചിട്ടില്ലെന്നാണു നാട്ടകം സുരേഷിന്റെ പരാതി. യൂത്ത് കോണ്‍ഗ്രസിന്റെ നടപടിക്കെതിരേ ചിലര്‍ പരാതി തന്നിട്ടുണ്ട്. ഇതു മേല്‍ഘടകത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശശി തരൂര്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. വെള്ളിയാഴ്ച താരിഖ് അന്‍വര്‍ കേരളത്തിലേക്കെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തരൂരിനെതിരെ പരാതിയൊന്നും കിട്ടിയിട്ടില്ല. കെപിസിസി തന്നെ പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.