yt cover

തിരുവനന്തപുരം യുദ്ധക്കളം. യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ പോലീസുമായി ഏറ്റുമുട്ടി. മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമന്ന് ആവശ്യപ്പെട്ട് മന്ത്രി ഒ.ജെ. ജെനീഷ്, ഷാഫി പറമ്പില്‍ എം.പി എന്നിവര്‍ നയിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനുനേരെ യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍നിന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കുകയും കല്ലേറു നടത്തുകയും ചെയ്തതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരികെ തീപ്പന്തങ്ങളെമെറിഞ്ഞു. ഹോസ്റ്റലില്‍നിന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ബിയര്‍ കുപ്പികളെറിഞ്ഞു. സംഘര്‍ഷം രൂക്ഷമായതോടെ പോലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജു നടത്തി. കണ്ണീര്‍വാതക ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. പോലീസുകാരടക്കം നിരവധി പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവിനു പരിക്കുണ്ട്.

മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗാന്ധി ജയന്തിദിനമായ നാളെ മുതല്‍ 8 വരെ രാജ്യവ്യാപകമായി ‘സേവ് ഡെമോക്രസി മാര്‍ച്ച്’ ഉള്‍പ്പെടെ പ്രതിഷേധ പരിപാടികള്‍ നടത്താന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യം തീരുമാനിച്ചു.

മുതിര്‍ന്ന മുസ്ലീം ലീഗ് നേതാവ് എം.കെ. മുനീറിനെ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായി നിയമിക്കാന്‍ തീരുമാനമായി. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കാബിനറ്റ് പദവിയോടെയാണു തീരുമാനം.

തിരുവനന്തപുരം തമ്പാനൂരില്‍ ബിജെപി സംസ്ഥാന കാര്യാലയമായ മാരാര്‍ജി ഭവനു നേരെ ബിയര്‍ കുപ്പി എറിഞ്ഞു. ബൈക്കില്‍ എത്തിയ രണ്ട് പേരാണ് കുപ്പി എറിഞ്ഞത്. സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്നു ബിജെപി ആരോപിച്ചു. സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

തിരുവനന്തപുരം ഡിസിസി ഓഫീസിനു നേരെ ആക്രമണം നടത്തിയ പ്രതികളെ തിരിച്ചറിഞ്ഞു. ബിജെപി അനുഭാവികളായ അഡ്വ. പ്രദീപ്, ശ്രീലാല്‍ എന്നിവരാണ് ഓഫീസ് ആക്രമിച്ചത്. ബിജെപി തിരുവനന്തപുരം സൗത്ത് ജില്ല പ്രസിഡന്റിനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ഡിസിസി ഓഫീസാക്രമണം. അഡ്വ.പ്രദീപ് നെടുമങ്ങാട് ബാറിലെ അഭിഭാഷകനാണ്.

യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ പൊലീസ് കയറി വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കാന്‍ എസ്എഫ്ഐ ആഹ്വാനം ചെയ്തു. ജില്ലാ പോലീസ് മേധാവികളുടെ ഓഫീസുകളിലേക്ക് എസ്എഫ്ഐ മാര്‍ച്ച് നടത്തും. വൈകുന്നേരം അഞ്ച് മണിക്ക് വമ്പിച്ച പ്രതിഷേധത്തിനും സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.

ശബരിമലയിലെ കുത്തക ലേലത്തിന്റെ ടെന്‍ഡര്‍ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ ഹെഡ് ക്ലാര്‍ക്ക് റെജിമോനെ സസ്പെന്‍ഡ് ചെയ്തതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ അറിയിച്ചു. ഇയാളുടെ മൊബൈല്‍ ഫോണില്‍നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നത്.

കൂടുതല്‍ ആളുകളെ സാഹിത്യത്തിലേക്കു ക്ഷണിക്കുകയാണ് സാഹിത്യ അക്കാദമിയുടെ പ്രധാന ലക്ഷ്യമെന്ന് പ്രസിഡന്റായി ചുമതലയേറ്റ കല്പറ്റ നാരായണന്‍. അക്കാദമി സെക്രട്ടറിയായി എം.പി. സുരേന്ദ്രനും ചുമതലയേറ്റു. അക്കാദമി സാഹിത്യോല്‍സവം സാംസ്‌കാരികവകുപ്പിനു കീഴിലുള്ള എല്ലാ അക്കാദമികളെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളെയും കൂട്ടിയിണക്കിക്കൊണ്ടുള്ള സാംസ്‌കാരിക ഉത്സവമാക്കുമെന്നും അവര്‍ പറഞ്ഞു.

ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ആരുടെയും റേഷന്‍ കാര്‍ഡ് നഷ്ടപ്പെടില്ലെന്നും ഇ-കെവൈസി വഴി ഇവ സജീവമാക്കാമെന്നും മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.

സിപിഎം നേതൃത്വത്തിനും പ്രതിപക്ഷ നേതാവ് പിണറായി വിജയനുമെതിരെ രൂക്ഷവിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ രംഗത്ത്. കമ്മ്യൂണിസത്തിന്റെ സുഗന്ധം ഹൃദയത്തിലുള്ള ഒരാള്‍ക്കും നിലവിലെ സിപിഎമ്മില്‍ നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണെന്നും പാര്‍ട്ടിയിപ്പോള്‍ ബൂര്‍ഷ്വാ ദുര്‍ഗന്ധമാണ് വമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സാങ്കേതികവിദ്യയുടെ സഹായത്തോടെ സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാന്‍ ലക്ഷ്യമിട്ട് കേരള ഐടി മിഷന്‍ പുതിയ ഡിജിറ്റല്‍ സംരംഭങ്ങള്‍ ആരംഭിച്ചു. നമ്മുടെ കേരളം 2.0, വാട്‌സ്ആപ്പ് സര്‍വീസസ്, എഐ ചാറ്റ്ബോട്ട് തുടങ്ങിയ പൗരകേന്ദ്രീകൃത പദ്ധതികളുടെ ഉദ്ഘാടനം ഐടി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു.

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളെ മുഖ്യമന്ത്രി വി ഡി സതീശന്‍ അപലപിച്ചു. ആനാവൂര്‍ മണ്ഡലം ഓഫീസ് തീയിട്ട കേസില്‍ ഒരു ബിജെപി പ്രവര്‍ത്തകന്‍ പിടിയിലായിട്ടുണ്ട്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരത്തു സംഘര്‍ഷമുണ്ടായ യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎം നേതാക്കളായ വിഎസ് ജോയ്, വി. ശിവന്‍കുട്ടി എന്നിവരും സന്ദര്‍ശിച്ചു.

തദ്ദേശ മന്ത്രി കെ എം ഷാജിയെ യുവമോര്‍ച്ചക്കാര്‍ തടഞ്ഞു. തിരുവനന്തപുരം പാളയത്തിന് സമീപത്തെ വാന്‍ റോസ് ജങ്ഷനിലായിരുന്നു സംഭവം. യുവമോര്‍ച്ചക്കാര്‍ വാഹനം തടഞ്ഞതോടെ മന്ത്രി ഓട്ടോയില്‍ കയറി. എന്നാല്‍, മന്ത്രി കയറിയ ഓട്ടോയും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞു. പിന്നാലെ, ഒട്ടോയില്‍ നിന്നും ഇറങ്ങി മന്ത്രി നടന്നുപോയി. മന്ത്രിക്ക് പൈലറ്റും എസ്‌കോര്‍ട്ടും ഉണ്ടായിരുന്നില്ല.

ഭരിക്കുന്നവര്‍ക്കോ സര്‍ക്കാരുകള്‍ക്കോ ആവശ്യം വന്നാല്‍ തന്റെ സ്വന്തം വിമാനവും ഹെലികോപ്റ്ററും വിട്ടുനല്‍കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. അതിന് തനിക്ക് യാതൊരുവിധ പ്രത്യുപകാരത്തിന്റെയും ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കെഎസ്ആര്‍ടിസിക്ക് പുതിയ ബസ് വാങ്ങുന്നതിനായി തൃശ്ശൂര്‍ സതേണ്‍ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി 40 ലക്ഷം രൂപ നല്‍കി. സൊസൈറ്റി ചെയര്‍മാന്‍ പോള്‍സണ്‍ ചിറയത്ത് മുഖ്യമന്ത്രി വി.ഡി സതീശന് ചെക്ക് കൈമാറി. തൃശൂര്‍ ഡിപ്പോയിലേക്ക് ബസ് അനുവദിക്കണമെന്ന വ്യവസ്ഥയോടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്.

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിനിധികള്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇതോടെ സമരം തുടരാനാണ് തീരുമാനമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചു. പ്രധാന ആവശ്യമായ 1 : 25 എന്ന അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയെന്നും സമരക്കാര്‍ പറഞ്ഞു.

വിഴിഞ്ഞം നാവായിക്കുളം ഔട്ടര്‍ റിങ് റോഡ് യാഥാര്‍ഥ്യത്തിലേക്ക്. റിംഗ് റോഡിനുള്ള പാരിസ്ഥിതിക അനുമതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അംഗീകാരം നല്‍കി.

പാലാ നഗരസഭയില്‍ കൗണ്‍സില്‍ യോഗത്തിനിടെ ചെയര്‍പേഴ്സന്‍ മായ രാഹുലിന്റെ മൈക്ക് കൗണ്‍സിലര്‍ ബിനു പുളിക്കകണ്ടം തട്ടി തെറിപ്പിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്തില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം.

തിരുവനന്തപുരത്ത് നിയന്ത്രണംവിട്ട ബൈക്ക് റോഡരികിലെ വൈദ്യുതത്തൂണിലിടിച്ചുണ്ടായ അപകടത്തില്‍ സുഹൃത്തുക്കളായ യുവാവും യുവതിയും മരിച്ചു. പെരിങ്ങമല സ്വദേശി സുജി (26), സുഹൃത്തായ അര്‍ച്ചന രാജ് (27) എന്നിവരാണ് മരിച്ചത്.

പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പോരായ്മകളില്‍ അതൃപ്തിയറിയിച്ച് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗത്തില്‍ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന് മന്ത്രി വിമര്‍ശിച്ചു. ഓരോ ജില്ലകളിലെയും പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു.

ഗാന്ധി ജയന്തിയോടനുബന്ധിച്ചുള്ള തിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ. തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കുമാണ് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചിട്ടുള്ളത്.

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമര്‍ശനവുമായി പി ജയരാജന്‍. അച്ഛന്‍ നവോത്ഥാന സമിതി അധ്യക്ഷനാകുമ്പോള്‍ മകന്‍ ബിജെപി സഖ്യ നേതാവാകുന്നതിലെ വൈരുധ്യം അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്ലീങ്ങളെ വെള്ളാപ്പള്ളി ബോധപൂര്‍വം മാറ്റിനിര്‍ത്തുകയാണെന്നും ജയരാജന്‍ വിമര്‍ശിച്ചു

വാഹനാപകടത്തില്‍ മരിച്ച സിനിമ-ടിവി താരം കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം. കോട്ടയം മോട്ടോര്‍ ആക്സിഡന്റ്സ് ക്ലെയിംസ് ട്രിബ്യൂണല്‍ കോടതിയാണ് സുധിയുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.

ദേശീയതലത്തില്‍ ഇന്ത്യ സഖ്യത്തിലെ കക്ഷികള്‍ പരസ്പരം പോരടിക്കരുതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. സംസ്ഥാനതലത്തില്‍ ഇന്ത്യ സഖ്യത്തിലെ കക്ഷികള്‍ തമ്മില്‍ പല അഭിപ്രായ വ്യത്യാസങ്ങളും കാണും. എന്നാല്‍, അതൊരിക്കലും ദേശീയതലത്തില്‍ പ്രതിഫലിക്കരുതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം പ്രഖ്യാപിച്ച മാര്‍ച്ചിനെ ബിജെപി രൂക്ഷമായി പരിഹസിച്ചു. സ്റ്റാലിനും കെജ്രിവാളും പങ്കെടുക്കാത്തത് ചൂണ്ടിക്കാട്ടി, സഖ്യത്തിന് രാഹുല്‍ ഗാന്ധിയോട് വിശ്വാസമില്ലെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ ആരോപിച്ചു.

ഉത്തര്‍പ്രദേശിലെ എല്ലാ കേസ് അന്വേഷണങ്ങളും ഏറ്റെടുക്കാന്‍ സി.ബി.ഐയോട് ആവശ്യപ്പെടേണ്ടിവരുമെന്ന് സുപ്രീംകോടതി. ഒരു ക്രിമിനല്‍ കേസ് അന്വേഷണത്തിലെ ഉത്തര്‍പ്രദേശ് പൊലീസിന്റെ നടപടികളില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വാക്കാലുള്ള നിരീക്ഷണം.

മംഗളൂരു റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സിലെ ഹൈഡ്രോ സള്‍ഫര്‍ ട്രീറ്റ്മെന്റ് യൂണിറ്റില്‍ വന്‍ സ്ഫോടനവും തീപിടിത്തവും. രണ്ട് തൊഴിലാളികള്‍ക്ക് പൊള്ളലേല്‍ക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഫയര്‍ഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാപാര ബന്ധം അടക്കം ചര്‍ച്ചയായതായി പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യ-അമേരിക്ക ബന്ധം മുന്നോട്ട് കൊണ്ടുപോകുമെന്ന് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് വിമാനത്തില്‍ വിമാനം റാഞ്ചിയാല്‍ ലഭിക്കുന്ന സന്ദേശം ലഭിച്ചതിനാലാണ് സൗദി അറേബ്യയില്‍ അടിന്തര ലാന്‍ഡിംഗ് നടത്തിയതെന്ന് റിപ്പോര്‍ട്ട്. പൈലറ്റുമാരില്‍ ഒരാളാണ് റാഞ്ചാന്‍ ശ്രമിക്കുകയും സഹപൈലറ്റായ ഇന്ത്യന്‍ വംശജന്‍ സ്മിത് മച്ചാറിനെ ആക്രമിക്കുകയും ചെയ്തു. ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിന്റെ ഇടപെടലാണ് 174 യാത്രക്കാര്‍ക്കാരുടെ ജീവന്‍ രക്ഷിച്ചത്. യാത്രക്കാരില്‍ ഏറേയും ഇസ്രേലികളായിരുന്നു. റാഞ്ചികളെ നേരിടാന്‍ ഇസ്രയേല്‍ യുദ്ധവിമാനങ്ങളേയും സൈനികരേയും സജ്ജമാക്കിയിരുന്നു.

വിമാനത്തിനുള്ളിലുണ്ടായ മാരകമായ ആക്രമണത്തെ ധീരമായി ചെറുത്ത് 174 ജീവനുകള്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന് ആദരമറിയിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അക്രമിയുടെ കുത്തേറ്റതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റിട്ടും തളരാതെ പോരാടിയ സ്മിത് മച്ചാറിന്റെ അസാമാന്യ ധീരത വലിയൊരു ദുരന്തമാണ് ഒഴിവാക്കിയതെന്ന് നെതന്യാഹു വ്യക്തമാക്കി.

യുദ്ധം അവസാനിപ്പിക്കാനുള്ള നിര്‍ദേശങ്ങളോട് അമേരിക്കയുടെ നിലപാട് പരിശോധിച്ച് ഇറാനെടുക്കുന്ന തീരുമാനം നിര്‍ണായകമാകും. യുദ്ധം തീര്‍ക്കാന്‍ ഇറാന്റെ നിര്‍ദേശത്തോട് അമേരിക്ക പ്രതികരിച്ചിരിക്കുന്നു. ഇനി ഇറാന്റെ ഊഴമാണെന്നതിനാല്‍ തന്നെ ടെഹ്റാനിലെ ചര്‍ച്ചകളിലേക്ക് ലോകവും ഉറ്റുനോക്കുകയാണ്.

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യ ഫൈനലില്‍. ദക്ഷിണ കൊറിയയെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം. 44ാം മിനിറ്റില്‍ ഇഷിക ചൗധരിയും 48-ാം മിനിറ്റില്‍ സലീമ ടിറ്റേയും ഇന്ത്യക്കായി ഗോള്‍ കണ്ടെത്തി. ചാമ്പ്യന്‍മാരായ ചൈനയാണ് വെള്ളിയാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍.

ഒമാന്‍ പര്യടനത്തിലെ അവസാന മത്സരത്തിലും കേരളത്തിന് വിജയം. ട്വന്റി-20 മത്സരത്തില്‍ 25 റണ്‍സിനാണ് കേരളം ഒമാനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാന്‍ 18.4 ഓവറില്‍ 190 റണ്‍സിന് ഓള്‍ഔട്ടായി. ക്യാപ്റ്റന്‍ കൃഷ്ണപ്രസാദിന്റെയും രോഹന്‍ നായരുടെയും ഉജ്ജ്വല ബാറ്റിങ്ങും അഖില്‍ സ്‌കറിയയുടെ അഞ്ച് വിക്കറ്റ് പ്രകടനവുമാണ് കേരളത്തിന് വിജയമൊരുക്കിയത്.

വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ 406 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്ന് ടീം ഇന്ത്യ. 133 പന്തില്‍ പുറത്താവാതെ 223 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റെ ഇരട്ട സെഞ്ചുറിയും 101 റണ്‍സെടുത്ത രോഹിത് ശര്‍മയുടെ സെഞ്ചുറിയുമാണ് ഇന്ത്യക്ക് അവിശ്വസനീയ വിജയം സമ്മാനിച്ചത്. 43.3 ഓവറില്‍ ഇന്ത്യ ലക്ഷ്യം മറികടക്കുകയായിരുന്നു. നേരത്തെ ജോണ്‍ കാംപെല്‍, ഷായ് ഹോപ്, ആമിര്‍ ജങ്കൂ എന്നിവരുടെ സെഞ്ചുറിയുടെ പിന്‍ബലത്തിലാണ് വിന്‍ഡീസ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു.

ആഗോള കടപ്പത്ര വിപണിയില്‍ വില്‍പ്പനസമ്മര്‍ദം തുടരുന്നതിനിടെ യു.എസ്. ട്രഷറി ആദായം റെക്കോഡ് ഉയരത്തിലെത്തി. 30 വര്‍ഷ കാലാവധിയുള്ള കടപ്പത്ര ആദായം 5.61 ശതമാനമെന്ന നിര്‍ണായകപരിധി പിന്നിട്ടു. 2002-നുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2008-ലെ ആഗോള സാസാമ്പത്തിക പ്രതിസന്ധിക്കും കോവിഡ് മഹാമാരിക്കും ശേഷമുണ്ടായ ‘കുറഞ്ഞ പലിശനിരക്കിന്റെ കാലഘട്ടം’ അവസാനിക്കുന്നതിന്റെ സൂചനയായി ഇതിനെ കാണാം. 32 ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള അമേരിക്കന്‍ ട്രഷറി വിപണിയില്‍ മാസങ്ങളായി തുടരുന്ന തകര്‍ച്ച, ആഗോള ധനകാര്യക്രമത്തില്‍ മാറ്റങ്ങള്‍ക്കിടയാക്കുകയാണ്. വരും മാസങ്ങളിലും പലിശനിരക്ക് ഉയര്‍ന്നനിലവാരത്തില്‍ തുടരുമെന്ന നിഗമനമാണ് വിപണിയെ അസ്ഥിരതയിലേക്ക് നയിക്കുന്നത്. ആഗോള സാമ്പത്തിക സാഹചര്യമാണ് കടപ്പത്രങ്ങളുടെ വിലവര്‍ധനയ്ക്കും ഇടിവിനും കാരണമാകുന്നത്. ഇന്ധനവിലവര്‍ധന ആഗോളതലത്തില്‍ വിലക്കയറ്റഭീഷണി രൂക്ഷമാക്കുന്നു.

ഇന്ത്യയില്‍ ആപ്പിള്‍ പേ സേവനം ഔദ്യോഗികമായി അവതരിപ്പിച്ചു. ഐഫോണ്‍, ഐപാഡ്, ആപ്പിള്‍ വാച്ച് ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ പേമെന്റുകള്‍ നടത്താന്‍ സഹായിക്കുന്ന പേമെന്റ് സംവിധാനമാണ് ആപ്പിള്‍ പേ. നിലവില്‍ ആക്സിസ് ബാങ്കിന്റെ വിസ, മാസ്റ്റര്‍കാര്‍ഡ് ക്രെഡിറ്റ് കാര്‍ഡുകളാണ് ആപ്പിള്‍ പേയില്‍ ഉപയോഗിക്കാനാകുക. ഇന്ത്യയിലെ മാക് ഉപകരണങ്ങളിലും വൈകാതെ ആപ്പിള്‍ പേ സൗകര്യം ലഭ്യമാക്കും. ആപ്പിള്‍ പേ ഉപയോഗിച്ച് ക്രെഡിറ്റ് കാര്‍ഡ് വഴി പേമെന്റ് നടത്തുമ്പോള്‍ ഓരോ ഇടപാടിനും കാര്‍ഡ് പിന്‍ നമ്പറോ ഒടിപിയോ നല്‍കേണ്ടതില്ല. പിഒഎസ് മെഷീനുകള്‍ക്ക് സമീപത്ത് ഐഫോണ്‍ വച്ച് എന്‍എഫ്സി വഴി കോണ്‍ടാക്റ്റ്‌ലെസ് പേമെന്റും നടത്താം. ഉപയോക്താക്കളുടെ കാര്‍ഡ് നമ്പറുകള്‍ ഉപകരണത്തിലോ ആപ്പിളിന്റെ സെര്‍വറുകളിലോ സൂക്ഷിക്കില്ലെന്നാണ് കമ്പനിയുടെ വിശദീകരണം.

‘ജയിലര്‍ 2’ സിനിമയിലെ പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ പുറത്തുവിട്ടു. ‘വണ്‍ നെയിം’ എന്ന ഗാനം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ട്രെന്‍ഡിങ് ആയി. സംഗീതം – അനിരുദ്ധ്, വരികള്‍ – സൂപ്പര്‍ സുബു. ‘ജയിലര്‍ 2’ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചുകൊണ്ടുള്ള വിഡിയോയിലൂടെ ആരാധകര്‍ക്ക് ആവേശമായ ബിജിഎം ഉള്‍പ്പെടുന്നതാണ് ‘വണ്‍ നെയിം’ ഗാനം. ‘ജയിലറി’ലെ ചില ഐക്കണിക് സീനുകളും ലിറിക്കല്‍ വിഡിയോയില്‍ ചേര്‍ത്തിട്ടുണ്ട്. ഒക്ടോബര്‍ 15ന് ആണ് ‘ജയിലര്‍ 2’ സിനിമയുടെ റിലീസ്. ചിത്രത്തിന്റെ ക്യാരക്ടര്‍ ടീസറുകളും സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. സുരാജ് വെഞ്ഞാറമ്മൂട്, വിദ്യ ബാലന്‍, എസ്.ജെ സൂര്യ, ഹക്കിം ഷാജഹാന്‍, കോട്ടയം നസീര്‍, മിര്‍ണ, സുജിത് ശങ്കര്‍, സുനില്‍ സുഗദ, ഷംന കാസിം, രാജേഷ് മാധവന്‍ എന്നീ മലയാളി താരങ്ങളും ചിത്രത്തിലുണ്ട്.

വിശാല്‍ ചതുര്‍വേദി രചനയും സംവിധാനവും നിര്‍വ്വഹിച്ച് നിര്‍മ്മിച്ച ‘ഹനുമാന്‍ അന്‍ഷ്’ ആഗോള ബോക്സ് ഓഫീസില്‍ വമ്പന്‍ കളക്ഷനുമായി മുന്നേറുന്നു. കേവലം 2 കോടി മാത്രം മുതല്‍ മുടക്കി ചിത്രീകരിച്ച സിനിമ ആഗോള ബോക്സ് ഓഫീസില്‍ നിന്നും 411 കോടിയാണ് ഇതുവരെ നേടിയത്. റിലീസ് ചെയ്ത 51 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. ഹനുമാന്‍ ഭക്തനും ഹിന്ദു ഗുരുവുമായ നീം കരോലി ബാബയുടെ ജീവിതം പറയുന്ന ചിത്രമാണിത്. ഡിവോഷണല്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തിന്റെ റിലീസ് ഓഗസ്റ്റ് 7 ന് ആയിരുന്നു. നീം കരോലി ബാബയെക്കുറിച്ച് താന്‍ തന്നെ എഴുതിയ ഡിവൈന്‍ ഡിടൂര്‍: ദാറ്റ് ചേഞ്ച്ഡ് മൈ ലൈഫ് എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ഡോ. വിശാല്‍ ചതുര്‍വേദി ചിത്രം ഒരുക്കിയിരിക്കുന്നത്. ഷോഭിനവ് സത്യയാണ് നീം കരോലി ബാബയാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്.

സ്റ്റൈലിഷ് ഡിസൈനും ശക്തമായ എഞ്ചിനുമായി ഹോണ്ടയുടെ സ്റ്റൈലോ 160 സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയിലും അവതരിപ്പിക്കാന്‍ ഹോണ്ട. ആകര്‍ഷകമായ രൂപകല്‍പ്പനയാണ് സ്റ്റൈലോ 160ന്റെ പ്രധാന പ്രത്യേകത. വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലാമ്പ്, ഒഴുകുന്ന തരത്തിലുള്ള ഫ്രണ്ട് ഏപ്രണ്‍, കോംപാക്ട് ടെയില്‍ വിഭാഗം, വ്യക്തമായ സൈഡ് പാനലുകള്‍, 12 ഇഞ്ച് വീലുകള്‍ എന്നിവയാണ് സ്‌കൂട്ടറിന്റെ ഡിസൈന്‍ സവിശേഷതകള്‍. സാഹസിക ബൈക്കുകളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട രൂപകല്‍പ്പനയാണ് സ്റ്റൈലോ 160ന് നല്‍കിയിരിക്കുന്നത്. 2026 മോഡലിന് ഗ്ലാം ഗ്രേ, റോയല്‍ വയലറ്റ് എന്നീ രണ്ട് പുതിയ നിറങ്ങളാണ് ലഭിക്കുന്നത്. പ്രത്യേക ബര്‍ഗണ്ടി എബിഎസ് പതിപ്പും മോഡല്‍ നിരയില്‍ തുടരുന്നു. ഹോണ്ടയുടെ ഇന്ത്യയിലെ നിലവിലെ 110 സിസി, 125 സിസി സ്‌കൂട്ടറുകളേക്കാള്‍ ശേഷിയേറിയ എഞ്ചിനാണ് സ്റ്റൈലോ 160ല്‍ ഉപയോഗിക്കുന്നത്.

വിശുദ്ധപാപങ്ങളുടെ ഇന്ത്യയ്ക്കും മതപ്പാടുകള്‍ക്കും ശേഷം നടത്തിയ ചില അന്വേഷണാത്മക യാത്രകള്‍. ആരാണ് നമ്മുടെ അതിരുകള്‍ നിശ്ചയിച്ചത്? ആ അതിരുകള്‍ക്കുള്ളില്‍ നാം ഒറ്റ ജനതയാണോ? അതിര്‍ത്തികള്‍ തേടിയും അതിരുകള്‍ക്കകത്ത് അന്യരാക്കപ്പെട്ടവരെ തേടിയുമുള്ള സഞ്ചാരങ്ങള്‍… ഭരണകൂടം തന്നെ മനുഷ്യരെ വേട്ടയാടാന്‍ ഒത്താശ ചെയ്തതിന്റെ കാഴ്ചകള്‍… കൂടെ, അതിരുകടന്ന ചില ആഘോഷങ്ങളും അന്വേഷണങ്ങളും… ഇന്ത്യയെ കണ്ടെത്താന്‍ ഒരു പത്രപ്രവര്‍ത്തകന്‍ നടത്തിയ ചില അതിരുകടന്ന യാത്രകളുടെ പുസ്തകം. ‘അതിരുകടന്ന യാത്രകള്‍’. അരുണ്‍ എഴുത്തച്ഛന്‍. മാതൃഭൂമി. വില 208 രൂപ.

പുരുഷന്മാര്‍ക്കിടയില്‍ അര്‍ബുദനിരക്കുകള്‍ കൂടുന്നതിനേക്കുറിച്ച് വിശകലനം ചെയ്ത് പഠനം. ജാമാ ഓങ്കോളജിയിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചൈനയിലെ ഷാങ്ഹായ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നില്‍. ചൈന, യുകെ എന്നീ രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള ഡേറ്റയുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്. അര്‍ബന്‍ ഷാങ്ഹായില്‍ നിന്നുള്ള 134,742 പേരുടെയും യുകെ ബയോബാങ്കിലെ 22 ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നുള്ള 455,024 പേരുടെയും വിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. ലിംഗഭേദമില്ലാതെ സ്ഥിരീകരിക്കുന്ന 34 തരം അര്‍ബുദങ്ങളെ പരിശോധിച്ചാണ് പഠനം നടത്തിയത്. പുരുഷന്മാരില്‍ കാന്‍സര്‍ കേസുകള്‍ കൂടുന്നതില്‍ ജനിതകഘടകങ്ങള്‍ മുതല്‍ പാരിസ്ഥിതിക ഘടകങ്ങള്‍ വരെ കാരണമാകുന്നുവെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. പുകവലി, മദ്യപാനം, ഭക്ഷണക്രമം, ചില ആരോഗ്യസ്ഥിതികള്‍ തുടങ്ങിയ 11 അപകടസാധ്യതാഘടകങ്ങള്‍ വിലയിരുത്തിയാണ് പഠനം നടത്തിയത്. അര്‍ബുദനിരക്കിലുള്ള വ്യത്യാസത്തിന് പ്രധാനകാരണമാകുന്നത് ജീവിതശൈലിയാണെന്ന് ഗവേഷകര്‍ പറയുന്നു. പുകവലിയാണ് അതില്‍ ഏറ്റവും വലിയ ഘടകം. ഇതുകൂടാതെ മദ്യപാനവും കാരണമാകുന്നുവെന്ന് കണ്ടെത്തി. ഇവയ്ക്കു പുറമേ വിട്ടുമാറാത്ത കരള്‍ രോഗങ്ങളും പഴങ്ങളുടെ കുറഞ്ഞ ഉപഭോഗവും പുരുഷന്മാരിലെ കാന്‍സര്‍ നിരക്ക് കൂട്ടുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.

ശുഭദിനം
കവിത കണ്ണന്‍
വീട്ടിലേക്കു നടക്കുന്നതിനിടയിലാണ് വഴിയരികിലെ വൃക്ഷത്തണലില്‍ ഇരുന്ന് ഭക്ഷണപൊതിയഴിച്ച് കൈകൂപ്പി പ്രാര്‍ത്ഥിക്കുന്ന ഒരു വൃദ്ധനെ യുവാവ് കണ്ടത്. ഇത് കണ്ട് അടുത്തു ചെന്ന യുവാവ് താങ്കള്‍ക്ക് സുഖമാണോ എന്ന് ചോദിച്ചു. പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: കാഴ്ച തീരെ മങ്ങി, കേള്‍വിയും കുറഞ്ഞു. എന്നിട്ടും നിങ്ങള്‍ സന്തോഷവാനാണല്ലോ? യുവാവ് ചോദിച്ചു. അപ്പോള്‍ അയാള്‍ പറഞ്ഞു: വിശപ്പകറ്റാന്‍ ഭക്ഷണവും, തണുപ്പകറ്റാന്‍ വസ്ത്രവും കിട്ടുന്നുണ്ട്. അതുപോരേ… അതും പറഞ്ഞ് അയാള്‍ ഭക്ഷണപൊതിയില്‍ നിന്നും കഴിക്കാന്‍ തുടങ്ങി. അതില്‍ രണ്ടു റൊട്ടിയും കുറച്ച് ഉരുളക്കിഴങ്ങുമാണ് ഉണ്ടായിരുന്നത്. അപ്പോള്‍ യുവാവ് ചോദിച്ചു: ഇത് കഴിക്കാന്‍ വേണ്ടിയാണോ അങ്ങ് കൈകൂപ്പിയത്… ്ഇതുപോലും കിട്ടാത്ത ദിവസങ്ങളിലൂടെ കടന്നുപോയവര്‍ക്കേ ഇതിന്റെ വില മനസ്സിലാകൂ.. അദ്ദേഹം തന്റെ ഭക്ഷണം സന്തോഷത്തോടെ കഴിച്ചുതീര്‍ത്തു.. ജീവിത്തോട് കാട്ടേണ്ട രണ്ട് കടമകളുണ്ട്. ആനന്ദപൂര്‍ണ്ണമാകുക, കൃതജ്ഞതയോടെയിരിക്കുക. സന്തോഷിക്കാനുളള കാരണമന്വേഷിച്ചുനടന്നാല്‍ ഒരിക്കലും അത് കണ്ടെത്താനാകില്ല.. ഒരു രാത്രികൂടി സമാധാനത്തോടെ നാം ഉറങ്ങിയില്ലേ.. ഒരു സൂര്യോദയം കൂടി കണ്ടില്ലേ.. ഒരു നേരത്തെ വിശപ്പുമാറിയില്ലേ.. ഒരു ജോടി വസ്ത്രം കയ്യിലില്ലേ.. കയറിക്കൂടാന്‍ ഒരിടമെങ്കിലുമില്ലേ.. തനിക്ക് ഊര്ജ്ജം പകര്‍ന്നുതരുന്ന നല്ല ഓര്‍മ്മകളില്ലേ.. ഇതെല്ലാം നമുക്ക് സന്തോഷിക്കാനുളള കാരണമാണ്.. കാരണം ഇതൊന്നുപോലും ഇല്ലാത്തവരും ഈ ലോകത്ത് ധാരാളമുണ്ട്.. എല്ലാറ്റിനേയും ഉള്‍ക്കൊണ്ട് ജീവിക്കുന്നവര്‍ക്കാണ് ഏത് നിമിഷത്തേയും ആനന്ദകരമാക്കാന്‍ സാധിക്കുക. ചിലപ്പോള്‍ ചില അവസ്ഥകളെല്ലാം ചില നന്മക്ക് വേണ്ടിയുളള ഒരുക്കങ്ങളാകാം… സ്വന്തം ജീവിതത്തിലേക്ക് മാത്രം ചുരുങ്ങിക്കൂടുന്നത് കൊണ്ടാണ് അവനവന്റേതാണ് ഏറ്റവും വലിയ ദുരവസ്ഥയെന്ന് ചിന്തിക്കുന്നത്… ഇടയ്ക്കൊക്കെ ചുറ്റുമൊന്ന് നോക്കിയാല്‍ ആ കാഴ്ചപ്പാട് തന്നെ മാറിക്കിട്ടും.. – ശുഭദിനം.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *