മുത്തപ്പന് തട്ടിയെറിഞ്ഞ മിഴാവുകളിലൊന്ന് വീണയിടമാണ് മിഴാവ്കുന്നെന്ന് പഴമക്കാര്‍ പറഞ്ഞു പോന്നു. ആ ദേശവും അവിടുത്തെ നാനാ ജാതി മനുഷ്യരും ഇപ്പോഴിതാ ഒരു നോവലിന്റെ ഫ്രയിമില്‍ നിന്നും നമ്മെ അഭിമുഖീകരിക്കുന്നു. തേയ്മാനം വന്ന നാട്ടുഭാഷയെ ചിന്തേരിട്ട് വിളക്കുന്നു. മാഞ്ഞുപോയ വാമൊഴികള്‍ നിവര്‍ത്തിയെടുക്കുന്നു. കര്‍ഷകര്‍, ആശാരിമാര്, ഈര്ച്ചക്കാര്, മീന്‍ കച്ചവടക്കാര്‍, പാട്ടക്കാര്, വണ്ണാത്തികള്‍, ഏറ്റുകാര്‍, തെയ്യക്കാര്‍, വിപ്ലവകാരികള്‍, സാംസ്കാരിക പ്രവര് ത്തകര്, എന്നിങ്ങനെ ഒരു നിമഗ്ന ജനത മിഴാവ്കുന്നിലുണ്ട്. പുത്തരിവെള്ളാട്ടവും, പൈങ്കുറ്റിയും, പൊരപുതയ്ക്കലും, കശുമാങ്ങാവാറ്റും, വെള്ളരിനാടകവും, നെല്ല് മൂര്‍ച്ചയും, കരിയാ പോതിയും, പോതിക്കുണ്ടും, പുനം കൃഷിയും രാവെഴുത്തും, തിരണ്ടു കല്യാണവും, അരേക്കെട്ടും, പനമുകളിലെ ദൈവവും എല്ലാം ഇതിലുണ്ട്. ‘മിഴാവ്കുന്ന്’. രണ്ടാം പതിപ്പ്. മനീഷ് മുഴക്കുന്ന്. കൈരളി ബുക്സ്. വില 332 രൂപ.
