‎സംസ്ഥാനത്തെ ഭിന്നശേഷി സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. നൂറിലധികം കുട്ടികൾ പഠിക്കുന്ന സ്‌കൂളുകൾക്കാണ് പദവി നൽകുക. ഭിന്നശേഷി കുട്ടികളുടെ കാര്യത്തിൽ ഒരു ധന പ്രതിസന്ധിയും വകവയ്ക്കില്ലെന്നും എത്ര പണം വേണമെങ്കിലും മാറ്റി വയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

‎

‎ആസൂത്രണ ബോർഡ് പരീക്ഷയിൽ 10 ചോദ്യങ്ങൾ മൂല്യനിർണയം നടത്താത്തതിൽ തനിക്ക് പങ്കില്ലെന്ന് അഡീഷണൽ സെക്രട്ടറി ആർ ഹരി. ചുമതല, ഡെപ്യൂട്ടി സെക്രട്ടറി സതീഷിനായിരുന്നു. മൂല്യനിർണയം നടത്താതെ ചോദ്യങ്ങൾ ഒഴിവാക്കിയത് അറിഞ്ഞിരുന്നില്ലെന്നാണ് ഹരിയുടെ മൊഴി. എന്നാൽ മൊഴി ക്രൈംബ്രാഞ്ച് വിശ്വാസത്തിലെടുത്തിട്ടില്ല.

‎

‎കാലിക്കറ്റ് സർവകലാശാലയിൽ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ഡോക്ടർ റഷീദ് അഹമ്മദിനെ പ്രോ വി സി ആയി നിയമിച്ചതിൽ വിശദീകരണം ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കത്ത്. സർക്കാർ മുൻകൂർ അനുമതിയില്ലാതെ എങ്ങനെ പ്രൊ വൈസ് ചാൻസിലറായെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചോദ്യം.

‎

‎അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമ കേസിൽ അറസ്റ്റ് ഒഴിവാക്കാൻ പ്രതികളായ ശ്രീനാദേവി കുഞ്ഞമ്മയും ഫെനി നൈനാനും മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഎം അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കും.

‎

‎സ്ത്രീശക്തി ലോട്ടറി ടിക്കറ്റ് ഇരട്ടിപ്പിൽ, ലോട്ടറി ഡയറക്ടറേറ്റിന്റെ വിചിത്ര നടപടി. പിഴവ് ചൂണ്ടിക്കാണിച്ച ലോട്ടറി ഏജൻ്റുമാരുടെ ഏജൻസി സസ്പെൻഡ് ചെയ്തു. പൊതുമധ്യത്തിൽ അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ബിജു എസ് ( Q 4045), സന്തോഷ് ആർ ( Q 61 12 ) എന്നീ രണ്ട് ലോട്ടറി ഏജന്റുമാരുടെ ഏജൻസികളെയാണ് സസ്പെൻഡ് ചെയ്തത്.

‎

‎കാലടി സർവകലാശാലയിലെ പരീക്ഷ വിവാദത്തിൽ സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി. കേസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തന്നെ പരിഗണിക്കട്ടെയെന്ന് സുപ്രീം കോടതി പറഞ്ഞു. സര്‍വകലാശാലകളില്‍ പാലിക്കേണ്ട അച്ചടക്കമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, കേസ് സിംഗിൾ ബെഞ്ച് പരിഗണിക്കട്ടെയെന്ന് ഉത്തരവിട്ടു.

‎

‎മുഖ്യമന്ത്രി വി ഡി സതീശൻ മുൻ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ അടിമയാണെന്നും സംഘി മുഖ്യമന്ത്രിയെപ്പോലെയാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും സിപിഎം നേതാവ് പി രാജീവ്. സംസ്കൃത സർവകലാശാലയിൽ വഴിതടഞ്ഞതിന്റെ പേരിലാണ് വിദ്യാർഥികൾക്കെതിരേ ആദ്യം കേസെടുത്തത്. അത് പിന്നീട് എങ്ങനെയാണ് വിസിയെ കൈയേറ്റം ചെയ്ത കേസായി എന്നും പി രാജീവ് ചോദിച്ചു.

‎

‎ആസൂത്രണ ബോർഡിൽ വിഷയ വിദഗ്‌ധരായ സ്‌ത്രീകളെ ഉൾപ്പെടുത്താത്തതിൽ മന്ത്രി ബിന്ദു കൃഷ്‌ണ അതൃപ്‌തി രേഖപ്പെടുത്തി. മന്ത്രിമാരെ ഉൾപ്പെടുത്തിയ നടപടി മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യുമെന്ന് അവർ വ്യക്തമാക്കി. വനിതകളെ അംഗങ്ങളാക്കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു കൃഷ്ണ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.

‎

‎കരിപ്പൂർ വിമാനത്താവളത്തിലെ തട്ടിക്കൊണ്ടുപോകലിൽ വീണ്ടും ട്വിസ്റ്റ്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് നിരപരാധിയാണെന്ന് പൊലീസ്. യുവതിയെ തട്ടിക്കൊണ്ടുപോയി സ്വർണം തട്ടിയെടുക്കാനുള്ള നാടകത്തിൽ ഭർത്താവിന് പങ്കില്ലെന്നാണ് പൊലീസ് പറയുന്നത്. ഇതോടെ ഭർത്താവിനെ കേസിൽ പ്രതിചേർക്കാതെ വിട്ടയച്ചു.

‎

‎വിവാദമായ മണിയൂർ പോക്സോ കേസിൽ അറസ്റ്റിലായ പ്രവാസി വ്യവസായിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. വടകര ബാങ്ക് റോഡിലെ ചങ്ങരോത്ത് അബ്ദുൾ റഫീഖിനെ (48) കോഴിക്കോട് റൂറൽജില്ലാ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസമാണ് പിടികൂടിയത്.

‎

‎പാങ്ങപ്പാറ അഭിരാം കൊലക്കേസിൽ പ്രതിയായ ഉമറിന്റെ പെൺസുഹൃത്തും കസ്റ്റഡിയിൽ. പ്രതികളുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. കൊലപാതകസമയത്ത് ഒന്നാം പ്രതിയായ 17കാരൻ ധരിച്ചിരുന്ന വസ്ത്രം വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.  കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള പ്രതിയാണ് ഉമർ.

‎

‎

‎ബാറുകൾക്ക് ലൈസൻസ് നൽകിയ സംഭവത്തിൽ വിമർശനവുമായി സമസ്ത കാന്തപുരം മുഖപത്രം. സർക്കാർ തീരുമാനം കാറ്റിൽ പറത്തുന്ന ഉദ്യോഗസ്ഥ നടപടി അധികാര ലംഘനമാണെന്നും മുൻ സർക്കാരിന്റെ ചട്ടങ്ങളിലെ പിഴവുകൾ മുതലെടുത്തെന്നും സിറാജ് ദിനപത്രത്തിൽ പറയുന്നു.

‎

‎പൊലീസ് അസോസിയേഷന്റെ ഔദ്യോഗിക ഗ്രൂപ്പ് നിലനിൽക്കെ ” ഇടുക്കി ജില്ലയിൽ പൊലീസ് ഉദ്യോഗസ്ഥർ സമാന്തര വാട്ട്സ് ആപ്പ് കൂട്ടായ്മ നീലക്കുപ്പായം എന്ന പേരിൽ രൂപീകരിച്ചു. കോൺഗ്രസ് അനുഭാവ നിലപാടുളള ഉദ്യോഗസ്ഥരാണ് നീലക്കുപ്പായം എന്ന ഗ്രൂപ്പിലുള്ളത്.

‎

‎ചേർത്തല താലൂക്ക് ഓഫീസ് കെട്ടിടത്തിന്‍റെ സീലിങ് അടർന്നുവീണു. ലാൻഡ് റവന്യു തഹസിൽദാരുടെ കീഴിലുള്ള ഹൗസിങ് സെക്ഷനിലാണ് ബുധനാഴ്ച രാവിലെ പത്തിനുശേഷം അപകടമുണ്ടായത്. കമ്പ്യൂട്ടറിന് മുകളിലേക്കടക്കം കോൺക്രീറ്റ് പാളികൾ അടർന്നുവീണെങ്കിലും ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

‎

‎വിവാഹ വാഗ്ദാനം നല്‍കി യുവാവില്‍ നിന്ന് 20.81 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ യുവതിക്കെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം കഠിനംകുളം സ്വദേശിനി എച്ച്.എം ഹൈമക്കെതിരെയാണ് കേസെടുത്തത്. കക്കോടി സ്വദേശിയായ യുവാവിന്‍റെ പരാതിയിലാണ് നടപടി.

‎

‎പോളിസി റദ്ദാക്കാന്‍ ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടിട്ടും വിവരം ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയ ബാങ്ക് 2,64,909 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. മമ്പാട് സ്വദേശികളായ നൗഷീര്‍, ജസീമ എന്നിവര്‍ നിലമ്പൂര്‍ എസ് ബി ഐക്ക് എതിരെ സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്‍റെ നിര്‍ണായക വിധി.

‎

‎തൃശൂർ പുതുക്കാട് എ.ടി.എം കട്ടർ ഉപയോഗിച്ച് തകർത്ത് പണം കവരാൻ ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക ബാധ്യത തീർക്കാൻ മോഷണത്തിന് ശ്രമിച്ച കല്ലൂർ സ്വദേശി ജിതിനാണ് പിടിയിലായത്. കട്ടർ ഉപയോഗിക്കുന്നതിലെ പരിചയക്കുറവും സി.സി.ടി.വി ദൃശ്യങ്ങളുമാണ് പ്രതിയെ കുടുക്കാൻ പോലീസിനെ സഹായിച്ചത്.

‎

‎ചേരാനല്ലൂരിൽ 17-കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം പ്രതിയായ അഡീഷണൽ ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് ഹൈക്കോടതിയെ സമീപിച്ചു. ജഡ്ജി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നും കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും കുടുംബം ആരോപിക്കുന്നു.

‎

‎കോറോ ഹെൽത്ത് എന്ന അമേരിക്കൻ കമ്പനിയിൽ നിന്നും പിരിച്ചു വിട്ട 800 ഓളം വരുന്ന യുവതി യുവാക്കൾ ഐടി–ഹെൽത്ത് കെയർ മേഖലയിൽ പുതിയ സ്ഥാപനം തുടങ്ങും. സഹകരണ സ്ഥാപനം ആയി പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്ന സ്ഥാപനത്തിൽ, കോറോ ഹെൽത്തിൽ നിന്ന് ജോലി നഷ്ടപ്പെട്ടവരിൽ ഭൂരിഭാഗം ആളുകളും ഭാഗമാകും.

‎

‎ലൈംഗികാതിക്രമ കേസിൽ കോൺഗ്രസ് എംപിയും ജെഎൻയു പ്രൊഫസറുമായ ബിമോൽ അക്കോയിജത്തിന് ദില്ലി കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അറസ്റ്റ് ചെയ്യേണ്ടി വന്നാൽ 7 ദിവസത്തെ നോട്ടീസ് നൽകണമെന്നും കോടതി നിർദേശിച്ചു.

‎

‎ഹരിത പടക്കങ്ങൾ മാത്രം വിൽക്കാനുള്ള സുപ്രീംകോടതി അനുമതിയുടെ മറവിൽ ദില്ലിയിൽ വിൽക്കുന്നതിൽ ഭൂരിഭാഗവും സാധാരണ പടക്കങ്ങൾ. വ്യാജ പടക്കങ്ങൾ നഗരത്തിൽ ഉപയോഗിക്കുന്നതോടെ വായുമലിനീകരണതോത് ഗുരുതരമാകുമെന്നാണ് ആശങ്ക.

‎

‎വറ്റ മത്സ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ചികിത്സയിലിരുന്ന വർക്കല സ്വദേശി മരിച്ചു. ചിലക്കൂർ ഗ്രാലികുന്ന് തൈക്കാവിൽ വീട്ടിൽ സുധീർ (40) ആണ് മരിച്ചത്. ഭക്ഷ്യവിഷബാധ ആണെന്നാണ് ആശുപത്രിയിൽ നിന്നും പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.

‎

‎ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാൻ ഫിലിപ്പൈന്‍സിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കണ്ടേക്കും. അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാകുമിത്.

‎

‎രാംലീല റാലിയില്‍ പങ്കെടുക്കാത്തവര്‍ക്കെതിരെ മധ്യപ്രദേശിലെ 60 യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്പെന്‍ഷന്‍. വിട്ടുനിന്നതിന് കാരണം പോലും ചോദിക്കാതെയാണ് നടപടി. ഗ്യാനേഷ് കുമാറിനെ പരസ്യ വിചാരണ ചെയ്ത ചടങ്ങില്‍ പങ്കെടുക്കാത്ത എംപിമാരോടും കോണ്‍ഗ്രസ് വിശദീകരണം തേടിയേക്കും.

‎

‎സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാനമായ പ്രതിരോധ സഹകരണത്തിന്റെ പുതിയ സാധ്യതകൾ ഇരുരാജ്യങ്ങളും അവലോകനം ചെയ്തു. സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ, യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെതുമായി ഫോണിൽ നടത്തിയ ചർച്ചയിലാണ് വിഷയങ്ങൾ ഉയർന്നുവന്നത്.

‎

‎യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിലെ പരാജയകാരണം ഇറാൻ യുദ്ധമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. വാൻസിന്റെ വിലയിരുത്തൽ ശരിവെച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതേ സമയം സൈനിക നടപടിയിൽ തനിക്ക് ഖേദമില്ലെന്നും ട്രംപ് പ്രതികരിച്ചു.

‎

‎ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോലിക്ക് ഇന്ന് 38-ാം പിറന്നാൾ. പ്രായത്തെ തോൽപ്പിക്കുന്ന മികവോടെ റൺവേട്ട തുടരുന്ന താരം ഏകദിനത്തിൽ മൂന്നാമനായി 13,000 റൺസ് നേടുന്ന ആദ്യതാരമെന്ന റെക്കോർഡും സ്വന്തമാക്കി. 2025 ലോകകപ്പ് ലക്ഷ്യമിട്ടാണ് കോലിയുടെ ഇപ്പോഴത്തെ കുതിപ്പ്.

‎

‎അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ വിക്കറ്റ് വേട്ടയും റണ്‍വേട്ടയും തിരുത്തിയെഴുതാന്‍ ശേഷിയുള്ള ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിനെ പ്രശംസിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. 2012ല്‍ അരങ്ങേറ്റം കുറിച്ച കാലം മുതല്‍ക്കേ ജോ റൂട്ടിന്റെ മികവ് ശ്രദ്ധിച്ചിരുന്നുവെന്ന് സച്ചിന്‍ വ്യക്തമാക്കി.കൂടാതെ ഏകദിന ക്രിക്കറ്റ് 25 ഓവറുകളുള്ള രണ്ട് ഇന്നിങ്സുകളായി മാറ്റണമെന്ന നിർദ്ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു.

‎

‎

‎

‎

‎സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 295 രൂപ കൂടി. പവന് കണക്കാക്കുമ്പോൾ 2360 രൂപയാണ് പവന് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 13,385 രൂപയും പവന് 1,07,080 രൂപയുമായി ഇന്നത്തെ വിലയെന്ന് കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.

‎

‎വിറ്റാമിൻ ഡി കൊഴുപ്പിൽ ലയിക്കുന്ന ഒരു പോഷകമാണ്. ശക്തമായ എല്ലുകളും പല്ലുകളും രൂപപ്പെടുത്തുന്നതിനും അവയുടെ ആരോഗ്യം നിലനിർത്തുന്നതിനും അത്യന്താപേക്ഷിതമായ കാൽസ്യം, ഫോസ്ഫറസ് എന്നിവയെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാൻ ഇത് സഹായിക്കുന്നു.വിട്ടുമാറാത്ത ക്ഷീണവും തളർച്ചയും, വിഷാദരോഗം വരിക, അസ്ഥികളുടെ സാന്ദ്രത കുറയുക, മുടി കൊഴിച്ചിൽ അനുഭവപ്പെടുക, എന്നിവയെല്ലാം വിറ്റാമിൻ ഡി‌ കുറവിന്റെ ലക്ഷണങ്ങളാണ്.

‎

‎ക്യാൻസറിനെ ചെറുക്കുന്നതിന് ഭക്ഷണക്രമം പ്രധാന പങ്ക് വഹിക്കുന്നു. ചില ഭക്ഷണങ്ങളിൽ ആന്റിഓക്‌സിഡന്റുകൾ, ഫൈറ്റോകെമിക്കലുകൾ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.ബ്രൊക്കോളി കഴിക്കുന്നത് ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടയുന്നു. മഞ്ഞളിലെ സജീവ ഘടകമായ കുർക്കുമിന് ക്യാൻസറിനെ തടയുന്നു.അന്നനാളം, വൻകുടൽ, സ്തനാർബുദ സാധ്യത കുറയ്ക്കാൻ ബെറികൾ കഴിക്കുന്നത് നല്ലതാണ്.

‎

‎അമൽ നീരദിൻ്റെ ഏറ്റവും പുതിയ ചിത്രം ‘ബാച്ച്‌ലർ പാർട്ടി Deux’ ട്രെയിലർ പുറത്ത്. അന്യായ ആക്ഷനുമായാണ് ചിത്രമെത്തുന്നത് എന്ന് ട്രെയിലർ അടിവരയിടുന്നുണ്ട്. നവംബർ 19 – നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.  14 വർഷങ്ങൾക്ക് ശേഷം ജെൻ – സി വൈബിലാണ്, 2012-ൽ പുറത്തിറങ്ങി തരംഗമായി മാറിയ ആക്ഷൻ ചിത്രം ‘ബാച്ച്‌ലർ പാർട്ടി’യുടെ രണ്ടാം ഭാഗം എത്തുന്നത്.

‎

‎പിഎഫ് വരിക്കാർക്ക് പുതിയ സേവനവുമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ. ഇനി വാട്‌സ്ആപ്പിലൂടെ പിഎഫ് ബാലൻസ് പരിശോധിക്കാനും പാസ്‌ബുക്ക് വിവരങ്ങൾ അറിയാനും സാധിക്കും. കൂടാതെ 1,000 രൂപ വരെയുള്ള നിഷ്‌ക്രിയ അക്കൗണ്ടുകളിലെ തുക സ്വമേധയാ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറാനും തീരുമാനിച്ചിട്ടുണ്ട്.

‎

‎ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞതും വിദേശ നിക്ഷേപകർ തിരിച്ചെത്തിയതും ഇന്ത്യൻ ഓഹരി വിപണിക്ക് കരുത്തായി. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ആഗോള സംഘർഷങ്ങൾ അയയുമെന്ന പ്രതീക്ഷയും വിപണിയുടെ കുതിപ്പിന് കാരണമായിട്ടുണ്ട്.ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് ഏകദേശം 1,400 പോയിന്റ് കുതിച്ചുയര്‍ന്നു.

‎

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *