റിമ കല്ലിങ്കലിനെ നായികയാക്കി സജിന്‍ ബാബു രചനയും സംവിധാനവും നിര്‍വഹിച്ച ‘തിയേറ്റര്‍-ദ മിത്ത് ഓഫ് റിയാലിറ്റി’ക്ക് അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പുരസ്‌കാരത്തിളക്കം. വിദേശത്തും രാജ്യത്തുമായി ഒരേസമയം നടന്ന രണ്ട് പ്രമുഖ മേളകളില്‍നിന്നായി നാല് സുപ്രധാന പുരസ്‌കാരങ്ങളാണ് ഈ മലയാളചിത്രം സ്വന്തമാക്കി. അന്തരിച്ച പ്രമുഖ ബംഗാളി സംവിധായകന്‍ ഋതുപര്‍ണ ഘോഷിന്റെ സ്മരണാര്‍ഥം കല്‍ക്കത്തയില്‍ സംഘടിപ്പിച്ച ഒന്‍പതാമത് ഋതുരംഗം ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഇന്ത്യന്‍ ചിത്രമായി ‘തിയേറ്റര്‍’ തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിലെ അഭിനയത്തിന് റിമ കല്ലിങ്കല്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയപ്പോള്‍, ശ്യാമപ്രകാശ് എം.എസ്. മികച്ച ഛായാഗ്രാഹകനുള്ള അവാര്‍ഡിനും അര്‍ഹനായി. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നടന്ന ബിഗ് സിറ്റി ലൈറ്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ മികച്ച സംവിധായകനുള്ള പുരസ്‌കാരം സജിന്‍ ബാബുവിനാണ്. കഴിഞ്ഞമാസം റഷ്യയില്‍ നടന്ന വെസ്റ്റേണ്‍ ഗേറ്റ് ഫിലിം ഫെസ്റ്റിവലിലും ചിത്രം പുരസ്‌കാരം നേടിയിരുന്നു.
