നേപ്പാളില്‍ മിന്നല്‍ പ്രളയത്തില്‍ 157 പേര് മരിച്ചു. ഇരുന്നൂറിലേറെ ഇന്ത്യക്കാരടക്കം 750 ലേറെ വിനോദസഞ്ചാരികളെയും കൈലാസ് മാനസരോവര്‍ തീര്‍ഥാടകരേയും കാണാതായി. ടിബറ്റില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് ഭോട്ട കോഷി നദി കവിഞ്ഞതാണു പ്രളയ കാരണം. ബിരേന്തി പ്രദേശത്തെ അണക്കെട്ടുകൂടി തകര്‍ന്നതോടെ അനേകം ഗ്രാമങ്ങള്‍, മാര്‍ക്കറ്റുകള്‍, ജലസേചന പദ്ധതികള്‍, റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവയെല്ലാം പ്രളയത്തില്‍ ഒഴുകിപ്പോയി.
നേപ്പാളിലെ ദുരന്ത മേഖലയില്‍ കുടുങ്ങിയ മലയാളികളെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം അടിയന്തര സഹായത്തിന് നോര്‍ക്ക ഹെല്‍പ്പ് ഡെസ്ക്ക് തുടങ്ങി. ടോള്‍ ഫ്രീ നമ്പര്‍ – 1070, 944 7111844, 9747132147 എന്നീ നമ്പറുകളില്‍ വിളിക്കാം. നോര്‍ക്കയുടെ 18004253939 (ടോള്‍ ഫ്രീ നമ്പര്‍) +91-8802012345 (വിദേശത്തു നിന്നു മിസ്ഡ് കോള്‍) എന്നീ നമ്പരുകളിലും ബന്ധപ്പെടാം. ഏകോപനത്തിന് ഡല്‍ഹി എന്‍ ആര് കെ ഡവലപ്മെന്റ് ഓഫീസറെ ചുമതലപ്പെടുത്തി. നേപ്പാളിലെ ഇന്ത്യന്‍ എംബസി ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ +977 985 131 6807, +977 970 910 7500.
നേപ്പാള്‍ ദുരന്തത്തില്‍ കുടുങ്ങിയ മലയാളി യാത്രാസംഘങ്ങളുടെ വിവരം സര്‍ക്കാര്‍ ശേഖരിക്കുന്നു. കാഞ്ഞങ്ങാട് മുന്‍ എസ് ഐ. പ്രദീപ് അടക്കം 36 അംഗ മലയാളി ടൂറിസ്റ്റ് സംഘം നേപ്പാളില്‍ കുടുങ്ങിയതായി വിവരം ലഭിച്ചു. ഇവരെ രക്ഷപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടി. തുടര്‍ നടപടികള്‍ക്കായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
പൂക്കളമൊരുക്കിയും ഓണക്കോടിയണിഞ്ഞ് റീല്‍സെടുത്തും സദ്യയുണ്ടും ലോകമെങ്ങുമുള്ള മലയാളികള്‍ തിരുവോണം ആഘോഷിച്ചു. കേരളത്തില്‍ മഴയും മൂടിക്കെട്ടിയ അന്തരീക്ഷവുമായിരുന്നെങ്കിലും ഓണാഘോഷത്തിന് ആവേശം കുറഞ്ഞില്ല. ജില്ലാ കേന്ദ്രങ്ങളിലെ ഓണാഘോഷ കലാവിരുന്നുകള്‍ കാണാന്‍ ആസ്വദകരുടെ തിരക്കു കുറവായിരുന്നു. തിരുവോണ വിളംബരവുമായി തൃശൂരില്‍ ഇന്നും നാളേയും കുമ്മാട്ടികളിറങ്ങും. ശനിയാഴ്ചയാണു പുലിക്കളി.
ഭീമന് പൂക്കളമൊരുക്കി വയനാട്ടിലെ പുല്‍പ്പള്ളിക്കടുത്തുള്ള ഇരുളം ഗ്രാമം. ഗവണ്മെന്റ് ഹൈസ്കൂള്‍ മൈതാനത്ത് 25,000 ചതുരശ്ര അടിയില്‍ പത്ത് ടണ്‍ പൂക്കളുപയോഗിച്ചാണു പൂക്കളമരുക്കിയത്. 1500 പേരാണു പൂക്കളിടാന്‍ അധ്വാനിച്ചത്. ഇരുളത്തുകാരുടെ വികാരമായിരുന്ന മണിയന് കാട്ടാനയും പൂക്കളത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.
സ്വന്തം നിലക്ക് 5000 വോട്ടു കിട്ടാത്ത സിപിഐ, മുന്നണിയില്‍ സമ്മര്‍ദതന്ത്രത്തിലൂടെ സ്ഥാനങ്ങള്‍ നേടുകയാണെന്ന വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.എന്‍ മോഹനന്. പ്രതിപക്ഷ ഉപനേതാവ് പദവി ആവശ്യപ്പെട്ടതിനാണു സിപിഐക്കെതിരേ മോഹനന്റെ വിമര്‍ശനം. പിണറായിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് സിപിഐയുടെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശബരിമല ദര്‍ശനത്തിനെത്തിയ തന്നെ പൊലീസ് തടഞ്ഞെന്ന ട്രാന്‍സ്ജെന്‍ഡറിന്റെ പരാതിയില്‍ സര്‍ക്കാരിനോടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും ഹൈക്കോടതി വിശദീകരണം തേടി. തമിഴ്നാട് സ്വദേശിയായ 48 കാരി സത്യശ്രീ ശര്‍മിള റഹ്മത്തലിയാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. വ്രതമെടുത്ത് ശബരിമല ദര്‍ശനത്തിനായി പമ്പയിലെത്തിയ തന്നെ ട്രാന്‍സ്ജെന്‍ഡര്‍ ആണെന്നു പറഞ്ഞ് ഇക്കഴിഞ്ഞ 20ന് പൊലീസ് തടഞ്ഞെന്നാണ് സത്യശ്രീയുടെ ആരോപണം.
കണ്ണൂര്‍ എളയാവൂരിലെ മണ്ണിടിച്ചിലിനു കാരണം ദേശീയപാത അതോറിറ്റിയുടെ ഡിസൈനിലെ പാളിച്ചയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. 2023 ല്‍ മണ്ണിടിച്ചില്‍ ഉണ്ടായിട്ടും നാഷണല്‍ ഹൈവേ അതോറിറ്റി ഇടപെട്ടില്ലെന്നും ഇനിയൊരു അപകടം ഉണ്ടാകരുതെന്നും പിണറായി വിജയന് പറഞ്ഞു. മണ്ണിടിഞ്ഞ സ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം വ്യക്തി കേന്ദ്രീകൃതമല്ലെന്നും ടീം എന്ന നിലയിലാണ് പാര്‍ട്ടിയുടെ കെട്ടുറപ്പെന്നും സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. പലതരം തിരിച്ചടിയില്‍നിന്നു കരുത്താര്‍ജിച്ചുവന്ന പാര്‍ട്ടിയാണിത്. ബേബി പറഞ്ഞു. തെരഞ്ഞെടുപ്പുകളില്‍ ജയിക്കുക മാത്രമല്ല, ജനങ്ങളുമായുള്ള ബന്ധം നിലനിര്‍ത്തുകയാണു പ്രധാനം. അതില്‍ സംഭവിച്ച കുറവുകള്‍ നികത്താനുള്ള ശ്രമത്തിലാണെന്നും എംഎ ബേബി പറഞ്ഞു.
പാലക്കാട് റെയില്‍വേ ഡിവിഷന് വിഭജനത്തിനെതിരേ പ്രതിഷേധവുമായി മലബാറിലെ യുഡിഎഫ് എംപിമാര്‍ തിരുവോണനാളില്‍ നിരാഹാര സമരം നടത്തി. കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി നടത്തിയ നീക്കമാണ് ഡിവിഷന് വിഭജനത്തിന് പിന്നിലെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിനെ പനി ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്രെയിനില്‍ രക്തസ്രാവവും കണ്ടതിനാല്‍ ചികില്‍സ നല്കി. പൂജപ്പുര ജില്ലാ ജയിലിലായിരുന്നു പ്രശാന്ത് റിമാന്‍ഡില്‍ കഴിഞ്ഞിരുന്നത്.
മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യന് അന്തരിച്ചു. 67 വയസായിരുന്നു. കോട്ടയം പാമ്പാടി സ്വദേശിയായ അദ്ദേഹം തിരുവനന്തപുരം മുട്ടടയിലായിരുന്നു താമസം. സംസ്കാരം ശനിയാഴ്ച ജന്മനാടായ പാമ്പാടിയില്‍.
തൃശൂര്‍ ചേലക്കോട് നിയന്ത്രണം വിട്ട മില്‍മ ടാങ്കര്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു. പഴയന്നൂര്‍ കല്ലേപ്പാടം സ്വദേശി ഷെമീര്‍, മണ്ണാര്‍ക്കാട് സ്വദേശി ജോസഫ് എന്നിവരാണ് മരിച്ചത്.
മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങളായ രണ്ടുപേര്‍ സ്വന്തം കോഴി ഫാമില്‍നിന്നു ഷോക്കേറ്റ് മരിച്ചു. വെട്ടത്തൂര്‍ ഏഴുതല സ്വദേശി സാഹിര്‍(36) സഹോദരനായ ഫാസില്‍(30) എന്നിവരാണ് മരിച്ചത്.
ഡോക്ടര്‍മാര്‍ തിരുവോണത്തിനു കൂട്ടത്തോടെ അവധിയെടുത്തതുമൂലം അട്ടപ്പാടി ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ ലഭിക്കാതെ മൂന്നര വയസ്സുകാരന് ദുരിതത്തിലായി. അപസ്മാര ബാധയെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. അത്യാഹിത വിഭാഗത്തിലടക്കം ചികിത്സ നല്കാന് ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ലെന്ന് കുടുംബം പരാതിപ്പെട്ടു.
കമ്പനിയില്‍നിന്ന് കൊടുത്തയച്ച 21 ലക്ഷം രൂപ വിലമതിക്കുന്ന സ്റ്റീല്‍ പൈപ്പുകള്‍ കടത്തിക്കൊണ്ടുപോയി വില്‍പ്പന നടത്തിയ ലോറി ഡ്രൈവര്‍ പൊലീസിന്റെ പിടിയിലായി. മലപ്പുറം ചന്ദനക്കാവ് അനന്താവൂര്‍ സ്വദേശി പാറപ്പുറത്ത് വീട്ടില്‍ അബ്ദുല്‍ സമീറാ (42)ണ് വളാഞ്ചേരി പൊലീസിന്റെ പിടിയിലായത്. തെലങ്കാനയില്‍നിന്ന് മലപ്പുറം വലിയ പറമ്പിലെ വിജിസി എന്ന സ്ഥാപനത്തിലേക്ക് കയറ്റിയയച്ച പൈപ്പുകളാണ് പ്രതി തട്ടിയെടുത്തത്.
പശ്ചിമബംഗാളിലെ എസ്ഐആര്‍ പരാതികളില്‍ കോടതി നിയോഗിച്ച ട്രൈബ്യൂണലുകള്‍ തീര്‍പ്പാക്കിയത് 82,000 അപ്പീലുകള്മാത്രം. ഇതില്‍ 75,000-ത്തിലധികം പേരെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇവര്‍ വോട്ടര്‍പട്ടികയില്‍ ഉണ്ടായിരുന്നില്ല. പട്ടികയില്‍നിന്ന് പുറത്തായ 38 ലക്ഷം പേരില്‍ ഏഴു ലക്ഷം പേര് മാത്രമാണ് അപ്പീല്‍ നല്‍കിയതെന്ന് പ്രതിപക്ഷ നേതാക്കള്‍ പറയുന്നു.
ഓപ്പറേഷന് സിന്ദൂറിനിടെ പാകിസ്ഥാന്റെ ആണവ കേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യന്‍ ഡ്രോണ്‍ പതിച്ചത് മനഃപൂര്‍വമല്ലെന്ന് മുന്‍ സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്. പാകിസ്ഥാനിലെ സര്ഗോദയിലേക്കു തൊടുത്തുവിട്ട മിസൈല്‍ കിരാന കുന്നില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ജയിഷെ മുഹമ്മദ് ആസ്ഥാനം തകര്‍ക്കണമെന്നു നിര്‍ദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നെന്നും ജനറല്‍ അനില്‍ ചൗഹാന് വെളിപ്പെടുത്തി.
രാജസ്ഥാന് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എസ്.പി. ശര്‍മയെ സ്ഥാനത്തുനിന്നു നീക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് സന്ദീപ് മേത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് കത്തയച്ചു. കേസ് ലിസ്റ്റിംഗില്‍ ഇടപെടല്‍ നടത്തിയെന്നും ഭരണപരമായ അധികാരങ്ങള്‍ ദുരുപയോഗം ചെയ്തെന്നും ആരോപിച്ചാണ് കത്ത് നല്‍കിയത്.
തെലങ്കാനയിലെ സൂര്യാപേട്ടില്‍ സ്വകാര്യ ബസ് ലോറിയിലേക്ക് ഇടിച്ചുകയറി ബസ് യാത്രക്കാരായ ആറുപേര്‍ മരിച്ചു. മരിച്ചവരില്‍ അഞ്ചുപേര്‍ സ്ത്രീകളാണ്. അപകടത്തില്‍ പരിക്കേറ്റ 12 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡും സഫ്രാന്‍ ഹെലികോപ്റ്റര്‍ എന്‍ജിന്‍സും ചേര്‍ന്ന് പുതിയ തലമുറയിലെ ഉയര്‍ന്ന ശേഷിയുള്ള ഹെലികോപ്റ്റര്‍ എന്‍ജിന്റെ രൂപകല്‍പ്പന, വികസനം, നിര്‍മ്മാണം, വിതരണം, ലൈഫ് സൈക്കിള്‍ സപ്പോര്‍ട്ട് എന്നിവയ്ക്കായുള്ള അന്തിമ കരാറില്‍ ഒപ്പുവച്ചു.
ഗുജറാത്തിലെ സൂററ്റില്‍ ബി.ജെ.പി നേതാവിന്റെ 24 കാരിയായ മരുമകളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സൂററ്റ് ജില്ലാ ബി.ജെ.പി മഹിളാ മോര്‍ച്ച മുന്‍ വൈസ് പ്രസിഡന്റ് ശശി സിങ്ങിന്റെ മരുമകളും ബിഹാര്‍ മുസഫര്‍പൂര്‍ സ്വദേശിയുമായ നിധി സിങ് (24) ആണ് മരിച്ചത്. സംഭവത്തില്‍ നിധിയുടെ ഭര്‍ത്താവ് സൗരഭ് സിങ് (26), ഇയാളുടെ പെണ്‍സുഹൃത്ത് എന്നിവര്‍ക്കതിരെ പൊലീസ് കേസെടുത്തു.
അപൂര്‍വയിനത്തില്‍പെട്ട ഗംഗാ ഡോള്‍ഫിനെ വേട്ടയാടിയ സംഭവത്തില്‍ പ്രതി പിടിയില്‍. ബിഹാറിലെ ദര്‍ഹര്‍ ഗ്രാമത്തിലെ ബിരേന്ദ്ര മുഖ്യയെയാണ് പൊലീസും വനംവകുപ്പും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പം ഉദയ്പുരിലെ പഞ്ചനക്ഷത്ര ഹോട്ടലായ ‘ദി ഒബ്റോയ് ഉദയ്വിലാസി’ല്‍ തങ്ങിയ ശേഷം 5.74 ലക്ഷം രൂപയുടെ ബില്‍ അടയ്ക്കാതെ കടന്നുകളഞ്ഞ അനുരാഗ് യാദവ് എന്നയാള്‍ക്കെതിരേ പോലീസില്‍ പരാതി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നേപ്പാളിന് അടിയന്തര സഹായവുമായി ഇന്ത്യ. വ്യോമസേനയുടെ വിമാനത്തില്‍ ദുരിതാശ്വാസ സാമഗ്രികളുമായി ആദ്യ സംഘം അര്‍ദ്ധരാത്രിയോടെയും മറ്റൊരു വ്യോമസേനാ വിമാനം ഇന്നു പുലര്‍ച്ചെയും നേപ്പാളിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷായുമായി ഫോണില്‍ സംസാരിച്ചു. പ്രളയത്തില്‍ ഇന്ത്യന്‍ ജനത നേപ്പാളിനൊപ്പം ഉണ്ടാകുമെന്ന് മോദി ഉറപ്പു നല്കി.
നേപ്പാളിലെ മിന്നല്‍ പ്രളയംമൂലം അതിര്‍ത്തി സംസ്ഥാനമായ ബിഹാറില്‍ നദിയില്‍ പെട്ടെന്ന് ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ 15 നവജാതശിശുക്കള്‍ മരിച്ചു. ഇസ്ലാമാബാദിലെ പാകിസ്ഥാന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയിലെ ഗൈനക്കോളജി വാര്‍ഡിലാണ് തീപ്പിടിത്തമുണ്ടായത്.
ഹോര്‍മുസ് കടലിടുക്കില്‍ ഇറാന് കരിമ്പട്ടികയില്‍ പെടുത്തിയ കപ്പലുകളില്‍ രണ്ട് ഇന്ത്യന്‍ ടാങ്കറുകളും. ഇന്ത്യന്‍ പതാകയുള്ള ഒരു എല്‍ എന്‍ ജി ടാങ്കറും എണ്ണ ടാങ്കറുമാണ് ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് ഇറാന് കരിമ്പട്ടികയില്‍ പെടുത്തിയത്. ഹോര്‍മൂസ് കലിടുക്ക് കടക്കാന്‍ അനുമതിയില്ലാത്തവയുടെ പട്ടികയില്‍ 50 ചരക്കു കപ്പലുകളുണ്ട്. ഇവയില്‍ ഇന്ത്യയിലേക്കുള്ള ചരക്കുമായി ഇതര രാജ്യങ്ങളുടെ പതാകയുള്ള കപ്പലുകളും ഉള്‍പെടുന്നു.
ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതിചെയ്ത നാല് ഇന്ത്യന്‍ കമ്പനികള്‍ക്ക് അമേരിക്ക ഉപരോധമേര്‍പ്പെടുത്തി. ഇറാനെതിരായ സാമ്പത്തിക യുദ്ധത്തിന്റെ ഭാഗമായാണ് നടപടി. മൂന്ന് ഇന്ത്യന്‍ പൗരന്മാര്ക്കെതിരേയും യുഎസ് ഉപരോധമുണ്ട്. ഇറാനുമായി 119 മില്യണ്‍ ഡോളറിന്റെ എണ്ണ വ്യാപാരത്തിലേര്പ്പെട്ടതിനാണ് നാല് ഇന്ത്യന്‍ കമ്പനികള്‍ക്കെതിരേ യുഎസ് ഉപരോധം. സദാശിവ ഓവര്‍സീസ് ലിമിറ്റഡ്, പിപി സോഫ്റ്റ്ടെക് പ്രൈവറ്റ് ലിമിറ്റഡ്, പ്രകൃതീസ് ഇന്‍ഫ്രാ ഇംപെക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, പോര്‍ട്ടീസ് പാര്‍ട്ണേഴ്സ് എല്‍എല്‍പി എന്നിവയാണ് ഈ കമ്പനികള്‍.
യു എസ് ഓപണ്‍ മിക്സഡ് ഡബിള്‍സില്‍ ടെന്നീസ് ഇതിഹാസം നൊവാക് ജൊകോവിചും സൂപ്പര്‍താരം ആര്യാന സബലെങ്കയും ആദ്യ റൗണ്ടില്‍ അട്ടിമറിക്കപ്പെട്ടു! ചെക്ക് റിപ്പബ്ലിക്കിന്റെ കാതറീന സിനിയാക്കോവ-ബ്രിട്ടന്റെ ഹെന്റി പാറ്റന്‍ സഖ്യത്തോടാണ് പ്രഹരമേറ്റത്. മികസഡ് വിഭാഗത്തിലെ മറ്റൊരു സൂപ്പര്‍ സഖ്യം സെറീന വില്യംസും കാര്‍ലോസ് അല്‍കാരസും ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി. നാലാം സീഡായ ബെലിന്‍ഡ ബെന്‍സിച്-ഫ്ളാവിയോ കൊബോലി സഖ്യത്തോടാണ് പരാജയപ്പെട്ടത്.
ഇന്ത്യ-ശ്രീലങ്ക രണ്ടാം ടെസ്റ്റില്‍ ഫോളോഓണിനെ തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സിനെത്തിയ ശ്രീലങ്ക നാലാം ദിനം അവസാനിക്കുമ്പോള്‍ 16 റണ്‍സിന്റെ ലീഡ് നേടി. ഇന്നലെ കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സെടുക്കാന്‍ ആതിഥേയര്‍ക്കായി. ഇന്ത്യക്കു വേണ്ടി മാനവ് സുതര്‍ രണ്ട് വിക്കറ്റെടുത്തു. നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 503 നെതിരെ ശ്രീലങ്ക 290 ന് എല്ലാവരും പുറത്താവുകയായിരുന്നു. 103 റണ്‍സ് നേടിയ സോനല്‍ ദിനുഷയുടെ ഇന്നിംഗസാണ് 290 റണ്‍സ് നേടാന്‍ ശ്രീലങ്കയെ സഹായിച്ചത്
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് മത്സരങ്ങള്‍ അടുത്ത മാസം ജപ്പാനില്‍. സ്വര്‍ണ മെഡല്‍ ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ക്രീസിലിറങ്ങുന്നത്. ശ്രേയസ് അയ്യര്‍ നയിക്കുന്ന പുരുഷ ടീം സെപ്റ്റംബര്‍ 28-ന് ക്വാര്‍ട്ടര്‍ ഫൈനലോടെയാണ് തങ്ങളുടെ കാമ്പയിന് ആരംഭിക്കുന്നത്. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന വനിതാ ടീം സെപ്റ്റംബര്‍ 18-ന് ജപ്പാനെതിരെയാണ് ആദ്യ മത്സരത്തിനിറങ്ങുന്നത്.
കെസിഎല്ലില്‍ ഏരീസ് കൊല്ലം സെയിലേഴ്സും തൃശൂര്‍ ടൈറ്റന്‍സും തമ്മിലുള്ള മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്സ് അഭിഷേക് നായരുടെ ഉജ്ജ്വല സെഞ്ച്വറിയുടെ മികവില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂര്‍ രണ്ട് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 14 റണ്‍സെടുത്ത് നില്‍ക്കെയാണ് മഴമൂലം കളി തടസ്സപ്പെട്ടത്. ഏരീസ് കൊല്ലം സെയിലേഴ്സ് – 20 ഓവറില്‍ 183/5 , തൃശൂര്‍ ടൈറ്റന്‍സ് – 2 ഓവറില്‍ 14/1.
എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ ദുബായ് ശാഖ വഴി കാര്‍ലൈല്‍ ലൈഫ് സെറ്റില്‍മെന്റ് പദ്ധതികളില്‍ നിക്ഷേപം നടത്തിയവര്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിക്കാന്‍ ഒരുങ്ങുന്നു. തെറ്റിദ്ധരിപ്പിച്ച് അനുയോജ്യമല്ലാത്ത പദ്ധതികളില്‍ നിക്ഷേപിച്ചതിനെത്തുടര്‍ന്ന് സാമ്പത്തിക നഷ്ടമുണ്ടായെന്ന് ആരോപിച്ചാണ് എഴുപത്തഞ്ചിലേറെ നിക്ഷേപകര്‍ രംഗത്തെത്തിയത്. 1.35 കോടി ഡോളര്‍ (ഏകദേശം 128 കോടി രൂപ) വരുന്ന നിക്ഷേപം തിരിച്ചുപിടിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെയും സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈനെയും സമീപിക്കാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്‍ഷുറന്‍സ് അധിഷ്ഠിത നിക്ഷേപത്തിലൂടെ പ്രതിവര്‍ഷം 12 മുതല്‍ 19 ശതമാനം വരെ ആദായം ലഭിക്കുമെന്ന് ബാങ്ക് ഉറപ്പുനല്‍കിയിരുന്നു. നിക്ഷേപം നടത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തുക പിന്‍വലിക്കാന്‍ ബാങ്ക് അനുവദിക്കുന്നില്ലെന്ന് നിക്ഷേപകര്‍ ആരോപിക്കുന്നു. ലിവറേജ് ഉപയോഗിച്ചുള്ള നിക്ഷേപമായതിനാല്‍ വിപണിയിലെ ചെറിയ മാറ്റങ്ങള്‍ പോലും വന്‍ ബാധ്യത വരുത്തിവെച്ചു. ബാങ്കിന്റെ ദുബായ് ശാഖയുടെ പ്രവര്‍ത്തനങ്ങളില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് നിക്ഷേപകരുടെ പ്രധാന പരാതി.
വാട്സ്ആപ്പ് അക്കൗണ്ട് പ്രവേശനത്തിലും ഇന്‍കമിങ് കോളുകളിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ വാട്സ്ആപ്പ്. ടു സ്റ്റെപ്പ് വേരിഫിക്കേഷന്, അജ്ഞാത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍, വാട്സ്ആപ്പ് അക്കൗണ്ടിലേക്ക് ഒന്നിലധികം പാസ്കീകള്‍ ചേര്‍ക്കാനുള്ള ഫീച്ചര്‍ അടങ്ങുന്നതാണ് പുതിയ അപ്ഡേറ്റുകള്. ആറ് അക്ക പിന് നമ്പറിന് പകരം പാസ്വേഡ് ഉപയോഗിച്ച് വാട്സ്ആപ്പിന്റെ ടു സ്റ്റെപ്പ് വേരിഫിക്കേഷനില്‍ പാസ്വേഡ് അടിസ്ഥാനമാക്കിയുള്ള ഓപ്ഷന് ലഭിക്കുന്നു. ഉപയോക്താവിന്റെ കോണ്ടാക്റ്റുകളില് സേവ് ചെയ്തിട്ടില്ലാത്ത അക്കൗണ്ടുകളില്‍ നിന്നുള്ള കോളുകളില്‍ വാട്സ്ആപ്പ് കൂടുതല്‍ വിവരങ്ങള്‍ നല്‍കും. ആന്‍ഡ്രോയിഡില്‍ വിളിക്കുന്നയാളുടെ നമ്പര്‍ മറ്റൊരു രാജ്യത്തുനിന്നാണോ, കോമണ്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാണോ? തുടങ്ങിയ വിശദാംശങ്ങള്‍ ഉപയോക്താക്കള്‍ക്ക് കാണാന്‍ കഴിയും. ഉപയോക്താക്കള്‍ കോളിന് മറുപടി നല്‍കുന്നതിന് മുമ്പ് ഇവയെല്ലാം ദൃശ്യമാകും. വാട്സ്ആപ്പ് സെറ്റിങ്സ് > അക്കൗണ്ട് > പാസ്കീകള്‍ എന്നതിലേക്ക് പോയി ഉപയോക്താക്കള്‍ക്ക് അവരുടെ പാസ്കീകള്‍ മാനേജ് ചെയ്യാന്‍ കഴിയും.
വീണ്ടും തരംഗം തീര്‍ത്ത് സംഗീതസംവിധായകനും ഗായകനുമായ സായ് അഭ്യങ്കറിന്റെ ഏറ്റവും പുതിയ സിംഗിള്‍. ‘റധിമാ’ എന്ന പേരിട്ടിരിക്കുന്ന മ്യൂസിക് വീഡിയോ ഇതുവരെ 48 ലക്ഷത്തിലേറെപ്പേര്‍ കണ്ടു. തിങ്കളാഴ്ച പുറത്തിറങ്ങിയ വീഡിയോ ഇപ്പോള്‍ യൂട്യൂബ് മ്യൂസിക് ട്രെന്‍ഡിങ് ചാര്‍ട്ടില്‍ രണ്ടാമതാണ്. നടി ഭാഗ്യശ്രീ ബോര്‍സെയാണ് വീഡിയോയില്‍ സായ്ക്കൊപ്പമുള്ളത്. സായ് അഭ്യങ്കര്‍ തന്നെ ഈണം പകര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയത് വിവേകാണ്. ‘ആസ കൂട’, ‘വിഴി വീക്കുറ’, ‘പവഴമല്ലി’ എന്നിവ ഒരുക്കിയ തേജോ ഭരദ്വാജാണ് പുതിയ മ്യൂസിക് വീഡിയോയുടെയും സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഈ വര്‍ഷം പുറത്തിറങ്ങുന്ന സായ് അഭ്യങ്കറിന്റെ രണ്ടാമത്തെ സിംഗിളാണിത്. ശ്രുതി ഹാസനുമായി ഒന്നിച്ച ‘പവഴമല്ലി’ എന്ന ഗാനമായിരുന്നു ഇതിനുമുമ്പ് പുറത്തുവന്നത്. കയാദു ലോഹറായിരുന്നു ആ മ്യൂസിക് വീഡിയോയില്‍ അഭിനയിച്ചത്.
ശ്രീനാഥ് ഭാസി, അജു വര്‍ഗീസ്, സഞ്ജ്ന ഗല്‍റാണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിജയ്കുമാര്‍ പ്രഭാകരന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കുണ്ടറ ഈസ് മൈ കണ്ട്രി അണ്ടര്‍ ദ് കണ്ട്രോള് ഓഫ് കേണല്‍ മണ്‍റോ’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി. മണിയന്‍പിള്ള രാജു, കുഞ്ചന്‍, വിജയകുമാര്‍, വിജയ് മേനോന്, സജീദ് പുത്തലത്ത്, ജവാന് റോയി, സാജന് പള്ളുരുത്തി, ഹരീഷ് കണാരന്, സാജു കൊടിയന്‍, നാരായണന് കുട്ടി, സായി പ്രിയ ദേവ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. മീഡിയ ബ്രാന്‍ഡ് ആന്റ് സുഭശ്രീ സ്റ്റുഡിയോസ്, വെമ്പല ഫിലിംസിന്റെ ബാനറില്‍ വിജയ്കുമാര്‍ പ്രഭാകരന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- ജോമോന് തോമസ് നിര്‍വ്വഹിക്കുന്നു. ഗാനരചന- നിധീഷ് നാദേരി, സംഗീതം- ബിജിബാല്‍, ജെയ്സണ്‍ ജോണ്‍, വിശ്വജിത്ത്, കഥ-രാജേഷ് മോഹനന്, ശ്യാംരാജ് ബി.
ഹോണ്ടയുടെ അഡ്വഞ്ചര്‍ സ്റ്റൈല്‍ മാക്സി സ്കൂട്ടറായ എഡിവി 160 വിപണിയില്‍ അവതരിപ്പിച്ചു. 1.70 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. 156.9 സിസി ലിക്വിഡ് കൂള്‍ഡ് സിംഗില്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇതിന് കരുത്ത് പകരുന്നത്. 16.09 ബിഎച്ച്പി കരുത്തും 14.9 എന്‍ എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന ഈ എന്ജിന് സിവിടി ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. മെച്ചപ്പെട്ട ഇന്ധനക്ഷമതയ്ക്കായി ഐഡില്‍ സ്റ്റോപ്പ് സ്റ്റാര്‍ട്ട് സിസ്റ്റവും ഇതിലുണ്ട്. സ്റ്റീല്‍ ഫ്രെയിമില്‍ നിര്‍മ്മിച്ചിരിക്കുന്ന ഇതില്‍ മുന്നില്‍ ടെലിസ്കോപിക് ഫോര്‍ക്കുകളും പിന്നില്‍ ട്വിന്‍ഷോക്ക് അബ്സോര്‍ബറുകളുമാണുള്ളത്. മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകളും ഡ്യുവല്‍ ചാനല്‍ എബിഎസുമാണ് ബ്രേക്കിങ് വിഭാഗത്തില്‍ വരുന്നത്. ഹോണ്ട റോഡ്സിങ്ക് പിന്തുണയുള്ള ടിഎഫ്ടി ഡിസ്പ്ലേ, ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, യുഎസ്ബി ചാര്‍ജിങ് സോക്കറ്റ്, ട്രാക്ഷന്‍ കണ്ട്രോള്, 27 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്റ്റോറേജ് എന്നിവയാണ് മറ്റു ഫീച്ചറുകള്‍.
തൂക്കുമരത്തിന്റെ കയര്‍ കഴുത്തില്‍ വീഴാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, വായിച്ചുതീര്‍ത്ത പുസ്തകത്തിന്റെ താള് മടക്കിവെച്ച് പുഞ്ചിരിയോടെ മരണത്തിലേക്ക് നടന്നുപോയ ഒരു ഇരുപത്തിമൂന്നുകാരന്റെ ഹൃദയമിടിപ്പ് എപ്പോഴെങ്കിലും തൊട്ടറിഞ്ഞിട്ടുണ്ടോ? ‘ഇങ്ക്വിലാബ്’ കേവലം ചരിത്രരേഖകളുടെ പുനരാവിഷ്കാരമല്ല; മറിച്ച് ചോരയും നീരുമുള്ള, പ്രണയിക്കുകയും വേദനിക്കുകയുമായിരുന്ന ഭഗത് സിംഗ് എന്ന മനുഷ്യന്റെ ആത്മാവിലേക്കുള്ള തീക്ഷ്ണമായൊരു യാത്രയാണ്. സ്വന്തം ചോരകൊണ്ട് ഇന്ത്യയുടെ ചരിത്രം തിരുത്തിയെഴുതാന്‍ ആ ധീരയുവാവ് വിപ്ലവത്തിന്റെ തീച്ചൂളയിലേക്ക് എടുത്തുചാടുമ്പോള്‍ ഉള്ളില്‍ അനുഭവിച്ച ഏകാന്തതയും, ഉറ്റവരോടുള്ള സ്നേഹവും, വരാനിരിക്കുന്ന തലമുറകളെക്കുറിച്ചുള്ള വലിയ സ്വപ്നങ്ങളും അങ്ങേയറ്റം ദീപ്ത മായി ആവിഷ്കരിക്കുന്ന ഉജ്ജ്വല കൃതി. ‘ഇങ്ക്വിലാബ്’. ശിവപ്രസാദ് പാലോട്. പ്രവ്ധ ബുക്സ്. വില 247 രൂപ.
രാജ്യത്ത് എച്ച്1എന്‍1 രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. വൈറസിന് പുതിയ വകഭേദങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗലക്ഷണങ്ങള്‍ മിക്കവരിലും തനിയെ മാറുന്നതാണെന്നും ഐ.എം.എ വ്യക്തമാക്കി. പെട്ടെന്നുണ്ടാകുന്ന പനിയും വിറയലും, വരണ്ട ചുമ, തൊണ്ടവേദന, തലവേദന, കടുത്ത ശരീരവേദനയും ക്ഷീണവും, മൂക്കടപ്പും മൂക്കൊലിപ്പും (കുട്ടികളില്‍ ഛര്‍ദ്ദി, വയറിളക്കം കാണപ്പെടാം) എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. എച്ച്1എന്‍1 ഒരു വൈറസ് രോഗമായതിനാല്‍ ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നത് ഫലപ്രദമല്ല. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, നെഞ്ചുവേദന, ചുണ്ടുകളിലോ വിരലുകളിലോ ഉണ്ടാകുന്ന നീലനിറം, രക്തം തുപ്പുക, അമിതമായ മയക്കം, അപസ്മാരം, തുടര്‍ച്ചയായ ഛര്‍ദ്ദി, കുട്ടികളില്‍ ആഹാരം കഴിക്കാതിരിക്കല്‍, തളര്‍ച്ച, ശ്വാസമെടുക്കുമ്പോള്‍ നെഞ്ച് ഉള്ളിലേക്ക് വലിയുന്നത് എന്നിവ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം. മുന്‍കരുതലായി സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്‍ഡ് എങ്കിലും ഇടയ്ക്കിടെ കൈകള്‍ കഴുകുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായയും ടിഷ്യൂ കൊണ്ടോ കൈമുട്ട് കൊണ്ടോ മറയ്ക്കുക. തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്ക് ധരിക്കുക. പനി മാറി കുറഞ്ഞത് 24 മണിക്കൂര്‍ കഴിയുന്നതുവരെ സ്കൂളുകളിലും ജോലിക്കും പോകരുത്. ഗര്‍ഭിണികള്‍, വയോധികര്‍, മറ്റ് രോഗങ്ങളുള്ളവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ വാക്സിന് എടുക്കുക.
