എഐ ലോകത്ത് വലിയ ശ്രദ്ധനേടി ഓപ്പണ്‍ റൂട്ടര്‍ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ഓഎക്‌സ് ആല്‍ഫ എന്ന എഐ മോഡല്‍. സൗജന്യമായി ലഭ്യമാകുന്ന ഒരു സ്റ്റെല്‍ത്ത് മോഡല്‍ ആയാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. അജ്ഞാത ഉറവിടത്തില്‍നിന്ന് ഡെവലപ്പര്‍മാര്‍ക്കോ പൊതുജനങ്ങള്‍ക്കോ ലഭ്യമാക്കുന്ന മെഷീന്‍ ലേണിങ് മോഡലുകളെയാണ് സ്റ്റെല്‍ത്ത് മോഡലുകള്‍ എന്ന് വിശേഷിപ്പിക്കാറുള്ളത്. കോഡിങ്, ദീര്‍ഘകാല എഐ ഏജന്റ് ടാസ്‌ക്കുകള്‍, പ്രൊഡക്ഷന്‍ വര്‍ക്ക്ലോഡുകള്‍ എന്നിവയ്ക്കായി നിര്‍മ്മിച്ച ഒരു റീസണിങ് മോഡല്‍ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. 10 ലക്ഷം ടോക്കണ്‍ കോണ്‍ടെക്സ്റ്റ് വിന്‍ഡോയുമായാണ് ഈ മോഡല്‍ വരുന്നത്. അതായത് ഒരൊറ്റ സെഷനില്‍ വളരെ വലിയ അളവിലുള്ള ടെക്സ്റ്റോ കോഡോ ഇതിന് കൈകാര്യം ചെയ്യാന്‍ കഴിയും. ദുരൂഹത നീങ്ങാത്തപ്പൊഴും ഈ മോഡല്‍ ശ്രദ്ധ ആകര്‍ഷിക്കാനുള്ള കാരണം ഇത് ഇപ്പോള്‍ സൗജന്യമാണ് എന്നതാണ്.
