നിര്‍മിതബുദ്ധി മോഡലുകളുടെ കൂട്ടത്തിലേക്ക് മെറ്റയുടെ സൂപ്പര്‍ ഇന്റലിജന്‍സ് ലാബില്‍നിന്ന് പുതിയൊരു അവതാരംകൂടി. ഓഗസ്റ്റില്‍ പുറത്തിറക്കിയ മ്യൂസ് ഗ്ലിമ്മര്‍. ഏജന്റിക് ടാസ്‌കുകള്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്തിട്ടുള്ള ഇത് ഓപ്പണ്‍ വെയ്റ്റ് മോഡലാണ്. ഒരു സാധാരണ കംപ്യൂട്ടറിലെ ഒറ്റ ഗ്രാഫിക്സ് പ്രോസസിങ് യൂണിറ്റില്‍ പ്രവര്‍ത്തിപ്പിക്കാനാകുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. നിലവിലുള്ള എ.ഐ. മോഡലുകള്‍ ക്ലൗഡ് സെര്‍വറുകള്‍ വഴിയാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ മെറ്റ മ്യൂസ് ഗ്ലിമ്മറിന് കംപ്യൂട്ടറില്‍ത്തന്നെ പ്രവര്‍ത്തിക്കാനാകുമെന്നര്‍ഥം. 24 മുതല്‍ 32 ജി.ബി. മെമ്മറി ഇതിനുമതിയാകും. 3000 കോടി പരാമീറ്ററുകളാണ് മ്യൂസ് ഗ്ലിമ്മറിനുള്ളത്. ഡിവലപ്പര്‍മാര്‍ക്ക് അവരുടെ ഡേറ്റ പുറത്തുള്ള ക്ലൗഡ് സെര്‍വറുകളില്‍ അയക്കാതെതന്നെ ഈ മോഡല്‍ സ്വന്തം കംപ്യൂട്ടറില്‍ പ്രവര്‍ത്തിപ്പിക്കാനാകുമെന്നതാണ് ഇതിന്റെ നേട്ടം. നല്ല ഇന്റര്‍നെറ്റ് കണക്ഷന്‍പോലും ഇതിനു വേണ്ടിവരില്ല.
