തമിഴ്നാട്, കർണാടക തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള അധിക വൈദ്യുതി ലഭ്യമായതിനെത്തുടർന്ന് ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവായി. കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാനുള്ള പവർ കോറിഡോറിൽ നിയന്ത്രണം ഇല്ലാത്തതും കെ എസ് ഇ ബിക്ക് സഹായകമായി.
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.
വീണ ജോര്‍ജിന് പരിഹസിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ. ജനങ്ങൾ വീട്ടിലിരുത്തിയവർക്ക് ആര് മറുപടി നല്‍കാനാണ്, പോയി പണി നോക്കൂ എന്നായിരുന്നു കെ മുരളീധരന്‍റെ പരിഹാസം. സംസ്ഥാനത്തെ ആരോഗ്യവകുപ്പിൽ ഏകോപനമില്ലെന്ന വീണ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റിനാണ് കെ മുരളീധരന്‍റെ മറുപടി.
കോഴിക്കോട് നിപ പ്രതിരോധം പൂർണ വിജയത്തിലേക്ക് നീങ്ങുന്നതായി ആരോഗ്യമന്ത്രി അറിയിച്ചു, പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ ഒരാൾ ചികിത്സയിൽ തുടരുമ്പോൾ, സമ്പർക്കപ്പട്ടികയിലുള്ളവരുടെ ഫലങ്ങൾ നെഗറ്റീവാണ്. ഇതോടൊപ്പം എബോള, ഷിഗെല്ല രോഗങ്ങൾക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളും സംസ്ഥാനത്ത് ഊർജ്ജിതമാക്കിയിട്ടുണ്ട്.
ആരോഗ്യ വകുപ്പ് ഡയറക്ടർ (ഡി എച്ച് എസ്) ഡോക്ടർ കെ ജെ റീനയുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ പുറപ്പെടുവിച്ച സ്‌റ്റേ ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ നാളെ വിധിയറിയാം. ഇന്ന് വിശദമായ വാദം കേട്ട ഹൈക്കോടതി നാളെ വൈകിട്ട് 4 മണിക്ക് വിധി പറയാമെന്ന് വ്യക്തമാക്കി.
തൊണ്ടർനാട് തൊഴിലുറപ്പ് തട്ടിപ്പ് അന്വേഷിക്കാൻ വിജിലൻസ്. അന്വേഷണം നടത്തിയിരുന്ന ക്രൈംബ്രാഞ്ചിൽ നിന്ന് കേസുമായി ബന്ധപ്പെട്ട ഫയലുകൾ വരുത്തി വിജിലൻസ് പരിശോധന തുടങ്ങി. മൂന്ന് കോടിയിലധികം രൂപയുടെ തട്ടിപ്പാണ് തൊഴിലുറപ്പ് പദ്ധതിയുടെ മറവിൽ പഞ്ചായത്തിൽ നടന്നതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.
എഐഎസ്എഫും എഐവൈഎഫും നടത്തിയ നിയമസഭാ മാർച്ചിൽ പൊലീസ് മലിനജലം പ്രയോഗിച്ചെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, വെള്ളം നിറച്ച കുപ്പിയുമായിട്ടാണ് സഭയിലെത്തിയത്. പരിശോധിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉറപ്പുനൽകി.
ജീവനൊടുക്കിയ എസ് എൻ ഡി പി യോഗം മുൻ മൈക്രോഫിനാൻസ് കോർഡിനേറ്റർ മഹേശനെയും മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരനെയും വിമർശിച്ചും ശിവഗിരി മഠാധിപതിയെ തള്ളിയും തുഷാർ വെള്ളാപ്പള്ളി രംഗത്ത്. കെ കെ മഹേശനെതിരായ വെള്ളാപ്പള്ളിയുടെ അധിക്ഷേപങ്ങൾ ആവർത്തിച്ച തുഷാർ, കള്ളനെ കള്ളൻ എന്നല്ലാതെ എന്ത് പറയണമെന്നും ചോദിച്ചു.
ബജറ്റിലെ മദ്യവ്യാപനത്തിനും കരിമണല്‍ ഖനന വിഷയത്തിലെ എതിർപ്പിന് പിന്നാലെ കെ കെ മഹേശന്റെ ആത്മഹത്യ കേസിലും സതീശൻ സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ രംഗത്ത്. എസ് എൻ ഡി പി യോഗം മുൻ മൈക്രോഫിനാൻസ് കോർഡിനേറ്റർ മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലെ പോരായ്മ തുറന്നുകാട്ടി സുധീരൻ മുഖ്യമന്ത്രിക്ക് വീണ്ടും കത്തയച്ചു.
മുൻ മുഖ്യമന്ത്രിയുടെ ‘ചെറ്റ’ പരാമർശത്തിൽ വിമർശനവുമായി ജി സുധാകരൻ എംഎൽഎ. ചെറ്റക്കുടിലിൽ താമസിച്ചിരുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ. ചെറ്റ പരാമർശം കമ്മ്യൂണിസ്റ്റ് ഭാഷയല്ലെന്നും ജി സുധാകരൻ വിമർശിച്ചു. കെ എൻ ബാലഗോപാലിനെയും സുധാകരൻ പരിഹസിച്ചു.
പൊതുജനസുരക്ഷ നേരിടുന്ന വെല്ലുവിളികൾക്ക് സാങ്കേതികവിദ്യയിലൂടെ പരിഹാരം കാണാൻ ഹാക്കത്തോണുമായി കേരള പൊലീസ്. രാജ്യത്തെ ഏറ്റവും മികച്ച പ്രതിഭകളെ ഒന്നിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഹാക്കത്തോൺ ആരംഭിച്ചത്. ‘ഹാക്ക്’പി 2026 – പാൻ-ഇന്ത്യ മൾട്ടി-സിറ്റി ഹാക്കത്തോൺ’ എന്ന പേരിലാണ് ഹാക്കത്തോൺ നടത്തുന്നത്.
മദ്യനയത്തിലും ധാതുഘനനത്തിലും കോൺഗ്രസിൽ അതൃപ്തി പുകയുന്നതിനിടെ പ്രതികരണവുമായി മന്ത്രി രമേശ് ചെന്നിത്തല. മദ്യനയത്തിൽ ഇതുവരെ നയപരമായ തീരുമാനമെടുത്തിട്ടില്ലെന്നും നികുതി കുറയ്ക്കുന്നതും കൂട്ടുന്നതും ബജറ്റ് രഹസ്യമാണെന്നും അദ്ദേഹം പറഞ്ഞു. നികുതി കാര്യം എക്സൈസ് മന്ത്രി അറിഞ്ഞില്ലല്ലോ എന്ന ചോദ്യത്തിന് ബജറ്റ് ലീക്കാവും എന്നായിരുന്നു മറുപടി.
എൽ ഡി എഫ് സർക്കാരിന്‍റെ കാലത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി നിശ്ചയിച്ചിരുന്നില്ലെന്ന് ബാലഗോപാൽ.251 ശതമാനം നികുതി നൽകണമായിരുന്നു എന്നതിനാലാണ് തീരുമാനവുമായി മുന്നോട്ട് പോകാത്തതെന്നും അദ്ദേഹം വിവരിച്ചു.സർക്കാർ ചുമതലയേറ്റിട്ട് ഒരു മാസം മാത്രമേ ആയിട്ടുള്ളു എന്നത് കൊണ്ടാണ് പ്രതിപക്ഷം വിമർശനം കടുപ്പിക്കാത്തത്.
ഉത്തർപ്രദേശിലെ കോച്ചിങ് സെന്ററിലുണ്ടായ വൻ തീപിടിത്തത്തിൽ 14 മരണം സ്ഥിരീകരിച്ചു. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പതക് ആണ് 14 പേർ മരിച്ചതായി സ്ഥിരീകരിച്ചത്. അപകടത്തിൽ പരിക്കേറ്റ 4 വിദ്യാർത്ഥികൾ ചികിത്സയിലാണ്. ലഖ്നൗവിലെ അലിഗഞ്ച് പ്രദേശത്തുള്ള കോച്ചിങ്ങ് സെന്ററിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം.
അയോധ്യ ശ്രീരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട ഹർജിയിൽ ഇടപെടാതെ അലഹബാദ് ഹൈക്കോടതി. കേസെടുക്കണമെന്നും, കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നതടക്കമുള്ള ഹര്‍ജിയിൽ അലഹബാദ് ഹൈക്കോടതി വാദം കേൾക്കാൻ വിസമ്മതിച്ചു. ഉത്തർപ്രദേശ് സർക്കാർ വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ലഖ്നൗ ബഞ്ചാണ് ഹർജി കേൾക്കാൻ വിസമ്മതിച്ചത്.
അയോധ്യക്ക് പിന്നാലെ മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിലും സാമ്പത്തിക തട്ടിപ്പെന്ന് പരാതി. നടപടിയാവശ്യപ്പെട്ട് രക്തം കൊണ്ട് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരിക്കുകയാണ് ക്ഷേത്രത്തിലെ പൂജാരിയും മഥുര ക്ഷേത്രഭൂമി കേസിലെ പരാതിക്കാരനുമായ ദിനേഷ് ഫലഹരി മഹാരാജ്. വഴിപാടിൽ നിന്നുള്ള വരുമാനവും സ്വർണ്ണം, വെള്ളി ആഭരണങ്ങളും തട്ടിയെടുക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ അവതരിപ്പിച്ച ആദ്യ ബജറ്റിൽ തൊഴിൽരഹിതരായ യുവാക്കൾക്ക് 3000 രൂപ വരെ പ്രതിമാസ ധനസഹായം നൽകുന്ന ‘ഭരോസ’ പദ്ധതി പ്രഖ്യാപിച്ചു. സ്ത്രീക്ഷേമം, ഒരു ലക്ഷത്തോളം പുതിയ സർക്കാർ നിയമനങ്ങൾ, നാല് പുതിയ വിമാനത്താവളങ്ങൾ എന്നിവയും ബജറ്റിലെ പ്രധാന ആകർഷണങ്ങളാണ്.
കർണാടകയിലെ നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ ചില ബിജെപി എംഎൽഎമാർ കൂറുമാറി വോട്ട് ചെയ്തെന്ന ആരോപണത്തിൽ പാർട്ടി അന്വേഷണം പ്രഖ്യാപിച്ചു. സത്യം പുറത്തുകൊണ്ടുവരാൻ എംഎൽഎമാരെ ധർമ്മസ്ഥല ക്ഷേത്രത്തിൽ കൊണ്ടുപോയി സത്യം ചെയ്യിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം.
ശിവസേന ഉദ്ദവ് വിഭാഗത്തിൽനിന്നും വിമതരായ ആറ് എംപിമാർ ഇന്ന് ശിവസേന ഷിൻഡേയിൽ ഔദ്യോഗികമായി അംഗത്വം എടുക്കും. മുംബൈയിലാണ് വിമതർ അംഗത്വം എടുക്കുന്നത്. എൻഡിഎക്ക് പിന്തുണ അറിയിച്ച് ലോക്സഭയിൽ തുടരാൻ അനുമതി തേടി വിമതർ ലോക്സഭാ സ്പീക്കർ ഓംബിർളയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. വിമത എംപി കൃഷ്ണ നാഗേഷ് അഷ്ടികറിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയെന്ന് ഉദ്ദവ് വിഭാഗം അറിയിച്ചു.
അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിൽ ഇറാന്‍റെ കയറ്റുമതി വിലക്ക് നീക്കി അമേരിക്ക. ഇറാനിയൻ എണ്ണയുടെ ഉത്പാദനത്തിനും വിതരണത്തിനും വിൽപ്പനയ്ക്കും യുഎസ് ട്രഷറി വകുപ്പ് അനുമതി നൽകി. ഇരു രാജ്യങ്ങളും തമ്മിൽ അന്തിമ സമാധാന കരാറിലെത്തുന്നതിനുള്ള ചർച്ചകൾ തുടരുന്നതിനിടയിലാണ് ഈ താൽക്കാലിക ലൈസൻസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ദക്ഷിണ ലെബനനിൽ ഇസ്രായേൽ അതിർത്തിയോട് ചേർന്ന് ഹിസ്ബുള്ള നിർമ്മിച്ച വൻ ഭൂഗർഭ ഡ്രോൺ ഫാക്ടറിയും വിക്ഷേപണ കേന്ദ്രവും കണ്ടെത്തിയതായി ഇസ്രായേൽ പ്രതിരോധ സേന. ഇസ്രായേൽ അതിർത്തിയിൽ നിന്ന് ആറ് കിലോമീറ്റർ അകലെയുള്ള മജ്ദൽ സൗൺ ഗ്രാമത്തിന് താഴെയാണ് അതിനൂതന സൗകര്യങ്ങളുള്ള ഭൂഗർഭ അറ കണ്ടെത്തിയത്.
അമേരിക്കയും ഇറാനും തമ്മിൽ നടത്തുന്ന ചർച്ചകളിൽ വൻ പുരോഗതിയുണ്ടെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. അന്താരാഷ്ട്ര ആണവോർജ ഏജൻസി (IAEA) യുടെ പരിശോധനകൾക്ക് ഇറാൻ അനുമതി നൽകിയതായി ജെ ഡി വാൻസ് അറിയിച്ചു. ഇസ്രയേൽ ലെബനനിൽ നടത്തിയ ആക്രമണം വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് ആരോപിച്ച് ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചുപൂട്ടുകയാണെന്ന് ഇറാൻ പ്രഖ്യാപിച്ചതോടെയാണ് ചർച്ചകൾ പ്രതിസന്ധിയിലായത്.
ഖത്തറിലെ പ്രധാന വ്യവസായ നഗരമായ റാസ് ലഫാനിലെ ഫാക്ടറിയിൽ ഉണ്ടായ സ്ഫോടനത്തിൽ ദുഃഖം രേഖപ്പെടുത്തി ഇന്ത്യൻ എംബസി. ഇന്ത്യൻ എംബസിയും ഖത്തറിലെ മുഴുവൻ ഇന്ത്യൻ സമൂഹവും ഖത്തർ ഗവൺമെന്‍റിനും അവിടുത്തെ ജനങ്ങൾക്കും ഒപ്പം നിലകൊള്ളുന്നതായും അറിയിച്ചു.
ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി എമിറേറ്റിൽ ഡ്രോണുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി പുതിയ നിയമം പ്രഖ്യാപിച്ചു. വാണിജ്യ, വിനോദ മേഖലകളിൽ ഡ്രോണുകളുടെ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കുകയാണ് ഈ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.
കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന എൻഎസ്കെ ടി20 ക്രിക്കറ്റ് ട്രോഫിയുടെ നാലാം സീസൺ മത്സരങ്ങൾ ജൂൺ 25 മുതൽ ജൂലൈ 3 വരെ നടക്കും. ടൂർണമെന്‍റിൽ മൂന്ന് ഗ്രൂപ്പുകളിലായി 15 ടീമുകളാണ് പങ്കെടുക്കുന്നത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ ഉയർന്ന കടുത്ത വിമർശനങ്ങൾ തള്ളി മുൻ ഇംഗ്ലണ്ട് സൂപ്പർ സ്ട്രൈക്കർ മൈക്കൽ ഓവൻ. വരാനിരിക്കുന്ന ഉസ്ബെക്കിസ്ഥാനെതിരായ മത്സരത്തിൽ തകർപ്പൻ ഹാട്രിക്കോടെ റൊണാൾഡോ വിമർശകർക്ക് മറുപടി നൽകുമെന്നാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ് താരം കൂടിയായ ഓവൻ പറഞ്ഞു.
അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് ടീമിന്‍റെ നിലവിലെ ക്യാപ്റ്റനും ഓൾറൗണ്ടറുമായ ഹാർദിക് പാണ്ഡ്യയെ ഒഴിവാക്കാൻ ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന സൂചനകൾ. ഹാർദിക്കിനെ സ്വന്തമാക്കാനുള്ള മത്സരത്തില്‍ രാജസ്ഥാൻ റോയൽസ് ആണ് മുന്നിലുള്ളതെന്ന് ‘റേവ്സ്‌പോർട്‌സ്’ റിപ്പോർട്ട് ചെയ്തു.
