സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് രാജ്ഭവനിലെത്തി. ഓര്‍ഡിനന്‍സില്‍ എല്ലാ മന്ത്രിമാരുടേയും ഒപ്പുവയ്ക്കാന്‍ വൈകിയതിനാല്‍ ഇന്നലെ രാജ്ഭവനില്‍ എത്തിക്കാനിരുന്ന ഓര്‍ഡിനന്‍സ് ഇന്നു രാവിലെയാണ് എത്തിച്ത്. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്. ഓര്‍ഡിനന്‍സ് പരിശോധിക്കാതെ ഗവര്‍ണര്‍ ഇന്ന് ഡല്‍ഹിക്കു പോകും.
ഓര്‍ഡന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിടുന്നതാണു മര്യാദയെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ജനാധിപത്യ സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടണം. ഓര്‍ഡിനന്‍സിന്റെ കാര്യത്തില്‍ മാധ്യമങ്ങള്‍ തിടുക്കം കൂട്ടേണ്ടെന്നും മന്ത്രി ബിന്ദു പറഞ്ഞു. ചാന്‍സലറെ മാറ്റുന്നതിനു ഭരണഘടനാപരമായ നടപടികള്‍ തുടരുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നും ശിവന്‍കുട്ടി.
നിയമസഭാ സമ്മേളനത്തില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാന്‍ പഴുതുകള്‍ തേടി സര്‍ക്കാര്‍. ഡിസംബറില്‍ ചേരുന്ന സഭാ സമ്മേളനം ജനുവരിയില്‍ തുടരുന്ന വിധത്തില്‍ നീട്ടാനാണ് ആലോചന. ഹൃസ്വകാലത്തേക്കു സഭ പിരിയുകയാണെങ്കില്‍ സമ്മേളനത്തിന്റെ തുടര്‍ച്ചയായി പരിഗണിച്ച് നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാമെന്നാണ് കണക്കുകൂട്ടല്‍. ഡിസംബര്‍ 15 ന് സഭ താല്‍ക്കാലികമായി പിരിഞ്ഞ് ക്രിസ്മസിനു ശേഷം പുനരാരംഭിച്ച് ജനുവരിയിലേക്ക് നീട്ടിക്കൊണ്ടുപോകാനാണ് നീക്കം.
തിരുവനന്തപുരം നഗരസഭയിലെ നിയമനക്കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ചിനു നേരിട്ട് മൊഴി നല്‍കിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. നേരിട്ടാണോ മൊഴി നല്‍കിയതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആനാവൂര്‍ ആദ്യം മറുപടി പറഞ്ഞില്ല. ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ നേരിട്ടാണെന്നു പ്രതികരിച്ചു.
തെളിവെടുപ്പിനു കൊണ്ടുപോകവേ, പോക്‌സോ കേസ് ഇരയോട് മോശമായി പെരുമാറിയ അമ്പലവയല്‍ എഎസ്‌ഐ ടി ജി ബാബുവിനെതിരെ പോക്‌സോ നിയമപ്രകാരം കേസ്. എഎസ്‌ഐയെ നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു. കഴിഞ്ഞ ജൂലൈ മാസത്തില്‍ ഊട്ടിയിലേക്കു പെണ്‍കുട്ടിയെ തെളിവെടുപ്പിനു കൊണ്ടുപോയപ്പോഴണ് മോശമായി പെരുമാറിയത്.
പൊലീസിനേയും ഡോക്ടറേയും ആശുപത്രിയിലെ വനിതാ ജീവനക്കാരേയും കയ്യേറ്റത്തിനു ശ്രമിച്ച സൈനികനെ അറസ്റ്റ് ചെയ്തു. കല്ലറ പാങ്ങോട് സ്വദേശി വിമലിനെയാണ് അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി പത്തിന് കല്ലറയിലെ സ്വകാര്യ ആശുപത്രിയില്‍ കാലിലെ മുറിവിനു ചികിത്സയ്‌ക്കെത്തിയതായിരുന്നു വിമല്‍ വേണു. മുറിവ് അപകടത്തിലുണ്ടായതാണോ അടിപിടിയിലുണ്ടായതാണോയെന്ന് ഡോക്ടര്‍ ചോദിച്ചതാണു പ്രകോപനത്തിനു കാരണം.
മലയാളം അറിയാത്തവര്‍ക്ക് ലേണേഴ്‌സ് ലൈന്‍സ് ലഭിച്ചതിനെക്കുറിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഇതര സംസ്ഥാനക്കാര്‍ വ്യാപകമായി പരീക്ഷ പാസായതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
കുമളിയില്‍ പണം വച്ചു ചീട്ടുകളിച്ച റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 11 പേരെ രണ്ടര ലക്ഷം രൂപയുമായി അറസ്റ്റു ചെയ്തു. റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്‍ കുമളി കിഴക്കേതില്‍ ഈപ്പന്‍ വര്‍ഗ്ഗീസിന്റെ കെട്ടിടത്തിലായിരുന്നു ചീട്ടുകളി. കേരളത്തിലും തമിഴ്‌നാട്ടിലും ക്ലബ്ബുകള്‍ രൂപീകരിച്ച് പണം വച്ച് ചീട്ടുകളിക്കുന്ന സംഘമാണു പിടിയിലായത്.
മഷിനോട്ടക്കാരനെ ആക്രമിച്ച് ഏഴേകാന്‍ പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. കോട്ടയം ചങ്ങനാശ്ശേരി പെരുന്ന മലേക്കുന്ന് കുന്നേല്‍ പുതുപറമ്പ് വീട്ടില്‍ അജിത്ത് (40) നെയാണ് നോര്‍ത്ത് പറവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പെരുവാരത്ത് മഷിനോട്ടം നടത്തിയിരുന്ന ആളുടെ സ്ഥാപനത്തിലാണു കവര്‍ച്ച നടത്തിയത്.
ആവിക്കരയില്‍ ഭാര്യ വിഷം നല്‍കിയയാള്‍ ചികിത്സയിലിരിക്കേ മരിച്ചു. വയനാട് സ്വദേശി ജയപ്രകാശ് നാരായണന്‍ (45) ആണ് മരിച്ചത്. തിങ്കളാഴ്ച ഭാര്യ രമ വിഷം ഉള്ളില്‍ ചെന്ന് മരിച്ചിരുന്നു. ഭാര്യയാണ് തനിക്ക് വിഷം നല്‍കിയതെന്നാണ് ജയപ്രകാശ് നല്‍കിയ മൊഴി.
വോട്ടെടുപ്പു തുടങ്ങിയ ഹിമാചല്‍ പ്രദേശില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ സിലയിലെ കടയില്‍നിന്ന് 14 ലക്ഷം രൂപ പിടിച്ചെടുത്തെന്നു കോണ്‍ഗ്രസ്. വോട്ടെടുപ്പിനു തലേന്നായ ഇന്നലെ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്‌തെന്നും ആരോപിച്ചു. കടയില്‍നിന്ന് 14 ലക്ഷം രൂപ പിടിച്ചെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടാണ് ബിജെപിക്കെതിരെ കോണ്‍ഗ്രസ് ആരോപണങ്ങള്‍ ഉന്നയിച്ചത്.
തെലങ്കാന സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ വരാതെ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മന്ത്രി ടി ശ്രീനിവാസ റെഡ്ഡിയെയാണ് നിയോഗിച്ചത്. മോദി കടന്നുപോകുന്ന വഴികളില്‍ ടിആര്‍എസ് പ്രവര്‍ത്തകര്‍ ‘മോദി ഗോ ബാക്ക്’ പോസ്റ്ററുകള്‍ പതിച്ചു.
ഒഡീഷയിലെ കോരാപുട്ട് ജില്ലയില്‍ മാവോയിസ്റ്റുകളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. കോരാപുട്ട് ജില്ലയിലെ ബൈപാരിഗുഡ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സ്ഥലത്താണ് വെടിവയ്പു നടന്നത്.
കാബൂളിലെ പാര്‍ക്കുകളില്‍ പ്രവേശിക്കരുതെന്ന് സ്ത്രീകളോടു താലിബാന്‍. കാബൂളിലെ എല്ലാ പാര്‍ക്കുകളിലും സ്ത്രീകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി.
ഐ ലീഗ് ഫുട്ബോള്‍ മാമാങ്കത്തിന് ഇന്ന് മഞ്ചേരിയില്‍ തുടക്കം. വൈകീട്ട് നാലരയ്ക്ക് ആദ്യ മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ഗോകുലം കേരള എഫ്സി കൊല്‍ക്കത്ത മുഹമ്മദന്‍സിനെ നേരിടും.