എഐ ബജറ്റ് വെട്ടിക്കുറയ്ക്കാനൊരുങ്ങി ആഗോള ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റും ഊബറും. ജീവനക്കാര്‍ക്ക് ശമ്പളം നല്കുന്നതിനേക്കാള് വലിയ തുകയാണ് എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ ചിലവാകുന്നതെന്ന് ഇവര്‍ പറയുന്നു. ജീവനക്കാര്‍ക്ക് കോഡിംഗ് നടത്തുന്നതിനായി ആറുമാസം മുന്‍പാണ് മൈക്രോസോഫ്റ്റ് ‘ക്ലോഡ് കോഡ്’ ലൈസന്‍സുകള്‍ വന്‍തോതില്‍ നല്‍കിയത്. എഐ ഉപയോഗിക്കുമ്പോള്‍ ടോക്കണ്‍ ഉപഭോഗം വര്‍ധിക്കുകയും അത് കമ്പനികളുടെ ബില്ലുകള്‍ കുത്തനെ കൂട്ടുകയും ചെയ്യുന്നു. ഇതേത്തുടര്‍ന്ന് ഭൂരിഭാഗം നേരിട്ടുള്ള ക്ലോഡ് കോഡ് ലൈസന്‍സുകളും റദ്ദാക്കിയ മൈക്രോസോഫ്റ്റ് ജീവനക്കാരെ സ്വന്തം പ്ലാറ്റ്ഫോമായ ഗിറ്റ്ഹബ് കോപൈലറ്റിലേക്ക് മാറ്റി. സമാനമായ പ്രതിസന്ധിയാണ് പ്രമുഖ റൈഡ് ഹെയ്ലിംഗ് കമ്പനിയായ ഊബറും നേരിടുന്നത്. 2026-ലേക്ക് എഐ കോഡിംഗ് ടൂളുകള്‍ക്കായി മാറ്റിവെച്ച മുഴുവന്‍ ബജറ്റും വെറും നാല് മാസം കൊണ്ട് ഊബര്‍ ഉപയോഗിച്ചു തീര്‍ത്തു.
