മദ്ധ്യാഹ്ന വാർത്തകൾ 20261109 203850 0000

 

 

അറസ്റ്റ് ചെയ്യപ്പെട്ട് 48 മണിക്കൂറിലധികം ജുഡീഷ്യൽ കസ്റ്റഡിയിലായാൽ സർക്കാർ ജീവനക്കാർ സ്വാഭാവികമായി സസ്‌പെൻഷനിലാകുമെന്ന് സുപ്രീം കോടതി. ഇപ്രകാരം കസ്റ്റഡിയിലാകുന്നവർക്കെതിരേ പ്രത്യേകം സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

 

ദീപാവലിക്ക് പിന്നാലെ ദില്ലിയിൽ വായുമലിനീകരണം അപകടകരമായ അവസ്ഥയിൽ. പലയിടത്തും മലിനീകരണതോത് 400 കടന്നു. സർക്കാർ കണക്കുകൾ തട്ടിപ്പാണെന്ന് എഎപി വിമർശിച്ചു. ഇന്നലെ വായു മലിനീകരണതോത് ഉയർന്ന സമയത്ത് നിരീക്ഷണ കേന്ദ്രങ്ങൾ പലതും പ്രവർത്തനരഹിതമായിരുന്നു എന്നും റിപ്പോർട്ടുണ്ട്.

 

മുതിർന്ന പൗരന്മാരുടെ സംരക്ഷണം ഒരു സാമൂഹിക സംസ്‌കാരമായി വളർത്തിയെടുക്കണമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. സർക്കാരിന് മാത്രമായി ഇത് സാധിക്കില്ല. എൻ.ജി.ഒകളും മറ്റ് ഏജൻസികളും ഇതിനായി കൈകോർക്കണം. അച്ഛനമ്മമാരെ ഉപേക്ഷിക്കുകയോ ഇറക്കിവിടുകയോ ചെയ്യുന്നവർക്കെതിരെ പ്രോസിക്യൂഷൻ അടക്കമുള്ള കടുത്ത നിയമനടപടി..സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

ഫയലുകളിൽ തീരുമാനം വൈകരുതെന്ന് ഉന്നത ഉദ്യോ​ഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ നിർദേശം. മുഖ്യമന്ത്രി വി ഡി സതീശൻ വിളിച്ചുചേർത്ത വകുപ്പ് സെക്രട്ടറിമാരുടെ യോ​ഗത്തിലാണ് ഈ നിർദേശം നൽകിയത്. നിരവധി പേരുടെ ജീവിതപ്രശ്നമാണ്. ഫയലുകളുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് പ്രത്യേക ശ്രദ്ധയും ഇടപെടലും ഉണ്ടാകണമെന്നും മുഖ്യമന്ത്രി ഉദ്യോ​ഗസ്ഥരോട് നിർദേശിച്ചു.

 

സംസ്ഥാനത്ത് പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിച്ച മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവുവിൻ്റെ നടപടി സർക്കാർ റദ്ദാക്കി. സിയാലിൻ്റെ മൂന്നാമത്തെ ബാറിന് ലൈസൻസ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവാണ് റദ്ദാക്കിയത്. കമ്മീഷണർ അനുമതി നൽകിയെങ്കിലും സർക്കാർ എതിർപ്പുയർത്തിയതിനാൽ ഉത്തരവായി പുറത്തിറങ്ങിയിരുന്നില്ല.

 

സിഐടിയു സംസ്ഥാന പ്രസിഡന്റായി ടി പി രാമകൃഷ്ണൻ തുടരും. കെ കെ ജയചന്ദ്രനെ പുതിയ സംസ്ഥാന ജനറൽ സെക്രട്ടറിയായും വി ശിവൻകുട്ടിയെ ട്രഷററായും തിരഞ്ഞെടുത്തു. കോട്ടയത്ത് നടന്ന പതിനാറാം സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

 

കൊച്ചിയിൽ ഗതാഗതം സ്തംഭിപ്പിച്ച് യൂത്ത് ലീഗ് നടത്തിയ റാലിയെ ന്യായീകരിച്ച് ആഭ്യന്തര, വ്യവസായ മന്ത്രിമാർ. റൂട്ട് മാറ്റി ഗതാഗത കുരുക്കിന്റെ വ്യാപ്തി കുറച്ചത് അഭിനന്ദനാർഹമെന്ന് ചെന്നിത്തല. റാലിയുടെ ഉദ്ദേശ ശുദ്ധിയാണ് പ്രധാനമെന്നു കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.. റാലി മാറ്റാൻ തയ്യാറായ യൂത്ത് ലീഗ് നടപടി മാതൃകാപരമെന്ന് ആഭ്യന്തര മന്ത്രി ചെന്നിത്തല പ്രതികരിച്ചത്.

 

വടക്കൻ പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സപിഴവ് പരാതി. സ്ട്രോക്ക് വന്നത് തിരിച്ചറിയാതെ ചികിത്സ വൈകിയതിനാൽ 56കാരന്റെ കാൽ മുറിച്ച് മാറ്റേണ്ടി വന്നുവെന്നാണ് പരാതി. കുന്നുകര സ്വദേശി അബ്ദുൾ ജബ്ബാറാണ് ആശുപത്രിക്കെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്.

 

പിഎം ശ്രീയെ സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടെന്നും എല്ലാ അഭിപ്രായങ്ങളും പരിശോധിക്കുകയാണെന്നും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. ഇതുവരെ സർക്കാർ ഒരു തീരുമാനം എടുത്തിട്ടില്ല. കേന്ദ്ര സർക്കാരിന്റെ ഫണ്ട് എല്ലാവർക്കും അവകാശപ്പെട്ടതാണ്. ഫണ്ട് കിട്ടാൻ കേരളത്തിന് അർഹതയും യോഗ്യതയും ഉണ്ടെന്നും മന്ത്രി പറഞ്ഞു.

 

തിരഞ്ഞെടുപ്പിലുണ്ടാകുന്ന തോൽവിയിൽ ജനങ്ങളെ കുറ്റപ്പെടുത്തുകയല്ല വേണ്ടതെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. പകരം ‘ഞാൻ എന്ത് ചെയ്തു’ എന്ന് സ്വയം ആലോചിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ എം.വി. രാഘവൻ വലിയൊരു മാതൃകയാണെന്നും അദ്ദേഹം വ്യക്തമാക്കി.കേന്ദ്രത്തിലെ മോദി സർക്കാർ തെരുവ് ഗുണ്ടയെപ്പോലെയാണ് പെരുമാറുന്നതെന്ന് സിപിഎം നേതാവ് എം.എ. ബേബി വിമർശിച്ചു.

 

തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയിൽ തടാകത്തിൽ കുളിക്കാനിറങ്ങിയ അഞ്ചുപേർ മുങ്ങിമരിച്ചു. നാല് വിദ്യാർഥിനികളും ഒരു വനിതാ വാർഡനുമാണ് മുങ്ങിമരിച്ചത്. തിങ്കളാഴ്ചയാണ് ദാരുണസംഭവം.

 

ഷെയ്ഖ് ഹസീന നൽകിയ പുതിയ പാസ്‌പോർട്ടിനുള്ള അപേക്ഷ ബംഗ്ലാദേശ് സർക്കാർ നിരസിച്ചു. ഹസീനയുടേത് ഒരു ‘നാടകം’ മാത്രമാണെന്ന് വിശേഷിപ്പിച്ച ബംഗ്ലാദേശ് സർക്കാർ, .തീവ്രവാദികൾക്ക് പാസ്‌പോർട്ട് നൽകില്ലെന്നും പറഞ്ഞു. ഇതിനൊപ്പം, ഇരുരാജ്യങ്ങളും തമ്മിലുള്ള കുറ്റവാളികളെ കൈമാറുന്ന കരാർ പ്രകാരം ഹസീനയെ ബംഗ്ലാദേശിന് കൈമാറാൻ ഇന്ത്യയോട് ആവശ്യപ്പെടുകയും ചെയ്തു.

 

മേക്കെദാട്ടു പ്രോജക്ടിന് എതിരായ കത്തിൽ തമിഴ്നാട് മുഖ്യമന്ത്രിയെ വിമർശിച്ച് ഡി കെ ശിവകുമാർ. സുപ്രീംകോടതി ഉത്തരവ് കണ്ടില്ലേ എന്ന് ഡികെ ചോദിച്ചു. ഉദ്യോഗസ്ഥർ ജോസഫ് വിജയ്‍യെ കാര്യങ്ങൾ ധരിപ്പിക്കും എന്നാണ് പ്രതീക്ഷ. മോദിക്ക് വിജയ് കത്തെഴുതിയ വിഷയത്തിലാണ് പരാമർശം. ഡാം നിർമാണം കർണാടകത്തിന്‍റെ അധികാര പരിധിയിൽപ്പെട്ട കാര്യമാണ്. തമിഴ്നാടിന് നൽകുന്ന വെള്ളത്തിൽ കുറവ് വരുത്തില്ല. വേണമെങ്കിൽ പദ്ധതി പ്രദേശം സന്ദർശിക്കാമെന്നും ഡികെ പറഞ്ഞു.

 

ഉത്തർപ്രദേശിൽ 1.27 കോടി ഹിന്ദു വോട്ടർമാരെ എസ്ഐആറിൽ ഒഴിവാക്കിയെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണത്തോട് പ്രതികരിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ. നുഴഞ്ഞുകയറ്റക്കാരെ ഉൾപ്പെടുത്തിക്കൊണ്ട് ഹിന്ദുക്കളെ ഒഴിവാക്കി എന്നാണ് യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ ആരോപിച്ചത്.

 

എഥനോൾ പെട്രോൾ വിവാദം വിശദമായി വിലയിരുത്താൻ കേന്ദ്രസർക്കാർ. പെട്രോളിയം മന്ത്രാലയം ഇതിനായി ഉന്നതതല യോ​ഗം വിളിച്ചു ചേർക്കും. കോൺ​ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നാണ് കേന്ദ്രസ‌ർക്കാർ കുറ്റപ്പെടുത്തുന്നത്. കർണാടക സർക്കാർ പെട്രോൾ പമ്പുകളിൽ നടത്തിയ പരിശോധനയിൽ 30 ശതമാനത്തിന് മുകളിൽ വരെ പെട്രോളിൽ എഥനോൾ കണ്ടെത്തിയ സംഭവം വലിയ ചർച്ചയായിരിക്കുകയാണ്.

 

ഗാസയിലെ ഇസ്രയേൽ സൈനിക നടപടിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ഡച്ച് സർക്കാരിനോട് ആവശ്യപ്പെട്ട് നെതർലൻഡ്സ് തലസ്ഥാനമായ ആംസ്റ്റർഡാമിൽ വമ്പൻ റാലി. ഞായറാഴ്ച നടന്ന ഈ പ്രകടനത്തിൽ രണ്ടു ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തെന്ന് സംഘാടകരിലൊരാളായ ആംനസ്റ്റി ഇന്റർനാഷണലിന്റെ നെതർലൻഡ്സ് ഘടകം അവകാശപ്പെട്ടു. .

 

പാകിസ്താനി ടെലിവിഷൻ അവതാരകയെ വീട്ടിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 92 ന്യൂസിലെ അവതാരകയും പ്രോഗ്രാം ഹോസ്റ്റുമായ റാബിയ അഹ്‌സാ (41)നിനേയാണ് ഞായറാഴ്ച റാവൽപിണ്ടിയിലെ ഗുൽഷാനാബാദിലെ വീട്ടിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.

 

ദീപാവലിയെ ‘സന്തോഷത്തിന്റെ ഈദ്’ (ഖുശിയോ കി ഈദ്) എന്ന് വിശേഷിപ്പിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി ബി.ജെ.പി.വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കോൺഗ്രസ് വോട്ട് ബാങ്ക് പ്രീണന രാഷ്ട്രീയത്തിനാണ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു.

 

ഐ.പി.എൽ മിനി താരലേലത്തിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സിന് നിർദേശവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൃഷ്ണമാചാരി ശ്രീകാന്ത്. ടീമിലെ യുവ വിക്കറ്റ് കീപ്പർ ബാറ്ററായ കാർത്തിക് ശർമ്മയെ ഒഴിവാക്കി കുറഞ്ഞ തുകയ്ക്ക് തിരിച്ചെടുക്കണമെന്ന് ശ്രീകാന്ത് പറഞ്ഞു.

 

ട്വന്റി20 ലോകകപ്പ്‌ കിരീടം നേടിയ ഇന്ത്യന്‍ ടീമിന്റെ നായകന്‍ സൂര്യകുമാര്‍യാദവ്‌ സയ്യിദ്‌ മുഷ്‌താഖ്‌ അലി ടി20 ട്രോഫിക്കുള്ള മുംബൈ ടീമിനെ നയിക്കും. ശ്രേയസ്‌ അയ്യര്‍, ശിവംദുബെ, ഷര്‍ദുല്‍ താക്കൂര്‍, സര്‍ഫറാസ്‌ ഖാന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും മുംബൈ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്‌.

 

ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ സ്മൃതി മന്ദാന ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാകും. ഏകദിന ടീമിന്റെ ക്യാപ്റ്റനായതിന് പിന്നാലെയാണ് സ്മൃതി ടെസ്റ്റ് ടീമിനേയും നയിക്കാനൊരുങ്ങുന്നത്.

 

കോൺഗ്രസിനെതിരെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ “ദിമാഗി നക്സൽ” പരാമർശത്തിനെതിരെ രൂക്ഷ മറുപടിയുമായി രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ പ്രസ്താവനകളിൽ രാജ്യത്തെ ജവാന്മാർക്ക് വിശ്വാസമില്ലെന്നും ജവാന്മാരുടെ മുഖം തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ആരാണ് രാജ്യദ്രോഹികൾ, ആരാണ് വിദേശശക്തികളുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നത് എന്ന വിഷയത്തിൽ പ്രധാനമന്ത്രിയെ രാഹുൽ ഗാന്ധി സംവാദത്തിന് വെല്ലുവിളിച്ചു.

 

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) ഭരണസമിതി തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സ്പോർട്സ് പേഴ്സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് (എസ്ഒഎം) വോട്ടെടുപ്പിൽ നിലവിലെ പ്രസിഡന്‍റ് പി.ടി. ഉഷയ്ക്ക് തോൽവി.മുൻനിര താരങ്ങളായ അഞ്ജു ബോബി ജോർജ്, സൈന നെഹ്‌വാൾ, റാണി രാംപാൽ, ഡോള ബാനർജി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടതോടെ വോട്ടെടുപ്പിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട പി.ടി. ഉഷ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള പാനലിന് പുറത്തായി.

 

സ്വര്‍ണം വാങ്ങുമ്പോള്‍ തൂക്കം, പരിശുദ്ധി, പണിക്കൂലി, ജിഎസ്ടി എന്നിവയെല്ലാം നാം പരിശോധിക്കാറുണ്ട്. അതേ സമയം തന്നെ ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഹാള്‍മാര്‍ക്കിങ് ചാര്‍ജും ശ്രദ്ധിക്കണം. 2021ല്‍ സ്വര്‍ണാഭരണങ്ങള്‍ക്കും സ്വര്‍ണത്തില്‍ നിര്‍മിച്ച മറ്റു വസ്തുക്കള്‍ക്കും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ ചില വിഭാഗങ്ങളില്‍പ്പെട്ട സ്വര്‍ണ ഉല്‍പന്നങ്ങള്‍ക്ക് ഈ വ്യവസ്ഥയില്‍ ഇളവുണ്ട്. സ്വര്‍ണത്തിന്റെ പരിശുദ്ധിയുമായി ബന്ധപ്പെട്ട തട്ടിപ്പുകളില്‍നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുകയാണ് ഹാള്‍മാര്‍ക്കിങ്ങിന്റെ ലക്ഷ്യം.

 

കാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകളുടെ വിലയില്‍ പ്രഖ്യാപിച്ച വിലക്കുറവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. വ്യാപാരികള്‍ക്ക് ഈടാക്കാവുന്ന ലാഭവിഹിതത്തിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് 1,364 കാന്‍സര്‍ മരുന്നുകളുടെ പുതുക്കിയ വിലയാണ് ഇന്ന് മുതല്‍ നിലവില്‍ വന്നിരിക്കുന്നത്. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം 3,540.38 കോടി രൂപ ലാഭിക്കാനാകുമെന്നാണ് കണക്ക്.

 

ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ പുതിയ ചുവടുവെപ്പിനൊരുങ്ങി മാരുതി സുസുക്കി. കമ്പനിയുടെ ആദ്യത്തെ 7 സീറ്റർ ഇലക്ട്രിക് എംപിവി ഇന്ത്യൻ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് വാഹന നിർമാതാക്കൾ. വൈഎംസി എന്ന കോഡ് നാമത്തിൽ വികസിപ്പിക്കുന്ന പുതിയ ഇലക്ട്രിക് എംപിവി 2027 ഫെബ്രുവരിയിൽ വിപണിയിൽ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ലോഞ്ച് തീയതി സംബന്ധിച്ച് കമ്പനി ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. മാരുതിയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവിയായ ഇ വിറ്റാരയ്ക്ക് അടിത്തറയാകുന്ന ഹാർടെക്റ്റ്-ഇ പ്ലാറ്റ്‌ഫോമിലായിരിക്കും പുതിയ എംപിവിയും നിർമിക്കുക.

 

സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെയും ഐ.പി.എൽ. ടീമായ സൺറൈസേഴ്‌സ് ഹൈദരാബാദ് ഉടമ കാവ്യ മാരന്റെയും വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാനായി തമിഴ് സിനിമാ താരം രജനീകാന്തും തമിഴ്നാട് മുൻമുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഗ്രീസിലേക്ക് തിരിച്ചു. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി രണ്ടുദിവസമായാണ് വിവാഹ ചടങ്ങുകൾ. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിലാണ് വിവാഹം. അതിഥികളുടെ യാത്രയും താമസസൗകര്യങ്ങളും മാരൻ കുടുംബമാണ് ഒരുക്കിയിരിക്കുന്നത്. അനിരുദ്ധിന്റെ ബന്ധു കൂടിയാണ് രജനീകാന്ത്.

 

ബി.ജെ.പി. നേതാവ് ബി. ഗോപാലകൃഷ്ണന്റെ വീട് സന്ദർശിച്ചതിന് പിന്നാലെ സൈബർ ആക്രമണം നേരിടുന്ന നടൻ മമ്മൂട്ടിയെ പിന്തുണച്ച് ഗാനരചയിതാവ് രാജീവ് ആലുങ്കൽ. മമ്മൂട്ടി എന്ന മഹാനടൻ എല്ലാവരുടേതുമാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു. മമ്മൂട്ടിയുടെ പേറ്റന്റ് ആരും എഴുതി എടുക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

പ്രൈമറി തലവേദനകളായ ടെൻഷൻ തലവേദന, മൈഗ്രേൻ, ക്ലസ്റ്റർ തലവേദന തുടങ്ങിയവ കൂടക്കൂടെ അലട്ടിക്കൊണ്ടിരിക്കുന്നതിൽ ജീവിതശൈലിക്കും ഒരു പങ്കുണ്ട്. ഭക്ഷണരീതി, ഉറക്കപ്രശ്‌നങ്ങൾ, അലസജീവിതശൈലി തുടങ്ങിയ പല ഘടകങ്ങളും തലവേദനയുടെ സാധ്യത കൂട്ടും.ഭക്ഷണം ഒഴിവാക്കുന്നതും സംസ്‌കരിച്ച ഭക്ഷണപദാർഥങ്ങൾ ധാരാളമായി കഴിക്കുന്നതും തലവേദനയ്ക്ക് പ്രേരകമായേക്കാം. ഭക്ഷണപദാർഥങ്ങളിൽ കഫീൻ, മദ്യം, ചോക്ലേറ്റ്, ചീസ്, കൃത്രിമമധുരം, പുളിപ്പിച്ച ഭക്ഷണങ്ങൾ തുടങ്ങിയവയുടെ ഉപയോഗം മൈഗ്രേനുള്ളവരിൽ തലവേദനയ്ക്ക് കാരണമായേക്കാം.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *