കിഫ്ബി വഴി കണ്ണൂരിലും പാലക്കാടും ഭൂമി ഏറ്റെടുത്തതിലെ ക്രമക്കേടുകളിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. വിജിലൻസ് ഡിഐജി തോംസൺ ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഭൂമി ഏറ്റെടുത്തതിൽ ക്രമക്കേടുണ്ടെന്ന സർക്കാർ നിയോഗിച്ച സമിതിയുടെ കണ്ടെത്തലിനെ തുടർന്നാണ് അന്വേഷണം.
‎
‎കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം.150 മെഗാവാട്ട് ആണ് അധികമായി ലഭിക്കുന്നത്. നവംബർ 15ന് കാലാവധി തീരുമായിരുന്നു. കേരളത്തിൻറെ അഭ്യർത്ഥനമാനിച്ചാണ് വിഹിതം നീട്ടിയത്.
‎
‎ജിഎൻഎയുമായുള്ള വൈദ്യുതി കരാർ വേണ്ടെന്ന് വയ്ക്കുമ്പോഴും വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് അതൃപ്തി. ഹിമാചലിൽ നിന്നുള്ള വൈദ്യുതി വാങ്ങൽ നീക്കത്തെ സംശയ നിഴലിലാക്കിയതിലാണ് സണ്ണി ജോസഫിന്‍റെ അമർഷം. അഴിമതിക്കുള്ള ശ്രമം പിടിക്കപ്പെട്ടതോടെയാണ് കരാറിൽ നിന്നുള്ള പിന്മാറ്റമെന്ന് പ്രതിപക്ഷം ആരോപിച്ചു.
‎
‎കുട്ടികളുടെ വാഹന ഉപയോഗത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി സി.പി.ജോൺ. കുട്ടികൾ വാഹനം ഉപയോഗിച്ചാൽ രക്ഷിതാക്കൾക്കെതിരെയായിരിക്കും നടപടിയെടുക്കുക. കുട്ടികളെ നിയന്ത്രിക്കാനായില്ലെങ്കിൽ രക്ഷിതാക്കൾ വാഹനം വിൽക്കട്ടെയെന്നും മന്ത്രി പറഞ്ഞു.
‎
‎മുഖ്യമന്ത്രി വി.ഡി. സതീശനോടുള്ള അതൃപ്തി വീണ്ടും പ്രകടിപ്പിച്ച് യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശ്. യു.ഡി.എഫ്. യോഗം ചേരാത്തത് എന്തെന്ന് ചെയർമാനോട് ചോദിക്കണമെന്നും, മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്വം ഉണ്ട് എന്നതിനുള്ള തെളിവാണ് പുറത്തുവരുന്നത് എന്നും അടൂർപ്രകാശ് പരിഹസിച്ചു.
‎
‎പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിലെ വിദൂരവിദ്യാഭ്യാസ സ്ഥാപനമായ സ്‌കോൾ കേരളയുടെ വൈസ് ചെയർമാനുൾപ്പെടെയുള്ളവരുടെ നിയമനയോഗ്യത വെട്ടിക്കുറച്ചു. കോൺഗ്രസ് അനുകൂല അധ്യാപക സംഘടന മുൻ സംസ്ഥാന നേതാവിനുവേണ്ടിയാണ് യോഗ്യത ഇളവുചെയ്തതെന്നാണ് സൂചന.
‎
‎ശബരിമല സ്വർണക്കൊള്ളയിലെ കട്ടിളപ്പാളി കേസിൽ പ്രോസിക്യൂഷൻ അനുമതി തേടി ദേവസ്വം വകുപ്പ് സെക്രട്ടറിക്ക് എസ്ഐടി അപേക്ഷ നൽകി. കട്ടിളപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർചെയ്ത് ഒരുവർഷത്തിന് ശേഷമാണ് എസ്ഐടി പ്രോസിക്യൂഷൻ അനുമതി തേടിയിരിക്കുന്നത്.
‎
‎പെട്രോളിൽ അനുവദനീയമായ അളവിൽക്കൂടുതൽ എഥനോൾ കലർത്തിയിട്ടുണ്ടോയെന്നറിയാൻ കോഴിക്കോട് ജില്ലയിലും പരിശോധന. രണ്ട് പമ്പുകളിൽനിന്ന് പെട്രോൾ ശേഖരിച്ചു. ആറുവീതം സാംപിളുകൾ പരിശോധനയ്ക്കെടുത്തു.
‎
‎കാസർകോട് മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് ഉദ്ഘാടന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ചൊല്ലിയതിൽ അതൃപ്തി പ്രകടിപ്പിച്ച് ആരോഗ്യ മന്ത്രി കെ മുരളീധരൻ. വന്ദേമാതരത്തിൻ്റെ ആദ്യ രണ്ട് ഖണ്ഡികകൾ ചൊല്ലിയതിന് പിന്നാലെ മന്ത്രി ഇരുന്നു. ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരം ആദ്യ രണ്ട് ഖണ്ഡികകൾ ചൊല്ലിയാൽ മതിയെന്ന് കോൺഗ്രസ് നിലപാടെടുത്തിരുന്നു.
‎
‎വന്ദേമാതരം ആലാപനം പൂർത്തിയാകുന്നതിന് മുമ്പ് വേദിയിൽ ഇരിച്ചതുമായി ബന്ധപ്പെട്ട് നിയമനടപടികൾ ഉണ്ടായാൽ അത് നേരിടാൻ തയ്യാറാണെന്ന് മന്ത്രി കെ. മുരളീധരൻ. സ്വാതന്ത്ര്യസമര സേനാനിയുടെ മകനായ തന്നെ ആരും ദേശസ്‌നേഹം പഠിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‎
‎ഫോണ്‍ എടുക്കാത്ത വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ ശകാരിച്ച് മന്ത്രി മോന്‍സ് ജോസഫ്. പത്തനംതിട്ടയില്‍ ശബരിമല അവലോകന യോഗത്തിലാണ് ശകാരം. ഉദ്യോഗസ്ഥര്‍ ഫോണ്‍ എടുക്കുന്നില്ല എന്ന പരാതി എംഎല്‍എമാര്‍ ഉള്‍പ്പെടെ ഉന്നയിച്ചതോടെയാണ് വിമര്‍ശനം.
‎
‎കാലടി സർവകലാശാലയിലെ പരീക്ഷ വിവാദവുമായി ബന്ധപ്പെട്ട് ഹാജർ നിലയില്ലെന്ന സർവകലാശാലയുടെ വാദത്തിൽ പരിക്ഷ എഴുതേണ്ട എല്ലാവർക്കും സസ്പെൻഷന് മുൻപ് 60 ശതമാനം വരെ ഹാജറുണ്ടായിരുന്നെന്ന് വിദ്യാർഥികൾ. കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും.
‎
‎യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെയുള്ള കേസിൽ പൊലീസ് തുടർനടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അതേ സമയം കുട്ടി കുറ്റവാളികൾക്ക് എതിരെ കർശന നടപടിയുണ്ടാകും. കൂടാതെ മദ്യപിച്ചു വണ്ടി ഓടിച്ചാലും കർശന നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
‎
‎പരീക്ഷ ക്രമക്കേടിൽ പി എസ് സി ചെയർമാൻ എം ആർ ബൈജു ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഇതുസംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് മറുപടി നൽകി. ഇന്ന് ഉച്ചയ്ക്ക് 2.30ക്ക് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നിർദേശം നൽകിയിരുന്നത്.
‎
‎സി പിഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ സിപിഎം കേന്ദ്ര കമ്മിറ്റിയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയുടെ നേതൃത്വത്തിൽ അന്വേഷണം തുടരുന്നു. പരാതിക്കാരിയായ വനിതാ നേതാവിന്റെ മൊഴിയെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ സമിതി പൂർത്തിയാക്കി.
‎
‎കോവളം സ്പാ പീഡനക്കേസിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർ എം ഒ അനുരൂപിനെ ജോലിയിൽ നിന്ന് പിരിച്ച് വിടണമെന്ന് ആവശ്യപ്പെട്ട് നഗരസഭ സർക്കാരിന് കത്ത് കൈമാറി. അനുരൂപ് നഗരസഭക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന് കത്തിൽ പറയുന്നു.
‎
‎ആലുവയിലെ റിസോർട്ടിൽ ഹാലോവീൻ പാർട്ടിയിൽ പങ്കെടുത്ത എല്ലാവരെയും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം. പാർട്ടിയിൽ പങ്കെടുത്തവരിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉണ്ടെന്ന് കണ്ടെത്തി. ലൈസൻസ് ഇല്ലാതിരുന്നിട്ടും മദ്യം വിളമ്പിയതിൽ ഉൾപ്പെടെ അന്വേഷണമുണ്ടാകും
‎
‎തിരുവനന്തപുരത്ത് ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. മലബാർ എക്സ്പ്രസ്സിലെ യാത്രക്കാരിയായ യുവതിക്ക് നേരെയാണ് ലൈംഗികാതിക്രമം നടന്നത്. സംഭവത്തിൽ ആറ്റിങ്ങൽ സ്വദേശിയായ വിജേഷ് എന്നയാളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു.
‎
‎വടക്കൻ പറവൂർ താലൂക്ക് ആശുപത്രിക്കെതിരായ ചികിത്സാപ്പിഴവ് ആരോപണത്തിൽ പരാതിക്കാരനായ കുന്നുകര സ്വദേശി അബ്ദുൽ ജബ്ബാർ ഇന്ന് വീണ്ടും ആശുപത്രി സൂപ്രണ്ടിനെ കാണും. തുടർചികിത്സ ഉറപ്പാക്കണമെന്നും സംഭവത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നുമാണ് ആവശ്യം.
‎
‎എറണാകുളം ആലുവയിൽ 185 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലെ പ്രതികൾ ലഹരി കടത്തിയതിന്‍റെയും ഒളിപ്പിക്കുന്നതിന്റെയും കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. ഹരിപ്പാട് സ്വദേശി ധനേഷ്, എറണാകുളം സ്വദേശികളായ ഷിനു, ഹരികൃഷ്ണൻ എന്നിവരാണ് കേസിൽ പിടിയിലായത്.
‎
‎പിലിക്കോട് മടിവയലിൽ കൊവിഡ് ബാധിതനായ 67-കാരനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യ ജാനകിയ്ക്കും ബന്ധു രാജേഷിനും ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ പ്രതികൾ നാലുമാസം കൂടി അധിക തടവ് അനുഭവിക്കണം.
‎
‎പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ (57) അന്തരിച്ചു. കൊച്ചിയിൽ ആയിരുന്നു അന്ത്യം. സെറ്റിൽ കുഴഞ്ഞുവീണതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നു പുലർച്ചയാണ് മരിച്ചത്. പുലിമുരുകൻ, നരൻ, ഒടിയൻ തുടങ്ങി അമ്പതിലധികം സിനിമകളുടെ ഛായാഗ്രാഹകനായി പ്രവർത്തിച്ചു.
‎
‎രാജ്യത്ത് ഈ സാമ്പത്തിക വർഷം അരി ഉത്പാദനം കുറയുമെന്ന് കേന്ദ്ര കൃഷി മന്ത്രാലയം. പതിറ്റാണ്ടിന് ശേഷമാണ് രാജ്യത്ത് അരി ഉത്പാദനം കുറയുന്നത്. മഴ കുറഞ്ഞതും ഇ-20 പെട്രോളിനു വേണ്ടിയുള്ള എഥനോൾ ഉൽപാദനവും അരി ഉത്പാദനത്തെ ബാധിച്ചു.
‎
‎തമിഴ്നാട്ടിൽ വിഷവാതക ദുരന്തം. കൃഷ്ണഗിരി ജില്ലയിൽ ഹൊസൂരിന് സമീപമുള്ള ടാറ്റ ഇലക്ട്രോണിക്‌സ് പ്ലാന്റിൽ വിഷവാതകം ശ്വസിച്ച് മൂന്ന് കരാർ തൊഴിലാളികൾ മരിച്ചു. പ്ലാന്റിലെ മലിനജല സംഭരണ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം.
‎
‎കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ ഓർമ്മപ്പുസ്തകം ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്’ പ്രകാശനം ചെയ്തു. ആദ്യപ്രതി ഹൈബി ഈഡൻ എം.പി സ്വീകരിച്ചു. ഹാർപ്പർ കോളിൻസ് ഇന്ത്യയാണ് പ്രസിദ്ധീകരിക്കുന്നത്.
‎
‎ജില്ലാ കളക്ടറോട് മോശം പെരുമാറ്റം നടത്തിയെന്ന പരാതിയിൽ ടിവികെ എംഎൽഎ അരുൾ വിഗ്നേഷ് വിവാദത്തിൽ. ജില്ലാ കളക്ടർക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും മദ്യലഹരിയിൽ രാത്രിയിൽ കളക്ടറുടെ വസതിയിലെത്തിയെന്നുമാണ് പരാതി.
‎
‎ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പ്രിയങ്ക ഗാന്ധി നയിച്ചേക്കുമെന്ന് സൂചന. പ്രചാരണ ചുമതല പ്രിയങ്കക്ക് നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. അടുത്തയാഴ്ചയോടെ തുടങ്ങുന്ന ചർച്ചയും പ്രിയങ്ക നയിക്കുമെന്നാണ് സൂചനകൾ.
‎
‎2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾക്കുമുമ്പ് തന്നെ പ്രധാനമന്ത്രി പദം ഏറ്റെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നതായി സോണിയ ഗാന്ധി. ഇന്ന് പുറത്തിറങ്ങുന്ന പുസ്തകത്തിലാണ് 2004ൽ പ്രധാനമന്ത്രി പദം ഏറ്റെടുക്കാതിരുന്നതിന് പിന്നിലെ കാരണങ്ങളും അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളും സംബന്ധിച്ച് സോണിയ ഗാന്ധി വിശദീകരിക്കുന്നത് .
‎
‎കോർപ്പറേഷൻ പരിധിയിലെ വീടുകളിൽനിന്നു ശേഖരിക്കുന്ന ഖരമാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനായി ആവിഷ്‌കരിച്ച സ്മാർട്സിറ്റി 2.0 പദ്ധതിയുടെ ഫണ്ട് വെട്ടിച്ചുരുക്കി കേന്ദ്ര സർക്കാർ. അതേസമയം, പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് 45 കോടി രൂപയോളം കേന്ദ്രം അനുവദിച്ചിട്ടുണ്ട്.
‎
‎ഐ.ഒ.എ. ജനറൽ കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പുമായിബന്ധ പ്പെട്ട് പി.ടി. ഉഷയും എതിർവിഭാഗവും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. തന്നെ പദവിയിൽ നിന്ന് പുറത്താക്കാൻ ആസൂത്രിത നീക്കങ്ങൾ നടന്നതായി ആരോപിച്ച പി.ടി. ഉഷ വിഷയത്തിൽ പ്രധാനമന്ത്രിക്കും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്കും പരാതി നൽകുമെന്നാണ് വിവരം.
‎
‎ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരം മഴമൂലം ടോസിനുശേഷം ഉപേക്ഷിച്ചു. മഴയും നനഞ്ഞ ഔട്ട് ഫീല്‍ഡും മൂലം ഒന്നര മണിക്കൂര്‍ വൈകി ടോസിടുകയും മത്സരം 40 ഓവര്‍ വീതമാക്കി വെട്ടിക്കുറക്കുകയും ചെയ്തിരുന്നെങ്കിലും വീണ്ടും മഴ എത്തിയതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.
‎
‎
‎
‎എ.ഐ അധിഷ്ഠിത സാങ്കേതിക പരിഷ്കരണങ്ങളുടെ ഭാഗമായി പ്രമുഖ ഓസ്ട്രേലിയൻ വിമാനക്കമ്പനിയായ ക്വാന്റാസ് 850 പ്രാദേശിക ജീവനക്കാരെ പിരിച്ചുവിടുന്നു. കോർപ്പറേറ്റ് തലത്തിലെ ബാക്ക്-ഓഫീസ് ജോലികൾ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഔട്ട്‌സോഴ്സ് ചെയ്യുന്നതിനാണ് കമ്പനിയുടെ തീരുമാനം.
‎
‎സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. സ്വർണം ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. ഇന്ന് രാവിലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 13,210 രൂപയാണ് വില. പവന് 360 രൂപ കുറഞ്ഞ് 1,05,680 രൂപയുമായി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 10,810 രൂപയും പവന് 86,480 രൂപയുമാണ് വില. വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 205 രൂപയും പത്ത് ഗ്രാമിന് 2050 രൂപയുമാണ് വെള്ളിയുടെ വില.
‎
‎ഇലക്ട്രിക് വാഹന വിപണിയിൽ പുതിയ ചുവടുവെപ്പിനൊരുങ്ങി മാരുതി സുസുക്കി. കമ്പനിയുടെ ആദ്യത്തെ 7 സീറ്റർ ഇലക്ട്രിക് എംപിവി ഇന്ത്യൻ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് വാഹന നിർമാതാക്കൾ. വൈഎംസി എന്ന കോഡ് നാമത്തിൽ വികസിപ്പിക്കുന്ന പുതിയ ഇലക്ട്രിക് എംപിവി 2027 ഫെബ്രുവരിയിൽ വിപണിയിൽ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
‎
‎ഒരു ദേശീയ പുരസ്കാരവും രണ്ട് സംസ്ഥാന ചലച്ചിത്ര അവാർഡുകളും സ്വന്തമാക്കിയിട്ടുള്ള സംവിധായകൻ കൃഷാന്ദ് ഒരുക്കുന്ന പുതിയ ചിത്രം ‘മാഞ്ചിയം, ദി ബോട്ടണിഓഫ് എ ക്രൈം’ എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലുക്ക് പുറത്തിറങ്ങി. ചിത്രത്തിൻ്റെ ചിത്രീകരണം ഈ മാസം തന്നെ ആരംഭിക്കും.
‎
‎ഫെർമെന്റേഷൻ എന്ന പ്രവർത്തനത്തിലൂടെ ലഭിക്കുന്ന പാൽ ഉത്പന്നങ്ങൾക്ക്, ‘പ്രോബയോട്ടിക്’ ഗുണങ്ങൾ ഏറെയുണ്ട്. നമ്മുടെ ആരോഗ്യത്തിന് ഉതകുംവിധം ആവശ്യമായ അളവിൽ ഉപയോഗപ്പെടുന്ന ഗുണപ്രദമായ സൂക്ഷ്മാണുക്കളെയാണ് ‘പ്രോബയോട്ടിക്’ എന്നുപറയുന്നത്. ‘പ്രോബയോട്ടിക്’ ഗുണങ്ങളുള്ള പാലുത്പന്നങ്ങൾ നിത്യജീവിതത്തിന്റെഭാഗമാക്കുന്നത് ആരോഗ്യകരമായ ജീവിതരീതിയാണ്
‎

 

ഇന്നത്തെ വിനിമയ നിരക്ക്

‎ഡോളർ – ₹93.92
പൗണ്ട് – ₹126.25
യൂറോ – ₹105.41
സ്വിസ് ഫ്രാങ്ക് – ₹114.61
ദിർഹം – ₹25.53
സൗദി റിയാൽ – ₹24.97
കുവൈത്ത് ദിനാർ – ₹301.55
സിംഗപ്പൂർ ഡോളർ – ₹73.48
ഓസ്‌ട്രേലിയൻ ഡോളർ – ₹64.99
കനേഡിയൻ ഡോളർ – ₹66.50
‎
‎
‎
‎

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *