യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ഭൂരിഭാഗം എക്സിറ്റ് പോളുകളുടെയും സർവേ ഫലങ്ങൾ. 9 ഏജൻസികളുടെ എക്സിറ്റ്പോൾ ഫലങ്ങളാണ് ഇപ്പോൾ വന്നിരിക്കുന്നത്. കേരളമടക്കമുള്ള 4 സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും ജനവിധിയറിയാൻ നാല് നാൾ മാത്രം ശേഷിക്കെയാണ് ഇപ്പോൾ എക്സിറ്റ്പോൾ ഫലങ്ങൾ പുറത്തു വന്നിരിക്കുന്നത്.
എക്സിറ്റ് പോളുകളെ വിശ്വസിക്കുന്നില്ലെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. ജനങ്ങളുടെ പോളിനെയാണ് വിശ്വാസമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. നാലിലെ ഫലത്തിനായി കാത്തിരിക്കുന്നു. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും നല്ല ഫലം കിട്ടുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
കേരളത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ. പ്രമുഖ സർവ്വേ ഏജൻസിയായ ആക്സിസ് മൈ ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം സംസ്ഥാനത്ത് യുഡിഎഫ് വ്യക്തമായ ആധിപത്യം നേടുമെന്നാണ് സൂചന. യുഡിഎഫ് 44 ശതമാനം വോട്ടും എൽഡിഎഫ് 39 ശതമാനം വോട്ടും എൻഡിഎ 14ശതമാനം വോട്ടും നേടുമെന്നാണ് ആക്സിസ് മൈ ഇന്ത്യ പ്രവചനം.
ബംഗാളിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെ അട്ടിമറിച്ച് ബിജെപി നയിക്കുന്ന എൻഡിഎ അധികാരം പിടിച്ചെടുക്കുമെന്ന് വിവിധ ഏജൻസികളുടെ എക്സിറ്റ് പോൾ പ്രവചനങ്ങൾ. തെരഞ്ഞെടുപ്പ് കാലത്തടക്കം ഏറെ രാഷ്ട്രീയ കോളിളക്കങ്ങൾക്കും കോടതി നടപടികൾക്കും വേദിയായ പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ തുടർച്ചയായ ഭരണം അവസാനിപ്പിച്ച് എൻഡിഎ സഖ്യം വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് സൂചനകൾ.
തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിന് അധികാര തുടർച്ച ഉണ്ടാവും എന്നാണ് പുറത്തുവന്ന ഏഴ് എക്സിറ്റ് പോളുകൾ പറയുന്നത്. പീപ്പിൾസ് പൾസ്, പി മാർക്ക് എന്നീ സർവ്വെകൾ പ്രകാരം 125 മുതൽ 145 വരെ സീറ്റുകൾ നേടി ഡിഎംകെ സഖ്യം വിജയിക്കും. എൻഡിഎയ്ക്ക് 65 – 80 സീറ്റുകളാണ് പീപ്പിൾസ് പൾസും പി മാർക്കും പ്രവചിക്കുന്നത്. അതേസമയം വിജയ്യുടെ ടിവികെ 18 -24 സീറ്റുകൾ നേടുമെന്നാണ് പീപ്പിൾസ് പൾസിന്റെ പ്രവചനം.
2026 ഓഗസ്റ്റ് 27-ന് മുളന്തുരുത്തിയിൽ ചേരുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗത്തിൻ്റെ നടത്തിപ്പിനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. മലങ്കരസഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നാല് പുതിയ മെത്രാപ്പോലീത്താമാരെ തിരഞ്ഞെടുക്കുന്നതിനാണ് അസോസിയേഷൻ യോഗം ചേരുന്നത്.
മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ ബി അശോകിന് സസ്പെൻഷൻ. സർക്കാരിന്റെ അനുമതിയില്ലാതെ സമൂഹമാധ്യമങ്ങളിൽ സംസാരിച്ചതിനാണ് നടപടി. സർവ്വീസ് ചട്ടം ലംഘിച്ച സർക്കാർ നയങ്ങളെ അടക്കം വിമർശിച്ചു എന്ന കുറ്റം ചുമത്തിയാണ് സസ്പെൻഷൻ. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കാവൽ സർക്കാർ സ്വീകരിച്ചത് പ്രതികാര നടപടിയാണെന്ന് അശോക് പറഞ്ഞു.
യുവതിപ്രവേശന വിധിക്ക് പിന്നാലെ ശബരിമലയിൽ കയറിയ സ്ത്രീകൾ യഥാർത്ഥ വിശ്വാസികളായിരുന്നോ എന്ന ചോദ്യവുമായി സുപ്രീംകോടതി. യുവതിപ്രവേശനത്തെ അനൂകൂലിച്ച് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ്ങ് വാദം ഉന്നയിക്കുന്നതിനിടെയാണ് ജസ്റ്റിസ് നാഗരത്ന ചോദ്യം ഉന്നയിച്ചത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളിൽ വീണ്ടും പരിശോധനയുടെ ആവശ്യമില്ലെന്ന് വാദത്തിനിടെ കോടതി നീരീക്ഷിച്ചു.
ആലപ്പുഴ മണ്ണഞ്ചേരി ബിജു കൊലപാതക കേസിൽ ഒന്നാംപ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. കൊല്ലം ഇട്ടിവ സ്വദേശി മനോജ് കൃഷ്ണനാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. പ്രതി ഒരു ലക്ഷം രൂപ പിഴയൊടുക്കണം. 2024 ജൂലൈ എട്ടിനായിരുന്നു കൊലപാതകം. ഭാര്യ മാതാവിന്റെ രണ്ടാം ഭർത്താവായ 48കാരൻ ബിജുവിനെ പ്രതി മനോജ് വീട്ട് മുറ്റത്ത് വച്ച് പത്തലിന് അടിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്.
പാമ്പുകടിയേറ്റ് രണ്ട് പേർ മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്ക് ഗുരുതര പിഴവ് സംഭവിച്ചെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കെസി വേണുഗോപാൽ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ആന്റി വെനം നൽകാത്തതാണ് മരണകാരണമെന്ന് കുടുംബങ്ങൾ ആരോപിക്കുന്ന സാഹചര്യത്തിൽ, കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെപിസിസി പ്രസിഡന്റിന്റെ പേരിൽ ഇറങ്ങിയ വ്യാജകത്തുമായി ബന്ധപ്പെട്ട് കെ സുധാകരന്റെ മരുമകനെ പൊലീസ് ചോദ്യം ചെയ്തു. കത്ത് പ്രചരിപ്പിച്ചവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്. സൈബർ പൊലീസ് ആണ് അജിത് കുമാറിനെ ചോദ്യം ചെയ്തത്. തെരഞ്ഞെടുപ്പ് സമയത്താണ് വ്യാജകത്ത് ഇറങ്ങിയത്. കണ്ണൂരിൽ സുധാകരന് ജയസാധ്യത ഇല്ലെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം.
കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. അടുത്ത മൂന്ന് മണിക്കൂർ ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അടുത്ത മൂന്ന് മണിക്കൂർ എറണാകുളം ജില്ലയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടുക്കിയിൽ ശക്തമായ മഴയിലും കാറ്റിലും നാശനഷ്ടം. വണ്ടിപ്പെരിയാർ മ്ലാമല ഭാഗത്താണ് നാശനഷ്ടങ്ങൾ ഉണ്ടായത്. മരം കടപുഴകി വീണ് ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു. ശക്തമായ കാറ്റിൽ വ്യാപാര സ്ഥാപനത്തിന്റെ മേൽക്കൂര പറന്നുപോയി. പ്രദേശത്ത് വ്യാപകമായി കൃഷി നാശവുമുണ്ടായിട്ടുണ്ട്.
പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വില്പന നടത്തിയ പ്രതി പിടിയിൽ. മലപ്പുറം വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി നിതിൻ മോഹൻദാസിനെയാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. ടെലഗ്രാമിൽ നിന്ന് തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. നിതിൻ ഉപയോഗിച്ച ഡിവൈസിൽ നിന്നാണ് ക്രൈം ചെയ്തത് എന്ന് പരപ്പനങ്ങാടി പൊലീസ് കണ്ടെത്തി.
കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ആരോഗ്യ വകുപ്പിന് പരാതി. കാൻസർ രോഗിയായ വയോധികന് പ്രാഥമിക ചികിത്സ നിഷേധിച്ചെന്നാണ് പരാതി. രോഗം മൂർച്ഛിച്ച് മരിച്ച മേപ്പയ്യൂർ സ്വദേശി ബാലകൃഷ്ണന്റെ കുടുംബമാണ് ആരോഗ്യവകുപ്പിന് പരാതി നൽകിയത്.
തിരുവല്ലയിൽ ഹർത്താല് ദിനത്തില് കാൻസർ രോഗിയെ തടഞ്ഞുവെച്ച സിഎസ്ഡിഎസ് നേതാവ് റിമാൻഡിൽ. അജിമോൻ ചാലാക്കേരിയിൽ അജിമോൻ ചാലകേരിയാണ് റിമാൻഡിലായത്. കാലടി സ്വദേശി സിജുവിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. വധശ്രമം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയത്.
കോൺഗ്രസിലെ മുഖ്യമന്ത്രി പോര് പുതിയ തലത്തിലേക്ക്. കെപിസിസി ഡിജിറ്റൽ മീഡിയ കോർഡിനേറ്ററെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റിന് പരാതി. വി ഡി സതീശന് പക്ഷത്തെ വിമല ബിനുവിനെതിരെ യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയ ചെയർമാൻ രജിത്ത് രവീന്ദ്രനാണ് പരാതി നൽകിയത്. മുതിർന്ന നേതാക്കളെ അവഹേളിക്കാൻ വിമല ബിനു നിർദ്ദേശിച്ചെന്നാണ് ആരോപണം ഉയരുന്നത്.
കണ്ണൂര് അഞ്ചരക്കണ്ടിയിലെ കണ്ണൂർ ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാർശ പ്രകാരം ഡിജിപിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും ക്രൈംബ്രാഞ്ച് അന്വേഷിക്കും.
അസം നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുമ്പോൾ സംസ്ഥാനത്ത് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യം വൻ വിജയത്തോടെ അധികാരം നിലനിർത്തുമെന്ന് പ്രവചനം. ആകെ 126 സീറ്റുകളുള്ള അസം നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 64 സീറ്റുകളാണ് വേണ്ടത്. പ്രമുഖ എക്സിറ്റ് പോൾ ഏജൻസികളെല്ലാം തന്നെ എൻഡിഎ സഖ്യം കേവലഭൂരിപക്ഷം കടക്കുമെന്നാണ് സൂചിപ്പിക്കുന്നത്.
ഹൈക്കോടതിയിലെ വെർച്വൽ വിചാരണയ്ക്കിടെ സ്ക്രീനിൽ അശ്ലീല ദൃശ്യങ്ങൾ. ബുധനാഴ്ചയാണ് വെർച്വൽ വിചാരണയ്ക്കിടെ അപ്രതീക്ഷിത സംഭവങ്ങളുണ്ടായത്. നിരവധി തവണയാണ് സ്ക്രീനിൽ അശ്ലീല ദൃശ്യങ്ങൾ പ്രദർശിക്കപ്പെട്ടത്. സംഭവത്തിൽ ദില്ലി ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസിന് മുന്നിലാണ് അശ്ലീല ദൃശ്യങ്ങൾ പ്രദർശിക്കപ്പെട്ടത്.
അഭിഭാഷകനായി എൻറോൾ ചെയ്ത രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട ശേഷം ജയിൽമോചിതനായ പേരറിവാളനെ കോടതികളിൽ ഹാജരാകാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് കോൺഗ്രസ് എം പി. രാഷ്ട്രപതിക്ക് കത്ത് നൽകി. തമിഴ്നാട്ടിലെ മയിലാടുതുറൈയിൽ നിന്നുള്ള എംപി സുധയാണ് കത്ത് നൽകിയത്. ബാർ കൗൺസിൽ റോളിൽ നിന്ന് ഉടൻ നീക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്.
കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് ബെംഗളൂരുവിൽ ഏഴ് പേർ മരിച്ചു. ബുധനാഴ്ച വൈകുന്നേരമുണ്ടായ അതിശക്തമായ മഴയിലാണ് വൻ ദുരന്തമുണ്ടായത്. മൂന്ന് കുട്ടികളടക്കമുള്ളവർക്കാണ് ജീവൻ നഷ്ടമായത്. ശിവാജിനഗറിലെ ബൗറിംഗ് ആശുപത്രിയുടെ എട്ടടി ഉയരമുള്ള ചുറ്റുമതിൽ തകർന്ന് വീണതാണ് ദുരന്തമായത്.
പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ പോളിംഗ് ശതമാനം റെക്കോഡിലേക്ക്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം പ്രകാരം രണ്ടാം ഘട്ടത്തിൽ 90 ശതമാനത്തിന് മുകളിലാണ് പോളിംഗ്. വൈകുന്നേരം 5 മണി വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 89.99 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഹൂഗ്ലി, പൂർബ ബർധമാൻ എന്നീ ജില്ലകളിൽ പോളിംഗ് 90 ശതമാനം കടന്നു.
പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനിടെ തൃണമൂൽ ശക്തികേന്ദ്രങ്ങളിൽ ക്രമക്കേടെന്ന പരാതിയുമായി ബിജെപി. ഡയമണ്ട് ഹാർബറിലെ ഫാൽതയിൽ വോട്ടിംഗ് മെഷീനിൽ ബിജെപി സ്ഥാനാർത്ഥിയുടെ ബട്ടണ് നേരെ ടേപ്പ് ഒട്ടിച്ചതായി പരാതി. ആരോപണങ്ങൾ പരിശോധിക്കുകയാണെന്നും സത്യമെന്ന് തെളിഞ്ഞാൽ ഈ ബൂത്തുകളിൽ റീ പോളിംഗ് നടത്തുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
ബെംഗളൂരുവിൽനിന്ന് മംഗളൂരു വഴി ഗോവയിലേക്ക് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ വരുന്നൂ. ബെംഗളൂരുവിനെയും ഗോവയിലെ മാർഗാവിനെയും ബന്ധിപ്പിച്ചുള്ള പുതിയ സർവീസിന് കേന്ദ്രസർക്കാർ അംഗീകാരം നൽകി. കർണാടകത്തിനും തീരമേഖലയായ ഗോവയ്ക്കും ഇടയിലെ റെയിൽ ശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാകും ഇത്. കേന്ദ്ര ബജറ്റിന് മുന്നോടിയായി ഗോവ സർക്കാർ സമർപ്പിച്ച അഭ്യർഥനയെ തുടർന്നാണ് ഇപ്പോഴത്തെ അംഗീകാരം.
കൂടിക്കാഴ്ച്ചയ്ക്ക് രാഷ്ട്രപതി ദ്രൗപതി മുർമ്മു സമയം അനുവദിച്ചെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. എഎപി വിട്ട് ബിജെപിയിൽ എത്തിയ 7 എംപിമാരെ തിരിച്ചുവിളിക്കണമെന്ന് (Recall) രാഷ്ട്രപതിയോട് അഭ്യർത്ഥിക്കും. മെയ് അഞ്ചാം തിയതി ഉച്ചയ്ക്ക് 12 മണിക്കാണ് കൂടിക്കാഴ്ച. കൂടിക്കാഴ്ച്ചയിൽ എംഎൽഎമാർ ഒപ്പം ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തത ഇല്ല.
ടൂറിസ്റ്റ് വിസയിലെത്തി മതം പ്രചരിപ്പിച്ചതിന് മൂന്ന് അമേരിക്കൻ പൗരന്മാർക്ക് ഇന്ത്യ വിടാൻ പൂനെ സിറ്റി പൊലീസിന്റെ നോട്ടീസ്. 2026 മേയ് പത്താം തീയതിക്ക് മുൻപായി രാജ്യം വിട്ടുപോകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. 53, 65, 66 വയസ്സ് പ്രായമുള്ള മൂന്ന് യുഎസ് പൗരന്മാരാണ് ഏപ്രിൽ 19 നും 21 നും ഇടയിൽ ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയത്.
