Screenshot 20260330 0919062

വിദ്യാഭ്യാസത്തിനും തൊഴിലിനുമായി നാടുവിടുന്ന യുവാക്കളുടെ നാടായി കേരളം മാറിയെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.

കേരളത്തില്‍ ബിജെപി എ ടീമായി. ബിജെപിയുടെ ബി ടീം ആണെന്നു കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും പരസ്പരം ആരോപിക്കുന്നു. തൃശൂരിലും പാലക്കാടും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ മോദി റോഡ് ഷോയ്ക്കുശേഷം നടത്തിയ പ്രസംഗത്തിലാണ് ഇങ്ങനെ പറഞ്ഞത്. കേരളത്തിലെ ഇരുമുന്നണികളും ബിജെപിയെ ഭയക്കുകയാണ്. യുഡിഎഫും എല്‍ഡിഎഫും കേരളത്തെ കൊള്ളയടിച്ചെന്നും അദ്ദേഹം ആരോപിച്ചു.

 

പാലക്കാട്ടെ കല്‍പാത്തി ക്ഷേത്രം തന്റെ മണ്ഡലമായ വാരാണസിയിലെ കാശി ക്ഷേത്രത്തോട് ഉപമിച്ച മോദി മലയാളത്തിലാണ് പ്രസംഗം ആരംഭിച്ചത്. പാലക്കാടിന്റെ പ്രകൃതി സൗന്ദര്യം വര്‍ണിച്ച അദ്ദേഹം പാലക്കാട് കേരളത്തിലേക്കുള്ള ബിജെപിയുടെ കവാടമാണെന്നും പറഞ്ഞു. വികസനം മോദിയുടെ ഗ്യാരന്റിയാണ്. മാറാത്തത് ഇനി മാറും. സ്ത്രീ സുരക്ഷയ്ക്കു ഭീഷണിയായ പാലക്കാട് എംഎല്‍എയാണു കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ മുഖമെന്നും മോദി പരിഹസിച്ചു.

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാലക്കാട്ടെ വേദിയില്‍ ആംപ്ലിഫയറില്‍നിന്ന് പുക ഉയര്‍ന്നു. ഉടന്‍ ഉദ്യോഗസ്ഥരെത്തി പ്രശ്‌നം പരിഹരിച്ചു. ഓവര്‍ലോഡാണ് പുക ഉയരാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

എല്‍പിജി ക്ഷാമം രൂക്ഷമായിരിക്കേ, പെട്രോള്‍ പമ്പുകള്‍, റേഷന്‍ കടകള്‍ എന്നിവ വഴി മണ്ണെണ്ണ വിതരണത്തിന് പെട്രോളിയം മന്ത്രാലയം അനുമതി നല്‍കി. മണ്ണെണ്ണ മുക്തമായ 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് പാചകാവശ്യങ്ങള്‍ക്കും വിളക്കുകള്‍ തെളിക്കുന്നതിനുമായി താല്‍ക്കാലിക മണ്ണെണ്ണ വിതരണം അനുവദിച്ചത്.

 

മുഖ്യമന്ത്രി പിണറായി വിജയനെ ‘നുണറായി’ എന്നു വിശേഷിപ്പിച്ച് വി ഡി സതീശന്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 4 ലക്ഷം വീടു വച്ചെന്ന തന്റെ പ്രസ്താവന യമണ്ടന്‍ നുണ ആണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതിനെതിരെയാണ് വി ഡി സതീശന്‍ പ്രതികരിച്ചത്. നുണയാശാനോ നുണറായി ആണോ ഏതാണ് കൂടുതല്‍ യോജിക്കുന്നതെന്ന് നമുക്ക് കാണാം. തന്നെ എങ്ങനെ എങ്കിലും തകര്‍ക്കണം. അതാണ് ഇങ്ങനെ തന്നെ നുണേശന്‍ എന്ന് വിളിക്കുന്നത്. സതീശന്‍ പറഞ്ഞു.

 

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കുള്ള ഭവനപദ്ധതിക്കു കോണ്‍ഗ്രസ് കുന്നംപറ്റയില്‍ വാങ്ങിയ ഭൂമിക്കു മുന്നില്‍ കുടില്‍ക്കെട്ടി സമരവുമായി ഡിവൈഎഫ്‌ഐ. കോണ്‍ഗ്രസ് സംഭാവന പിരിച്ച തുക വീടുകള്‍ നിര്‍മിക്കാന്‍ ഉപോയിഗിച്ചില്ലെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫിന്റെ നേതൃത്വത്തിലാണ് കുടില്‍ കെട്ടിയത്.

 

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് പിരിച്ച പണമെവിടെയെന്നും ഏത് അക്കൗണ്ടില്‍, എത്ര രൂപ നിക്ഷേപിച്ചുവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും സിപിഎം നേതാവ് എം. സ്വരാജ്. ദുരന്തത്തില്‍ മരിച്ചവരുടെ ചോര പുരണ്ട പണം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുകയാണെന്നും സ്വരാജ് ആരോപിച്ചു.

 

തനിക്കെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ക്കു മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ കായിക താരങ്ങളായ വിനേഷ് ഫോഗട്ടും സാക്ഷി മാലിക്കും ബജ്രംഗ് പുനിയയും ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍ രാജ്യം തലകുനിച്ചു നിന്ന നിമിഷങ്ങള്‍ പ്രധാനമന്ത്രി മറന്നോ എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. മോദിയുടെ കടുത്ത അനുഭാവിയായിരുന്ന മധു പൂര്‍ണിമ കിശ്വര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ക്കും പ്രധാനമന്ത്രി മറുപടി നല്‍കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.

 

നേമത്ത് എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. സന്തോഷത്തോടെ സ്വീകരിക്കുമെന്നു സിപിഎം നേതാവ് വി. ശിവന്‍കുട്ടി.

 

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഇന്നു പത്തനംതിട്ടയിലും കോട്ടയത്തും നാളെ കണ്ണൂരിലും തെരഞ്ഞെടുപ്പു പ്രചാരണ സമ്മേളനങ്ങളില്‍ പ്രസംഗിക്കും.

 

പാചകവാതക ക്ഷാമംമൂലം ഹോട്ടലുകളില്‍ ഭക്ഷണ സാധനങ്ങള്‍ക്കു തോന്നുംപടി വില വര്‍ധിപ്പിച്ചു. ചായ, പലഹാരങ്ങള്‍, ഊണ് എന്നിവ അടക്കം എല്ലാ ഇനങ്ങള്‍ക്കും വില വര്‍ധിപ്പിച്ചിട്ടുണ്ട്. പല ഹോട്ടലുകളും അടച്ചിട്ടിരിക്കുകയാണ്.

 

കൊച്ചി നഗരത്തില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കൊച്ചി കോര്‍പ്പറേഷന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. കൊച്ചു കടവന്ത്ര – ആനംതുരുത്തിച്ചിറ റോഡില്‍ മാലിന്യം കുമിഞ്ഞ് കൂടിയത് ഗൗരവമുള്ളതാണ്. മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടോ എന്ന് കോര്‍പ്പറേഷന്‍ വിശദീകരണം നല്‍കണം. കോടതി നിര്‍ദേശിച്ചു.

 

സിപിഎമ്മും എസ്ഡിപിഐയും തമ്മില്‍ പരസ്യ ധാരണയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഇടപെട്ടാണ് ധാരണയുണ്ടാക്കിയത്. വേങ്ങരയിലും മങ്കടയിലും എസ്ഡിപിഐ സ്ഥാനാര്‍ത്ഥികളാണു സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥികളെന്നും അദ്ദേഹം ആരോപിച്ചു.

 

എസി്ഡിപിഐയുമായി സഖ്യമുണ്ടോയെന്നു തന്നോടല്ല, അവരോടുതന്നെ ചോദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പത്തു വര്‍ഷമായി വര്‍ഗീയ കലാപം ഉണ്ടായിട്ടില്ല. നാടിന് ആപത്തായതിനാലാണ് വര്‍ഗീയതയെ എല്‍ഡിഎഫ് എതിര്‍ക്കുന്നതെന്നും പിണറായി.

 

ഇന്ധന ക്ഷാമംമൂലം രാജ്യം ക്‌ളേശിക്കുമ്പോള്‍ ക്ഷാമമില്ലെന്നാണു കേന്ദ്രം പറയുന്നതെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നെഞ്ചളവിന്റെ കണക്ക് പറയുന്ന പ്രധാനമന്ത്രിക്കു നട്ടെല്ല് വളയ്ക്കാതെ നില്‍ക്കാനാവുമോ. പ്രധാനമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ ആവില്ലല്ലോ. ജനങ്ങള്‍ക്കു വേണ്ടി സിപിഐ ചോദിക്കുകയാണ്. യുദ്ധം കുത്തി പൊക്കിയവരുടെ മൂന്നാംകിട പങ്കാളിയായി ഇന്ത്യയെ മാറ്റിയെന്നും ബിനോയ് ആരോപിച്ചു.

 

മേയറാക്കാത്തതിനു കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചതിനു പാര്‍ട്ടിയില്‍നിന്നു സസ്‌പെന്‍ഡു ചെയ്ത തൃശ്ശൂര്‍ കോര്‍പറേഷനിലെ കൗണ്‍സിലര്‍ ലാലി ജെയിംസിനെ കോണ്‍ഗ്രസ് തിരിച്ചെടുത്തു. ഡിസിസി അധ്യക്ഷനു ക്ഷമാപണക്കത്തു നല്‍കിയതിനെത്തുടര്‍ന്നാണ് ലാലി ജെയിംസിനെ തിരിച്ചെടുത്തത്. തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജന്‍ പല്ലന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ എത്തിയ ലാലി പ്രചരണ രംഗത്ത് സജീവമാകുമെന്നു പറഞ്ഞു.

 

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരിവേട്ട അന്വേഷണം ക്രൂസ് പാര്‍ട്ടിയിലേക്ക്. പിടിയിലായ ഷോണ്‍ ശനിയാഴ്ച കൊച്ചിയില്‍ ക്രൂയ്സ് പാര്‍ട്ടി നടത്തിയിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചു. ഷോണിനു (44) പുറമെ ഇടപ്പള്ളിയിലെ റസ്റ്ററന്റ് ഉടമയായ കലൂര്‍ സ്വദേശി ഓസ്റ്റിന്‍ ജോസ് (31), കലൂര്‍ സ്വദേശി അഭിഭാഷകന്‍ രോഹിത് നായര്‍ (25), ബിസിനസുകാരനായ കടുങ്ങല്ലൂര്‍ സ്വദേശി ജിനോ മുരളി (30), പന്തളം സ്വദേശിനിയായ ദന്തഡോക്ടര്‍ ബെന്‍സി റാവുത്തര്‍ (29), കൊല്ലം ചടയമംഗലം സ്വദേശിയും ഫിസിയോതെറപ്പിസ്റ്റുമായ സെയ്തലവി ഫാത്തിമ (29), ഏവിയേഷന്‍ വിദ്യാര്‍ഥിയായ കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി അമല്‍ റൗഫ് (26) എന്നിവരാണു പിടിയിലായത്.

 

പള്ളി സെമിത്തേരിയില്‍ അതിക്രമിച്ചു കയറി റീല്‍സ് ചിത്രീകരണവും ലഹരി ഉപയോഗവും നടത്തിയ മൂന്നു പേര്‍ പിടിയില്‍. ആലപ്പുഴ പൂന്തോപ്പ് സെന്റ് ഫ്രാന്‍സിസ് അസീസി പള്ളി സെമിത്തേരിയില്‍ കയറി കറുത്ത വസ്ത്രം ധരിച്ചും കുരിശു തലകീഴായി പിടിച്ചും റീല്‍സ് ചിത്രീകരിച്ച സച്ചിന്‍, സഞ്ജയ്, അന്‍സില്‍ എന്നിവരാണു പിടിയിലായത്.

 

കൊയിലാണ്ടിയില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്. കൊയിലാണ്ടി അണേല സ്വദേശി ആദര്‍ശി(40)നാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെ എല്‍ഐ സി ഓഫീസിന് മുന്‍വശമാണ് അപകടമുണ്ടായത്.

 

യുദ്ധം മൂലം ലോകമെമ്പാടും പെട്രോള്‍, ഡീസല്‍ പ്രതിസന്ധി വര്‍ധിക്കുകയാണെന്നും വെല്ലുവിളികളെ നേരിടാന്‍ എല്ലാ പൗരന്മാരും ഒരുമിച്ച് നില്‍ക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാന ഊര്‍ജ്ജ മേഖലകളെയാണ് സംഘര്‍ഷങ്ങള്‍ ബാധിക്കുന്നത്. പ്രതിമാസ റേഡിയോ പ്രക്ഷേപണമായ ‘മാന്‍ കി ബാത്തില്‍’ ആണ് പ്രധാനമന്ത്രിയുടെ ആഹ്വാനം.

 

രണ്ട് പതിറ്റാണ്ടിലേറെ മുഖ്യമന്ത്രി കസേരയിലിരുന്ന് ബീഹാര്‍ രാഷ്ട്രീയത്തെ നിയന്ത്രിച്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനവും നിയമസഭാ കൗണ്‍സില്‍ അംഗത്വവും രാജിവയ്ക്കുന്നു. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാലാണു രാജി. മകന്‍ നിഷാന്തിന് ഉപമുഖ്യമന്ത്രി പദവും ജെ ഡി യുവിന് കൂടുതല്‍ മന്ത്രിസ്ഥാനങ്ങളും നല്‍കാനാണു ധാരണ.

 

കേരളത്തോടൊപ്പം തെരഞ്ഞൈടുപ്പു നടക്കുന്ന തമിഴ്‌നാട്ടില്‍ നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ് രണ്ടു മണ്ഡലങ്ങളില്‍ മല്‍സരിക്കും. പെരമ്പൂര്‍, തിരുച്ചിറപ്പിള്ളി എന്നിവിടങ്ങളിലാണു മല്‍സരിക്കുക. അധികാരത്തിലെത്തിയാല്‍, 29 വയസു കഴിഞ്ഞിട്ടും ജോലിയില്ലാത്തവര്‍ക്ക് പ്രതിമാസം നാലായിരം രൂപവീതം നല്‍കുമെന്നു വിജയ് പ്രഖ്യാപിച്ചു.

 

അമേരിക്കയുടെ നിരീക്ഷക മുന്നറിയിപ്പു വിമാനം തകര്‍ത്തെന്ന് ഇറാന്‍. അമേരിക്ക ആസൂത്രണം ചെയ്ത കരയാക്രമണത്തിന് നിര്‍ണായക പങ്ക് വഹിക്കേണ്ടിയിരുന്ന വിമാനമാണ് ഇറാന്‍ തകര്‍ത്തത്. അതേസമയം വിമാനം തകര്‍ന്നെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ സിറിയയിലെ അമേരിക്കന്‍ താവളമായ ഖസ്രാക് ആക്രമിച്ചെന്നും ഇറാന്‍ അറിയിച്ചു. ഇന്ന് ഉച്ചയ്ക്കു മുമ്പു മാപ്പപേക്ഷിച്ചില്ലെങ്കില്‍ അമേരിക്കന്‍ സര്‍വ്വകലാശാലകള്‍ക്കു നേരെ ആക്രമണം നടത്തുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് മുന്നറിയിപ്പ് നല്‍കി. ഇറാന്റെ രണ്ട് സര്‍വ്വകലാശാലകള്‍ക്ക് നേരെ അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഈ ഭീഷണി.

 

യുദ്ധംമൂലമുള്ള ഇന്ധന പ്രതിസന്ധിയില്‍ വലഞ്ഞ ശ്രീലങ്കക്ക് 38,000 മെട്രിക് ടണ്‍ പെട്രോളിയം നല്‍കി ഇന്ത്യ. 20,000 മെട്രിക് ടണ്‍ ഡീസലും 18,000 മെട്രിക് ടണ്‍ പെട്രോളും വഹിച്ച കപ്പല്‍ എത്തിയതായി കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു.

 

ഉഗ്ര ശേഷിയുള്ള മിസൈല്‍ പരീക്ഷിച്ച് ഉത്തര കൊറിയ. കിം ജോങ് ഉന്നിന്റെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണം. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിനിടെ അമേരിക്കയ്ക്കു താക്കീതായാണ് ഈ പരീക്ഷണം.

 

ഇസ്ലാമാബാദില്‍ ഈജിപ്ത് വിദേശകാര്യ മന്ത്രി ബദര്‍ അബ്ദലട്ടിയെ ഔപചാരിക കൂടിക്കാഴ്ചക്കായി സ്വീകരിക്കുന്നതിനിടെ പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാര്‍ വീണു. ദേശകാര്യ മന്ത്രാലയത്തിലാണ് സംഭവം.

 

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആറ് വിക്കറ്റ് ജയവുമായി മുംബൈ ഇന്ത്യന്‍സ്. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കൊല്‍ക്കത്തയ്ക്ക് അജിന്‍ക്യ രഹാനെ (40 പന്തില്‍ 67), അംഗ്ക്രിഷ് രഘുവന്‍ഷി (29 പന്തില്‍ 51) എന്നിവരുടെ ഇന്നിംഗ്സിന്റെ കരുത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ മുംബൈ 19.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *